UPDATES

എഡിറ്റേഴ്സ് പിക്ക്

സ്ത്രീയെ അംഗീകരിക്കാത്ത രാധ രവിമാര്‍ ‘ലേഡി സൂപ്പര്‍ സ്റ്റാറു’കളെ ആഘോഷിക്കുമെന്നു കരുതരുത്; തമിഴിലാണെങ്കിലും മലയാളത്തിലായാലും

തമിഴില്‍ മാത്രമല്ല, മലയാളത്തിലുമുണ്ട് രാധ രവിമാര്‍. നടിയെ നടിയെന്നല്ലാതെ പിന്നെന്തു വിളിക്കണമെന്നു അശ്ലീല ചിരിയോടെ ചോദിച്ച മലയാളത്തിലെ രാധാ രവിമാരെ നമ്മള്‍ കണ്ടതാണല്ലോ

                       

നമ്മുടെ നടിമാര്‍ വാളയാറില്‍ വസ്ത്രങ്ങള്‍ അഴിച്ചു വച്ചിട്ടാണ് അതിര്‍ത്തി കടക്കുന്നത്; മലയാളി നടികള്‍ തമിഴ് സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു പ്രമുഖന്‍ നടന്‍ പറഞ്ഞ ‘തമാശ’യാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം യുവനടി ആക്രമിക്കപ്പെട്ടതുമായി സംബന്ധിച്ച് ഉണ്ടായ വാര്‍ത്തകളിലൊക്കെ ഈ നടന്റെ ‘തമാശകള്‍’ പലതും കേട്ടിട്ടുണ്ട്. പറഞ്ഞു വരുന്നത് ഈ നടനുമായി ബന്ധപ്പെട്ട കാര്യമല്ല, തമിഴില്‍ രാധ രവി എന്ന നടന്‍ നയന്‍താരയെ കുറിച്ച് പറഞ്ഞ അപരാധങ്ങള്‍ കേട്ടപ്പോള്‍ മലയാളത്തിലെ അതേ ജനുസില്‍ പെട്ടയാളെ ഓര്‍ത്തുപോയെന്നു മാത്രം!

എല്ലാ ഇന്‍ഡസ്ട്രികളിലുമുള്ള ചിലരൊക്കെ ഇപ്പോഴും അഭിനേത്രികളെ കുറിച്ച് ഒരു പൊതുധാരണ വച്ചു പുലര്‍ത്തുന്നുണ്ട്. കാലം മാറിയതൊന്നുമറിയാതെ, ആണ്‍ബോധത്തിന്റെ തഴമ്പ് തിരുമിയിരിക്കുന്ന അത്തരക്കാര്‍ക്ക് പെണ്ണ് എന്നാല്‍ അവര്‍ക്ക് ഭരിക്കാനും നിയന്ത്രിക്കാനും മാത്രമുള്ള ശരീരമാണ്. രാധ രവി എന്ന നടന്‍ ഈ ഗണത്തില്‍പ്പെട്ടവരുടെ അസ്സല്‍ പ്രതിനിധിയാണ്. നയന്‍താരയ്ക്ക് സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കപ്പെടാന്‍ യോഗ്യതയില്ലെന്ന പരാമര്‍ശം രാധ രവിയില്‍ നിന്നുണ്ടാകുമ്പോള്‍, അയാളെ അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ അത്ഭുതപ്പെടില്ല. എം ആര്‍ രാധ എന്ന വിഖ്യാത ചലച്ചിത്രനടന്റെ/ രാഷ്ട്രീയക്കാരന്റെ മകന്‍ അഭിനയത്തിന്റെ കാര്യത്തില്‍ മികച്ചവനെങ്കിലും, തമിഴ് സിനിമ ഇന്‍ഡ്രസ്ട്രിയില്‍ അയാള്‍ നേടിയെടുത്ത പല അധികാര സ്ഥാനങ്ങളിലും ഇരുന്ന് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളും പ്രവര്‍ത്തികളും ഇപ്പോഴത്തെ സംഭവത്തേക്കാള്‍ ദുഷിച്ചവയായിരുന്നു. പക്ഷേ, അയാള്‍ അധികാരമുള്ളവനായിരുന്നു. വിശാലിന്റെ നേതൃത്വത്തില്‍ ചലച്ചിത്രതാരസംഘടനയുടെ അധികാരം നേടിയെടുക്കുന്നതിനു മുമ്പ് വരെ രാധ രവി ആ സംഘനയുടെ നിയന്ത്രിതാവായിരുന്നു. അവിടെ മാത്രമല്ല, ഡബ്ബിംഗ് യൂണിയന്‍ തുടങ്ങി പല സംഘടനകളിലും അയാള്‍ കയറിപ്പറ്റിയിരുന്നു. ഒരു ദുഷ്ടനായ പ്രഭുവിനെ പോലെ അയാള്‍ അധികാരം ഉപയോഗിച്ചു. അതുകൊണ്ടാണ് പറഞ്ഞത്, നയന്‍ താരയ്‌ക്കെതിരേയുള്ള പരാമര്‍ശം ഒട്ടും അത്ഭുതമുണ്ടാക്കുന്നതല്ലെന്ന്.

