UPDATES

വിദേശം

‘പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ല’

വാഗ്‌നര്‍ കൂലിപ്പട്ടാള തലവന്റെ മരണത്തിനു പിന്നാലെ ഉയരുന്ന ആരോപണങ്ങള്‍

                       

യെവ്ഗിനി പ്രിഗോഷന്റെ മരണത്തില്‍ വ്‌ളാദിമിര്‍ പുടിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അമേരിക്ക.റഷ്യയിലെ സ്വകാര്യ പട്ടാള കമ്പനി വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനായ യെവ്ഗിനി പ്രിഗോഷന്‍ ഒരു വിമാനപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്ത. റഷ്യന്‍ വ്യോമയാന അഥോറിറ്റി-റോസവിയാറ്റ്‌സിയ-ആണ് വാര്‍ത്ത പുറത്തു വിട്ടത്. മോസ്‌കോയില്‍ നിന്നും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പറന്ന ബിസിനസ്‌ജെറ്റ് എംബ്രയര്‍ ആണ് ബുധനാഴ്ച്ച വൈകുന്നേരം തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം പറയുന്നില്ല. യാത്രക്കാരുടെ ലിസ്റ്റില്‍ പ്രിഗോഷന്റെ പേരും ഉണ്ടായിരുന്നുവെന്നതാണ്, അയാളും കൊല്ലപ്പെട്ടുവെന്നതിന്റെ തെളിവായി വ്യോമയാന അഥോറിറ്റി പറയുന്നത്. പ്രിഗോഷനൊപ്പം വാഗ്നര്‍ ഗ്രൂപ്പിന്റെ സീനിയര്‍ കമാന്‍ഡര്‍ ദിമിത്രി ഉത്കിനും കൊല്ലപ്പെട്ടതായി റോസവിയാറ്റ്‌സിയ അറിയിച്ചിട്ടുണ്ട്. മൊത്തം 10 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. ഇതില്‍ മൂന്നുപേര്‍ ജീവനക്കാരാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ക്രെംലിന്‍-റഷ്യന്‍ ഭരണകൂട ആസ്ഥാനം- ഈ വിഷത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്വേഷണ സമിതി, ഈ അപകടത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പറയുന്നുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡേറ്റകള്‍ പ്രകാരം, തകര്‍ന്നു വീഴുന്നതിന് 30 സെക്കന്റ് മുമ്പ് വരെ വിമാനം യാതൊരുവിധ അപകട സൂചനകളും നല്‍കിയിരുന്നില്ലെന്നാണ്.

പ്രിഗോഷന്‍ സഞ്ചരിച്ചിരുന്ന ബ്രസീലിയന്‍ എംബ്രയര്‍ ലെഗസി 600 മോഡല്‍ എക്‌സിക്യൂട്ടീവ് ജെറ്റുകള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആകെ ഒരേയൊരു അപകടത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ എച്ച് ക്യൂ-ന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. എഞ്ചിന്‍ തകരാര്‍ മൂലമുണ്ടായ അപകടവുമായിരുന്നില്ല അത്. 2008-ലെ ബ്രസീല്‍ വ്യോമയാന റിപ്പോര്‍ട്ട് പ്രകാരം, ആ അപകടം, പൈലറ്റുമാര്‍ക്കും ട്രാഫിക് കണ്‍ട്രോളര്‍മാരും തമ്മിലുണ്ടായ തെറ്റായ ആശയവിനിമയത്തിന്റെ ദുരന്തഫലമായിരുന്നുവെന്നാണ്. എംബ്രയര്‍ കമ്പനി ഒരു കാര്യം കൂടി പറയുന്നുണ്ട്; റഷ്യക്കെതിരായി ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധം മൂലം 2019 മുതല്‍ വിമാനത്തിന് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.

