UPDATES

മണിപ്പൂര്‍ കലാപം; ചരിത്രം, കാരണം

വിശ്വാസം നഷ്ടപ്പെട്ട ഭരണകൂടം, തുടരുന്ന വംശീയ യുദ്ധം

                       

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. ഏകദേശ ജനസംഖ്യ 34 ലക്ഷം. മെയ്‌തേയ്, കുക്കി, നാഗ എന്നീ വംശങ്ങളില്‍പ്പെട്ടവരാണ് ബഹുഭൂരിപക്ഷം മണിപ്പൂരികള്‍. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്കളാണ് പ്രബലര്‍. അവര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്നു. സംസ്ഥാന വിസ്തൃതിയുടെ 10 ശതമാനം ഉള്‍ക്കൊള്ളുന്നതും മണിപ്പൂരിന്റെ തലസ്ഥാനവുമായ ഇംഫാലിലെ താഴ്‌വരകളിലാണ് മെയ്‌തേയ്കള്‍ വസിക്കുന്നത്. കുക്കികളും നാഗകളും പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. മലയോര മേഖലകളാണ് ഇവരുടെ തട്ടകം. കുക്കികള്‍ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍പ്പെട്ടവരാണ്. മ്യാന്‍മാറിലെ ചിന്‍ ഗോത്രവിഭാഗങ്ങളുമായി പാരമ്പര്യബന്ധം പുലര്‍ത്തുന്നവര്‍ കൂടിയാണ് കുക്കികള്‍.

ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ് ഇപ്പോള്‍ ആളിക്കത്തുന്ന മേയ്‌തേയ്-കുക്കി വംശീയ കലാപത്തിന് തുടക്കമിടുന്നത്. മേയ്‌തേയ്കളെ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞു. ഇന്നിപ്പോളത് മണിപ്പൂരിനെ രക്തരൂക്ഷിത വംശീയ കലാപത്തിന്റെ പടിയിലാക്കി. ജൂലൈ 12 വരെ കുറഞ്ഞത് 142 മനുഷ്യര്‍ കൊല്ലപ്പെടുകയും 54,000 പേര്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധരാവുകയും ചെയ്തു.

ചരിത്രപരമായ സംഘര്‍ഷം നിലനില്‍ക്കുന്ന രണ്ട് വിഭാഗങ്ങളാണ് മെയ്‌തേയ്-കുക്കി. ‘സ്വാതന്ത്ര്യത്തിന്റെ ഭൂമി’ അഥവ സാലെന്‍ ഗാം(Zale’n gam) എന്ന് വിശേഷിപ്പിക്കുന്ന അവരുടെ മാതൃരാജ്യം സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി 90-കളില്‍ ആയുധം കൈയിലെടുത്തവരാണ് കുക്കികള്‍. കുക്കികളുടെ അധിവാസപ്രദേശ(കുക്കിലാന്‍ഡ്)ത്തിന്റെ വലിയൊരു ഭാഗവും ‘നാഗാലിമു’മായി(ഗ്രേറ്റര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ നാഗകള്‍ ആവശ്യമുന്നയിക്കുന്ന സ്വതന്ത്രനാട്) ചേര്‍ന്നു കിടക്കുന്നതാണ്. ഇതുമൂലം നാഗകളുമായുള്ള ഏറ്റമുട്ടലിനാണ് 90 കളില്‍ കുക്കികള്‍ ആയുധമെടുക്കുന്നത്. മണിപ്പൂര്‍ രാജവംശവും ഇന്ത്യന്‍ യൂണിയന്‍ സര്‍ക്കാരും തമ്മില്‍ 1949 ല്‍ ഒപ്പ് വച്ച ലയന കരാറില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നാണ് കുക്കികള്‍ ആരോപിക്കുന്നത്.

