March 21, 2025 |

കലൂര്‍ സ്‌റ്റേഡിയത്തിന് ചുവപ്പ് കാര്‍ഡ്; ഹോം ഗ്രൗണ്ട് വിടുമോ കൊമ്പന്മാര്‍?

സ്റ്റേഡിയം ലിങ്ക് റോഡ് കളി നടക്കുന്ന സമയത്ത് പൂര്‍ണമായും അടച്ചിടാന്‍ സാധിക്കുന്നില്ല. കാണികളും കളിക്കാരും ഒരേ ഗെയിറ്റിലൂടെയാണു പ്രവേശിക്കുന്നതും

ഇന്ത്യന്‍ ഫുട്‌ബോളിലെ മലയാളിയുടെ അഹങ്കാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവരുടെ തറവാടാണ് ഇപ്പോള്‍ കൊച്ചിയും കലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയവും. ഫുട്ബോള്‍ ഭ്രാന്തന്‍മാരായ മലയാളി ഓരോ തവണയും തറവാട്ടിലേക്കു വിരുന്നെത്തുന്ന മക്കളെ സ്വീകരിക്കുന്ന ആവേശത്തോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങളെ കാത്തിരുന്നത്. പ്രായഭേദമന്യേ മഞ്ഞക്കടല്‍ തീര്‍ത്താണ് ടീമിനെ കലൂര്‍ സ്വീകരിക്കുന്നതും. ആ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയാണ് ഇപ്പോള്‍ കലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചുവപ്പ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സിന് പ്രീമിയര്‍-1 ലൈസന്‍സ് നിഷേധിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍. നഗരമധ്യത്തിലെ സ്റ്റേഡിയം വന്‍കിട മത്സരങ്ങള്‍ നടത്തുന്നതിന് യോജിച്ചതല്ലെന്നും കാണികള്‍ക്കും കളിക്കാര്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ പരാജയമാണെമന്നുമാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പറയുന്നത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി.) പ്രതിനിധികള്‍ നേരത്തെ കലൂര്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ചപ്പോഴും ഈ ആശങ്ക പങ്കുവച്ചിരുന്നു. എ.എഫ്.സി.യുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു പറ്റിയില്ലെന്നാണ് ലൈസന്‍സ് അനുവദിക്കുന്നതിന് തടസമായി പറഞ്ഞിരിക്കുന്ന കാരണം. പ്രീമിയര്‍-1 ലൈസന്‍സ് ഉണ്ടെങ്കിലേ ക്ലബിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും(ഐ.എസ്.എല്‍) എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗിലും എ.എഫ്.സി. കപ്പിലും പങ്കെടുക്കാന്‍ പറ്റു. നിലവില്‍ ഐ.എസ്.എല്‍ കളിക്കുന്ന നാലു ക്ലബുകള്‍ക്ക് പ്രീമിയര്‍-1 ലൈസന്‍സ് അനുവദിച്ചിട്ടില്ലെങ്കിലും അവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. തല്‍ക്കാലം പ്രതിസന്ധി മറികടന്നാലും കലൂര്‍ സ്‌റ്റേഡിയത്തിലെ വീഴ്ച ഭാവിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് പണിയാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അതേസമയം, സംഭവത്തില്‍ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(ജി.സി.ഡി.എ)യും.

കാരണമായത് സെരി ജോണിന്റെ റിപ്പോര്‍ട്ട്; കേരള ബ്ലാസ്റ്റേഴ്സ്

അടുത്തിടെ ഐഎസ്എല്‍ ഉദ്ഘാടനമത്സരം വീക്ഷിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണിന്റെ റിപ്പോര്‍ട്ടാണ് പുതിയ ആശങ്കയ്ക്ക് വഴിയൊരുക്കിയതെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പറയുന്നത്. സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കുന്ന പദ്ധതികളില്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഒരു വര്‍ഷം മുന്‍പ് ഇന്തോനേഷ്യയിലെ സ്‌റ്റേഡിയത്തില്‍ നടന്ന അപകടം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. അപേക്ഷ നിരസിച്ചതിനെ കുറിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഈ നിഗമനമാണ് തങ്ങള്‍ക്കുള്ളതെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പറയുന്നു. ലൈസന്‍സ് റദ്ദാവുന്നതിനുള്ള കാരണങ്ങളായി ബ്ലാസ്റ്റേഴ്സ് വക്താവ് ചൂണ്ടികാണിക്കുന്ന പ്രശ്നങ്ങള്‍ ഇവയാണ്.

