ഇന്ന് വിനോദത്തിനായുള്ള ഓൺലൈൻ ഗെയിമുകളേക്കാൾ പണം ഉപയോഗിച്ച് കളിക്കുന്ന ഗെയിമുകൾ വളരെ വേഗത്തിൽ പ്രചാരം നേടുകയാണ്. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ ഗെയിമുകൾ, പലപ്പോഴും വലിയ അപകടങ്ങളിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഒരു ചെറിയ തുകയ്ക്ക് തുടങ്ങി, കൂടുതൽ പണമുണ്ടാക്കാനുള്ള ആഗ്രഹത്തിൽ വീണ്ടും വീണ്ടും പണം മുടക്കുന്നത് പതിവായി മാറുന്നു. എന്നാൽ ഇത്, വ്യക്തികളെ സാമ്പത്തികമായി തകർച്ചയിലേക്ക് എത്തിക്കുക മാത്രമല്ല, അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി, ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
കേരളത്തിൽ ഓൺലൈൻ ഗെയിമുകൾ വളരെ വേഗത്തിലാണ് പ്രചാരം നേടിയത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരും ഓൺലൈൻ ഗെയിമുകളുടെ ലോകത്തേക്ക് എത്തിയിരിക്കുന്നു. സംസ്ഥാനത്ത് ഓൺലൈൻ ഗെയിം കാരണം പണം നഷ്ടപ്പെട്ട് നിരവധി ആളുകൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു കണക്കുകളൊന്നും ലഭ്യമല്ല.
2020ലാണ് കൊല്ലത്ത് ഒരു യുവാവ് ഓൺലൈൻ റമ്മി കളിച്ച് ഏകദേശം 21 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ശേഷം ആത്മഹത്യ ചെയ്ത സംഭവമുണ്ടാവുന്നത്. ലോക്ക്ഡൗൺ സമയത്താണ് ഇയാൾ ഗെയിമിന് അടിമപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2022-ൽ തിരുവനന്തപുരത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. 2023-ൽ കോഴിക്കോട് ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന് ശേഷം ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവവും ചർച്ചയായിരുന്നു.
കേരളത്തിൽ പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെംയിമുകളുടെ പ്രചാരം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ഗെംയിമുകൾക്ക് ഉണ്ടാവുന്ന പ്രചാരത്തിനും വ്യക്തികളിലുണ്ടാക്കുന്ന ആസക്തിയ്ക്കും കാരണങ്ങൾ പലതാണ്. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന മോഹമാണ് യുവാക്കളെ ഇത്തരം ഗെയിമുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് കേരള സർക്കാരിന്റെ ഓപ്പറേഷൻ ഡി ഡാഡ് പ്രോഗ്രാമിലെ സൈക്കോളജിസ്റ്റായ ജെന്നിഫർ വിനോജ് അഴിമുഖത്തോട് പറഞ്ഞു.
സാമ്പത്തിക ലബ്ധിയിലേക്കുള്ള കുറുക്കുവഴി
സാമ്പത്തികപരമായി ഞാൻ നല്ല ഉന്നതിയിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. എന്നാൽ അതിന് വേണ്ടി പരിശ്രമിക്കാൻ ഇവർ തയ്യാറല്ല. എളുപ്പത്തിൽ പണം സമ്പാദിക്കുകയാണ് എല്ലാവരുടംയും ലക്ഷ്യം. അതിനുള്ള സാധ്യതകളാണ് ഇവർക്ക് മുന്നിൽ ഓൺലൈൻ ഗെയിമുകൾ തുറന്ന് കൊടുക്കുന്നത്. ഇക്കണോമിക് ഹോപ്പ് കാരണം ആളുകളിലുണ്ടാവുന്ന ആസക്തി കൂടുതലായിരിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവുന്നത് കൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും വ്യക്തികൾക്ക് ഇവ കളിക്കാൻ സാധിക്കും. ഐഡന്റിറ്റി വെളിപ്പെടുത്താതെ ഉപയോഗിക്കാൻ സാധിക്കുക എന്ന സാധ്യതയും ആളുകൾ പരമാവധി ദുരുപയോഗം ചെയ്യുന്നുണ്ട്. ഓൺലൈൻ ഗെയിമുകളുടെ നിരന്തരമുള്ള ഉപയോഗത്തിലൂടെ പണം നഷ്ടമാവുന്ന ആളുകളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നുണ്ടെങ്കിലും നാണക്കേട് മൂലം അവ പുറത്തു പറയാൻ ആരും താത്പര്യപ്പെടുന്നില്ല.
