1990 കളില്‍, സംസ്ഥാനത്ത് വ്യാപകമായി എന്‍ജിനീയറിങ്-മെഡിക്കല്‍ വിദ്യാഭ്യാസ മേഖലകളില്‍ സ്വാശ്രയ കച്ചവട കോളജുകള്‍ക്ക് അനുമതി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സി പി ഐ എമ്മും, എസ് എഫ് ഐയും, ഡി വൈ എഫ് ഐയും സമരത്തിനിറങ്ങി. അതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് മുന്‍പ് ക്ഷയരോഗകേന്ദ്രം നിന്നിരുന്ന സ്ഥലം സ്വാശ്രയ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിട്ടുനല്‍കി. മുഖ്യമന്ത്രി കെ കരുണാകരന്‍ പ്രസിഡന്റും, സഹകരണമന്ത്രി എം വി രാഘവന്‍ വൈസ് പ്രസിഡന്റുമായ, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്വകാര്യ ട്രസ്റ്റിനായിരിക്കും മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത എന്ന് വാര്‍ത്തകള്‍ വന്നു. ആരാണ് ട്രസ്റ്റിലുള്ളത് എന്ന് ചോദിക്കുമ്പോള്‍, സിനിമയില്‍ പറയുന്ന പോലെ ഞാനും കൊളപ്പുള്ളി അപ്പനും സുഭദ്രയും എന്ന് പറയുന്ന പോലെ ഒരു സംവിധാനം. സര്‍ക്കാര്‍ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങി, യഥേഷ്ടം ഫീസും തലവരിപ്പണവും വാങ്ങുകയായിരുന്നു ലക്ഷ്യം. ഇടത്പാര്‍ട്ടികള്‍ ശക്തമായ സമരം ആരംഭിച്ചു. ഇതിനിടയില്‍ കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശാഖ ഉദ്ഘാടനം ചെയ്യാന്‍ എം വി രാഘവന്‍ എത്തുന്നുവെന്ന വാര്‍ത്ത വന്നു. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സ്വാശ്രയ മേഖലയില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഡി വൈ എഫ് ഐ പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി എം വി രാഘവനെ കരിങ്കൊടി കാട്ടി. കടുത്ത പോലീസ് വലയത്തില്‍ ഉദ്ഘാടനം കഴിഞ്ഞു തിരികെ കാറില്‍ കയറാന്‍ തുടങ്ങിയതും പ്രതിഷേധം അണപൊട്ടി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി, പിന്നീട് വെടിവയ്പ്പുണ്ടായി. ഡി വൈ എഫ് ഐ. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. രാജീവന്‍, പ്രവര്‍ത്തകരായ റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ അഞ്ച് സഖാക്കളുടെ ജീവന്‍ പൊലിഞ്ഞു. പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി മാറി. പിന്നീട് 2019ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു.
ഇനി ഏറ്റവും പ്രസക്തമായ ചില ചോദ്യങ്ങളിലേക്ക് വരാം
ആരായിരുന്നു വെടിവയ്പ്പ് നടന്ന സമയത്തെ ആഭ്യന്തര മന്ത്രി?
മുഖ്യമന്ത്രി കൂടിയായ കെ കരുണാകരന്‍ ആയിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്.
ആരായിരുന്നു വെടിവയ്പ്പിന് ഉത്തരവിട്ടത്?
ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന ടി പി ആന്റണി.
ആര്‍ക്കായിരുന്നു ക്രമസമാധാന ചുമതല?
ഡി വൈ എസ് പി ഹക്കീം ബത്തേരി.
ആരായിരുന്നു അന്ന് റവാഡ എ. ചന്ദ്രശേഖര്‍?
തലേദിവസം എ എസ് പി ആയി നിയമിതനായ ആളായിരുന്നു റവാഡ എ. ചന്ദ്രശേഖര്‍.
പക്ഷെ ക്രമസമാധാന പാലനത്തിന്റെ ചുമതല ഡി വൈ എസ് പിക്ക് ആയിരുന്നു.
ആരായിരുന്നു ജില്ലാ പോലീസ് മേധാവി?
കെ പദ്മകുമാര്‍. അന്ന് സംഭവസ്ഥലത്തു ഉണ്ടായിരുന്നില്ല.
