UPDATES

‘ദൈവത്തിന്റെ ആലയങ്ങളാണിത്, ഞങ്ങള്‍ ജീവനോടെയുള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ അനുവദിക്കില്ല’

ജൂത സിനഗോഗുകളുടെ പരിപാലകരായ ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഉറപ്പാണ്

                       

ഇസ്രയേല്‍ അവരുടെ പ്രതികാരം ഗാസയില്‍ തുടരുകയാണ്. അതേസമയം, ഏകദേശം നാലായിരം കിലോമീറ്ററിനിപ്പുറം കുറച്ചു മുസല്‍മാന്‍മാര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ പ്രവര്‍ത്തിയെന്ന പോല്‍ ജൂത സിനഗോഗുകള്‍ പരിപാലിക്കുകയാണ്. ആ ആരാധനാലയങ്ങളില്‍ അതിന്റെ വിശ്വാസപ്രമാണങ്ങള്‍ പിന്തുടരുന്നവരുടെ തിരക്കില്ല, ഏറിയ സമയവും നിശബ്ദമാണ്. എങ്കിലും അവിടുത്തെ ചുമരിലോ, തറയിലോ മരത്തില്‍ തീര്‍ത്ത ഇരിപ്പിടങ്ങളിലോ അഴുക്കിന്റെ ഒരുതരിപോലും ഉണ്ടാകരുതെന്ന നിര്‍ബന്ധത്തിലാണവയുടെ പരിപാലകരായ മുസ്ലിങ്ങള്‍. ഒരിടത്ത് ആയുധങ്ങള്‍ ഉപയോഗിച്ച് അധിനിവേശം നടത്തുമ്പോള്‍, മറ്റൊരിടത്തു സ്‌നേഹം കൊണ്ട് മനുഷ്യ മനസുകളില്‍ കുടിയേറുന്നു.

മരുഭൂമിയില്‍ വീശുന്ന കാറ്റെന്ന പോല്‍, യുദ്ധത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ വരുന്ന ഈ നല്ല വാര്‍ത്ത ഇന്ത്യയില്‍ നിന്നാണ്.

കൊല്‍ക്കത്തയിലുള്ള മേഗന്‍ ഡേവിഡ് സിനഗോഗ് അടക്കം മൂന്നു സിനഗോഗുകളും അതിന്റെ പ്രധാന പരിപാലകരും(കെയര്‍ ടേക്കര്‍) മാനവികതയുടെ ബിംബങ്ങളാവുകയാണ്.

ഒക്‌ടോബര്‍ ഏഴിന് തുടങ്ങിയ രക്തച്ചൊരിച്ചിലാണ്. ഹമാസ് സായുധസംഘം ഇസ്രയേലില്‍ കയറി നടത്തിയ നരഹത്യയില്‍ 1,400 ഓളം മനുഷ്യരാണ് കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെ തുടങ്ങിയ ഇസ്രയേല്‍ പ്രതികാരത്തില്‍ ഇതുവരെ പതിനായിരത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. അതില്‍ നാലായിരത്തിനടുത്ത് കുഞ്ഞുങ്ങളാണ്.

എന്നാല്‍, കൊല്‍ക്കത്തയിലെ സിനഗോഗുകളില്‍ യുദ്ധത്തിന്റെ കാഹളം പ്രതിധ്വനിക്കുന്നില്ല.

കൊല്‍ക്കത്തയില്‍ വളരെ കുറച്ച് ജൂതരാണ് അവശേഷിക്കുന്നത്. അവരാകട്ടെ സ്ഥിരമായി സിനഗോഗുകളില്‍ വരാറുമില്ല. എന്നാല്‍ അന്‍വര്‍ ഖാനെ പോലുള്ള പരിപാലകര്‍ ഒരു ദിവസം പോലും തങ്ങളുടെ കര്‍ത്തവ്യത്തില്‍ വീഴ്ച്ച വരുത്താറില്ല.

