UPDATES

വി കെ അജിത് കുമാര്‍

കാഴ്ചപ്പാട്

വി കെ അജിത് കുമാര്‍

ഒറ്റയ്ക്ക് വഴിവെട്ടിവന്നവരും നെപ്പോ കിഡ്‌സുകളും

വര്‍ഷങ്ങള്‍ക്കുശേഷം ജിഗര്‍താണ്ടയുമായോ ഉദയനാണ് താരവുമായോ താരതമ്യം ചെയ്തു നോക്കൂ

                       

‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ പട്ടികളേ…’

സമീപകാലത്ത് കേട്ട ഏറ്റവും പഞ്ച് ഡയലോഗ്. വിനീത് ശ്രീനിവാസന്‍ സാക്ഷാല്‍ നിവിന്‍ പോളിയെ റി- ഇന്‍ട്രോ ചെയ്ത ഡയലോഗ്. നെപ്പോട്ടിസത്തിന്റെ സംവരണം എനിക്ക് വേണ്ടയെന്ന് വിനീത് അതിവിദഗ്ദ്ധമായി അവതരിപ്പിക്കുമ്പോള്‍ ഇതൊരു സെല്‍ഫ് ട്രോളായി മാറുന്നതും കാണം. പക്ഷേ വിനീതിന്റെ ട്രോള്‍ എത്ര മാത്രം സത്യസന്ധമായിരുന്നുവെന്നറിയുവാന്‍ മറ്റു ചില ചിന്തകളില്‍കൂടി കടന്നു പോകേണ്ടതായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ചില ആങ്കിളുകളില്‍ വളരെ വ്യത്യസ്തമായിത്തോന്നി. എന്നാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, പിന്നെ ബോംബേ ജയശ്രീയുടെ മകനൊരുക്കിയ സംഗീതം തുടങ്ങി നെപ്പോട്ടിക് റിയാലിറ്റിയുടെ എക്‌സ്ട്രീമില്‍ നിന്നാണ് നിവിന്‍ പോളി ഡയലോഗ് വിടുന്നത്. എന്നിട്ടും തിയറ്റര്‍ നിറഞ്ഞ കൈയടി. നെപ്പോട്ടിസത്തിന്റെ ചതുരക്കണ്ണിയിലൊതുക്കാവുന്ന ഒരാളല്ല താനെന്ന് വിനീതും ധ്യാനും തെളിയിച്ചു കൊണ്ടിരിക്കുന്നതിന്റെ തെളിവ് കൂടിയാവാം ഇത്. nepotism in malayalam cinema

sushant sigh rajput, nepotism in cinema

സുശാന്ത് സിങ്ങ് രജ്പുതിന്റെ അകാലമരണത്തിലൂടെയാണ് ഇന്ത്യന്‍ സിനിമാ രംഗത്ത് നെപ്പോട്ടിസം ചര്‍ച്ചയാകുന്നത്. ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍’ ഒറ്റപ്പെട്ടു പോയതിന്റെ ഡിപ്രഷനില്‍ തുടങ്ങി മുംബൈ സിനിമാലോകത്തെ അധോലോക കൈകടത്തലും മയക്കുമരുന്നുപയോഗവുമെല്ലാം കടന്നുവരികയും; ഒടുവില്‍ 12000 പേജുകളുള്ള കുറ്റപത്രം അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ അനേകം കേസുകളില്‍ ഒന്നായി സുശാന്തിന്റെ മരണ റിപ്പോര്‍ട്ട് മാറുകയും ചെയ്തു. ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് ഒരു ഷാരൂഖ് രണ്ടാമനെയായിരുന്നുവെന്നതും ഇവിടെ ഓര്‍മിക്കാം.

പക്ഷേ, സര്‍ഗ്ഗാത്മകതയുടെ ഉറവിടം എവിടെയെന്നു ചോദിച്ചാല്‍ ഇംഗ്ലീഷ് ക്ലാസില്‍ പഠിച്ച വേര്‍ഡ്‌സ് വര്‍ത്ത് ഡഫനിഷനാണ് ആദ്യം മനസിലെത്തുന്നത്. Emotions recollected in tranquility എന്നത് മന്ത്രം പോലെ മനസില്‍ ജീവിക്കുന്നു. ഏകാന്തതയില്‍ പ്രതിഫലിക്കുന്ന വികാരം-കുറച്ചു കൂടി ഉള്ളിലേക്ക് പോകുമ്പോള്‍- വ്യക്തിപരമായ ജീവിതത്തിലൂടെ ലഭ്യമായ അനുഭവങ്ങള്‍ പിന്നെയെപ്പോഴൊ ഒരു ഏകാന്ത നിമിഷത്തില്‍ പ്രതിഫലിക്കുന്നതാണതെന്ന് വ്യാഖ്യാനിക്കാം. എ അയ്യപ്പന്റെയും പി.കുഞ്ഞിരാമന്‍ നായരുടെയും കവിതകള്‍ അവരുടെ തീഷ്ണമായജീവിത അനുഭവങ്ങളില്‍ നിന്നും ഉയിര്‍ക്കൊണ്ടതാണെന്നു പറയുമ്പോലെ.

