January 23, 2025 |
Share on

ഓൺലൈനിലേക്ക് ചേക്കേറി മലയാളികൾ; കട പൂട്ടി, നാട് വിടുന്ന വ്യാപാരികൾ

നോട്ടു നിരോധനം മുതൽ വിലക്കയറ്റം വരെ തളർത്തിയ വ്യവസായം

രണ്ടു മാസത്തെ വേനൽ അവധിക്ക് ശേഷം ജൂൺ ആദ്യവാരത്തോടെ സ്‌കൂളുകൾ തുറക്കാനിരിക്കെ സ്കൂൾ വിപണിയും സജീവമാകുകയാണ്. ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കി വൻകിട വ്യവസായികൾ കളം പിടിക്കും. വമ്പിച്ച വിലക്കിഴിവുകൾ ഒരുക്കി ഒരു വലിയ കൂട്ടം കച്ചവടക്കാർ വിപണി കയ്യേറുമ്പോൾ, മറു ഭാഗത്ത് സ്കൂൾ വിപണിയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ചെറുകിട വ്യവസായികൾ ഒരിക്കൽ കൂടി പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്താൻ ഒരുങ്ങുകയാണ്. small business closing

കുറച്ചധികം വർഷങ്ങളായി വിപണിയിൽ ചെറുകിട വ്യവ്യസായികൾ വെല്ലുവിളി നേരിടാൻ തുടങ്ങിയിട്ട്. മഹാമാരിയുടെ വരവോടു കൂടി പൂർണ്ണ തകർച്ചയുടെ വക്കിലാണ് പല വ്യവസായികളും. വൻകിട കച്ചവടക്കാർ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓൺലൈൻ വ്യാപാരമടക്കം നടപ്പിലാക്കാൻ തുടങ്ങിയതോടെ ഈ തകർച്ച പൂർണമാവുകയായിരുന്നു. വ്യാപാര സംഘടനകളുടെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് അടച്ചു പൂട്ടിയിരിക്കുന്നത്. വിപണിയിൽ എന്തുകൊണ്ടാണ് ചെറുകിട വ്യവസായികൾക്ക് പിടിച്ചു നില്ക്കാൻ കഴിയാത്തത്? എന്തെല്ലാം വെല്ലുവിളികളാണ് മേഖല നേരിട്ടുകൊണ്ടിരിക്കുന്നത് ?

മലയാളിയുടെ ഓൺലൈൻ സംസ്കാരം

കച്ചവടം അവസാനിപ്പിച്ചു കൊണ്ട് കൂട്ടമായി ആളുകൾ വിപണിയിൽ നിന്ന് കൊഴിഞ്ഞു പോകുകയാണ്. കോർപറേറ്റുകളുടെ കടന്നു വരവ് ഒരു പരിധിവരെ ഇതിന് ആക്കം കൂട്ടുന്നുണ്ട്. മലയാളികളുടെ മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകളും തിരിച്ചടിയാവുകയാണ്. വീടിന് പുറത്തിറങ്ങി നേരിട്ട് ചെന്ന് സാധനങ്ങൾ വാങ്ങിയിരുന്ന കാലത്ത് നിന്ന് വീടിനു പുറത്തിറങ്ങാതെ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഓൺലൈൻ സംവിധാനങ്ങൾക്ക് പ്രചാരം ലഭിച്ചതോടെ ആ ഒരു സംസ്കാരത്തിലേക്ക് ആളുകൾ മാറി . ഈ മാറ്റം പ്രതിഫലിച്ചതും, സമൂലമായ നഷ്ടമുണ്ടാക്കിയതും ചെറുകിട വ്യവസായികൾക്കായിരുന്നു.

ഉത്പാദനച്ചെലവ് കുറച്ച് ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്ന വ്യവസായികൾക്ക് നിലവിൽ വേണ്ടത്ര സംരക്ഷണം ഒരുക്കി നൽകാൻ സർക്കാരുകൾക്ക് കഴിയുന്നില്ലെന്നും കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര പറയുന്നു. ഓൺലൈൻ കച്ചവടം പ്രതികൂലമായി ബാധിക്കുന്ന ഈ വ്യവസായികൾ പ്രവാസ ജീവിതത്തിലേക്കും, മറ്റു തൊഴിലിലേക്കും തിരിയുകയാണ്. ശാരീരികമായ വെല്ലുവിളികൾ മൂലം തൊഴിലെടുക്കാൻ  കഴിയാത്ത ആളുകളും ഞങ്ങൾക്കിടയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നാട് വിടുന്ന വ്യവസായികൾ

അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ചെറുകിട വ്യാപാരികളെ അതി ഭയങ്കരമായാണ് ബാധിച്ചത്. ഏതെങ്കിലും തരത്തിൽ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നെങ്കിൽ പോലും വ്യാപാരികൾക്ക് ഈ അളവിൽ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നുവെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും, എറണാകുളം ജില്ലാ പ്രസിഡന്റുമായ പിസി ജേക്കബ് പറയുന്നു. ”പിന്നീടങ്ങോട്ട് ഉണ്ടായ സംഭവവികാസങ്ങൾ വ്യാപാര മേഖലയുടെ അടിത്തറയിളക്കാൻ പാകത്തിലുള്ളതായിരുന്നു. 2018 ലും 2019 ലും തുടർച്ചയായി എത്തിയ പ്രളയം നോട്ടുനിരോധനത്തിന് പിന്നാലെ എത്തിയ പ്രതിസന്ധിയായിരുന്നു. എന്നാൽ കച്ചവടം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷിയിൽ വീണ്ടും വ്യാപാരം ആരംഭിക്കവെയാണ് മഹാമാരി എത്തുന്നത്. പ്രളയവും നോട്ട് നിരോധനവും തളർത്തിയ വ്യാപാര മേഖലയെ അടി മുടി പിടിച്ചു കുലുക്കിയാണ് ലോക്ക് ഡൗണും പ്രഖ്യാപിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായിരുന്ന ആ കാലത്ത് ക്രയവിക്രയ ശേഷി 50 ശതമാനത്തോളമായി കുറഞ്ഞു.

Post Thumbnail
ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റം അമേരിക്കയെയും ലോകത്തെയും എങ്ങനെ ബാധിക്കും?വായിക്കുക

കച്ചവട സ്ഥാപനങ്ങൾ രണ്ട് മാസത്തോളം അടച്ചിട്ടതോടെ പല വിധത്തിലുള്ള സ്റ്റോക്കുകൾ വിറ്റഴിയാതെ ദ്രവിച്ചു പോയിരുന്നു. കോടിക്കണക്കിന് നഷ്ട്ടമാണ് അക്കാലയളവിൽ ഒരു ചെറുകിട വ്യാപാരി നേരിടേണ്ടി വന്നത്. കുമിഞ്ഞു കൂടിയ കടവും ബാധ്യതയും ഒരു ലക്ഷത്തിൽ പരം വ്യപാരികളെ കച്ചവടം അവസാനിപ്പിക്കേണ്ട നിലയിലേക്ക് കൊണ്ടെത്തിച്ചു. ഓരോ യൂണിറ്റുകളിൽ നിന്നും വലിയ രീതിയിലുള്ള കൊഴിഞ്ഞു പോക്കിനാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഒഴിഞ്ഞു നൽകേണ്ടി വന്ന വ്യവസായികളും വ്യാപാരത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഓൺലൈൻ വ്യാപാരവും വളരെ ശക്തമായാണ് കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്നത്. എത്ര കാലം വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന ഭയമാണ് ഓരോ നിമിഷവും ഞങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ പർച്ചേയിസ് ട്രെൻഡ് ചെറുകിട വ്യാപരികൾക്ക് വില്ലനാവുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ പോലും ഒഴിവു ദിവസം മാളുകളിൽ സമയം ചിലവഴിക്കുന്നത് പതിവാകുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായതെല്ലാം ഒരു കുടക്ക് കീഴിൽ ലഭിക്കുന്നുണ്ടെന്ന കാരണത്താൽ വൻകിട സ്ഥാപനങ്ങളോടുള്ള താലപര്യം വർദ്ധിക്കുകയാണ്. വൈദ്യുതി, കെട്ടിട നികുതി, പെട്രോൾ ഡീസൽ, തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുടെ വില വർദ്ധനവും ഈ വിള്ളലിനെ വലുതാക്കി കൊണ്ടിരിക്കുകയാണ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നീക്കങ്ങളുടെ അഭാവം  കേരളത്തിൽ ഇനിയും കൊഴിഞ്ഞു പോക്ക് വർധിപ്പിക്കാനാണ് സാധ്യത. കൃത്യമായ തൊഴിലവസരങ്ങൾ നൽകി വ്യവസായികളെ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ പരാജയപ്പെടുമ്പോൾ ഉപജീവനമാർഗത്തിനായി വ്യാസായം ഉപേക്ഷിച്ചു നാടുവിടുകയാണ് വ്യാപരികൾ. ഈ അനാസ്ഥ ഭാവിയിൽ സമൂഹത്തിനെ  ഗുരുതരവും,  പ്രവചനാതീതവുമായ ഒരു സന്ദർഭത്തിലേക്കായിരിക്കും  നയിക്കുക.

Content summary; more than 100,000 small and big establishments have been closed in kerala sm  all business closing

×