‘ അവര്‍ നിന്നുകൊണ്ട് അവരുടെ നമാസ്(പ്രാര്‍ത്ഥന) നിര്‍വഹിക്കുമ്പോള്‍, ഞങ്ങള്‍ ഇരുന്നുകൊണ്ട് ആ കര്‍മം ചെയ്യുന്നു. ഇതാണ് ഞങ്ങള്‍ക്കിടയിലെ വ്യത്യാസം’-44 കാരനായ ഖാനെ സംബന്ധിച്ച് മുസ്ലിമിനും ജൂതനും ഇടയിലുള്ള വ്യത്യാസം അതാണ്.

കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ മൊത്തക്കച്ചവട വ്യാപാര കേന്ദ്രമായ ബാര്‍ബോണ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന, നവോഥാനകാല മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന മേഗന്‍ ഡേവിഡ് സിനഗോഗിന് ഏകദേശം 140 വര്‍ഷത്തെ പഴക്കമുണ്ട്. ഖാന്‍ തന്റെ 20-മത്തെ വയസിലാണ് ഇവിടുത്തെ പരിപാലകനായി എത്തുന്നത്.

മുക്കാല്‍ നൂറ്റാണ്ടു മുമ്പ് വരെ കൊല്‍ക്കത്തയിലെ ജൂത ആരാധനാകേന്ദ്രങ്ങള്‍ വിശ്വാസികളാല്‍ സജീവമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ആദ്യ ജൂത സംഘം കൊല്‍ക്കൊത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ കൊല്‍ക്കത്ത തലസ്ഥാന നഗരമായി മാറിയതോടെ അവിടെ സ്ഥിതി ചെയ്തിരുന്ന സിനഗോഗുകളുടെ എണ്ണം അഞ്ചില്‍ നിന്നും മൂന്നായി ചുരുങ്ങി. ഒരു കാലത്ത് അയ്യായിരത്തോളം ജൂതരുണ്ടായിരുന്ന കൊല്‍ക്കത്തയില്‍ ഇന്നത് 20 ആയി.

മാറ്റങ്ങള്‍ പലതുണ്ടായെങ്കിലും മാറാതെ നില്‍ക്കുന്ന ഒന്നുണ്ട്. ജൂത സിനഗോഗുകളുടെ പരിപാലകര്‍; അവര്‍ എല്ലാവരും മുസ്ലിങ്ങളാണ്.

തെക്കന്‍ കൊല്‍ക്കത്തയില്‍, പുരി ജില്ലയില്‍ ഒഡീഷ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ചെറിയ ഗ്രാമമാണ് കകത്പൂര്‍. സ്ഥിതി ചെയ്യുന്നിടത്ത് നിന്നും ഏകദേശം 500 കിലോമീറ്റര്‍ അകലെയുള്ള ആ ഗ്രാമത്തില്‍ നിന്നാണ് ജൂത ആരാധാന കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ എത്തുന്നത്.

നഗരത്തില്‍ ഇപ്പോഴുള്ള മൂന്ന് സിനഗോഗുകള്‍ക്കുമായി ആറ് മുസ്ലിം പരിപാലകരാണുള്ളത്. ആരാധനാലയത്തിന്റെ പരിധിയില്‍ തന്നെ അനുവദിച്ചിട്ടുള്ള ക്വാര്‍ട്ടേഴ്‌സുകളിലാണ് അവര്‍ താമസിക്കുന്നത്. കുടുംബത്തെ കാണാന്‍ ഇടയ്ക്ക് മാത്രം വീട്ടില്‍ പോകും.

