UPDATES

കല

മലയാളി കലാകാരന്‍ സാജന്‍ മണിക്കു നേരെ ജര്‍മനിയില്‍ വംശീയാക്രമണം

ബെര്‍ലിന്‍ ആര്‍ട് പ്രൈസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കലാകാരനാണ് ഇരട്ടിക്കാരന്‍ സാജന്‍

                       

ജര്‍മനിയില്‍ വംശീയാതിക്രമത്തിന് ഇരയായി മലയാളി കലാകാരന്‍ സാജന്‍ മണി. ചിത്രകല, പെര്‍ഫോമന്‍സ് ആര്‍ട്ട് എന്നിവയില്‍ ശ്രദ്ധേയനായ സാജന്‍ ബെര്‍ലിന്‍ ആര്‍ട് പ്രൈസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കലാകാരനാണ്. ബെര്‍ലിന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മണിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച വീഡിയോയിലൂടെ സാജന്‍ തന്നെയാണ് താന്‍ ആക്രമിക്കപ്പെട്ട വിവരം പറഞ്ഞത്. പൊതുസ്ഥലത്തുവച്ച് താന്‍ ‘വംശീയ ആക്രമണത്തിന്’ ഇരയായെന്നും, ജര്‍മനിയിലെ കുടിയേറ്റ കലാകാരന്റെ ഒരു ദൈനംദിന ജീവിത യാഥാര്‍ഥ്യമാണിതെന്നും വീഡിയോയിലൂടെ സജാന്‍ ആരോപിക്കുന്നുണ്ട്.

ജര്‍മനിയിലെ തന്റെ സ്റ്റുഡിയോയില്‍ നിന്നും സൃഹൃത്തിനൊപ്പം പുറത്തേക്കിറങ്ങുമ്പോള്‍ ഒരാള്‍ അപ്രതീക്ഷിതമായി തന്നെ ആക്രമിക്കുകയിരുന്നുവെന്നാണ് സാജന്‍ പറയുന്നത്. റോഡില്‍ വീണു കിടന്ന തന്നെ, ഭാഗ്യവശാല്‍ ചിലര്‍ എന്നെ സഹായിക്കാന്‍ വന്നു. അവരാണ് ആംബുലന്‍സ് വിളിച്ചതും പൊലീസിനെ അറിയിച്ചതും. ഈ രാജ്യം എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Sajan Mani (@sajan_mani)

2021-ല്‍ ബെര്‍ലിന്‍ ആര്‍ട്ട് പ്രൈസ് അവാര്‍ഡും, 2022-ല്‍ പ്രിന്‍സ് ക്ലാവസ് മെന്റര്‍ഷിപ്പ് അവാര്‍ഡും കരസ്ഥമാക്കിയ മണിയുടെ കലാസൃഷ്ടികളില്‍ എപ്പോഴും ‘കറുത്ത ദളിത് ശരീരം’ ഒരു സാമൂഹിക രാഷ്ട്രീയ ഭാവാര്‍ത്ഥമായി അവതരിക്കപ്പെടുന്നു.

‘എനിക്ക് ശരീരത്തിന്റെയും സമയത്തിന്റെയും സങ്കല്പ്പങ്ങളിലും താല്പര്യമുണ്ട്, ശരീരവും സഹിഷ്ണുതയും അതിന്റെ പരിമിതികളും കറുത്ത ദളിത് സമൂഹത്തിന്റെ അസ്തിത്വതവും കൂട്ടിക്കലര്‍ത്തി എന്റെ ആശയങ്ങളെ അഭിസംബോധന ചെയ്യാന്‍ വേണ്ടി ഞാന്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എന്റെ ശരീരം അധികാരമില്ലാത്തവര്‍ക്കും ദുര്‍ബലരായവര്‍ക്കും തൊട്ടുകൂടാത്തവര്‍ക്കുമുള്ള ഒരു സ്ഥാനമാണ്’. മണിയുടെ വാക്കുകള്‍. സാജന്റെ കലാപ്രദര്‍ശനങ്ങള്‍ വളരെ വൈവിധ്യമാര്‍ന്നതും സാമൂഹിക പ്രാധിനിത്യമുള്ളതുമാണെന്നും നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 2016-ല്‍ സുനപരന്തയിലെ ഗോവ സെന്റര്‍ ഫോര്‍ ദ ആര്‍ട്സിലെ അദ്ദേഹത്തിന്റെ രണ്ട് മണിക്കൂര്‍ പ്രകടനമായ ”സെക്കുലര്‍ മീറ്റ്” ഇതിനൊരു ഉദാഹരണമാണ്.

എന്റെ പ്രദര്‍ശനങ്ങള്‍ വഴി കാണികളില്‍ വേദനയും ലജ്ജയും ഭയവും ഉണര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നു. ദളിത് ശരീരങ്ങളുടെ തുടച്ചുമാറ്റപെട്ട ചിത്രങ്ങളാണ് ഞാന്‍ തിരയുന്നത്. ദ ഇന്ത്യന്‍ എക്സ്പ്രസിന് 2023 ഫെബ്രുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ സാജന്‍ ഇങ്ങനെ പറയുന്നുണ്ട്.

1981ല്‍ കണ്ണൂര്‍ ഇരട്ടിയിലുള്ള ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുടുംബത്തിലാണ് സാജന്‍ മണിയുടെ ജനനം. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങള്‍, കോളോണിയലിസത്തിനു ശേഷമുള്ള ദലിത് ജീവിതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സാജന്‍ മണിയുടെ പ്രദര്‍ശനങ്ങള്‍ ഏറെ ചെയ്യപ്പെട്ടവയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