വംശീയ സംഘര്‍ഷങ്ങള്‍ കലുഷിതമാക്കിയ മണിപ്പൂരില്‍ സമാധാനം കടന്നുവരുന്നത് 2008 ല്‍ എസ്.ഒ. ഒ (Suspension of Operation) ഒപ്പ് വയ്ക്കുന്നതോടെയാണ്. എന്നാല്‍ സമീപകാല സര്‍ക്കാര്‍ ഇടപെടലുകള്‍ മണിപ്പൂരിനെ വീണ്ടും അശാന്തിയുടെ ഭൂമികയാക്കി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച നടപടികളും, കറുപ്പ് കൃഷി നിര്‍മാര്‍ജ്ജന കാമ്പയിനും, മാര്‍ച്ച് മാസത്തില്‍ എസ്.ഒ.ഒ കരാര്‍ പിന്‍വലിച്ചതുമെല്ലാം തങ്ങള്‍ക്കെതിരേയുള്ള വംശീയ അതിക്രമമായാണ് കുക്കികള്‍ കരുതുന്നത്. തീവ്രവാദികള്‍ മലനിരകളില്‍ അശാന്തി പരത്തുന്നുവെന്ന കാരണം പറഞ്ഞായിരുന്നു എസ്.ഒ.എസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

ഭരണകൂടം തങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്ന ആശങ്ക കുക്കികളെ പൊതിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് മെയ്‌തേയ്കള്‍, അവരെ ഷെഡ്യൂള്‍ ട്രൈബ് ആയ പരിഗണക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുന്നത്. ഇത് കുക്കികളെ കൂടുതല്‍ ഭയപ്പെടുത്തി. മണിപ്പൂരില്‍ സാമ്പത്തികമായും സാമൂഹികമായും മേധാവിത്വം പുലര്‍ത്തുന്ന വിഭാഗം മെയ്‌തേയ്കളാണ്. സംസ്ഥാന നിയമസഭയില്‍ ആകെയുള്ള 60 എംഎല്‍എമാരില്‍ 40 പേരും മെയ്‌തേയ് വിഭാഗത്തില്‍ നിന്നാണെന്നത് അവര്‍ക്ക് അധികാരശക്തിയും നല്‍കുന്നു. മ്യാന്‍മാറില്‍ നിന്നും വലിയതോതിലുള്ള കുടിയേറ്റം സംസ്ഥാനത്തുണ്ടാകുന്നു എന്നാരോപിച്ചാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് അനധികൃത കുടിയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയത്. കുക്കികള്‍ ഈ ‘അനധികൃത കുടിയേറ്റം’ തങ്ങളെ ലക്ഷ്യം വച്ചുള്ള സര്‍ക്കാര്‍ നീക്കമായാണ് കാണുന്നത്. ഇപ്പോള്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഷെഡ്യൂള്‍ ട്രൈബ് ഗണത്തില്‍ മെയ്‌തേയ്കളെയും ഉള്‍പ്പെടുത്തുന്നത് കുക്കികളും നാഗകളും ഒരുപോലെ ഭയപ്പെടുന്ന കാര്യമാണ്. തങ്ങളുടെ സംരക്ഷിത മേഖലകളായ മലയോരങ്ങളിലേക്ക് മെയ്‌തേയ്കള്‍ കടന്നുവരുമെന്നതാണ് അവരുടെ മുഖ്യമായ ഭയം.

മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യവും കുക്കികളും ആശങ്കയും സംഘര്‍ഷഭരിതമാക്കിയ സാഹചര്യത്തിലാണ് അരംബയ് തെംഗ്ഗോള്‍, മെയ്‌തേയ് ലീപുണ്‍ എന്നീ സായുധസംഘടനകള്‍ കുക്കികളെ കൂട്ടക്കൊല ചെയ്‌തെന്ന ആരോപണം ഉയരുന്നത്. മെയ്‌തേയ് ഭൂരിപക്ഷമായ സംസ്ഥാന ഭരണകൂടവും ഈ കൂട്ടക്കൊലയില്‍ സംശയത്തിന്റെ നിഴലിലായി. മെയ്‌തേയ്കളോട് പ്രതികാരം ചെയ്യാന്‍ കുക്കികളും ആയുധം കൈയിലെടുത്തു. അവര്‍ ശത്രുക്കളും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി.

മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്‍ ഇപ്പോള്‍ ആരും തന്നെ വിശ്വസിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനയും ഫലം കണ്ടിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ്.

Share on

മറ്റുവാര്‍ത്തകള്‍