പുലര്‍കാലത്ത് തന്നെ പരിപാലകര്‍ അവരുടെ ജോലി ആരംഭിക്കും. ആരാധനാലയം മുഴുവന്‍ വൃത്തിയാക്കും, പൊടികളെല്ലാം തുടച്ച് വൃത്തിയാക്കും, ഫര്‍ണീച്ചറുകള്‍ പോളീഷ് ചെയ്ത് തിളക്കം നിലനിര്‍ത്തും, ലൈറ്റുകളും മറ്റ് വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പിക്കും. ഈ ദിവസങ്ങളില്‍ സിനഗോഗില്‍ വരുന്ന അതിഥികള്‍ക്കും സന്ദര്‍ശര്‍കര്‍ക്കും അവര്‍ ആരാധാനലയത്തിലും പരിസരത്തും ഉള്ളിടത്തോളം സമയം സംരക്ഷണവും നല്‍കുന്നു.

1800-കളില്‍ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന സിനഗോഗാണ് നെവെ ഷാലോം. ഇറാന്‍, ഇറാഖ് മേഖലകളില്‍ നിന്നും വന്ന ബാഗ്ദാദി ജൂതരായിരുന്നു ഇവിടെയെത്തിയതെന്നാണ് ചരിത്രം പറയുന്നത്. 1798 ല്‍ ഒരു സമ്പന്ന വ്യാപാരിയായിരുന്ന ഷാലോം ഓബാദ്യ കോഹന്‍ ആണ് ആദ്യമായി കൊല്‍ക്കത്തയില്‍ എത്തിയ ജൂതന്‍. എന്നാണ് കരുതപ്പെടുന്നത്.

1948-ല്‍ ഇസ്രയേല്‍ രാജ്യം രൂപപ്പെട്ടതോടെ ഇവിടെയുണ്ടായിരുന്ന ഭൂരിഭാഗം ജൂതരും അങ്ങോട്ടേക്ക് പോയി. കുറേപ്പേര്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും പോയി. ആ സമയത്ത്, സ്വാതന്ത്രാനന്തര ഇന്ത്യ വിഭജിക്കപ്പെട്ട്, അതിരൂക്ഷമായ രീതിയില്‍ രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിക്കുകയുമായിരുന്നു.

ഇന്നിപ്പോള്‍ 20 ഓളം ജൂതര്‍മാത്രമാണ് കൊല്‍ക്കൊത്തയില്‍ അവശേഷിക്കുന്നത്. അവരാകട്ടെ 70 വയസിന് മേല്‍പ്രായമുള്ളവരാണ്. ഇന്ത്യയിലെ മൊത്തം ജൂതരുടെ എണ്ണവും ഏകദേശം മൂവായിരമാണ്. ഒരു കാലത്തവര്‍ 30,000 ഓളം ഉണ്ടായിരുന്നു.

ഇന്ത്യയില്‍ പലയിടങ്ങളിലെന്നപോലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളും പരിപാടികളും വിപുലമായി നടക്കുന്നൊരു നഗരമാണ് കൊല്‍ക്കത്ത. ഇടത് പാര്‍ട്ടികളും ചില മുസ്ലിം സംഘടനകളുമാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പശ്ചിമ ബംഗാള്‍ ജനസംഖ്യയില്‍ 27 ശതമാനം മുസ്ലിങ്ങളുണ്ട്. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നതാകട്ടെ, ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന ബിജെപിയും. അങ്ങനെയെല്ലാം പലവിധം ആശങ്കള്‍ നിറഞ്ഞു നില്‍ക്കുന്നൊരു അന്തരീക്ഷം കൊല്‍ക്കത്തയിലുണ്ട്. എന്നാല്‍ ജൂത സിനഗോഗുകളുടെ പരിപാലകരായ മുസ്ലിങ്ങള്‍ പറയുന്നത്, അവരുടെ ജോലിക്ക് തടസമായി സ്വന്തം സമുദായത്തില്‍ നിന്നോ കുടുംബങ്ങളില്‍ നിന്നോ യാതൊരു എതിര്‍പ്പും നേരിടേണ്ടി വരുന്നില്ലെന്നാണ്.