ജൈവപരമായ കാരണങ്ങളും ലക്ഷണങ്ങളും
ഇത്തരം ഗെയിമുകളിൽ ആസക്തിയുണ്ടാവാൻ ജൈവികമായ കാരണങ്ങളുമുണ്ട്. പണം നൽകിയുള്ള ഓൺലൈൻ ഗെയിമുകൾ ഒരു വ്യക്തിയുടെ ശരീരത്തിൽ ഹാപ്പി ഹോർമോണായ ഡോപ്പമിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ചെറിയ ഒരു വിജയമാണെങ്കിൽ പോലും അത് വീണ്ടും ആവർത്തിക്കാൻ ഈ ഡോപ്പമിന്റെ ഉയർച്ച സമ്മർദ്ദം ചെലുത്തുന്നു.
ഒരു വ്യക്തിയിലുണ്ടാവുന്ന അമിത ആസക്തി എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. തന്റെ എതിരാളികളെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളെക്കുറിച്ചാവും കൂടുതൽ സമയവും ചിന്തിക്കുക. മുൻപുണ്ടായ വിജയ പരാജയങ്ങളെക്കുറിച്ച് ഇവർ ഏറ്റവും അടുത്ത ആളുകളുമായി പങ്കു വയ്ക്കുകയും ചെയ്യും. ആദ്യമെല്ലാം ചെറിയ തുക ഉപയോഗിച്ചാണ് ഇത്തരം ഗെയിമുകൾ കളിക്കുന്നതെങ്കിൽ പിന്നീട് വലിയ തുകകൾ ഇതിലേക്കായി ചിലവഴിക്കാൻ തുടങ്ങും. എന്നാൽ ആദ്യം ലഭിച്ചിരുന്ന ആവേശം അവർക്ക് തുടർന്നും ലഭിക്കണമെങ്കിൽ അതിന് വലിയ തുക ഉപയോഗിക്കണം എന്ന സാഹചര്യം വരും. പരാജയം സംഭവിച്ചാൽ അത് പരിഹരിക്കപ്പെടണമെന്ന ഒരു ഭ്രാന്തമായ ചിന്തയും ഇത്തരക്കാരിലുണ്ടാവും. ഇതിൽ നിന്ന് പിന്മാറണമെന്ന് തോന്നിയാലും അതിന് കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് അവരെത്തിയിരിക്കും. കാശ് പോകുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ പലപ്പോഴും ഇവർ നൽകുന്ന മറുപടി കള്ളമായിരിക്കും. ഉത്തരവാദിത്തങ്ങൾ ഇവർ പലപ്പോഴും പിന്തിരിയാൻ തുടങ്ങും.
കടം വർദ്ധിക്കുന്നതും, ലോണുകളുടെ എണ്ണം കൂടുന്നതും ഇവയുടെ ഒഴിവാക്കാൻ പറ്റാത്ത പ്രധാന ലക്ഷണങ്ങളാണ്. മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, ദേഷ്യം എന്നിവ വർദ്ധിച്ചേക്കാം. സമൂഹവുമായുള്ള ബന്ധങ്ങൾ നിന്ന് ഇവർ ഉൾവലിയാനും സാധ്യതകൾ കൂടുതലാണ്. സമ്മർദ്ദത്തെയും മുഷിപ്പിനെയുമെല്ലാം കൊല്ലാൻ പണം ഉപയോഗിച്ചുളള ഓൺലൈൻ ഗെയിമുകളെ ആശ്രയിക്കുന്നവരുമുണ്ട്.
