UPDATES

‘ആദ്യ ഉരുള വായില്‍വച്ചപ്പോള്‍ ഉറപ്പായി, രക്ഷിക്കാനുള്ള കൈകള്‍ ഞങ്ങള്‍ക്കു നേരെ നീളുകയാണെന്ന്…’

മരണത്തിന്റെ ഇരുട്ടില്‍ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചെത്തിയ മനുഷ്യര്‍ പറയുന്നു

                       

‘ആശംസകള്‍, ഞങ്ങള്‍ നന്നായിരിക്കുന്നു. ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു, അത് ഞങ്ങള്‍ക്ക് ശക്തി നല്‍കി’ മരണത്തിന്റെ നിഴല്‍ വീണ ദിവസങ്ങളില്‍ നിന്നും ജീവിതത്തിന്റെ പുതു വെളിച്ചത്തിലേക്കു പ്രവേശിച്ച ചമ്ര ഒറയോണിന്റെ വാക്കുകള്‍. 17 ദിവസങ്ങള്‍ നീണ്ട അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ നവംബര്‍ 28 ന് രാത്രിയോടെയാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങി കിടന്നവരെ പുറത്തെത്തെത്തിക്കുന്നത്. സന്തോഷത്തിന്റെ ശുദ്ധവായു ആവോളം ശ്വസിച്ചുകൊണ്ടാണ് ചമ്ര തന്റെ സന്തോഷം വാക്കുകളിലൂടെ വെളിപ്പെടുത്തിയത്.

‘ഞങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. എന്റെ ഭാര്യയോട് സംസാരിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല’- ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുമ്പോള്‍ ചമ്രയുടെ വാക്കുകളില്‍ ആവേശമാണ്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ നിര്‍മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങി കിടന്ന 41 പേരെയും രക്ഷാസംഘം രക്ഷപെടുത്തിയതിന്റെ ആശ്വാസത്തിലാണ് രാജ്യം മുഴുവനും. നവംബര്‍ 12 ന് രാവിലെ എന്നത്തേയും പോലെ ജോലിയില്‍ പ്രവേശിച്ച ആ 41 പേരും തങ്ങളുടെ സ്വപനത്തില്‍ പോലും വിചാരിച്ചു കാണില്ല തങ്ങളിനി പുറം ലോകം കാണുന്നത് 17 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കുമെന്ന്. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയായിരുന്നു രാജ്യം കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വാര്‍ത്തയെത്തിയത്. ഒന്നരമണിക്കൂറുകൊണ്ടാണ് മുഴുവന്‍ തൊഴിലാളികളെയും തുരങ്കത്തില്‍ നിന്ന് പുറത്തെത്തിച്ചത്.

ഫോണില്‍ ലുഡോ കളിച്ചും, തുരങ്കത്തിനുള്ളിലുള്ള ജലസ്രോതസിലെ വെള്ളത്തില്‍ കുളിച്ചും രക്ഷാപ്രവര്‍ത്തന സംഘം നല്‍കുന്ന ഭക്ഷണം കഴിച്ചുമാണ് അവര്‍ ഓരോരുത്തരും ദിവസങ്ങള്‍ തള്ളിനീക്കിയത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടന്നവരില്‍ 15 പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. അവരില്‍ ഒരാളാണ് ചമ്ര.

തങ്ങള്‍ തുരങ്കത്തിനകത്ത് കുടുങ്ങിയ ദിവസം ഇപ്പോഴും ഇന്നലെ നടന്നെന്ന പോലെ ചമ്രയുടെ ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. ‘നവംബര്‍ 12 ന് പുലര്‍ച്ചെ ഞങ്ങള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെനയാണ് തുരങ്കത്തിന്റെ ഉള്‍വശം തകര്‍ന്നടിയുന്നത്. ജീവനുവേണ്ടി ഞങ്ങള്‍ ഓടിയെങ്കിലും തെറ്റായ വശത്ത് കുടുങ്ങി പോയി. എല്ലാവരും തന്നെ വളരെ അസ്വസ്ഥരായിരുന്നു. വിശപ്പ് ഞങ്ങളെ ഓരോരുത്തരെയും പിടിമുറുക്കികൊണ്ടിരുന്നുവെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. സഹായത്തിനു വേണ്ടി നിശബ്ദരായി ഓരോരുത്തരും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏകദേശം 24 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തന സംഘം ഭക്ഷണം എത്തിക്കുന്നത്. ആദ്യത്തെ ഉരുള വായിലേക്ക് വച്ചപ്പോള്‍ വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. സഹായത്തിന്റെ കൈകള്‍ ഞങ്ങളിലേക്ക് നീളുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. രക്ഷപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനായി ഒരു പാട് സമയം വേണ്ടി വരുമെന്നും അറിയാമായിരുന്നു. നെറ്റ്വര്‍ക്ക് ഇല്ലാത്തത് കൊണ്ട് ഉറ്റവരെയും ഉടയവരെയും വിളിക്കാന്‍ സാധിക്കില്ലെങ്കിലും മൊബൈല്‍ ഫോണ്‍ സമയം കളയാനുള്ള നല്ലൊരു ഉപാധിയായിരുന്നു. ഓരോരുത്തരും പരസ്പരം പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.’- ഇന്ത്യന്‍ എക്‌സ്പ്രസിനോട് ചമ്ര പറഞ്ഞ കാര്യങ്ങളാണ്.