ഖാന്‍ പറയുന്നത്, മുസ്ലിങ്ങള്‍ക്ക് മോസ്‌ക്കുകള്‍ ദൈവത്തിന്റെ ആലയങ്ങളാകുന്നതുപോലെ തന്നെയാണ് ജൂത സിനഗോഗുകളും ദൈവ ആലയങ്ങളാകുന്നതെന്നാണ്. ‘ ഗാസയിലെയും ഇസ്രയേലിലെയും മനുഷ്യര്‍ക്കിടയില്‍ ഏറ്റുമുട്ടലുണ്ടാകുന്നത് ഏറെ ദുഖകരമാണ്. എങ്കിലും അവരുടെ ദേവാലയങ്ങള്‍ ഞങ്ങളുടെതെന്നു കരുതി തന്നെ സംരക്ഷിക്കും’ ഖാന്‍ പറയുന്നു.

അന്‍വര്‍ ഖാനെ പോലെ മറ്റൊരു മുസ്ലിം പരിപാലകനാണ് 42 കാരനായ മസൂദ് ഹുസൈന്‍. കൊല്‍ക്കത്തയിലെ ഏറ്റവും പഴക്കം ചെന്ന നെവെ ഷാലോം സിനോഗിലെ ഏക കെയര്‍ടേക്കറാണ്. മസൂദ് പറയുന്നത്, താന്‍ എല്ലാ ദിവസവും സമീപത്തുള്ള മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കു പോകന്നു, ഇന്നു വരെ ഒരു ജൂത ആരാധാന കേന്ദ്രം പരിപാലിക്കുന്നതിന്റെ പേരില്‍ ആരും തന്നെ എതിര്‍ക്കാനോ തടയാനോ ശ്രമിച്ചിട്ടില്ലെന്നാണ്.. പത്തു വര്‍ഷം മുമ്പാണ് മസൂദ് ഈ ജോലിയേറ്റെടുക്കുന്നത്. അയാളുടെ മുത്തച്ചനും പിതാവും തുടര്‍ന്നു വന്ന കടമ തന്നെയാണ് മസൂദും നിര്‍വഹിക്കുന്നത്.

നഗരത്തില്‍ ഇസ്രയേല്‍ വിരുദ്ധ റാലികള്‍ നടക്കാറുണ്ടെങ്കില്‍ ഒരിക്കല്‍ പോലും ജൂത ആരാധാന കേന്ദ്രങ്ങള്‍ക്ക് നേരെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കൊല്‍ക്കത്തയില്‍ അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലെന്നാണ് മസൂദ് ഹുസൈന്‍ ആത്മവിശ്വാസത്തോടെ പറയുന്നത്.

വിചാരിക്കാതെ മോശമായി എന്തെങ്കിലും സംഭവിച്ചാലോ?

മസൂദ് ഹുസൈന്‍ മറുപടി പറയാന്‍ ഒട്ടും താമസിക്കുന്നില്ല;

‘ ഞങ്ങള്‍ നേരിടും. കൂടിപ്പോയാല്‍ ഞങ്ങള്‍ കൊല്ലപ്പെടുമായിരിക്കും. ഇത് ദൈവത്തിന്റെ ആലയമാണ്. ഇത് സംരക്ഷിക്കാന്‍ എന്ത് നേരിടാനും ഞങ്ങള്‍ തയ്യാറാണ്’

‘ഈ ജൂത ആരാധാന കേന്ദ്രങ്ങള്‍ക്കെതിരേ അതിക്രമം കാണിക്കാന്‍ ഞങ്ങളുടെ തന്നെ സമുദായത്തില്‍ നിന്ന് ആരെങ്കിലും ശ്രമിച്ചാല്‍, അവരെ നേരിടുന്ന ആദ്യത്തെയാളുകള്‍ ഞങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയായിരിക്കും. ഞങ്ങള്‍ ജീവനോടെയുള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ അനുവദിക്കില്ല…’

Share on

മറ്റുവാര്‍ത്തകള്‍