വെടിവയ്പ്പിന് ഉത്തരവിട്ട ഡെപ്യൂട്ടി കളക്ടര്‍ ടി പി ആന്റണിക്ക് മാത്രമാണോ സംഭവത്തിന്റെ ഉത്തരവാദിത്തം?
ഒരിക്കലുമല്ല. ഇത്തരമൊരു തീരുമാനം ഒരു ഡെപ്യൂട്ടി കളക്ടര്‍ ഭരണനേതൃത്വവുമായി ആലോചിക്കാതെ എടുത്തു എന്നത് വിശ്വസനീയമല്ല. പ്രത്യേകിച്ച് അതിശക്തനായ കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍.
ഇന്ന് സോഷ്യല്‍ മീഡിയയിലും, പല മാധ്യമങ്ങളിലും കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുന്നത് കാണുമ്പോള്‍ പണ്ടൊരിക്കല്‍ സഖാവ് ഇ എം എസ് പറഞ്ഞത് ഓര്‍ക്കാതിരിക്കാനാവില്ല. ”മലയാള മനോരമ എന്നെക്കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും തകരാറുണ്ടെന്ന് ഞാന്‍ ഉടന്‍ ചിന്തിക്കും.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിവിടെ പറഞ്ഞതിന് കാരണമുണ്ട്. ജൂണ്‍ 30ന് മാതൃഭൂമി ഓണ്‍ലൈന്‍ ചെയ്ത സ്റ്റോറിയിലെ ഒരു ഭാഗം ഇങ്ങനെയാണ്.
”റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എ.എസ്.പി. ആയിരിക്കേയാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവന്‍. ഇരമ്പിയെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. കണ്ണീര്‍വാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് നിറയൊഴിച്ചു. അന്ന് അവിടെ പോലീസിന്റെ നേതൃത്വം റവാഡയ്ക്കായിരുന്നു. അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഎസ്പിയായി നിയമിതനായി പിറ്റേന്ന് തന്നെയായിരുന്നു ഇത്.”
എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാവുന്ന ഒരു റഫറന്‍സാണ് ഈ വാര്‍ത്ത. എങ്ങനെയാണ് വ്യാജം സമര്‍ത്ഥമായി ഒളിച്ചു കടത്തുന്നതെന്നു നോക്കുക. പ്രോട്ടോക്കോള്‍ അനുസരിച്ച് ഡി വൈ എസ് പി ക്ക് മുകളിലാണ് എ എസ് പി. പക്ഷെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും, തലേദിവസം മാത്രം നിയമിതനായ എ എസ് പി റവാഡ ചന്ദ്രശേഖറിനായിരുന്നില്ല ക്രമസമാധാന പാലനത്തിന്റെ ചുമതല. അത് ഡി വൈ എസ് പി ഹക്കീം ബത്തേരിക്കായിരുന്നു. വെടിവയ്പ്പിന് ഉത്തരവിട്ടത് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന ടി പി ആന്റണിയായിരുന്നു. വാര്‍ത്ത വായിച്ചാല്‍ തോന്നുക, കൂത്തുപറമ്പില്‍ അഞ്ച് സഖാക്കളെ വെടിവച്ചു കൊന്ന റവാഡയെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഡി ജി പി ആയി നിയമിച്ചു എന്നതാണ്. അങ്ങനെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രസ്തുത വാര്‍ത്തയുടെ ലക്ഷ്യവും.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്ന ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണ് പോലീസിനെ നിയന്ത്രിച്ചിരുന്ന, അവരെ കയറൂരി വിടാതിരുന്ന ആഭ്യന്തര മന്ത്രിയായിരുന്നു കരുണാകരന്‍ എന്ന്. അങ്ങനെയൊരു അതികായന്‍ കേരളം ഭരിക്കുമ്പോള്‍ കേവലമൊരു ഡപ്യൂട്ടി കളക്ടര്‍ക്കു സ്വന്തമായി എടുക്കാനാവുന്ന ഒരു തീരുമാനമല്ല വെടിവയ്പ്പ് എന്നത് മനസ്സിലാക്കാന്‍ സാമാന്യ ബോധം മതി. പിന്നെ അവിടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും എന്നൊക്കെ അറിയാനുള്ള ഇന്റലിജന്‍സ് സംവിധാനവും ആഭ്യന്തരം