ബുധനാഴ്ച്ച അപകട വിവരം പുറത്തു വന്നതിനു പിന്നാലെ തന്നെ സെന്റ്.പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ് നര്‍ ഗ്രൂപ്പിന്റെ ഓഫിസ് പ്രിഗോഷന്റെ മരണത്തിലുള്ള ദുഖവും അനുശോചനവും പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഓഫിസിന് സമീപം ആളുകള്‍ പൂക്കള്‍ അര്‍പ്പിക്കുകയും മെഴുകു തിരി കത്തിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

യെവ്ഗിനി പ്രിഗോഷനും വ്‌ളാദിമിര്‍ പുടിനും

യുക്രെയ്ന്‍ യുദ്ധത്തില്‍ പുടിന്റെ പ്രധാന പോരാളിയായിരുന്നു പ്രിഗോഷനും വാഗ്നര്‍ സംഘവും. ആഫ്രിക്കയിലും അവര്‍ സജീവമായിരുന്നു. നേതൃത്വ നിരയില്‍ നിന്നും യെവ്ഗിനി പ്രിഗോഷന്‍ ഇല്ലാതാകുന്നതോടെ, വാഗ്നര്‍ ഗ്രൂപ്പിന്റെ ഭാവി ഇനിയെങ്ങനെയന്നത് അവ്യക്തമാണ്.

പ്രിഗോഷന്റെ നേതൃത്വത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് ജൂണില്‍ പുടിനെതിരേ പരാജയപ്പെട്ടൊരു കലാപത്തിനു മുതിര്‍ന്നിരുന്നു.

യെവ്ഗിനി പ്രിഗോഷന്റെ കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്റിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമാണ് ഈ വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉയര്‍ത്തിയിരിക്കുന്നത്.

‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ അത്ഭുതപ്പെടുന്നില്ല”; ബൈഡന്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു. വാഗ്നര്‍ തലവന്റെ അപകട മരണത്തിനു പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച പറയാന്‍ വേണ്ടത്ര വിവരം തനിക്ക് കിട്ടിയിട്ടില്ലെങ്കിലും ”പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ല’ എന്നാണ് പ്രിഗോഷന്റെ തിരോധനത്തില്‍ റഷ്യന്‍ പ്രസിഡന്റിനെതിരേ വിരല്‍ ചൂണ്ടാന്‍ ബൈഡന്‍ ഉയര്‍ത്തുന്ന ആരോപണം.

അമേരിക്കയ്ക്ക് പിന്നാലെ യുക്രെയ്‌നും പുടിന്‍ ഭരണകൂടത്തിനെതിരേ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ‘ സൂക്ഷിക്കുക, അവിശ്വാസം മരണത്തിന് തുല്യമാണ്’ എന്നാണ് പുടിനെതിരായ നീക്കമാണ് പ്രിഗോഷന്റെ കൊലപാതകത്തിന് കാരണമെന്ന തരത്തില്‍ വ്യാഖാനിച്ചുകൊണ്ട് യുക്രെയ്ന്‍ പ്രസിഡന്റിന്റെ സഹായി മിഖായ്‌ലോ പോഡോല്യാക് ലോകത്തോട് പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തി കൃത്യം രണ്ട് മാസമാകുമ്പോഴാണ് ഈ വിമാനാപകടം നടന്നിരിക്കുന്നതെന്നാണ് പോഡോല്യാക് ആരോപിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി റഷ്യയിലെ വമ്പന്മാര്‍ക്ക് പുടിന്‍ നല്‍കിയിരിക്കുന്ന സൂചനയാണിതെന്നും യുക്രെയ്ന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതേ വികാരം തന്നെയാണ് ടെലഗ്രാമിലൂടെ റഷ്യന്‍ മാധ്യമ പ്രവര്‍ത്തക കെസേനിയ സോബ്ചക് പങ്കുവയ്ക്കുന്നത്. തന്റെ ഉപദേശകന്‍ എന്ന് ഒരിക്കല്‍ പുടിന്‍ വിശേഷിപ്പിച്ച വ്യക്തിയുടെ മകളാണ് കെസേനിയ. ‘ എല്ലാ ഉന്നതന്മാര്‍ക്കുമുള്ള വ്യക്തമായ സൂചനയാണിത്, രാജ്യവിരുദ്ധ ചിന്തയുള്ള എല്ലാവര്‍ക്കുമുള്ളത്’ എന്നായിരുന്നു അവരുടെ പ്രതികരണം.

