UPDATES

സൂപ്പര്‍ ഹിറ്റായി മഞ്ഞ’അമൂല്‍’ ബോയ്‌സ്

മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യയിലാകെ സ്വീകാര്യത നേടി മുന്നേറി കൊണ്ടിരിക്കുകയാണ്

                       

മഞ്ഞുമ്മലിലെ പിള്ളേർ ഗുണ സിനിമയിലെ പാട്ടും മൂളി കൊടൈക്കനാൽ വരെ ഒരു യാത്ര പോയി. ഈ യാത്രയുടെ ആകാംഷയുടെയും , പ്രതീക്ഷയുടെയും, സൗഹൃദത്തിന്റെയും ആഹ്ലാദ തിമിർപ്പും നിറഞ്ഞു നിൽക്കുന്നത് ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് കാണുന്ന പ്രേക്ഷകർക്കാണ്. ആ കൊടൈക്കനാൽ ട്രിപ്പ് നിറക്കുന്ന ഓർമ്മയുടെ മധുരവും, സൗഹൃദത്തിന്റെ കെട്ടുറപ്പും ഈ പ്രേക്ഷകരെയും കവിഞ്ഞു തരംഗമാവുകയാണ്.

തമിഴ്‌നാട്ടിലും നിറഞ്ഞ കയ്യടിയോടെ ഓടി കൊണ്ടിരിക്കുന്ന ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സിനെ ഒരുപടികൂടി ജനപ്രിയമാക്കിയത് ചെന്നെ സൂപ്പർ കിങ്‌സ് പങ്കുവച്ച ”മഞ്ഞൾ ബോയ്സ് ” പോസ്റ്ററാണ്. ഗുണ കേവിന് മുന്നിലെ മരത്തിൻ്റെ വേരിൽ മഞ്ഞുമ്മൽ ബോയ്‌സിനു പകരം ടീമിലെ താരങ്ങൾ ഇരിക്കുന്ന പോസ്റ്ററാണ് ചെന്നൈ സൂപ്പർ കിങ്സ് എഡിറ്റ് ചെയ്‌ത്‌ പങ്കുവെച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് എന്നതിനെ മഞ്ഞൾ ബോയ്‌സ് എന്നും പേര് മാറ്റിയിട്ടുണ്ട്. 2024 ലെ ഐ.പി.എല്ലിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നെ ടീമിന്റെ സൗഹൃദവും കരുത്തും വിളിച്ചു പറയുന്നുണ്ട് ഈ പോസ്റ്റർ. 2023 ലെ കിരീടപോരാട്ടത്തിന് അവസാന ഓവറിൽ ഒരു പന്തിൽ നാല് റൺസിനു ചെന്നെയെ വിജയത്തിലേക്ക് ജഡേജ കൈ പിടിച്ചുയർത്തിയിരുന്നു. അന്ന് മൈതാനത്തു വച്ച് ജഡേജയെ എടുത്തുയർത്തിയ ധോണിയുടെ ആഹ്ലാദാരവം ആരാധകർ മറക്കാനിടയില്ല. ജീവിതത്തിന്റെ അവസാന വെളിച്ചത്തിൽ നിന്നും തിരികെ ജീവിതത്തിലേക്ക് സുഭാഷിനെ കൈ പിടിച്ചുയർത്തിയ കുട്ടനെ പോലെ. ഇത്തവണയും ഐപിഎൽ പോരിനൊടുവിൽ ടീമിന്റെ കെട്ടുറപ്പ് കൊണ്ട് കിരീട അവകാശികളാകുമെന്ന പ്രതീക്ഷയിലാണ് ടീമിന്റെ ആരാധകർ. തമിഴ്നാട്ടിലും കേരളത്തിലും മഞ്ഞുമ്മൽ ബോയ്സിലൂടെ ഒരിക്കൽകൂടി തരംഗമായ കണ്മണീ അൻപോട് എന്ന പാട്ടും കഴിഞ്ഞ വർഷത്തെ കിരീടനേട്ടത്തിൻ്റെ വീഡിയോയും ചേർത്തുകൊണ്ടുള്ള വീഡിയോയും ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘മഞ്ഞൾ ബോയ്സ്’ റിലീസ് ആവുന്നത്.

തമിഴ്‌നാടും കടന്ന് മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യയിലാകെ സ്വീകാര്യത നേടി മുന്നേറി കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുകയാണ് അമുലിന്റെ ‘മഞ്ഞ അമുൽ ബോയ്സ് .’ അമുൽ ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ബോയ്സിന്റെ കാർട്ടൂൺ പോസ്റ്റർ ഷെയർ ചെയ്‍തിരിക്കുന്നത്. സമകാലിക വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള അമൂലിന്റെ പരസ്യങ്ങൾ ഇതിനു മുൻപും ശ്രദ്ധ നേടിയിരുന്നു.കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. 100 കോടിയാണ് മഞ്ഞുമ്മൽ ഇതിനോടകം ആഗോളതലത്തിൽ നിന്ന് നേടിയിരിക്കുന്നത്. 25 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം നേടിയിരുന്ന കളക്ഷൻ.

Share on

മറ്റുവാര്‍ത്തകള്‍