ഓൺലൈൻ ഗെയിമിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും, കള്ളപ്പണം വെളുപ്പിക്കലും, ഗെയിമിനോടുള്ള അമിതമായ ആസക്തിയും തടയുന്നതിനായി ‘പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ, 2025’ ലോക്‌സഭ പാസാക്കി.
പ്രതിപക്ഷ ബഹളങ്ങൾക്കിടയിലും, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ലഘു പ്രസംഗത്തിന് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. ബിൽ പാസായതിന് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പണം വെച്ച് കളിക്കുന്ന എല്ലാ ഓൺലൈൻ ഗെയിമുകളും (ഫാന്റസി സ്പോർട്സ്, പോക്കർ, റമ്മി, ഓൺലൈൻ ലോട്ടറികൾ എന്നിവ ഉൾപ്പെടെ) ബിൽ നിരോധിക്കുന്നു. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്നതിൽ നിന്ന് ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ബിൽ വിലക്കുന്നു.
ഓൺലൈൻ പണമിടപാടുകളുള്ള ഗെയിമിംഗ് സേവനങ്ങൾ നൽകുന്നത് ‘ഓൺലൈൻ മണി ഗെയിമിംഗ് ബിൽ, 2025’ പൂർണ്ണമായും നിരോധിക്കുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് സഹായം നൽകുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ അനുവാദമില്ല. കൂടാതെ, ഈ ഗെയിമുകൾക്കുവേണ്ടി പണമിടപാടുകൾ നടത്താൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വൈദഗ്ദ്ധ്യം, ഭാഗ്യം, അല്ലെങ്കിൽ ഇവ രണ്ടും ചേർന്നുള്ള ഗെയിമുകൾ എന്ന വ്യത്യാസമില്ലാതെ, എല്ലാതരം ഓൺലൈൻ വാതുവെപ്പുകളും ചൂതാട്ടങ്ങളും ഈ നിരോധനത്തിൽ ഉൾപ്പെടും. ഫാന്റസി സ്പോർട്സ്, പോക്കർ, റമ്മി, മറ്റ് കാർഡ് ഗെയിമുകൾ, ഓൺലൈൻ ലോട്ടറികൾ എന്നിവയും ബില്ലിന്റെ പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമുള്ള കഠിനമായ ശിക്ഷകളാണ് ബിൽ നിർദ്ദേശിക്കുന്നത്.
ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവോ, ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ഇത്തരം ഗെയിമുകൾക്ക് പരസ്യം ചെയ്യുകയോ സ്പോൺസർ ചെയ്യുകയോ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന അതേ ശിക്ഷകൾ തന്നെ ബാധകമാകും.
നിയമം ലംഘിക്കുന്ന കമ്പനികളുടെ ഡയറക്ടർമാർക്കും മാനേജർമാർക്കും വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കും. എന്നാൽ, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്ന പ്രക്രിയകളിൽ പങ്കാളികളായിട്ടില്ലാത്ത സ്വതന്ത്ര ഡയറക്ടർമാർക്കും നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഇതിൽ നിന്ന് ഒഴിവാക്കലുണ്ട്.
ഈ നിയമപ്രകാരം കുറ്റകൃത്യം ചെയ്തതായി ന്യായമായ സംശയമുണ്ടെങ്കിൽ, കേന്ദ്രസർക്കാർ നിയമിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും വാറന്റ് ഇല്ലാതെ “ഏതൊരു സ്ഥലത്തും” പ്രവേശിക്കാനും പരിശോധന നടത്താനും അധികാരം നൽകുന്നു. കെട്ടിടങ്ങൾ, വാഹനങ്ങൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ആവശ്യമെങ്കിൽ സുരക്ഷാ സംവിധാനങ്ങൾ മറികടന്നും വിവരങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023-ൽ നിന്നാണ് ഈ അധികാരങ്ങൾ എടുത്തിട്ടുള്ളത്.
ഓൺലൈൻ ഗെയിമിംഗ് കാരണമുള്ള ആസക്തി, സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവ തടയാൻ ഈ നിയമം അനിവാര്യമാണെന്നാണ് സർക്കാർ വാദം.
content summary: Lok Sabha Passes Bill to Ban Online Money Games
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.