സ്റ്റേഡിയം ലിങ്ക് റോഡ് കളി നടക്കുന്ന സമയത്ത് പൂര്‍ണമായും അടച്ചിടാന്‍ സാധിക്കുന്നില്ല. കാണികളും കളിക്കാരും ഒരേ ഗെയിറ്റിലൂടെയാണു പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും. സുരക്ഷിതമല്ലാത്ത ഈ രീതിയെ നേരത്തെ തന്നെ എ.ഐ.എഫ്.എഫ്. വിമര്‍ശിച്ചിരുന്നു. അടച്ചിടാന്‍ പറ്റാത്തതിനു കാരണം ഈ റോഡ് റീഗല്‍ എന്ന റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലേക്ക് അടക്കമുള്ള പാതയാണ് എന്നതാണ്. അതിനാല്‍ ടിക്കറ്റെടുത്തവര്‍ക്കും കളിക്കാര്‍ക്കും മാത്രമായി റോഡ് തുറന്ന് കൊടുക്കുക എന്നത് ഇപ്പോള്‍ സാധിക്കുന്നില്ല. സ്റ്റേഡിയത്തിനകത്ത് കളിക്കാര്‍ക്കും ആരാധകര്‍ക്കും വെവ്വേറെ എന്‍ട്രിയാണ്. എന്നാല്‍ ഇത് മാത്രം പോര, സ്റ്റേഡിയം ഗെയിറ്റില്‍ അത്തരം സൗകര്യം ഒരുക്കേണ്ടതുണ്ട്. മാനദണ്ഡം അതാണ്.

കൂടാതെ, മത്സരം നടക്കുന്ന ദിവസങ്ങളില്‍ സ്റ്റേഡിയം കോംപ്ലക്സിലെ കടകളുടെയും ഭക്ഷണശാലകളുടെയും പ്രവര്‍ത്തനം ആശങ്കപ്പെടുത്തുന്നതാണ്. എല്‍പിജി സിലിണ്ടറുകള്‍ പോലുള്ള റിസ്‌കുള്ള സാധനങ്ങള്‍ കളിദിനങ്ങളില്‍ പോലും സ്റ്റേഡിയത്തിലുണ്ട്. കളി നടക്കുന്ന ദിവസങ്ങളില്‍ അത്തരം കടകള്‍ അടച്ചിടുകയും ഒപ്പം അപകടകാരികളായ വസ്തുക്കള്‍ സുരക്ഷിതസ്ഥലത്തേക്കു മാറ്റുകയും വേണം. ബംഗളൂരു അടക്കമുള്ള ഇടങ്ങളില്‍ ജനസാന്ദ്രത ഏറിയ ഇടങ്ങളില്‍ തന്നെയാണ് സ്റ്റേഡിയമുള്ളത്. അവയ്ക്ക് ചുറ്റും കടകളുമുണ്ട്. എന്നാല്‍ റെസ്റ്റോറന്റ് പോലെ അപകടകാരികളായ വസ്തുക്കളുമായി പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്ലെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് മീഡിയ മാനേജര്‍ അഭിജിത്ത് അഴിമുഖത്തോടു പ്രതികരിച്ചത്. കലൂരിലേക്ക് നോക്കിയാല്‍ 90 ശതമാനം ഷോപ്പുകളും പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവയാണ്. അത്തരത്തില്‍ 15ലധികം ചെറുതും വലുതുമായ ഹോട്ടലുകള്‍ സ്റ്റേഡിയത്തിന് ചുറ്റുമുണ്ട്.

ഇതിനെല്ലാം പുറമേയാണ് കഴിഞ്ഞതവണ ആരാധകര്‍ ആവേശനൃത്തം ചവിട്ടിയപ്പോള്‍ സ്റ്റേഡിയത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ കാണികളുടെ ഇടയിലേക്ക് പൊളിഞ്ഞുവീണത്. ഇത് വലിയ ചര്‍ച്ചാവിഷയമായ സംഭവമായിരുന്നു. കൊച്ചിയുടെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ആയതുകൊണ്ട് തന്നെ കൃത്യമായ പാര്‍ക്കിങ് സൗകര്യങ്ങളില്ലെന്ന ബുദ്ധിമുട്ടുമുണ്ട്. വളരെ തിരക്കേറിയ പട്ടണത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ഒരു അപകടം ഉണ്ടായാല്‍ അതിനെ ഫലപ്രദമായി നേരിടാനും രക്ഷപ്രവര്‍ത്തനം നടത്താനും ജനത്തെ ഒഴിപ്പിക്കാനും മറ്റും ഇവിടെ ബുദ്ധിമുട്ടാകും

പുതിയ ഹോം ഗ്രൗണ്ട് കണ്ടെത്തുമോ?

