ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച പുതിയ നിയമമനുസരിച്ച്, കുടിയേറ്റക്കാരില്‍ നിന്ന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ഡി.എന്‍.എ. സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതി.
യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് സാധാരണയായി വിരലടയാളങ്ങള്‍ പോലെയുള്ള പരിമിതമായ ബയോമെട്രിക്‌സുകള്‍ മാത്രമാണ് ശേഖരിച്ചിരുന്നത്. അതും മുതിര്‍ന്ന അപേക്ഷകരില്‍ നിന്ന് മാത്രമായിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം പ്രായഭേദമന്യേ എല്ലാവരിലും വിവരശേഖരണം നടത്തും.
കൂടാതെ പുതിയ നിയമപ്രകാരം, ഒരു വിദേശിയെ കുടിയേറ്റ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനും DHS-ന് അധികാരം നല്‍കപ്പെടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതുക്കിയ നിയമപ്രകാരം, ബയോമെട്രികിന്റെ നിര്‍വചനം ഔദ്യോഗികമായി പുനര്‍നിര്‍വചിക്കാനും DHS ആലോചിക്കുന്നതാണ് വിവരം. വിരലടയാളത്തിന് പുറമെ ഡിഎന്‍എ, ഐറിസ് സ്‌കാനുകള്‍, മുഖം തിരിച്ചറിയല്‍ (facial recognition data), വോയ്‌സ് പ്രിന്റുകള്‍, സ്വഭാവരീതികള്‍ എന്നിവയെ വരെ ഉള്‍ക്കൊള്ളാനാണ് സാധ്യത.
ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിക്കാനും പരിശോധിക്കാനുമുള്ള
DHS-ന്റെ അധികാരം വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. വ്യക്തിഗത വിവരങ്ങള്‍ തിരിച്ചറിയലിനും നിയമ നിര്‍വ്വഹണ ആവശ്യങ്ങള്‍ക്കും വേണ്ടി ജനിതക ഡാറ്റ എങ്ങനെ ഉപയോഗിക്കാം, പങ്കിടാം, ശേഖരിക്കാം എന്നതിന് നിയമം കൃത്യമായ ചട്ടങ്ങള്‍ ഉണ്ടാക്കും.

നിലവിലെ സാഹചര്യത്തില്‍, കുടിയേറ്റ കേസുകളില്‍ ഡി.എന്‍.എ. ശേഖരണം താരതമ്യേന പരിമിതമാണ്. കുടിയേറ്റക്കാരായവരുടെ കുടുംബബന്ധം സ്ഥിരീകരിക്കാന്‍, രേഖാപരമായ തെളിവുകള്‍ ഇല്ലാതെ വരുമ്പോള്‍, മാതാപിതാക്കള്‍, കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവരുമായുള്ള ബന്ധം (biological relationship) തെളിയിക്കുന്നതിനായി DHS-നോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോ ഡി.എന്‍.എ. പരിശോധന ആവശ്യപ്പെടാം. അപേക്ഷകനാണ് ഇതിന്റെ ചെലവ് വഹിക്കേണ്ടത്. കൂടാതെ യുഎസ് പൗരത്വ കുടിയേറ്റ സേവനങ്ങള്‍ (USCIS) അംഗീകരിച്ച ലബോറട്ടറി വഴി മാത്രമേ പരിശോധന നടത്താവൂ.
എഫ്.ബി.ഐ.യുടെ കോഡിസ് (CODIS) പ്രോഗ്രാമിന്റെ ഭാഗമായി, തങ്ങളുടെ കസ്റ്റഡിയിലുള്ള യു.എസ്. പൗരന്മാരല്ലാത്ത ചില വ്യക്തികളില്‍ നിന്ന് ഈ ഏജന്‍സികള്‍ ഡി.എന്‍.എ. ശേഖരിച്ചു തുടങ്ങി. ഫെഡറല്‍ കസ്റ്റഡിയിലുള്ള വ്യക്തികളില്‍ നിന്ന് ഡി.എന്‍.എ. ശേഖരിക്കാന്‍ അധികാരം നല്‍കുന്ന 2005-ലെ ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ് ആക്ട് ആണ് ഇതിന് ആധാരം. ഡി.എന്‍.എ. ശേഖരണത്തിനായി കവിളില്‍ നിന്നുള്ള ശ്രവം (cheek swabs) ആണ് ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ പിന്നീട് എഫ്.ബി.ഐയുടെ ദേശീയ ഡാറ്റാബേസില്‍ സംഭരിക്കപ്പെടുന്നു.
നിലവില്‍, വിസ, ഗ്രീന്‍ കാര്‍ഡ്, അല്ലെങ്കില്‍ പൗരത്വത്തിനായി അപേക്ഷിക്കുന്ന സാധാരണ കുടിയേറ്റക്കാര്‍ ഡി.എന്‍.എ. നല്‍കേണ്ടതില്ല. എന്നാല്‍, DHS-ന്റെ പുതിയ നിര്‍ദ്ദേശം, ഡി.എന്‍.എ. ശേഖരണത്തെ ഭാവിയില്‍ കുടിയേറ്റ നടപടികളുടെ അവിഭാജ്യ ഘടകങ്ങളുടെ ഭാഗമാക്കി മാറ്റിയേക്കാം.
കുടിയേറ്റ തടങ്കലിലുള്ളവരില്‍ നിന്ന് ഡി.എന്‍.എ. ശേഖരിക്കുന്നത് പ്രായോഗികമല്ല എന്നായിരുന്നു ഒബാമ ഭരണകൂടത്തിന്റെ കാലത്തെ ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ നിലപാടാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ട്രംപ് തിരുത്താന്‍ ശ്രമിക്കുന്നത്.

ഈ നിയമം കോടതിയില്‍ ശക്തമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഇത് സ്വകാര്യത, സര്‍ക്കാര്‍ അധികാരം, ജനിതക ഡാറ്റയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഡിഎന്‍എ ഡാറ്റാ ശേഖരണം ക്രിമിനല്‍ പ്രതികളെ മാത്രമല്ല, ദശലക്ഷക്കണക്കിന് സാധാരണ കുടിയേറ്റക്കാരെയും നേരിട്ട് ബാധിച്ചേക്കാം. ഈ തര്‍ക്കം ഒടുവില്‍ യു.എസ്. സുപ്രീം കോടതിയില്‍ എത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Content Summary: Trump colleting DNA from detained immigrants