നയന്‍താരയുടെ സൂപ്പര്‍താര പദവി രാധ രവിയെ ചൊടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഒന്നുമാത്രമാണ്; നയന്‍താര ഒരു സ്ത്രീ ആണെന്നത്. ആണും പെണ്ണും രണ്ടാണ്, അത് ജൈവികമായി മാത്രമല്ല, നേട്ടങ്ങളില്‍, സ്ഥാനങ്ങളില്‍, അവകാശങ്ങളില്‍, സ്വാതന്ത്ര്യങ്ങളില്‍, ചിന്തകളില്‍; എന്നിങ്ങനെ എല്ലാത്തിലും ആണും പെണ്ണും രണ്ടാണെന്നു കരുതുന്നവരാണ് രാധ രവിമാര്‍. അതാണ്, ശിവാജിയുടെയും എംജിആറിന്റെയും രജനിയുടെയുമൊന്നും വ്യക്തിജീവിതത്തിന്റെ ഓഡിറ്റിംഗിന് തയ്യാറാകാതെ, അവര്‍ക്ക് മഹാത്മ പട്ടം കൊടുക്കാന്‍ രാധ രവിക്ക് കഴിയുന്നതും നയന്‍താരയെ സ്വകാര്യജീവിതത്തിന്റെ ഗ്രാഫ് വരച്ച് അടയാളപ്പെടുത്തുന്നതും. മദ്യപിച്ച് രാത്രിയില്‍ നടിമാര്‍ താമസിക്കുന്ന മുറിയുടെ വാതിലുകളില്‍ മാറി മാറി മുട്ടുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്ന ഭൂതകാലത്തെ ഒരു ആണ്‍ സൂപ്പര്‍ സ്റ്റാറിന് പൂര്‍ണമായി മറച്ചു പിടിക്കാന്‍ കഴിയും, ആരും കുഴിതോണ്ടാന്‍ പോകില്ല. പക്ഷേ, ഒരു ലേഡി സൂപ്പര്‍ സ്റ്റാറിനെ അതിനനുവദിക്കില്ല. ഒരോ വേദിയിലും ഇതുപോലെ, നിന്റെ ജീവിതം ഇങ്ങനെയായിരുന്നു, ഇപ്പോഴും നീ ഇങ്ങനെയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.

