UPDATES

ട്രെന്‍ഡിങ്ങ്

സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെപ്പ് ; പ്രതി പോലീസ് കസ്റ്റഡിയിൽ ജീവനൊടുക്കി

അനൂജ് ഥാപ്പനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം പോലീസ് അന്വേഷിച്ചു വരികയാണ്.

                       

സൽമാൻ ഖാൻ്റെ വീടിന് പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യ ചെയ്തു. അനൂജ് ഥാപ്പൻ ഇന്ന് (മെയ് ഒന്ന് ) രാവിലെ 11 മണിയോടെ പോലീസ് ലോക്കപ്പിനോട് ചേർന്നുള്ള ടോയ്‌ലറ്റിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 26 ന് പഞ്ചാബിൽ സോനു സുഭാഷ് ചന്ദറിനൊപ്പമാണ് 32 കാരനായ അനൂജ് ഥാപ്പൻ അറസ്റ്റിലാകുന്നത്. അഞ്ച് പോലീസുകാരുടെ കാവലുള്ള ലോക്കപ്പിൽ മറ്റ് 10 അന്തേവാസികൾക്കൊപ്പമാണ് അനൂജ് ഥാപ്പനും കഴിഞ്ഞിരുന്നത്.

അനൂജ് ഥാപ്പനും, സോനു സുഭാഷ് ചന്ദറും ചേർന്ന് സൽമാന്റെ മുംബൈയിലെ വീടിന് പുറത്ത് വെടിവെപ്പിന് ഉപയോഗിച്ച ആയുധങ്ങൾ നൽകിയെന്നതാണ് ഇരുവർക്കും മേലുളള ആരോപണം.

അനൂജ് ഥാപ്പനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. ലോക്കപ്പിലെ മരണം കൊലപാതകമാണെന്ന് മഹാരാഷ്ട്ര മുൻ സീനിയർ പോലീസ് ഓഫീസർ പികെ ജെയിൻ എൻഡിടിവിയോട് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരെയും സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ്) ചോദ്യം ചെയ്യും, എന്നും ജെയിൻ കൂട്ടിച്ചേർത്തു.

വെടിയുതിർത്ത കേസിൽ വിക്കി ഗുപ്ത, സാഗർപാൽ എന്നിവരും കസ്റ്റഡിയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്. സംഭവം നടന്ന രാത്രി ഇരുവരും ബൈക്കിൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.

നാല് പ്രതികളും തടവിലാക്കപ്പെട്ട ഗുണ്ടാസംഘ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണെന്നാണ് കരുതുന്നത്. ഭീകരവിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജൻസി എൻഐഎയുടെ റിപോർട്ടുകൾ പ്രകാരം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, അതിർത്തി കടന്നുള്ള അത്യാധുനിക ആയുധ കടത്ത്, ഒപ്പം മയക്കുമരുന്ന് വ്യാപാരം, അനധികൃത മദ്യക്കടത്ത്, കള്ളക്കടത്ത് എന്നിവ ഉൾപ്പെടുന്നതാണ് ലോറൻസ് ബിഷ്‌ണോയിയുടെ കുറ്റകൃത്യങ്ങൾ.

ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഏപ്രിൽ 16 ഞായറാഴ്ച പുലർച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോൾ സൽമാൻഖാൻ വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് തവണ വെടിയുതിർത്തു. അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്, ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് ട്രെയിലർ മാത്രമാണെനന്നായിരുന്നു അൻമോൽ ബിഷ്ണോയിയുടെ ഭീഷണി.

സൽമാൻ ഖാന് പിന്നാലെ നിരന്തര ഭീഷണിയായി ലോറൻസ് ബിഷ്‌ണോയി എത്തുന്നത് എന്തുകൊണ്ട് ?

1998- ലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന ആരോപണം സൽമാൻ ഖാന് നേരെ ആരോപണം ഉയരുന്നത്. ഇത് ബിഷ്‌ണോയി സമൂഹത്തെ വലിയ രീതിയിൽ അസ്വസ്ഥമാക്കി. കൃഷ്ണമൃഗങ്ങളെ ബിഷ്‌ണോയി സമൂഹം വിശുദ്ധമായാണ് കണക്കാക്കുന്നത്. 2018-ൽ കോടതിയിൽ ഹാജരായക്കിയ ലോറൻസ് ബിഷ്‌ണോയ് , “ഞങ്ങൾ സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലും. നടപടിയെടുത്താൽ എല്ലാവർക്കും നേരെയും ഞാൻ തിരിയും. ഞാനിപ്പോൾ ഒന്നും ചെയ്തിട്ടില്ല, ഒരു കാരണവുമില്ലാതെയാണ് എനിക്കെതിരെ നടപടിയെടുക്കുന്നത്.” എന്നാണ് പറഞ്ഞത്.

ഇതിന് മുമ്പ് ലോറൻസ് ബിഷ്‌ണോയി ഓൺലൈനിലൂടെയും സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗായിക ജിപ്പി ഗ്രേവാളിനെ ഭീഷണിപ്പെടുത്തുകയും സൽമാനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2023-ൽ, ഖാൻ്റെ മാനേജർക്ക് ഒരു ഭീഷണി സന്ദേശം ഇമെയിൽ വഴി അയച്ചിരുന്നു. അതിൽ ബിഷ്‌ണോയ് ജയിലിൽ വെച്ച് നടത്തിയ അഭിമുഖത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സൽമാനെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്ന് 2023ൽ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ബിഷ്‌ണോയ് പറഞ്ഞു. ഞങ്ങൾക്ക് പണം ആവശ്യമില്ല, ഒരു ക്ഷമാപണം മാത്രം മതി എന്നാണ്. “ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എൻ്റെ സമൂഹത്തെയാകെ സൽമാൻ ഖാൻ അപമാനിച്ചു.” ബിഷ്‌ണോയ് പറഞ്ഞു.

2022 നവംബർ മുതൽ സൽമാന് അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണത്തിനായി ലൈസൻസുള്ള തോക്കും കൈവശമുണ്ട്. അടുത്തിടെയാണ് താരം ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വീടിന് പുറത്ത് വെടിവെയ്പ്പ് നടന്ന സംഭവത്തിനു ശേഷം ഉന്നതതല സുരക്ഷ ഉറപ്പാക്കുമെന്ന് സൽമാൻ ഖാന് വാഗ്‌ദാനവും നൽകിയിരുന്നു.

 

content summary : Accused In Salman Khan House Firing Case Dies By Suicide In Jail

Share on

മറ്റുവാര്‍ത്തകള്‍