”എന്റെ രചനകളിലെ വന്യമായ ഭാവന എനിക്ക് നല്‍കിയത് കരിബിയന്‍ ദേശത്തെ യാഥാര്‍ത്ഥ്യങ്ങളാണെന്ന്’ മാര്‍ക്വിസ് സൂചിപ്പിക്കുന്നതു പോലെ.

mohanlal-sreenivasan in udayananu tharam movie

നെപ്പോ കിഡ്‌സുകളുടെ രക്ഷിതാക്കളുടെ ഭാവന നിറഞ്ഞു നിന്ന തൊണ്ണൂറുകളില്‍ അവര്‍ പങ്കുവച്ചത് അവര്‍ അനുഭവിച്ചതോ, തൊട്ടടുത്തു നിന്നവര്‍ കടന്നു പോയതോ ആയ തൊഴിലില്ലായ്മയെപ്പറ്റിയുള്ള ഉത്കണ്ഠയാണ്. ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലധികവും ഇത്തരം ദുരിതപര്‍വത്തിലൂടെ കടന്നു പോയ യുവത്വമായിരുന്നു. ഇതിന്റെ എക്‌സ്ട്രീം കിരീടത്തിലൂടെ ലോഹിതദാസ് അവതരിപ്പിച്ചു. ലാലും- സിദ്ധിക്കും ഒരുക്കി വച്ച തൊണ്ണൂറുകളിലെ നവതരംഗ ചിരിപ്പടങ്ങളില്‍ അവര്‍ കടന്നുപോയ അനുഭവങ്ങള്‍ പതിഞ്ഞിരുന്നുവെന്നതും അത് ഒരു പൊതു സമൂഹത്തിന്റെ കഥയായിരുന്നുവെന്നതും ഓര്‍ക്കുക. എഴുത്തുമേശയ്ക്ക് മുന്നിലിരിക്കുമ്പോള്‍ കടന്നു വന്ന ജീവിത വഴികളാണ് കലാസൃഷ്ടികള്‍ക്ക് പ്രചോദനമാകുന്നത്. എന്നാല്‍ നൊപ്പോട്ടിസം പിടിമുറുക്കുമ്പോള്‍ നമ്മുടെ സിനിമകള്‍ യാത്ര ചെയ്യുന്നതെവിടേക്കെന്ന് നിരീക്ഷിക്കേണ്ടതാണ്. ആശയ ദാരിദ്യം എത്ര മാത്രം അനുഭവിക്കുന്നവരാണ് അവരെന്ന് അവരുടെ സിനിമകളിലൂടെ വ്യക്തമാക്കുന്നു. പക്ഷേ, സാങ്കേതികത്വത്തില്‍ ഇവര്‍ തികഞ്ഞ കയ്യടക്കവും കാണിക്കുന്നു. നെപ്പോ കിഡുകള്‍ സിനിമയ്ക്കുള്ളിലെ സിനിമ തിരഞ്ഞു പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് വ്യക്തിപരമായ അവരുടെ പരിമിതിയായി കാണേണ്ടതാണ്. അവരുടെ പ്രാഥമിക അനുഭവപരിസരം കലാസൃഷ്ടികള്‍ക്ക് പ്രചോദനമാകുന്നതിന്റെ ഉദാഹരണങ്ങളായി മാറുകയാണ് ഈ സിനിമകള്‍. വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പടെയുള്ള ചില സിനിമകള്‍, ലാല്‍ ജൂനിയറിന്റെ ഇപ്പോഴിറങ്ങറിയ നടികര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളിലും അവരുടെ പെര്‍വ്യൂ ആയ സിനിമാ വട്ടം വിട്ടൊരു ചിന്തയും കടന്നു വരുന്നില്ല. അതാകട്ടെ ഒട്ടും തന്നെ പുറം ലോകമായി ബന്ധപ്പെടാതെയും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രത അടയാളപ്പെടുത്താതെയും പോകുന്നു. എന്നാല്‍, സാങ്കേതികമായി നിലവാരം പുലര്‍ത്തുകയും ചെയ്യുന്നു. ഗസ്റ്റാള്‍ട്ട് കാഴ്ചപ്പാട് വിട്ട് സിനിമയെ ഭാഗങ്ങളായി മാത്രം കാണുന്നവരായി ഇവര്‍ മാറിക്കഴിഞ്ഞു.