തനിക്കൊപ്പം നിന്നവര്‍, തനിക്കെതിരേ തിരിഞ്ഞതിന്റെ പകയും പ്രതികാരവും പുടിന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രിഗോഷന്റെ ‘ വിധി’യില്‍ പ്രതികരിക്കുന്ന കൂടുതല്‍ പേരും ഉറപ്പിച്ചു പറയുന്നത്. ഒരുകാലത്ത് പുടിന് പ്രസംഗം എഴുതി നല്‍കിയിരുന്നയാളും ഇപ്പോള്‍ വിമര്‍ശകനുമായ അബ്ബാസ് ഗല്യമോവ് പറയുന്നത്, ‘ ഇപ്പോളവര്‍ക്ക്(വാഗ്നര്‍ ഗ്രൂപ്പിന്) മനസിലായിട്ടുണ്ട്, പുടിനെ എതിര്‍ക്കുക സാധ്യമല്ലെന്ന്. പ്രതികാരം തീര്‍ക്കാന്‍ തക്ക ശേഷിയുള്ളവനാണ് പുടിന്‍’. മറ്റൊരു പുടിന്‍ വിമര്‍ശകനും ബിസിനസുകാരനുമായ ബില്‍ ബ്രൗഡര്‍ പറയുന്നതും, ഒന്നും മറക്കാത്തവനും പൊറുക്കാത്തവനുമാണ് പുടിന്‍ എന്നാണ്.

ബ്രിട്ടനും പ്രിഗോഷന്റെ അസ്വഭാവിക മരണത്തില്‍ പുടിനെയും റഷ്യയെയും തന്നെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ബ്രിട്ടീഷ് എംപിയും വിദേശകാര്യ സമിതി അധ്യക്ഷയുമായ അലീസിയ കിയര്‍ന്‍സിന്റെ ട്വീറ്റില്‍ ആവശ്യപ്പെടുന്നത്, വിമാനാപകടത്തെ കുറിച്ച് പുറത്തറിയേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ സെന്റ്.പീറ്റേഴ്ബര്‍ഗ് പറയണമെന്നാണ്. റഷ്യന്‍ വ്യോമ പ്രതിരോധ സേന വിമാനം വെടിവിച്ചിട്ടതാണെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി അലീസിയ പറയുന്നത്, പുടിന്‍ ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നുവെന്നാണ്. തന്നെയും റഷ്യയെയും വഞ്ചിച്ചുവെന്ന് കരുതുന്നവരെല്ലാം പൊറുക്കാനാകാത്ത പാപം ചെയ്തവരാണെന്ന്ു വിധിച്ച്, അവരെയെല്ലാം വേട്ടയാടുന്നവനാണ് പുടിന്‍ എന്നാണ് ബ്രിട്ടീഷ് എം പി പറയുന്നത്. അത്തരത്തില്‍ വേട്ടയാടപ്പെട്ടവരുടെ നിരയിലേക്കാണ് യെവ്ഗിനി പ്രിഗോഷനും എത്തിയിരിക്കുന്നതെന്നും അലീസിയ പറയുന്നു.

തന്റെ എതിരാളികളാകുന്നവര്‍ക്ക് എന്തായിരിക്കും സംഭവിക്കുകയെന്ന് ഒരിക്കല്‍ കൂടി മനസിലാക്കിക്കൊടുത്ത് കൊണ്ട് തന്റെ അധികാരം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് പുടിന്‍ എന്ന് ലോക രാജ്യങ്ങള്‍ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ, യെവ്ഗിനി പ്രിഗോഷന്റെ മരണത്തിന് വാഗ്നര്‍ ഗ്രൂപ്പ് പുടിനോട് പകരം വീട്ടുമെന്നും, ക്രെംലിന്റെ ശത്രുക്കളായ മറ്റ് സായുധു സംഘങ്ങളുടെ സഹായം അതിനുണ്ടാകുമെന്നുള്ള മുന്നറിയിപ്പും ഉയരുന്നുണ്ട്.