ആസക്തിയും മാനസികാരോഗ്യ പ്രശ്നം
അഡിക്ഷൻ അല്ലെങ്കിൽ ആസക്തിയെന്ന് പറയുന്നത് തന്നെ മാനസിക പ്രശ്നമായത് കൊണ്ട് അവയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുകയാണ്. കുട്ടികളെ ഇത്തരം ആസക്തികൾ തിരിച്ചറിയാനും അവർക്ക് വേണ്ടുന്ന മാനസിക പിന്തുണ നൽകാനും വേണ്ടിയുള്ള പ്രോഗ്രാമാണ് ഓപ്പറേഷൻ ഡി- ഡാഡ് . ഇത്തരം കേസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും ആരും പരാതി നൽകാൻ തയ്യാറാവുന്നില്ലയെന്നതാണ് മറ്റൊരു വസ്തുത. പണം ഉപയോഗിച്ച് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതും അവയുടെ ആസക്തിയും ഒരു മാനസികാരോഗ്യ പ്രശ്നമാണെന്ന് പോലും ആളുകൾ തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. എന്നാൽ എത്തരം ആസക്തികളെ ഒരു രോഗാവസ്ഥയായി തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്ക് പൂട്ടിട്ട് കൊണ്ടുള്ള ബിൽ ഇപ്പോൾ സർക്കാർ കൊണ്ടു വന്ന് കഴിഞ്ഞു അത് വളരെ ഉപകാരപ്രദമായിരിക്കും. പല ആപ്പുകളും പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഇത്തരം ബില്ലുകൾ തീർച്ചയായും ഒരു ഹെൽത്തി ഡിജിറ്റൽ ലൈഫ് പിന്തുടരാൻ സഹായകമാവും.
സാമൂഹിക കാരണങ്ങൾ
പണ്ടുകാലത്ത് നമ്മുടെയെല്ലാം വീടുകളിൽ ആളുകളുടെ എണ്ണം കുടൂതലായിരുന്നു. എന്നാൽ ഇപ്പോൾ അവയിൽ നിന്ന് മാറി അണുകുടുംബം എന്ന ഒരു ആശയത്തിലേക്ക് സമൂഹം തന്നെ മാറി. ഏകാന്തതകൾ ഇവരെ ഇത്തരം ആപ്പുകൾ കൂടുതലായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ഇന്നത്തെ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ സാധൂകരണങ്ങൾ ലഭിക്കുന്നില്ല. ലൈക്കിലൂടെയും കമന്റിലൂടെയും ഇത്തരം സാധൂകരണങ്ങൾ ലഭിക്കുന്നതോടെ അവർ സമൂഹ മാധ്യമങ്ങളെ കൂടുതൽ ആശ്രയിക്കാൻ ആരംഭിക്കും.
പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ, താൽക്കാലികമായ വിനോദത്തിനപ്പുറം സമൂഹത്തിൽ വലിയ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. വേഗത്തിൽ പണമുണ്ടാക്കാനുള്ള മോഹം പലരെയും ആസക്തിയിലേക്ക് നയിക്കുകയും, അത് അവരുടെ ജീവിതത്തെ തകിടം മറിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളിയെ നേരിടാൻ വ്യക്തികളും സമൂഹവും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ഗെയിമുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും, അതിന് അടിമപ്പെട്ടവർക്ക് മാനസിക പിന്തുണ നൽകാനും ബോധവത്കരണ പരിപാടികൾ സഹായിക്കും. സർക്കാർ കൊണ്ടുവന്ന നിയമനിർമ്മാണങ്ങൾ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം നൽകുമെങ്കിലും, ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളെക്കുറിച്ച് സമൂഹം സ്വയം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഒരു ഡിജിറ്റൽ ജീവിതം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക് ഫലപ്രദമായി നേരിടാൻ സാധിക്കൂ.
content summary: The Profit Trap, Online Gaming Addiction and Its Impact on Mental Health
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.