UPDATES

ട്രെന്‍ഡിങ്ങ്

‘അവനൊരു സൈക്കോയാണ്, സ്ത്രീലമ്പടനും’

പ്രജ്വലിനെ കുറിച്ച് എല്ലാം അമിത് ഷായെ അറിയിച്ചിരുന്നു

                       

അശ്ലീല വീഡിയോ വിവാദത്തിലെ പ്രതിനായകന്‍ പ്രജ്വല്‍ രേവണ്ണയെക്കുറിച്ച് അമിത് ഷായ്ക്ക് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. പ്രജ്വലിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് ഹാസനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ മോദിയും ഷാ തീരുമാനിച്ചതെന്നാണ് പുതിയ ആരോപണം. 33 കാരനായ പ്രജ്വല്‍, ഹാസനിലെ സിറ്റിംഗ് എംപിയാണ്.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡയുടെ കൊച്ചു മകനും കര്‍ണാടക മന്ത്രിയായിരുന്ന എച്ച് ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍. കര്‍ണാടകത്തില്‍ ജനതാദള്‍ എസ്സുമായി ലോക്‌സഭ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ തന്നെ, അമിത് ഷായ്ക്കു മുന്നില്‍ രേവണ്ണ കുടുംബത്തെ കുറിച്ചുള്ള സകല വിവരങ്ങളും എത്തിയിരുന്നു. ഹോളെനരസിപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ ബിജെപി സംസ്ഥാന നേതാവ് ദേവരാജ ഗൗഡയാണ്, എല്ലാക്കാര്യങ്ങളും വിശദീകരിച്ച് 2023 ഡിസംബര്‍ എട്ടിന് ആഭ്യന്തര മന്ത്രി കൂടിയായ ഷായ്ക്ക് കത്തെഴുതിയത്. അതീവ ഗൗരവമായ ചില കാര്യങ്ങള്‍ എന്നു ചൂണ്ടിക്കാണിച്ചാണ് പ്രജ്വലിന്റെ ലൈംഗിക വൈകൃതങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കത്തില്‍ വിവരിച്ചിരിക്കുന്നത്. എംഎല്‍എ ആയ എച്ച് ഡി രേവണ്ണ, ഭാര്യ ഭവാനി രേവണ്ണ, എംഎല്‍സി സൂരജ് രേവണ്ണ, പ്രജ്വല്‍ രേവണ്ണ എന്നിവര്‍, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങി പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളിലും ഉള്‍പ്പെട്ടവരാണെന്നും ദേവരാജ ഗൗഡ കത്തില്‍ ആരോപിക്കുന്നു.

പ്രജ്വല്‍ ഒരു സ്ത്രീലമ്പടനും സൈക്കോയുമാണെന്നാണ് ഗൗഡ കത്തില്‍ നല്‍കുന്ന മുന്നറിയിപ്പ്. സ്ത്രീകള്‍ക്കെതിരായ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ പ്രജ്വല്‍ പ്രതിയാണെന്നും കത്തില്‍ ആരോപിക്കുന്നു. സ്ത്രീകളെ ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രജ്വല്‍ സ്വയം ചിത്രീകരിക്കുമായിരുന്നു. ഇത്തരം നിരവധി വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഗൗഡയുടെ കത്തില്‍ പറഞ്ഞിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ തന്റെ കൈവശവും അതുപോലെ, കോണ്‍ഗ്രസിനും കിട്ടിയിരുന്നതായും ഗൗഡ ഷായെ എഴുതിയറിയിക്കുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രജ്വലിന്റെ വീഡിയോയുടെ പെന്‍ഡ്രൈവുകള്‍ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഏകദേശം 2,900 വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്തകളില്‍ പറയുന്നു.

ജെഡിഎസ്സുമായി ബിജെപി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്ന പക്ഷം, ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് അവരുടെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പും ഡിസംബറില്‍ എഴുതിയ കത്തില്‍ ദേവരാജ പാര്‍ട്ടി നേതൃത്വത്തിന് നല്‍കുന്നുണ്ട്. ബിജെപിയുടെ സഹായമില്ലാതെ രേവണ്ണ കുടുംബത്തിന് ഹാസനില്‍ ജയിക്കാനാകില്ലെന്ന് അറിയാമെന്നും അതിനാലാണ് സഖ്യത്തിന് അവര്‍ മുന്‍കൈയെടുക്കുന്നതെന്നും ഗൗഡ പറയുന്നുണ്ട്. ഭവാനി രേവണ്ണ മണ്ഡലത്തിലെ ജനങ്ങളോട് ഏറ്റവും മോശമായാണ് പെരുമാറുന്നതെന്നും, ഇതെല്ലാം തിരിച്ചടിയാകുമെന്നും ഗൗഡ നേതൃത്വത്തിന് മുന്നറിയിപ്പ് കൊടുക്കുകയാണ്.

താന്‍ പറയുന്ന കാര്യങ്ങളെല്ലാം രേഖകള്‍ ഉള്ളതാണെന്നും, പറയുകയാണെങ്കില്‍ എവിടെ വേണമെങ്കിലും അതെല്ലാം സമര്‍പ്പിക്കാമെന്നും ദേവരാജ ഗൗഡ ഉറപ്പു പറയുന്നുണ്ട്. ജനത ദള്‍ എസ്സുമായുള്ള സഖ്യം ഉപക്ഷേിക്കണമെന്നു മാത്രമാണ് ഗൗഡ അഭ്യര്‍ത്ഥിക്കുന്നത്. 2023 ല്‍ നടന്ന കര്‍ണാക നിയമസഭ തെരഞ്ഞെടുപ്പില്‍ ഹോളെനരസിപൂര്‍ മണ്ഡലത്തില്‍ എച്ച് ഡി രേവണ്ണയോട് പരാജയപ്പെട്ട നേതാവാണ് ദേവരാജ ഗൗഡ.

സാഹോദര്യത്തിന്റെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജനതദള്‍ എസ്, പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹൂബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് പാര്‍ട്ടി പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമിയാണ് പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് നിലവില്‍ സസ്‌പെന്‍ഷനെന്നും, അന്വേഷണത്തില്‍ പ്രജ്വല്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയാല്‍ സസ്‌പെന്‍ഷന്‍ സ്ഥിരമാക്കുമെന്നും കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസ് ഈ വിഷയം സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുകയല്ല അവരുടെ ലക്ഷ്യം, എച്ച് ഡി ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പേര് ചീത്തയാക്കുകയാണ്, ഞങ്ങളുടെ കുടുംബത്തെ അപമാനിക്കുകയാണ്. ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും ഈ വിഷയത്തില്‍ എന്തു ബന്ധമാണുള്ളത്’ മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോള്‍ എച്ച് ഡി കുമാരസ്വാമി പറഞ്ഞ കാര്യങ്ങളാണ്. സംസ്ഥാന വനിത കമ്മീഷന്റെ പരാതിയുടെ പുറത്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

English Summary- prajwal revanna sexual abuse case,karnataka bjp leader revealed all things to amit shah last year

Share on

മറ്റുവാര്‍ത്തകള്‍