അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന് ശ്രമിക്കുന്ന വിദേശ പൗരന്മാര്‍ക്ക് കനത്ത സാമ്പത്തിക ഭാരം ചുമത്താന്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. യു.എസ് കോണ്‍സുലേറ്റുകള്‍ വഴി ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബോണ്ട് ഈടാക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദേശികള്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് പരിമിതപ്പെടുത്താനും, എത്തുന്നവര്‍ക്ക് സ്വയം ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പാക്കാനുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ നിര്‍ദ്ദേശം തയ്യാറാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, സ്ഥിരതാമസത്തിനുള്ള ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് ഭീമമായ തുക ബോണ്ടായി ഈടാക്കാനാണ് നീക്കം. ചില ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം ഡോളര്‍ എന്ന നിരക്കാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലം പരിശോധിച്ച് ഈ തുകയില്‍ മാറ്റം വരാമെന്നും ഇതിലും കൂടിയോ കുറഞ്ഞോ തുക നിശ്ചയിക്കാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ചില രാജ്യങ്ങളിലെ അപേക്ഷകരില്‍ മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ ഈ നിയമം നടപ്പിലാക്കുക.
ഈ പദ്ധതി പ്രകാരം അപേക്ഷകര്‍ വിസ ലഭിക്കുന്നതിന് മുന്‍പ് ബോണ്ട് തുക അടയ്ക്കണം. ഇവര്‍ക്ക് പിന്നീട് യു.എസ് പൗരത്വം ലഭിച്ചാല്‍ മാത്രമേ ഈ തുക തിരികെ ലഭിക്കൂ. ഇതിനായി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. ഗ്രീന്‍ കാര്‍ഡ് ലഭിച്ച് അമേരിക്കയില്‍ എത്തിയ ശേഷം ഇവര്‍ക്ക് സ്വയം ജീവിക്കാന്‍ സാധിക്കാതെ വന്നാല്‍, ഈ തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള ഒരു ജാമ്യത്തുകയായാണ് യു.എസ് ഭരണകൂടം ഇതിനെ കാണുന്നത്. അപേക്ഷകരുടെ അമേരിക്കയിലുള്ള ബന്ധുക്കള്‍ക്കും അവര്‍ക്ക് വേണ്ടി ഈ ബോണ്ട് തുക കെട്ടിവെക്കാവുന്നതാണ്. അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷത്തോളം ഇമിഗ്രന്റ് വിസകളാണ് അമേരിക്ക സാധാരണയായി അനുവദിക്കാറുള്ളത്. യു.എസ് പൗരന്മാരുടെ പങ്കാളി, മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്കാണ് ഇത്തരം വിസകള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നത്. വിദേശ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ ആദ്യം എച്ച്-1ബി പോലുള്ള താല്‍ക്കാലിക വിസകളില്‍ അമേരിക്കയില്‍ എത്തിച്ച ശേഷമാണ് ഗ്രീന്‍ കാര്‍ഡിനായി സ്‌പോണ്‍സര്‍ ചെയ്യാറുള്ളത്. അതിനാല്‍ കമ്പനികള്‍ വഴിയുള്ള കുടിയേറ്റത്തെക്കാള്‍ സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങളെയായിരിക്കും ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക.
പണമുള്ളവര്‍ക്ക് മാത്രം വരാവുന്ന ഒന്നായി അമേരിക്കന്‍ കുടിയേറ്റ വ്യവസ്ഥയെ മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. കുറഞ്ഞ വരുമാനമുള്ള വിദേശികള്‍ കുടിയേറുന്നത് തടയാന്‍ കഴിഞ്ഞ ജനുവരി മുതല്‍ പാകിസ്ഥാന്‍, ബ്രസീല്‍, നൈജീരിയ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രന്റ് വിസ നടപടികള്‍ ട്രംപ് ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വിലക്ക് നിലനില്‍ക്കെ തന്നെയാണ് പുതിയ ബോണ്ട് നയവും വരുന്നത്.
ട്രംപിന്റെ മുഖ്യ ഇമിഗ്രേഷന്‍ ഉപദേശകനായ സ്റ്റീഫന്‍ മില്ലറുടെ നേതൃത്വത്തില്‍, അമേരിക്കയിലെ പൊതുജനക്ഷേമ പദ്ധതികളെ ആശ്രയിക്കാന്‍ സാധ്യതയുള്ള വിദേശികള്‍ക്ക് പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങള്‍ ഒന്നാം ട്രംപ് ഭരണകൂടം മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2019-ല്‍ ‘പബ്ലിക് ചാര്‍ജ് റൂള്‍’ കൊണ്ടുവരികയും അപേക്ഷകരുടെ ആസ്തി, വിദ്യാഭ്യാസം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ പരിശോധിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി കാരണം അന്ന് ഇതിന്റെ ആഘാതം കുറവായിരുന്നെങ്കിലും, രണ്ടാം ട്രംപ് ഭരണകൂടത്തില്‍ ഇത് ഔദ്യോഗികമായി പുനഃസ്ഥാപിച്ചിട്ടില്ല. എങ്കിലും വിസ അനുവദിക്കുന്നതിന് മുന്‍പ് അപേക്ഷകരുടെ ആരോഗ്യ രേഖകള്‍ ഉള്‍പ്പെടെ കര്‍ശനമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വിനോദസഞ്ചാര അപേക്ഷകര്‍ക്കായി മലാവി, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കിയ ബോണ്ട് പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ഇത് ഗ്രീന്‍ കാര്‍ഡിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ടൂറിസ്റ്റ് വിസക്കാര്‍ക്ക് 15,000 ഡോളര്‍ വരെയായിരുന്നു ബോണ്ട്. വിസ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തുടരുകയോ അഭയം തേടുകയോ ചെയ്താല്‍ ഈ തുക നഷ്ടമാകും. നിലവില്‍ 50-ഓളം രാജ്യങ്ങളിലേക്ക് ഈ ടൂറിസ്റ്റ് വിസ ബോണ്ട് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വിസ അനുവദിക്കുന്ന നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Summary; The Trump administration is considering a $100,000 bond for certain green-card seekers at U.S. consulates to curb immigration of low-income foreigners.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.