UPDATES

17 കാരന്‌ പോര്‍ഷെ കൊടുത്തു വിട്ട ആ അച്ഛനാണ് യഥാര്‍ത്ഥ കൊലയാളി

ഡ്രൈവിംഗ് പരിചയമില്ലാത്ത, ലൈന്‍സ് ഇല്ലാത്ത, കൂട്ടുകാര്‍ക്കൊപ്പം കള്ളുകുടിച്ചാഘോഷിക്കാന്‍ പോയ 17 കാരന്‍ ഇല്ലാതാക്കിയത് രണ്ടു മനുഷ്യജീവനുകള്‍

                       

അമേരിക്കയില്‍ പോയി നല്ലൊരു ജീവിതം സ്വപ്‌നം കണ്ടിരുന്നു അനീഷ് അവാധിയ. അശ്വനി കോഷ്തയ്ക്കുമുണ്ടായിരുന്നു അവളുടെതായ ലക്ഷ്യങ്ങള്‍. 24 വയസ് മാത്രമെ രണ്ടു പേര്‍ക്കുമായിട്ടുള്ളായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരികള്‍, മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍. നിമിഷനേരം കൊണ്ടാണ് അനീഷും അശ്വനിയും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായത്. അവരെ ഇല്ലാതാക്കുകയായിരുന്നു. പണവും ലഹരിയും അന്ധനാക്കിയൊരു 17 കാരന്‍. Pune porsche accident case 

ഞായറാഴ്ച്ച പുലര്‍ച്ച രണ്ടേകാലോടെ പൂനെയില്‍ യേര്‍വാഡ പരിസരത്ത് മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി അമിതവേഗയില്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ചാണ് ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന അനീഷും അശ്വിനിയും കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു ഇരുവരും. അശ്വനി സംഭവ സ്ഥലത്ത് തന്നെ മരിച്ചു, അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശ് സ്വദേശിയായ അനീഷ് പൂനെയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു വരികയായിരുന്നു. ഉപരിപഠനമോ ജോലിയോ നോക്കി അമേരിക്കയിലേക്ക് പോകാനുള്ള ലക്ഷ്യത്തിലായിരുന്നു. അനീഷ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കമ്പനിയില്‍ തന്നെ ജോലി നോക്കിയിരുന്ന അശ്വനി കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജിവച്ചത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയാണ് അശ്വനി. അശ്വനിയുടെയും അനീഷിന്റെയും വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത സുഹൃത്തുക്കള്‍, കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നു മോചിതരായിട്ടില്ല.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാണ്. കല്യാണി നഗര്‍-എയര്‍പോര്‍ട്ട് റോഡില്‍ അനീഷും അശ്വിനിയും സഞ്ചരിച്ച ബൈക്ക് യൂടേണ്‍ എടുക്കുന്നതിനിടയിലാണ് കുതിച്ചുപാഞ്ഞെത്തിയ പോര്‍ഷെ ഇടിച്ചു വീഴ്ത്തുന്നത്. കാറിന്റെ വേഗത കാരണം എന്താണ് സംഭവിക്കുന്നതെന്നുപോലും കാമറകളില്‍ വ്യക്തമല്ല.

ഓണ്‍ലൈനിലേക്ക് ചേക്കേറി മലയാളികള്‍; കട പൂട്ടി, നാട് വിടുന്ന വ്യാപാരികള്‍

പൂനെയിലെ ഒന്നാംകിട റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനായിരുന്നു രണ്ടു മനുഷ്യ ജീവനുകള്‍ ചതച്ചരച്ചു കളഞ്ഞത്. പ്ലസ് ടു വിജയം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാനിറങ്ങിയതായിരുന്നു, 18 തികയാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുള്ള സമ്പന്ന പുത്രന്‍.

പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നതു പ്രകാരം, പ്രതിയായ 17 കാരന്‍ സമ്മതിക്കുന്നത് തനിക്ക് േ്രഗ കളര്‍ പോര്‍ഷേ കാറിന്റെ കീയെടുത്ത് തന്നത് തന്റെ അച്ഛന്‍ തന്നെയാണെന്നാണ്. തനിക്ക് ഡ്രൈവിംഗ് ശരിക്ക് അറിയില്ലെന്നും ലൈസന്‍സ് ഇല്ലെന്നതും അച്ഛന് അറിയാമായിരുന്നുവെന്നും മകന്‍ സമ്മതിക്കുന്നു. അതു മാത്രമല്ല, കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ പോകാന്‍ അനുവാദം കൊടുത്തതും സ്വന്തം അച്ഛന്‍ തന്നെയായിരുന്നു. മകന്‍ മദ്യപിക്കുമെന്ന കാര്യവും, ഇപ്പോള്‍ പോകുന്നതും മദ്യപിക്കാനാണെന്നതും ആ അച്ഛന് അറിയാമായിരുന്നു.

