ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ യു.എസ് മുന്നേറ്റനിര താരം ഫൊളാരിന്‍ ബലോഗന്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു മത്സരത്തിലെ വിലക്ക് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ പിന്‍വലിച്ചു. ഇതോടെ തിങ്കളാഴ്ച രാത്രി സിയാറ്റിലില്‍ ബെല്‍ജിയത്തിനെതിരെ നടക്കുന്ന നിര്‍ണായകമായ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബലോഗന് കളിക്കാനാകും. ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
വിലക്ക് നീക്കുന്നതിനായി കഴിഞ്ഞ ബുധനാഴ്ച മുതല്‍ ട്രംപ് മൂന്ന് തവണ ഫിഫ അധികൃതരെ ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയതായി വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിഫയുടെ ഈ തീരുമാനത്തിന് പിന്നാലെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ഫിഫയ്ക്ക് നന്ദി അറിയിച്ചു. ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയോട് നന്ദിയുണ്ടെന്നാണ് ട്രംപ് കുറിച്ചത്. ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ചാണ് ഈ നടപടിയെന്ന് ഫിഫയുടെ അച്ചടക്ക സമിതി വ്യക്തമാക്കി. മാച്ച് ഫിക്‌സിംഗ് അല്ലാത്ത കുറ്റങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡിന്റെ വിലക്ക് താല്‍ക്കാലികമായി നീക്കാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ബലോഗന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കടുത്ത നിരീക്ഷണത്തിലായിരിക്കും. ഈ കാലയളവില്‍ സമാനമായ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തിലെ വിലക്ക് താരം അനുഭവിക്കേണ്ടി വരും. മുന്‍പ് അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗലിന്റെ ലോകകപ്പ് മത്സരങ്ങളില്‍ കളിക്കാന്‍ അനുമതി നല്‍കിയതും ഇതേ നിയമം ഉപയോഗിച്ചായിരുന്നു.
എന്നാല്‍ ഫിഫയുടെ ഈ തീരുമാനത്തിനെതിരെ ബെല്‍ജിയം ക്യാമ്പില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഫിഫയുടെ ഈ നിലപാടില്‍ തങ്ങള്‍ അത്ഭുതപ്പെടുന്നുവെന്ന് റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ആര്‍ബിഎഫ്എ) പ്രസ്താവനയില്‍ അറിയിച്ചു. ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ ഒരു മത്സരത്തിലെ വിലക്ക് ‘സ്വയമേവ’ ഉണ്ടാകണമെന്ന ഫിഫയുടെ സ്വന്തം നിയമങ്ങള്‍ക്ക് വിരുദ്ധമാണിത്. നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ബെല്‍ജിയം ഫെഡറേഷന്‍ കൂട്ടിചേര്‍ത്തു. ഫിഫയുടെ ഈ തീരുമാനം ഏപ്രില്‍ ഫൂള്‍ തമാശ പോലെയാണ് തനിക്ക് തോന്നിയതെന്നാണ് ബെല്‍ജിയം പരിശീലകന്‍ റൂഡി ഗാര്‍ഷ്യ പരിഹസിച്ചത്. ഫിഫയില്‍ ജൂലൈ 5 എന്നത് ഏപ്രില്‍ ഒന്നിന് തുല്യമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബെല്‍ജിയം ഫെഡറേഷന്‍ സ്വന്തം ടീമിനെ മാത്രമല്ല, ഫുട്‌ബോളിന്റെ സമഗ്രതയെയും ധാര്‍മ്മികതയെയുമാണ് ഇവിടെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.എസ് സോക്കര്‍ ഫെഡറേഷന്‍ ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ബലോഗനെ തിരികെ ലഭിക്കാനായുള്ള ചര്‍ച്ചകളില്‍ തങ്ങളും സജീവമായിരുന്നുവെന്ന് യു.എസ് ടീം വക്താവ് അറിയിച്ചു. ബോസ്‌നിയക്കെതിരായ മത്സരത്തില്‍ ബലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയത് തികച്ചും അന്യായമായ തീരുമാനമായിരുന്നുവെന്നും ഫിഫ ഇപ്പോള്‍ എടുത്തത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമാണെന്നും യു.എസ് പരിശീലകന്‍ മൗറീഷ്യോ പൊചെറ്റിനോ പറഞ്ഞു. ആ മത്സരത്തില്‍ 30 മിനിറ്റോളം 10 പേരുമായി കളിക്കേണ്ടി വന്നത് തന്നെ തങ്ങള്‍ക്ക് കിട്ടിയ വലിയ ശിക്ഷയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരിശീലനത്തിനായി ടീം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ബലോഗന്റെ വിലക്ക് നീക്കിയ വിവരം യു.എസ് താരങ്ങള്‍ അറിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും എ.ഐ സാങ്കേതികവിദ്യയുടെ കാലമായതിനാല്‍ വ്യാജവാര്‍ത്തയാണോ എന്ന് സംശയിച്ചതായും യു.എസ് പ്രതിരോധ താരം ക്രിസ് റിച്ചാര്‍ഡ്‌സ് പറഞ്ഞു. ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യു.എസ് സോക്കര്‍ അധികൃതര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വാര്‍ത്തയോട് വളരെ സ്വാഭാവികമായാണ് ബലോഗന്‍ പ്രതികരിച്ചതെന്നും താരം കൂട്ടിചേര്‍ത്തു. ബലോഗന്‍ ഇല്ലാതെ കളിക്കേണ്ടി വരുന്ന സാഹചര്യത്തെ നേരിടാന്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച്, അലക്‌സ് ഫ്രീമാന്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെട്ട ടീം മാനസികമായി തയ്യാറെടുത്തിരുന്നു എങ്കിലും, ഈ തിരിച്ചുവരവ് ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന ബോസ്‌നിയന്‍ പ്രതിരോധ താരം താരിക് മുഹാരെമോവിച്ചുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ആദ്യം റഫറി ഫൗള്‍ വിളിച്ചില്ലെങ്കിലും, വാര്‍ പരിശോധനയില്‍ ബലോഗന്റെ കാല്‍ ബോസ്‌നിയന്‍ താരത്തിന്റെ കണങ്കാലില്‍ തട്ടിയതായി കണ്ടെത്തിയതോടെ റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് മനഃപൂര്‍വ്വം ചെയ്തതല്ലെന്നായിരുന്നു യു.എസ് ടീമിന്റെയും കമന്റേറ്റര്‍മാരുടെയും വാദം. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടി മികച്ച ഫോമിലുള്ള ബലോഗന്റെ സാന്നിധ്യം 2002-ന് ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ടീമിന് വലിയൊരു ഊര്‍ജ്ജമാകും.
Content Summary; Donald Trump successfully lobbies FIFA to lift US striker Folarin Balogun’s red card ban ahead of the World Cup 2026 Last-16 clash against Belgium
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.