UPDATES

ഹര്‍ദിക്കിനെതിരേ പരാതിയുമായി രോഹിത്, ബുംമ്ര, സൂര്യകുമാര്‍

പുറത്താകലിനു പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോര്‍ട്ട്

                       

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും കൂടി തല്ലിത്തകര്‍ത്തത് കെ എല്‍ രാഹുലിനെയും കൂട്ടരെയുമാണെങ്കിലും ജീവന്‍ നഷ്ടപ്പെട്ടത് മുംബൈയുടെതാണ്. ഹൈദരാബാദ് സണ്‍റൈസേഴ്‌സിനോട് ലക്‌നൗ സൂപ്പര്‍ ജൈന്റ്‌സ് തോറ്റതോടെ, ഐപിഎല്‍ 2024 സീസണില്‍ ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ് മാറി.

കളി തുടങ്ങും മുമ്പേ കലഹം തുടങ്ങിയ ടീമാണ് മുംബൈ. ഗുജറാത്തില്‍ നിന്നും മടങ്ങിയെത്തിയ ഹര്‍ദിക് പാണ്ഡ്യ, അഞ്ചു കിരീടങ്ങള്‍ നേടിയ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം കൂടി തരപ്പെടുത്തിയതോടെ ആരാധകരില്‍ നിന്നു മാത്രമല്ല, ടീമിനുള്ളില്‍ നിന്നു തന്നെ പ്രതിഷേധമുയര്‍ന്നു. ടീമിലെ അസ്വാരസ്യങ്ങള്‍ കളിക്കളത്തിലും പ്രകടമായതോടെ ഏറ്റവുമധികം ഐപിഎല്‍ കിരീടം നേടിയ ടീമിന് ഇക്കുറി പാടെ താളം തെറ്റി. 12 മത്സരങ്ങള്‍ കളിച്ചതില്‍ നാല് കളികളില്‍ മാത്രം വിജയിച്ചപ്പോള്‍ എട്ട് തോല്‍വിയാണ് നേരിടേണ്ടി വന്നത്. പോയിന്റെ പട്ടികയില്‍ ഒമ്പതാണ് സ്ഥാനം. ഗുജറാത്ത് പിന്നിലുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം.

ഹര്‍ദികിന്റെ നേതൃത്വത്തെ രോഹിത് അനുകൂല കളിക്കാര്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും ഡ്രസ്സിംഗ് റൂമില്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ നടക്കാറുണ്ടെന്നതും പുറത്തുവന്ന രഹസ്യങ്ങളായിരുന്നു. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനു പിന്നാലെ വിഭാഗീയത ശക്തമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ വഴി പുറത്തു വരുന്ന വിവരം. പുറത്താകലിനു പിന്നാലെ മുതിര്‍ന്ന ചില താരങ്ങള്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെയും ടീമിന്റെ പ്രവര്‍ത്തന ശൈലിയെയും ചോദ്യം ചെയ്തുവെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അവര്‍ക്ക് കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹര്‍ദികിന്റെ നേതൃത്വത്തിനു കീഴില്‍ ടീമിന് കെട്ടുറപ്പ് നഷ്ടപ്പെട്ടതായി മുതിര്‍ന്ന താരങ്ങള്‍ കോച്ചിംഗ് സ്റ്റാഫിനോട് പരാതിപ്പെട്ടതായാണ് വിവരം.

എന്നാല്‍, ഇപ്പോഴുള്ളത് നേതൃത്വ പ്രതിസന്ധിയല്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. 10 വര്‍ഷത്തോളം രോഹിതിന്റെ കീഴില്‍ കളിച്ച ടീം പുതിയ നേതൃത്വത്തില്‍ ഇണങ്ങി വരുന്നതേയുള്ളു. നേതൃത്വ മാറ്റത്തിന്റെ പ്രശ്‌നങ്ങള്‍ സാധാരണമാണ്, എല്ലാ കായികയിനങ്ങളിലും എല്ലാക്കാലത്തും ഇത്തരം പ്രശ്‌നം ഉണ്ടാകാറുണ്ടെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തിനുശേഷം കളിക്കാരുടെയും പരിശീലകരുടെയും ഒരു യോഗം ചേര്‍ന്നിരുന്നുവെന്നും, യോഗത്തില്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തിരുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. ഈ യോഗത്തില്‍ വച്ച് രോഹിത്, ബുംമ്ര, യാദവ് എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയും ടീമിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുമുണ്ടായെന്നാണ് വിവരം. യോഗത്തിനുശേഷം മുതിര്‍ന്ന ചില താരങ്ങളും മാനേജ്‌മെന്റ് പ്രതിനിധികളും ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടു സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും തമ്മില്‍ ഡ്രസ്സിംഗ് റൂമില്‍ വച്ച് വാക്കേറ്റമുണ്ടായെന്ന വാര്‍ത്ത മാനേജ്‌മെന്റ് നിഷേധിച്ചുവെങ്കിലും അതൊരു വ്യാജവാര്‍ത്തയല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഉറപ്പിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തോല്‍വിയില്‍, തിലക് വര്‍മയെ പേരെടുത്ത് പറഞ്ഞു ഹര്‍ദിക് വിമര്‍ശിച്ചിരുന്നു. ആ കളിയില്‍ ടോപ് സ്‌കോറര്‍ തിലക് വര്‍മയായിരുന്നു. സീസണില്‍ മികച്ച രീതിയില്‍ തന്നെയാണ് വര്‍മ ബാറ്റ് വീശിയതും. എന്നിട്ടും ഡല്‍ഹിയോടുള്ള തോല്‍വിയില്‍ ഒരു കളിക്കാരനെ മാത്രം പേരെടുത്ത് പറഞ്ഞു കുറ്റപ്പെടുത്തിയത് ഹര്‍ദികിനെതിരേ ടീമിനുള്ളില്‍ നിന്നുള്ള വിമര്‍ശനത്തിന് കാരണായിരുന്നു. അക്‌സര്‍ പട്ടേലിനെ ആക്രമിക്കാന്‍ ഇടംകയ്യനായ തിലക് വര്‍മ ശ്രമിച്ചില്ലെന്നും മത്സരത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതെയുള്ള കളിയാണ് വര്‍മ കാണിച്ചതെന്നുമായിരുന്നു ഹര്‍ദിക്കിന്റെ കുറ്റപ്പെടുത്തല്‍. ഇതിന്റെ പ്രതിഫലനങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായെന്നാണ് വിവരം. ആ ഒരു മത്സരം ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനിടയില്‍ വീണിരിക്കുന്ന വിള്ളല്‍ വെളിവാക്കുന്നതാണെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ടീം മാനേജ്‌മെന്റ് ഓരോ സീസണിലും വിശകലനങ്ങള്‍ നടത്താറുണ്ടെന്നും, ആവശ്യമെങ്കില്‍ ഭാവിയിലേക്കുള്ള മാറ്റങ്ങള്‍ സ്വീകരിക്കുമെന്നുമാണ് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക വൃത്തങ്ങള്‍ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്.

Content Summary;  ipl 2024, reports-says-mumbai-indians rohit sharma suryakumar yadav jasprit bumrah question hardik pandyas leadership

Share on

മറ്റുവാര്‍ത്തകള്‍