നിയന്ത്രിക്കുന്ന കരുണാകരന്റെ കൈയ്യിലും. പ്രതിഷേധം തലേദിവസം തുടങ്ങിയതല്ല എന്നോര്‍ക്കുക. ബാങ്കിന്റെ ശാഖ ഉത്ഘാടനം ചെയ്യാനെത്തുക എന്നത് അഭിമാന പ്രശ്‌നമായിക്കണ്ട എം വി ആര്‍ ഒരു ഭാഗത്ത്. ബദല്‍ രേഖ അവതരിപ്പിച്ചു പുറത്തുവന്ന എം വി രാഘവനെ, സി പി എമ്മിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമായാണ് കരുണാകരന്‍ കണ്ടിരുന്നത്. എം വി രാഘവന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാവുകയും അതില്‍ ഒരു രക്തസാക്ഷി എങ്കിലും ഉണ്ടാവുകയും ചെയ്താല്‍ സി പി ഐ എമ്മിലേക്കുള്ള വാതില്‍ എം വി ആറിന് മുന്നില്‍ എന്നെന്നേക്കുമായി അടയുമെന്ന് കരുണാകരന്‍ കരുതിയിട്ടുണ്ടാവണം.
‘കൂത്തുപറമ്പില്‍ കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നോ, അങ്ങോട്ടു പോകരുതെന്നോ, പരിപാടി റദ്ദാക്കണമെന്നോ തിരുവനന്തപുരത്തുനിന്നു കൂത്തുപറമ്പില്‍ എത്തുന്നതുവരെ ജില്ലാ കളക്ടറോ ജില്ലാ പോലീസ് സൂപ്രണ്ടോ എന്നെ അറിയിച്ചിട്ടില്ലായിരുന്നു.” എന്ന് എം വി രാഘവന്‍ തന്റെ ആത്മകഥയില്‍ പറയുന്നു. എന്നാല്‍ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രി എന്‍. രാമകൃഷ്ണന് പോലീസ് മുന്നറിയിപ്പ് നല്‍കുകയും അദ്ദേഹം തിരികെ പോവുകയും ചെയ്തു എന്നും എം വി രാഘവന്‍ പറയുമ്പോള്‍ അതിനൊരു ഗൂഢാലോചനയുടെ സ്വഭാവം കൈവരുന്നു.
രാജന്‍ സംഭവത്തില്‍ കുറ്റക്കാര്‍ പോലീസുകാര്‍ മാത്രമാണെന്ന് മാധ്യമങ്ങള്‍ പറയുന്നില്ലെങ്കില്‍ കൂത്തുപറമ്പ് വെടിവയ്പ്പില്‍ എന്തുകൊണ്ട് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന കെ കരുണാകരനിലേക്ക് മാധ്യമങ്ങളുടെ കണ്ണുകള്‍ നീളുന്നില്ല? വേറെ കാര്യമൊന്നുമില്ല, ഇതാ നിങ്ങളുടെ അഞ്ച് സഖാക്കളെ വെടിവച്ചു കൊന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ പിണറായി സര്‍ക്കാര്‍ ഡി ജി പി ആക്കിയിരിക്കുന്നു എന്നൊരു വ്യാജം പ്രചരിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഇടത് അനുഭാവികളില്‍ പലരെയും തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത. ഈ അടുത്തയിടെ ഏറ്റവുമധികം ട്രോളുകള്‍ ഏറ്റുവാങ്ങിയ ഒരു പ്രയോഗമായിരുന്നു സത്യാനന്തരകാലം എന്നത്. സത്യാനന്തര കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ക്ളാസിക്ക് ഉദാഹരണമാണ് മുകളില്‍ പറഞ്ഞ മാതൃഭൂമി വാര്‍ത്ത. അപ്പോഴും റാവാഡ ചന്ദ്രശേഖര്‍ വിശുദ്ധനൊന്നുമല്ല. എം.വി. രാഘവനെ വധിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കൂത്തുപറമ്പ് വെടിവയ്പുണ്ടായതെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയ ആളായിരുന്നു എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖര്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മറിച്ചൊരു മൊഴി കൊടുക്കുമെന്ന് കരുതാനും വയ്യ. ഇവരെ പ്രതി ചേര്‍ത്തിരുന്ന കേസില്‍, റവാഡ ചന്ദ്രശേഖര്‍, ഡപ്യൂട്ടി കളക്ടര്‍ ടി പി ആന്റണി, ഡി വൈ എസ് പി ഹക്കിം ബത്തേരി എന്നിവരെ 2012 ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ആദ്യമായാണോ മാധ്യമങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?