വിശപ്പ് എന്ന വികാരത്തിന്റെ വ്യാപ്തിയൊന്നു മാത്രമാണ് ചമ്രയെപോലെ ആ 41 പേരെയും ഇത്ര അപകടം പിടിച്ച തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഖുന്തി ജില്ലയിലെ ലര്‍ത പഞ്ചായത്തിലുള്ള ചമ്ര ഒറോണ്‍, ഒക്ടോബറിലാണ് വീട്ടില്‍ നിന്നും പോയത്. കുടുംബത്തെ ബന്ധപ്പെടാന്‍ ഒരു മൊബൈല്‍ ഫോണ്‍ പോലും കൈയിലില്ലാത്തത്രയും ദരിദ്രനായിരുന്നു ചമ്ര. ജീവന്‍ അപകടത്തിലാകുന്ന തൊഴിലിന് അവര്‍ക്ക് കിട്ടിയിരുന്നത് വളരെ തുച്ഛമായ കൂലിയായിരുന്നു, ആവശ്യത്തിന് വിശ്രമം പോലും കിട്ടാതെ കഠിനാധ്വാനത്തിന് ലഭിക്കുന്നതാകട്ടെ മാസം 18,000 രൂപയും. രണ്ടു തരം കൂലിയാണ് തുരങ്കത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുക, സ്‌കില്‍ഡ് വര്‍ക്കേഴ്സ്(വിദഗ്ധ തൊഴിലാളികള്‍), പമ്പ് ഓപ്പറേറ്റര്‍മാര്‍, ഡ്രില്ലേഴ്സ് എന്നിവര്‍ക്ക് മാസം 24,000 രൂപയായിരുന്നു ശമ്പളം. അവിദഗ്ധ തൊഴിലാളികള്‍ക്ക്(സാധാരണ പണിക്കാരും സഹായികളും) മാസം 18,000 രൂപയും. ചമ്ര അവിദഗ്ത തൊഴിലാളിയാണ്. ജീവിതോപാധിക്കായാണ് അപകടം നിറഞ്ഞതാണെന്നറിഞ്ഞിട്ടും അവര്‍ ഈ ജോലിയേറ്റെടുത്തത്. ചമ്രയെപോലെ ദാരിദ്യം കൊണ്ട് പൊറുതി മുട്ടിയായിരിക്കണം പലരും ഈ അപകടം പിടിച്ച തൊഴിലിനിറങ്ങിയത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പലമാര്‍ഗങ്ങളും അവലംബിച്ചുവെങ്കിലും ഒടുവില്‍ റാറ്റ് മൈനിങ് ആണ് വിജയം കണ്ടത്. ഏതാണ്ട് 12 മീറ്റര്‍ അകലം മാത്രമുള്ളപ്പോള്‍ വലിയ പാറകളും തുരങ്ക നിര്‍മാണത്തിനുപയോഗിച്ചിരുന്ന ലോഹഭാഗങ്ങളുമെല്ലാം ചേര്‍ന്ന് തടസ്സം സൃഷ്ടിക്കുകയും മെഷീനുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൈകൊണ്ട് തുരക്കാമെന്ന ആശയത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. ഇതിനായി ഡല്‍ഹിയില്‍ നിന്നും യുപിയില്‍ നിന്നുമുള്ള റാറ്റ് ഹോള്‍ ഖനന തൊഴിലാളികളെ എത്തിക്കുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