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സുള്ളത്. ലൈസന്‍സ് ശരിയാവാന്‍ വീണ്ടും അപ്പീല്‍ നല്‍കേണ്ടിവരും. അതല്ലെങ്കില്‍ ഐഎസ്എല്ലില്‍ പങ്കെടുക്കണമെങ്കില്‍ വിലക്കില്‍ ഇളവ് തേടേണ്ടിവരും. മുന്‍പും ഇത്തരം ഇളവ് കിട്ടയതാണു പ്രതീക്ഷയെന്നും ബ്ലാസ്റ്റേഴ്സ് നേതൃത്വം പറയുന്നു. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയൊരു ഹോം സ്റ്റേഡിയം കണ്ടെത്തുക ബ്ലാസ്റ്റേഴ്സിന് ചിന്തിക്കാന്‍ ആവുന്നതല്ലെന്ന വിലയിരുത്തലുകളുമുണ്ട്. അതായത് മാനദന്ധങ്ങളില്‍ ഇളവുകള്‍ നല്‍കി ലൈസന്‍സ് പുതുക്കിനല്‍കിയാലും ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം വിലയിരുത്തിയ സ്റ്റേഡിയത്തിലെ സുരക്ഷപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തകരാറുകള്‍ പരിഹരിച്ച് സ്റ്റേഡിയം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ വരുന്ന സീസണുകളില്‍ മുന്നോട്ടുപോക്ക് കടുത്ത പ്രതിസന്ധിയിലാകും.

ആശങ്കകള്‍ പരിഹരിക്കപ്പെട്ടതാണ്: ജിസിഡിഎ

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നേരത്തെ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തിയതാണ്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം ഉറപ്പുവരുത്തി. എന്നാല്‍ സുരക്ഷാവീഴ്ചയുണ്ടെന്ന റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വീഴ്ച ഉണ്ടോ എന്നത് വ്യക്തമല്ല. അത്തരമൊരു പ്രശ്നം ഇല്ലെന്ന് തന്നെയാണ് കരുതുന്നതെന്നും സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഗ്രേറ്റര്‍ കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) വക്താവ് പറയുന്നു. ഏത് തരം പ്രശ്നമാണെന്നത് എഎഫ്സിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് അറിയാന്‍ സാധിക്കു. അത് എന്തു തന്നെയാണെങ്കിലും പരിഹരിക്കാന്‍ ജിസിഡിഎ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വീഴ്ച ചൂണ്ടികാണിക്കപ്പെട്ടിട്ടില്ല എന്നാണ് ജിസിഡിഎ എന്‍ജിനീയറായ ഉഷ അഴിമുഖത്തോട് പ്രതികരിച്ചത്. വീഴ്ചയായി അറിയാന്‍ കഴിഞ്ഞത് കളി സമയത്തും സ്റ്റേഡിയത്തിന് ചുറ്റും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടക്കമുള്ളവയാണ്. ഗ്യാസ് സിലിണ്ടര്‍ പോലുള്ള അപകട സാധ്യത അവിടെയുണ്ട്. ഇക്കാര്യമാണ് പ്രശ്നമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ ഈ മാസം 27ന് ജിസിഡിഎ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കായിക കേരളവും സ്റ്റേഡിയങ്ങളും

കളിപ്രേമികളുടെ മലയാളക്കര ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന സ്റ്റേഡിയമായിരുന്നു കലൂരിലെ രാജ്യാന്തര സ്റ്റേഡിയം. 90കളില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അമരക്കാരനായ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ സ്റ്റേഡിയം നിര്‍മിക്കുന്നത്. മലയാളി കുട്ടികള്‍ക്ക് കളിച്ച് വളരാന്‍ ഒരിടം. അതായിരുന്നു നിര്‍മാണ ലക്ഷ്യം. സ്റ്റേഡിയത്തിന്റെ നിര്‍മാണ കാലവും ആഘോഷത്തോടെ തന്നെയായിരുന്നു. ഒരുവര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ 365 ദിവസത്തില്‍ തുടങ്ങി താഴേക്ക് എണ്ണുന്ന രീതിയില്‍ സ്റ്റേഡിയത്തിനു മുന്‍വശത്തു പ്രധാന പാതയരികില്‍ ബോര്‍ഡ് വരെ സ്ഥാപിച്ചിരുന്നു.

