അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്ന വിദേശികള്‍ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള കോണ്‍സുലേറ്റുകള്‍ വഴി മാത്രമേ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കാവൂ എന്ന ഉത്തരവില്‍ ഭാഗികമായി ഇളവ് വരുത്തി ട്രംപ് ഭരണകൂടം. പതിറ്റാണ്ടുകളായി യു.എസില്‍ താമസിച്ച് കൊണ്ട് തന്നെ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ വിദേശ ജീവനക്കാര്‍ക്ക് അനുവാദം നല്‍കിയിരുന്ന ‘അഡ്ജസ്റ്റ്‌മെന്റ് ഓഫ് സ്റ്റേറ്റസ്’ രീതി അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ മെയ് 22-നാണ് ട്രംപ് സര്‍ക്കാര്‍ പുതിയ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍, ഈ നീക്കം തങ്ങളുടെ ബിസിനസ്സിനെയും ജീവനക്കാരുടെ ലഭ്യതയെയും കഠിനമായി ബാധിക്കുമെന്ന് കാണിച്ച് പ്രമുഖ അമേരിക്കന്‍ ബിസിനസ് ഗ്രൂപ്പുകളും സാങ്കേതികവിദ്യാ കമ്പനികളും വൈറ്റ് ഹൗസിനും മറ്റ് മന്ത്രാലയങ്ങള്‍ക്കും മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് ഭരണകൂടം ഇപ്പോള്‍ ഈ കടുംപിടുത്തത്തില്‍ നിന്ന് പിന്നോട്ട് പോയതെന്ന് ‘ദി വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, പ്രമുഖ ഐടി കമ്പനികള്‍ തുടങ്ങിയവ ഹോംലാന്‍ഡ് സെക്യൂരിറ്റി, ലേബര്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ദിവസങ്ങളോളം ഇമെയിലുകള്‍ വഴിയും ഫോണ്‍ കോളുകള്‍ വഴിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്, ട്രംപിന്റെ അടുത്ത ബന്ധുക്കളായ കുഷ്‌നര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ വഴിയും ബിസിനസ്സ് പ്രമുഖര്‍ തങ്ങളുടെ ആശങ്കകള്‍ വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഭൂരിഭാഗം കുടിയേറ്റക്കാരും ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി രാജ്യം വിട്ടുപോകേണ്ടി വരില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയം വ്യക്തമാക്കി. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തിറക്കിയ ആദ്യത്തെ മെമ്മോയില്‍ തന്നെ, അമേരിക്കയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരും ദേശീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരുമായ അപേക്ഷകര്‍ക്ക് യു.എസില്‍ തുടര്‍ന്ന് കൊണ്ട് തന്നെ അപേക്ഷിക്കാമെന്ന ഒരു പ്രത്യേക ഇളവ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രധാനമായും തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകളെയാണ് സഹായിക്കുക.
അമേരിക്കയിലെ ആകെ എച്ച്-1ബി വിസ ഉടമകളില്‍ 70 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ ഐടി, ആരോഗ്യ മേഖലകളിലെ വിദഗ്ദ്ധര്‍ക്ക് ഈ പുതിയ മാറ്റം വലിയ ആശ്വാസമാണ് നല്‍കുന്നത്. നിലവില്‍ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും യു.എസ്.സി.ഐ.എസിന്റെയും കണക്കുകള്‍ പ്രകാരം ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് പട്ടികയില്‍ ഉള്ളത്. ഇപ്പോഴത്തെ പ്രോസസ്സിംഗ് നിരക്ക് അനുസരിച്ച് ഇതിലെ ഇബി2, ഇബി3 കാറ്റഗറിയിലുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് കാലാവധി 70 മുതല്‍ 80 വര്‍ഷം വരെ നീളാം. സാധാരണയായി എച്ച്-1ബി വിസയുള്ള ഇന്ത്യക്കാര്‍ യു.എസില്‍ തുടര്‍ന്നുകൊണ്ട് ഫോം ഐ-485 വഴിയാണ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാറുള്ളത്. ഈ 50 വര്‍ഷത്തെ കീഴ്വഴക്കമാണ് പുതിയ നിയമം വഴി ഇല്ലാതാകാന്‍ ഇരുന്നത്. ഇന്ത്യന്‍ അപേക്ഷകരെ നാട്ടിലേക്ക് മടക്കി അയച്ച് ഫോം ഡിഎസ്-260 വഴി അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കില്‍, ഇന്ത്യയിലെ യു.എസ് കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനത്തെ അത് പൂര്‍ണ്ണമായും താളം തെറ്റിക്കുമായിരുന്നു.
നിലവില്‍ പുതിയ റൂള്‍ കര്‍ശനമായി നടപ്പിലാക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ അപേക്ഷിച്ച ചിലരോട് രാജ്യം വിട്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സ്വാഗതാര്‍ഹമായ വാര്‍ത്തയാണെന്നും യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ നീല്‍ ബ്രാഡ്ലി പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഗ്രീന്‍ കാര്‍ഡ് അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷവും യു.എസില്‍ നിയമവിരുദ്ധമായി തുടരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പുതിയ കോണ്‍സുലര്‍ പ്രോസസ്സിംഗ് രീതി സഹായിക്കുമെന്നാണ് യു.എസ്.സി.ഐ.എസ് വക്താവ് സാക്ക് കാലര്‍ വ്യക്തമാക്കുന്നത്. നിയമത്തിലെ വിടവുകള്‍ മുതലെടുക്കുന്നതിന് പകരം ഇമിഗ്രേഷന്‍ സംവിധാനം കൂടുതല്‍ സുതാര്യമാക്കാനും, ഹ്യൂമാനിറ്റേറിയന്‍ കേസുകളിലും പൗരത്വ അപേക്ഷകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മാറ്റം സഹായിക്കുമെന്നും യു.എസ്.സി.ഐ.എസ് കൂട്ടിച്ചേര്‍ത്തു. എങ്കിലും വ്യക്തമായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവരുന്നതുവരെ ഈ നയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.
Content Summary; Following pushback from US business groups, the Trump administration softens its strict green card rule, allowing many H-1B holders and skilled tech workers to avoid leaving the country
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.