പൊലീസിന്റെ അന്വേഷണത്തില്‍ അപകടം നടന്നതിന്റെ തലേദിവസമായ ശനിയാഴ്ച്ച 17 കാരന്‍ അവന്റെ 12 ഓളം പേരടങ്ങുന്ന സുഹൃത്ത് സംഘവുമായി രണ്ട് റെസ്റ്ററന്റുകളില്‍ പോയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്തു നിന്നും വോഡ്ക, വിസ്‌കി, ബിയര്‍ എന്നീ മദ്യങ്ങളും ഭക്ഷണവും കഴിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പിയതിന് റസ്റ്ററന്റ് ഉടമകള്‍ക്കെതിരേ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയും കൂട്ടുകാരും മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇടിച്ച പോര്‍ഷേയ്ക്ക് നമ്പര്‍ പ്ലേറ്റ് പോലുമില്ലായിരുന്നു. നമ്പര്‍ കിട്ടാത്തതാണോ, അതോ അപകടത്തിനു മുമ്പോ, ശേഷമോ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയതാണോ തുടങ്ങിയ കാര്യങ്ങള്‍ എത്രയും വേഗം അന്വേഷിച്ച് കണ്ടുപിടിക്കുമെന്നാണ് പൊലീസ് പറയുന്നത്.

17 കാരന്റെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസ് ചുമത്തിയതിനു പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പിതാവ്. ഔറംഗബാദ് സ്വദേശിയായ വിശാല്‍ അഗര്‍വാളിനെയാണ് മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗറില്‍ വച്ചുണ് പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ കൊടുത്തതിനും മദ്യം കഴിക്കാന്‍ അനുവദിച്ചതിനുമാണ് ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ 75, 77 വകുപ്പുകള്‍ വിശാല്‍ അഗര്‍വാളിനെതിരേ ചുമത്തിയിരിക്കുന്നത്.

രണ്ടു പേരുടെ ജീവനെടുത്ത 17 കാരന് ജാമ്യം അനുവദിച്ചു കിട്ടിയിരുന്നു. അപകടത്തെ കുറിച്ച് ഉപന്യാസം എഴുതുക, ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം പ്രവര്‍ത്തിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്! തങ്ങളുടെ കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും കരകയറാനാകാതെ നില്‍ക്കുന്ന അനീഷിന്റെയും അശ്വിനിയുടെയും കുടുംബത്തെ പ്രതിക്ക് മണിക്കൂറുകള്‍കൊണ്ടു ജാമ്യം കിട്ടിയെന്ന വാര്‍ത്ത കൂടുതല്‍ തകര്‍ത്തു. തങ്ങള്‍ക്ക് നീതി കിട്ടുമോയെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അവര്‍ കണ്ണീരോടെ ചോദിക്കുന്നത്.

അതേസമയം, സമ്പന്നപുത്രന്‍ പ്രതിയായ കേസ് അട്ടിമറിക്കുകയാണെന്ന ആരോപണം പൂനെ പൊലീസ് ശക്തമായി നിഷേധിക്കുന്നുണ്ട്. പൊലീസ് ഈ കേസില്‍ യാതൊരു വിട്ടുവീഴ്ച്ചയും നടത്തുന്നില്ലെന്നാണ് പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കേസില്‍ സാധാരണ 304 എ വകുപ്പ് ആണ് ഇടാറുള്ളത്. പക്ഷേ ഇവിടെ നടന്നത് അങ്ങേയറ്റം ഹീനമായൊരു കുറ്റമാണെന്നത് പരിഗണിച്ച് പ്രതിക്കെതിരേ മനപൂര്‍വമായ നരഹത്യയ്ക്കുള്ള ഐപിസി 304 ആണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. പ്രതിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു. എങ്കിലും ഞങ്ങള്‍ അപ്പീല്‍ കൊടുക്കുമെന്നും കമ്മീഷണര്‍ പറയുന്നു.

Content Summary; Pune porsche accident death case, father allowed minor son drinking driving without licence

 

Share on

മറ്റുവാര്‍ത്തകള്‍