തമിഴില്‍ നയന്‍താരയ്ക്ക് മുമ്പും ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും പുറം നാടുകളില്‍ നിന്നും വന്ന് തമിഴില്‍ ഖ്യാതി നേടിയവരാണ്. തമിഴന്‍ മറ്റാരെക്കാളും ആതിഥ്യമര്യാദയുള്ളവനാണ്. അവന്‍ തലൈവര്‍ ആക്കിയവരും തലൈവി ആക്കിയവരും അവന്റെ മണ്ണില്‍ പിറന്നവരായിരുന്നില്ല. ഉയിര്‍കൊടുത്തും അന്യനെ സ്‌നേഹിക്കാന്‍ ഇതുപോലെ മറ്റൊരു നാടിന് കഴിയുമോയെന്നും സംശയമാണ്. നയന്‍താര ആ ഇന്‍ഡസ്ട്രിയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയെങ്കില്‍ അതവര്‍ ഒതുക്കത്തില്‍ ഉണ്ടാക്കിയെടുത്തതല്ല. തമിഴന്‍ അറിഞ്ഞ് നല്‍കിയ സ്‌നേഹവും അംഗീകാരവുമാണ്. മലയാളത്തില്‍ പതിവ്രതകളാകുന്നവര്‍ നാട് വിട്ടാല്‍ എന്തിനും തയ്യാറാണെന്നു നമ്മുടെ നടിമാരെ കുറിച്ച് സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. നയന്‍താരയും ഈ പരിഹാസത്തിനും വിമര്‍ശനത്തിനും ഇരയായിരുന്നു. മലയാളത്തിലെ പോലയല്ല, തമിഴിലും തെലുഗിലുമൊക്കെ നടിമാര്‍ ഒരു പരിധിവരെ പ്രദര്‍ശന വസ്തുക്കള്‍ ആണ്. അതിനു വിധേയപ്പെട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട് നയന്‍താരയ്ക്കും. പക്ഷേ, ഇന്നവര്‍ തമിഴിലോ മലയാളത്തിലോ തെലുഗിലോ ആകട്ടെ, ശരീരപ്രദര്‍ശനം കൊണ്ടല്ല, നിലനില്‍ക്കുന്നത്. തമിഴില്‍, മറ്റൊരു നടിക്കും അവകാശപ്പെടാനില്ലാത്ത സ്റ്റാര്‍ വാല്യു അവര്‍ക്കുണ്ട്. നയന്‍താര കേന്ദ്രകഥാപാത്രമായി എത്ര സിനിമകള്‍ ഉണ്ടാകുന്നു, വിജയിക്കുന്നു. അവരുടെ വിജയഗ്രാഫ് മേലോട്ട് കുതിക്കുന്നതല്ലാതെ, താഴേക്കു പോകുന്നില്ല. കഴിഞ്ഞ 15 വര്‍ഷമായി അവര്‍ സിനിമയില്‍ നായികയായി നിലനില്‍ക്കുന്നുണ്ട് എന്ന കണക്ക് മാത്രം മതി; നയന്‍ താരയെ അടയാളപ്പെടുത്താന്‍. പക്ഷേ, നയന്‍താര എന്നാല്‍ രാധ രവിമാര്‍ക്ക് ഇപ്പോഴും ഒരു ബിക്കിനി ഹീറോയിന്‍ മാത്രമാണ്. പരബന്ധങ്ങള്‍ കൊണ്ടുനടക്കുന്നവളാണ്. അങ്ങനെയുള്ളൊരാള്‍ക്ക് സീതയായോ ദേവിയായോ അഭിനയിക്കാന്‍ അര്‍ഹതയില്ലെന്നാണ് പറയുന്നത്. ഇതാണ് ആണ്‍ബോധം.