പ്രിഗോഷനും വാഗ്‌നര്‍ സംഘവും
ക്രിമിനല്‍ പശ്ചാത്തലമുള്ള അതിസമ്പന്നനായ ഒരു ബിസിനസുകാരന്‍; അതായിരുന്നു ഏറ്റവും ലളിതമായി യെവ്ഗിനി പ്രിഗോഷനുള്ള വിശേഷണം. 2014-ല്‍ ആണ് താന്‍ വാഗ്നര്‍ സംഘം രൂപീകരിച്ചതെന്നാണ് പ്രിഗോഷന്‍ പറഞ്ഞിട്ടുള്ളത്. സംഘത്തിന്റെ ആദ്യത്തെ ഫീല്‍ഡ് കമാന്‍ഡര്‍ ദിമിത്രി ഉറ്റ്കിന്റെ( ഉറ്റ്കിനും പ്രിഗോഷനൊപ്പം വിമാനപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്) റേഡിയോ കോള്‍ ചിഹിനത്തില്‍ നിന്നാണ്’ വാഗ്നര്‍’ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. 2014-ല്‍ ക്രിമിയ കൂട്ടിച്ചേര്‍ക്കുന്നതിനായി കിഴക്കന്‍ യുക്രെയ്‌നില്‍ പോര് നടത്തിയ റഷ്യന്‍ അനുകൂല വിഘടനവാദ ശക്തികളെ സഹായിച്ചുകൊണ്ടാണ് വാഗ്നര്‍ സംഘം ക്രെംലിനോടുള്ള കൂറ് തെളിയിച്ചത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങുന്നതിന് മുമ്പുള്ള കണക്കില്‍ വാഗ്നര്‍ സംഘത്തില്‍ 5,000 പോരാളികളുണ്ടായിരുന്നു. ഉയര്‍ന്ന റഷ്യന്‍ സൈനിക വിഭാഗത്തില്‍ നിന്നും സ്‌പെഷ്യല്‍ ഫോഴ്‌സുകളില്‍ നിന്നും വിരമിച്ചവരായിരുന്നു അധികം പേരും. കഴിഞ്ഞ ജൂണില്‍ പ്രിഗോഷന്‍ പറഞ്ഞ കണക്ക് പ്രകാരം, കാല്‍ ലക്ഷം പോരാളികള്‍ തങ്ങളുടെ സംഘത്തിലുണ്ടെന്നാണ്. മറ്റൊരു കൗതുകകരമായ കാര്യം, കൂലിപ്പട്ടാളം റഷ്യയില്‍ നിയമവിരുദ്ധമാണെങ്കിലും 2022-ല്‍ സ്വകാര്യ സൈനിക കമ്പനിയായാണ് വാഗ്നര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുക്രെയ്ന്‍ അധിനിവേശത്തിനിടയില്‍ തന്റെ കൂലിപ്പടയാളികള്‍ക്കൊപ്പം യെവ്ഗിനി പ്രിഗോഷന്‍

യുക്രെയ്ന്‍ അധിനിവേശത്തിന് ആഴ്ച്ചകള്‍ക്ക് മുമ്പായി വാഗ്നര്‍ യുക്രെയ്‌നില്‍ ഒരു ഫാള്‍സ് ഫ്‌ളാഗ്( false flag attack) ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. ഏകപക്ഷീയമായി നടത്തുന്നതും അതേസമയം തന്നെ എതിരാളികളെ മാത്രം കുറ്റപ്പെടുത്തുന്നതുമായ രീതിയാണ് ഫാള്‍സ് ഫ്‌ളാഗ് ആക്രമണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാഗ്നറിന്റെ ഇത്തരം ആസൂത്രിത അക്രമണങ്ങള്‍ യുക്രെയ്ന്‍ അധിനിവേശത്തിന് ക്രെംലിന് കാരണം ഉണ്ടാക്കി കൊടുക്കുന്നതിനായിരുന്നു.

യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യന്‍ സൈന്യത്തിന് വലിയ സഹായമാണ് വാഗ്നര്‍ സംഘം ചെയ്തുകൊടുത്തത്. കിഴക്കന്‍ യുക്രെയ്ന്‍ പട്ടണമായ ബക്മുട്ട് റഷ്യയുടെ കൈയിലാക്കാന്‍ സഹായിച്ചത് വാഗ്നര്‍ ആണ്.

