താന്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ(ആര്‍എസ്എസ്) പ്രവര്‍ത്തകനായിരുന്നുവെന്നു വിരമിക്കല്‍ ചടങ്ങിനിടയില്‍ വെളിപ്പെടുത്തല്‍ നടത്തി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി. ജസ്റ്റീസ് ചിത്ത രഞ്ജന്‍ ദാഷ് ആണ് യാത്രയപ്പ് പരിപാടിയില്‍ സംസാരിക്കവെ താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നും, തിരിച്ച് അതേ സംഘടനയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തിയത്. Calcutta High Court justice chitta ranjan dash says he was rss member
‘ ഞാനെന്റെ യഥാര്‍ത്ഥ സ്വത്വം വെളിപ്പെടുത്തുകയാണ്. ഒരു സംഘടനയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു… എന്റെ ബാല്യം മുതല്‍ യൗവ്വനം വരെ ഞാനതിന്റെ ഭാഗമായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ധീരനും നേരുള്ളവനുമായിരിക്കാന്‍ പഠിച്ചത്. എല്ലാവരെയും തുല്യരായി കാണാനും, രാജ്യസ്‌നേഹിയാകാനും, എവിടെ ജോലി ചെയ്താലും പ്രതിബദ്ധതയോടുകൂടി ചെയ്യാനുമൊക്കെ പഠിച്ചത്. ചിലര്‍ക്കിതൊക്കെ രുചിക്കില്ലെന്നറിയാം, പക്ഷേ, എനിക്കിത് പറയണം, ഞാന്‍ ആര്‍എസ്എസ്സുകാരനായിരുന്നു’; കോടതിയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റീസ് ദാഷ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളാണ്.
ഞാന്‍ ചെയ്യുന്ന ജോലി പരിഗണിച്ച് കഴിഞ്ഞ 37 വര്‍ഷമായി സംഘടനയില്‍ നിന്നു സ്വയം മാറി നില്‍ക്കുകയായിരുന്നു. ആര്‍എസ്എസ്സുകാരന്‍ ആണെന്നത് എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരുവിധ നേട്ടത്തിനായും ഉപയോഗപ്പെടുത്തിയിട്ടില്ല,കാരണം അത് സംഘടനയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ്’ ആര്‍എസ്എസ്സിനോടുള്ള കൂറ് കൂടുതല്‍ വ്യക്തമാക്കുകയാണ് ജസ്റ്റീസ് ദാഷ്. ‘ ഞാന്‍ എല്ലാവരെയും തുല്യരായി കണ്ടു. അത് പാവപ്പെട്ടവനായാലും പണക്കാരനായാലും, കമ്യൂണിസ്റ്റുകാരനോ, ബിജെപിക്കാരനോ, തൃണമൂലുകാരനോ ആരായാലും. എല്ലാവരും എന്റെ മുന്നില്‍ ഒരുപോലെയായിരുന്നു. എനിക്ക് ആരോടും പക്ഷപാതമില്ലായിരുന്നു, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടോ, പ്രത്യേക രാഷ്ട്രീയ തത്വശാസ്ത്രത്തോടോ, രാഷ്ട്രീയ സംവിധാനങ്ങളോടോ ഒന്നും പക്ഷപാതമില്ലായിരുന്നു, അത് നിങ്ങളെന്റെ പ്രവര്‍ത്തികളില്‍ നിന്നും മനസിലാക്കിയിട്ടുണ്ടാകും. എന്റെ മുന്നില്‍ എല്ലാവരും ഒരുപോലെയായിരുന്നു. നീതി നടപ്പാക്കുന്നതില്‍ ഞാന്‍ രണ്ടു തത്വങ്ങളാണ് പിന്തുടര്‍ന്നത്, ഒന്ന് സഹാനുഭൂതി, രണ്ട്, നീതിക്ക് അനുസരിച്ച് നിയമത്തെ മാറ്റാം, എന്നാല്‍ നിയമത്തിന് അനുസരിച്ച് നീതിയെ വളച്ചൊടിക്കാന്‍ കഴിയില്ല’ ; ജസ്റ്റീസ് പറയുന്ന കാര്യങ്ങളാണ്.
കലൂര്‍ സ്റ്റേഡിയത്തിന് ചുവപ്പ് കാര്‍ഡ്; ഹോം ഗ്രൗണ്ട് വിടുമോ കൊമ്പന്മാര്‍?
സംഘടനയ്ക്ക് തന്റെ സേവനം ആവശ്യമുണ്ടെങ്കിലോ, എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യിക്കണമെന്നു സംഘടനയ്ക്കു തോന്നുന്നുണ്ടെങ്കിലോ വീണ്ടും അതില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വിരമിച്ച ന്യായാധിപന്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്. ജീവിതത്തില്‍ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ആര്‍എസ്എസ്സുകാരനായിരുന്നു എന്നു പറയാനുള്ള ധൈര്യം തനിക്കുണ്ടെന്നുമാണ് ജ. ദാഷ് അവകാശപ്പെടുന്നത്. ആര്‍എസ്എസ്സുകാരന്‍ ആണെന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും, ഞാനൊരു നല്ല വ്യക്തിയാണെങ്കില്‍ ഒരിക്കലും ഒരു മോശം സംഘടനയില്‍ അംഗമാകാന്‍ കഴിയില്ലെന്നുമാണ് ജസ്റ്റീസ് പറയുന്ന ന്യായം.
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ചില വിവാദ ഉത്തരവുകളുടെ പേരിലും ജസ്റ്റീസ് ദാഷ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിലൊന്നായിരുന്നു കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് അവരുടെ ലൈംഗികാസ്‌കതി നിയന്ത്രിക്കാന്‍ ചില പെരുമാറ്റ ചട്ടങ്ങള്‍ നിര്‍ദേശിച്ചുള്ള വിധി. ഈ ഉത്തരവ് സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണത്തിനാണ് വഴിയൊരുക്കിയത്.
1962 ല്‍ ജനിച്ച ജസ്റ്റീസ് ദാഷ് ഒഡീഷയിലെ സോനെപൂര്‍ സ്വദേശിയാണ്. കട്ടക്കില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ ദാഷ് 1986 ല്‍ ആണ് അഭിഭാഷവൃത്തിയില്‍ പ്രവേശിക്കുന്നത്. 1992 ല്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ആയി നിയമിതനായി. രണ്ടു വര്‍ഷത്തോളം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1999 ല്‍ ദാഷ് നേരിട്ടുള്ള നിയമനത്തിലൂടെ ഒറീസ സുപ്പീരിയര്‍ ജുഡീഷ്യല്‍ സര്‍വീസിന്റെ ഭാഗമായി. 2009 ല്‍ ഒറീസ ഹൈക്കോടതയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2022 ലാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റം കിട്ടുന്നത്.
Contents Summary; Calcutta high court judge chitta ranjan dash saysat his farewell, he was rss member and ready to go back