തമിഴില്‍ മാത്രമല്ല, മലയാളത്തിലുമുണ്ട് രാധ രവിമാര്‍. നടിയെ നടിയെന്നല്ലാതെ പിന്നെന്തു വിളിക്കണമെന്നു അശ്ലീല ചിരിയോടെ ചോദിച്ച മലയാളത്തിലെ രാധാ രവിമാരെ നമ്മള്‍ കണ്ടതാണല്ലോ. കഴിവ് പെണ്ണിന്റെ കാര്യത്തില്‍ അടിസ്ഥാനമല്ല. വ്യക്തിത്വവും അഭിപ്രായങ്ങളും പെണ്ണിന് പറഞ്ഞിട്ടില്ല. അനുസരിക്കുക, അനുസരിച്ച് മാത്രം മുന്നോട്ടു പോവുക എന്ന താക്കീത് മലയാളത്തിലെ എത്ര അഭിനേത്രികള്‍ക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍, ഡബ്ല്യുസിസിയുടെ കാര്യത്തില്‍ ഒക്കെ ഈ രധാ രവി സിന്‍ഡ്രോം ബാധിച്ച മലയാളത്തിലെ പ്രമുഖന്മാര്‍ തൊടുപൊളിച്ച് പുറത്തു വന്നിട്ടുണ്ട്. പെണ്ണിനെ അംഗീകരിക്കാന്‍ വല്ലാത്തൊരു മടിയാണ്.

പക്ഷേ, ഒന്നു പറയാതിരിക്കാന്‍ വയ്യാ… സമീപകാലത്ത് എത്ര അഭിനേത്രികളാണ് ഇവിടെ അപമാനിക്കപ്പെട്ടത്. അപമാനിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കാനല്ല, അപമാനിച്ചവരെ ന്യായീകരിക്കാനാണ് ഇവിടെ ആള്‍ക്കൂട്ടം ഉണ്ടായത്. എന്നാല്‍ നയന്‍താരയ്ക്കുനേരെ അധിക്ഷേപം ചൊരിഞ്ഞ രാധ രവിക്കെതിരേ തമിഴില്‍ ഉയര്‍ന്ന പ്രതിഷേധം എത്ര ശക്തമായിരുന്നു. മലയാളത്തില്‍ അത്തരമൊരു സാഹചര്യം അചിന്ത്യമാണ്. നടി ആക്രമിക്കപ്പെട്ട കേസ് നമുക്ക് മുന്‍പില്‍ ഉള്ളപ്പോള്‍ കൂടുതല്‍ വിശദീകരണം ഇക്കാര്യത്തില്‍ വേണ്ടല്ലോ! ഡിഎംകെയുടെ പ്രതിനിധി കൂടിയായിരുന്ന രാധ രവിക്കെതിരേ ആ പാര്‍ട്ടി ത്വരിത വേഗത്തില്‍ നടപടിയെടുത്തു. ഇവിടെയോ? കുറ്റാരോപിതനെതിരെ നടപടിയെടുത്തതിന് ഒരു സംഘടന തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളല്ലേ നടന്നത്. എത്രവേഗമാണ് പുറത്താക്കിയ അയാളെ തിരിച്ചെടുത്തത്. അതിന്റെ പേരില്‍ എന്തൊക്കെ ന്യായങ്ങളാണ് നിരത്തിയത്. ഇരയ്‌ക്കൊപ്പം എന്നു പറഞ്ഞ് വേട്ടക്കാരനു വേണ്ടി പ്രാര്‍ത്ഥിക്കുന്നവരായിരുന്നില്ലേ പലരും. പക്ഷേ, തമിഴില്‍, രാധ രവി ഒറ്റപ്പെട്ടു. അതയാളെ തിരുത്താനുള്ള കാരണമൊന്നും ആകില്ലെങ്കിലും, വേട്ടക്കാരനൊപ്പമല്ല, ഞങ്ങള്‍ വേട്ടക്കാര്‍ക്ക് എതിരെ തന്നെയാണെന്നു പ്രഖ്യാപിക്കാന്‍ അവിടെ ആളുണ്ട് എന്നു തെളിയിക്കപ്പെട്ടു. പക്ഷേ, നമ്മുടെ രാധ രവിമാരോ!!!

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