നീലക്കുയിലും പുഴുവും മമ്മൂട്ടിയും

സിനിമയ്ക്കുള്ളിലെ സിനിമ പലരും പറഞ്ഞിട്ടുണ്ടല്ലോ പിന്നെന്താണ് പ്രശ്‌നം? എന്ന ബദല്‍ ചോദ്യം ഉയരാന്‍ സാധ്യതയുണ്ട്. ശ്രീനിവാസന്റെ തന്നെ രചനയില്‍ പിറന്ന ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സിനിമയെ വളരെ ഭംഗിയായി അവതരിപ്പിച്ച ചിത്രമായിരുന്നു. സൗഹൃദത്തിന്റെയും അസൂയയുടെയും പ്രതികാരത്തിന്റെയും അളവുകള്‍ വളരെ കൃത്യമായ വ്യവസായ ചേരുവയില്‍ പ്രേക്ഷകനിലേക്ക് സംവദിച്ചതാണ് ആ സിനിമയുടെ രചനയുടെ പ്രത്യേകത. ചിന്താവിഷ്ടയായ ശ്യാമളയും വടക്ക് നോക്കിയന്ത്രവുമൊക്കെ സമൂഹത്തെ മൊത്തമായി കണ്ട ഒരാളുടെ സിനിമകളായിരുന്നു. സംവിധായകനും എഴുത്തുകാരനുമെല്ലാം ഒരു പോലെ നിറഞ്ഞു നില്‍ക്കുന്നതിന്റെ തെളിവ്. വര്‍ഷങ്ങള്‍ക്ക് ശേഷവും നടികറും ഒക്കെ ഒരുക്കിയ സിനിമാക്കാഴ്ച എത്ര മാത്രം കഥയുമായി ഇഴുകിച്ചേര്‍ന്നുവെന്നറിയാന്‍ ഉദയനാണ് താരവുമായി ഒന്നു ചേര്‍ത്ത് വായിച്ചാല്‍ മതിയാകും. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ മുരളി – വേണു സൗഹൃദം അത്ര തന്നെ ആഴത്തിലേക്ക് കടക്കാതെ പോകുന്നുവെന്നത് ആ സിനിമയുടെ ആസ്വാദനത്തെ ശരിക്കും വിപരീതമായി ബാധിച്ചിട്ടുണ്ട്.

karthik subbaraj-raghava lawrence

കുറച്ച് നാളുകള്‍ക്ക് മുമ്പിറങ്ങിയ കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ട ഡബിള്‍ എക്‌സ്എല്‍, സിനിമയ്ക്കുള്ളിലെ ഒരു സിനിമാ കാഴ്ചയാല്‍ സമ്പന്നമായിരുന്നു. ഇതില്‍ സിനിമയ്ക്കുള്ളിലെ സിനിമ, പറയുവാന്‍ ഉദ്ദേശിച്ച കഥയുമായി വ്യക്തമായി ഇഴചേര്‍ന്നു പോകുന്നു. തോക്കാണോ ക്യാമറയാണോ ശക്തമായ ആയുധം എന്ന അടിസ്ഥാന ചിന്തയിലൂടെ കടന്നു പോകുന്ന നന്നായി എഴുതപ്പെട്ട ഒരു തിരക്കഥ അതിലുടനീളം കാണാന്‍ സാധിക്കും. ക്ലിന്റ് ഈസ്റ്റ്‌വുഡ് വരെ റഫറന്‍സ് ആകുന്ന കാര്‍ത്തിക് സുബ്ബരാജ് സിനിമ നല്‍കിയ ആസ്വാദന തലം നെപ്പോ കിഡുകളുടെ സിനിമയ്ക്കുള്ളിലെ സിനിമകളില്‍ വരാത്തതിനുകാരണം ആശയങ്ങളിലെ പാപ്പരത്തം മാത്രമാണ്. അതിനു കാരണം തിരയണമെങ്കില്‍ പഴയ വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ ഡഫനിഷനിലേക്ക് തന്നെ കടന്നു പോകണം. പ്രൈമറി സോഴ്‌സായ അനുഭവതലം മാറ്റിപ്പിടിക്കേണ്ടതായി വരും. പുറത്ത് നില്‍ക്കുന്ന സമൂഹത്തെ മനസിലാക്കുകയെന്നതാണ് അത്യാവശ്യം നന്നായി സിനിമാ പിടിക്കാന്‍ കഴിവുള്ള ഇവര്‍ ചെയ്യേണ്ടത്.

Content Summary; Nepotism in malayalam cinema, and how nepo kids making movies like varshangalkku shesham to communicate  to the society

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