യുക്രെയ്ന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കു വേണ്ടി പോരാടാന്‍ റഷ്യന്‍ ജയിലുകളില്‍ നിന്നും 49,000 തടവുകാരെ റിക്രൂട്ട് ചെയ്തതായി വിവരമുണ്ട്. ഇവര്‍ക്ക് ചെയ്ത കുറ്റങ്ങള്‍ക്ക് മാപ്പ് നല്‍കുകയും, ആറു മാസം യുക്രെയ്‌നില്‍ പോരാടുന്നതിന് ഓരോരുത്തര്‍ക്കും ആയിരം ഡോളര്‍ പ്രതിഫലവും പ്രിഗോഷന്‍ വാഗ്ദാനം ചെയ്തിരുന്നു. കൊലപാതകം, ബലാത്സംഗം പോലുള്ള ഗുരുതര കുറ്റങ്ങള്‍ ചെയ്തവരെയാണ് ജയിലില്‍ നിന്നും ഇറക്കി യുദ്ധത്തിന് കൊണ്ടു പോയത്. ഇവരില്‍ 32,000 പേര്‍ യുക്രെയ്‌നില്‍ നിന്നും തിരികെ വന്നുവെന്നായിരുന്നു പ്രിഗോഷന്റെ അവകാശവാദമെങ്കിലും ഒരു സ്വതന്ത്ര ഗവേഷക സംഘം പറഞ്ഞത്, ജീവനോടെ തിരിച്ചെത്തിയതവര്‍ വെറും 20,000 ആണെന്നാണ്.

ഒടുവില്‍ ക്രെംലിനെതിരേ കലാപശ്രമം
പുടിന്റെ വിശ്വസ്തനായി നിന്നുകൊണ്ട്, റഷ്യന്‍ പ്രസിഡന്റിനു വേണ്ടി യുദ്ധം ചെയ്ത പ്രിഗോഷനും വാഗ്നര്‍ സംഘവും പൊടുന്നനെ കൊട്ടാര അട്ടിമറിക്ക് തുനിഞ്ഞത് ലോകത്തെ ഞെട്ടിച്ചിരുന്നു. രണ്ട് കാരണങ്ങളാണ് അതിന് പറഞ്ഞുകേള്‍ക്കുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗിന്റെയും റഷ്യന്‍ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വലേറി ഗേറാസിമോവിന്റെയും യുക്രെയ്ന്‍ യുദ്ധത്തിലുള്ള നിലപാട്. പ്രിഗോഷന്‍ ഇരുവരുടെയും നിതാന്ത വിമര്‍ശകനായിരുന്നു. മറ്റൊന്ന്, വാഗ്നര്‍ സംഘത്തിന്റെ നിയന്ത്രണം പ്രതിരോധ മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന ഉത്തരവ്.

മോസ്‌കോയിലേക്കുള്ള വാഗ്നര്‍ പോരാളികളുടെ സൈനിക മുന്നേറ്റം

ജൂണ്‍ 24-ന് 5,000 പേരടങ്ങുന്ന വാഗ്നര്‍ സംഘം തെക്കന്‍ റഷ്യന്‍ നഗരമായ റൊസ്‌തോവിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അവിടുന്നവരുടെ നീക്കം മോസ്‌കോയിലേക്കായിരുന്നു. സൈനിക നേതൃത്വത്തെ നീക്കം ചെയ്യുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ആ അട്ടിമറി മുന്നേറ്റം. എന്നാല്‍, മോസ്‌കോയില്‍ എത്തുന്നതിനും മുന്നേ ക്രെംലിനുമായി സന്ധിയിലെത്തുകയായിരുന്നു പ്രിഗോഷന്‍ ചെയ്തത്. ബലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയില്‍ ക്രെംലിനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രിഗോഷന്‍ തന്റെ സേന മുന്നേറ്റം നിര്‍ത്തിവച്ചത്.

പ്രിഗോഷനും അദ്ദേഹത്തിന്റെ കൂലിപ്പടയും അട്ടിമറി നീക്കത്തില്‍ നിന്നും പിന്മാറിയെങ്കിലും പുടിന്, വലിയ നാണക്കേടുണ്ടാക്കിയ സംഭവമായി ലോകത്തിന് മുന്നില്‍ അത് മാറിയിരുന്നു. അന്നുതൊട്ടേ ഉയര്‍ന്ന ചോദ്യമായിരുന്നു, പുടിന്റെ റഷ്യയില്‍ പ്രിഗോഷന്റെ ഭാവി എന്തായിരിക്കുമെന്ന്.

Share on

മറ്റുവാര്‍ത്തകള്‍