അങ്ങനെ പൂര്‍ത്തിയായ മനോഹര സ്റ്റേഡിയം 1996ല്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയാണു രാജ്യത്തിനു സമര്‍പ്പിച്ചത്. അക്കാലത്തും ഇപ്പോഴും കേരളത്തെ ഫുട്‌ബോളില്‍നിന്ന് പിന്നോട്ടുവലിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ ഒരു കാരണം ഗ്രൗണ്ടുകളുടെ കുറവാണെന്ന് പറയാം. ആദ്യ കാലങ്ങളില്‍ കണ്ണൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ശ്രീ നാരായണ ട്രോഫി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നാഗ്ജി, തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ചാക്കോള ട്രോഫി, കൊച്ചി കലൂരില്‍ നെഹ്‌റു കപ്പ് എന്നിങ്ങനെ ഒരു കാലത്ത് കേരളത്തിലെ എല്ലാ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍കൊണ്ട് സജീവമായിരുന്നു. ഇങ്ങനെയുള്ള നാഷണല്‍ ലെവല്‍ ടൂര്‍ണമെന്റുകള്‍ക്ക് പുറമെ വിവിധ ജില്ല ഡിവിഷന്‍ ലീഗുകള്‍, പ്രാദേശിക ടൂര്‍ണമെന്റുകള്‍ എന്നിവ നടക്കുന്നതോടെ ഗ്രൗണ്ടുകള്‍ എന്നും സജീവമായി നിന്നു. അന്ന് കളി കാണാന്‍ വരുന്ന ആരാധകരുടെ എണ്ണവും കൂടുതലായിരുന്നു. പഴയ ഗ്രൗണ്ടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. എല്ലാ സ്റ്റേഡിയങ്ങളും നിര്‍മിച്ചിരിക്കുന്നത് നഗരമധ്യത്തിലാണ്. അതിന്റെ പ്രധാന കാരണം അന്ന് വാഹനങ്ങള്‍ കുറവായിരുന്നു എന്നതാണ്. കാണികള്‍ക്ക് കളി കാണാന്‍ പെട്ടെന്ന് എത്തുവാനും വളരെ വൈകി കളി അവസാനിച്ചാല്‍പ്പോലും എളുപ്പം വീട്ടിലെത്തുവാനും ഗ്രൗണ്ടുകള്‍ നഗര മധ്യത്തില്‍ നിര്‍മിക്കപ്പെട്ടു. പക്ഷെ ഇന്ന് വാഹനങ്ങളുടെ അതിപ്രസരമാണ്. വേണ്ടത്ര പാര്‍ക്കിങ് സ്‌പേസ് എവിടെയും കാണാനില്ല.

കളിയുള്ള ദിവസം കലൂരിലും പരിസര പ്രദേശങ്ങളിലും നില്‍ക്കാന്‍ സാധിക്കില്ല. അസാധ്യ തിരക്കാണ്. സ്റ്റേഡിയം ലിങ്ക് റോഡില്‍ കിലോമീറ്ററുകള്‍ അപ്പുറത്ത് വരെ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ നീണ്ട നിര കാണാം. 40000ത്തിലധികം വരുന്ന കാണികള്‍ ആണ് ഇവിടെ എത്തുന്നതെന്ന് ഓര്‍ക്കണം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയവും തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉദാഹരണമായി എടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ആദ്യകാലത്ത് നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ ആ സ്റ്റേഡിയം നഗരമധ്യത്തിലാണ്. പക്ഷേ ഇന്ന് രാജ്യാന്തരമത്സരങ്ങള്‍ക്ക് ആ സ്റ്റേഡിയം വേദിയായാല്‍ പാര്‍ക്കിങിന് വേണ്ടത്ര സ്ഥലം ഇല്ല എന്നത് ഒരു സത്യവുമാണ്. എന്നാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഈ അടുത്തിടെ നിര്‍മ്മിച്ചതാണ്. സ്റ്റേഡിയം നഗരമധ്യത്തിലല്ല. എന്നാല്‍ പാര്‍ക്കിങിന് ധാരാളം സ്ഥലമുണ്ട്, അതിന് ബുദ്ധിമുട്ടില്ല.

 

 

English Summary; Greater Cochin Development Authority rules out structural issues to Kaloor stadium in Kerala

×