അല്ല. ഫാസിസ്റ്റ് ഭരണകാലത്ത് പലപ്പോഴും മാധ്യമങ്ങള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുക. അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ ആത്മകഥയായ മെയിന്‍ കാംഫില്‍ ബിഗ് ലൈ എന്നൊരു സംഗതിയെക്കുറിച്ച് പറയുന്നുണ്ട്. നുണയാണെന്ന് അറിയാവുന്ന കാര്യവും സത്യമാണെന്നരീതിയില്‍ പലതവണ ആവര്‍ത്തിച്ചാല്‍ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തില്‍, അതിനെ വിശ്വസിക്കാന്‍ ആള്‍ക്കാര്‍ തയ്യാറാവുമെന്നാണ് ഹിറ്റ്ലര്‍ പറഞ്ഞത്. ജര്‍മനിയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ജൂതന്മാരാണെന്ന വ്യാജം ഹിറ്റ്ലര്‍ ഈ രീതിയിലൂടെ ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് ചെയ്യാന്‍ അയാള്‍ക്ക് ജോസഫ് ഗീബല്‍സ് എന്നൊരു മന്ത്രിയും, അതിനായി പ്രൊപ്പോഗണ്ട എന്നൊരു വകുപ്പും ഉണ്ടായിരുന്നു. ഇതേ മാതൃകയിലാണ് ഹിന്ദുത്വ ഇന്ത്യയിലെ പല മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസ്റ്റ് ഭരണകൂടത്തിനായി വാഴ്ത്തു പാട്ടുകള്‍ പാടുകയും, പഹല്‍ഗാമിലെ സുരക്ഷാവീഴ്ചയില്‍ മൗനം പാലിക്കുകയും ചെയ്യുന്നു. യുദ്ധത്തില്‍ ഇന്ത്യക്ക് ഫൈറ്റര്‍ ജെറ്റുകള്‍ നഷ്ടമായോ എന്ന് ചോദിക്കാനും അതാളുകളിലേക്ക് എത്തിക്കാനും ഒരു വിദേശ മാധ്യമം വേണ്ടി വന്നു. 2019 ഫെബ്രുവരി 26 ന് കശ്മീരിലെ ബലേക്കോട്ടില്‍ നിയന്ത്രണരേഖ കടന്ന് നടത്തിയ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വ്യാജങ്ങളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. അന്ന് സാറ്റലൈറ്റ് ചിത്രങ്ങളടക്കം പ്രസിദ്ധീകരിച്ചു റോയിട്ടേഴ്സ് ആ വ്യാജം പൊളിച്ചു. നുണയാണെന്ന് അറിയാവുന്നകാര്യവും സത്യമാണെന്നരീതിയില്‍ പലതവണ ആവര്‍ത്തിച്ചു വിശ്വസിപ്പിക്കുക എന്നതാണ് സംഘപരിവാരും, അവരുടെ ലാപ്‌ഡോഗുകളായ ഗോഡിമീഡിയയും ചെയ്യുന്നത്. ചുറ്റുമുള്ളത് വ്യാജവാര്‍ത്തകളുടെ പ്രളയമാണ്. അതുകൊണ്ട് തന്നെ ഇടത് വിരുദ്ധത മുഖമുദ്രയാക്കിയ ഈ മാധ്യമങ്ങളുടെ വ്യാജങ്ങളില്‍ വീണ് പോവാതിരിക്കുക എന്നത് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നു. Koothuparamba firing: Is Ravard Chandrasekhar the real villain?
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Koothuparamba firing: Is Ravard Chandrasekhar the real villain?