‘എനിക്ക് സമുദായത്തെ ബഹുമാനിക്കണ്ടേ? ജനങ്ങളുടെ ഇടയില്‍ കഴിഞ്ഞു കൂടണ്ടേ?’ Mammootty
നവേത്ഥാനമെന്ന അതിഗംഭീരമായ പരിവര്‍ത്തനപരിപാടിക്ക് ശേഷം വന്ന മലയാളത്തിലെ റിയലിസ്റ്റിക് സിനിമയിലെ നായകന്‍ അയാളിലൂടെ ഗര്‍ഭം ധരിക്കപ്പെട്ട നായികയോട് പറഞ്ഞതിങ്ങനെയാണ്.
നായികയുടെ മറുപടി
”അപ്പൊ, അപ്പൊ എനക്കോ?” ”കൂടീന്നു പുറത്താക്കിയാലും, ജാതീന്ന് പുറത്താക്കിയാലും എനക്ക് കഴിഞ്ഞുകൂടണമെന്നുണ്ട്…സുഖിക്കണമെന്ന് ഞാന്‍ മോഹിക്കുന്നില്ല. എനക്ക് ഭൂമിയിലിരിക്കണം…’
നായകന്‍
വേറൊരാളെ കല്യാണം കഴിക്കുക.
നായിക
”ആ വഴിക്കു പോയാല്‍ ഞാനുണ്ടാവില്ല. ഞാന്‍ പിന്നെ ഞാനാവൂല്ല.”
മലയാള സിനിമയുടെ തനത് യാത്ര തുടങ്ങിയ നീലക്കുയിലിലെയാണ് ഈ ശബ്ദരേഖ. രൂപത്തിലും നിര്‍മിതിയിലും ഭാവുകത്വത്തിലും കാലഘട്ടത്തെ വരച്ചു ചേര്‍ക്കാന്‍ രാമു കാര്യാട്ടിനും ഉറൂബിനും പി ഭാസ്‌ക്കരനും സാധിച്ചുവെന്നതും സിനിമ പൊതു ഇടത്തില്‍ അതീവ സ്വീകാര്യമായതും ചരിത്ര സാക്ഷ്യങ്ങളാണ്. അക്കാലത്ത് കേരള സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന പ്രോലിട്ടേറിയന്‍- നവോത്ഥാന ചിന്തകള്‍ താരതമ്യേന പ്രോഗ്രസീവായ ഒരു ഗ്രൂപ്പിലൂടെ പുറത്ത് വന്നതാണ് നീലക്കുയിലെന്നും വ്യാഖ്യാനിക്കാം(അതേ കാലഘട്ടത്തില്‍ തന്നെ ചെങ്കൊടി പിടിപ്പിച്ച് ജന്മിയെ മനുഷ്യനാക്കാനുള്ള ശ്രമവും കേരളത്തില്‍ നാടകപ്രസ്ഥാനങ്ങളിലൂടെ നടന്നുവെന്നതും മറക്കാന്‍ കഴിയില്ല). PBhaskaran-neelakuyil
1961 ല്‍ പ്രസിദ്ധീകരിച്ച ഹാര്‍പ്പര്‍ ലി യുടെ നോവലായ To Kill a Mockingbird ഇപ്പോഴും ക്ലാസിക്കായി വിലയിത്താനുള്ള കാരണം അതില്‍ വിശദീകരിക്കപ്പെടുന്ന സമൂഹത്തില്‍ നിലനിന്നിരുന്ന അസന്തുലിതാവസ്ഥയെപ്പറ്റിയും റേസിസത്തെപ്പറ്റിയുമൊക്കെയുള്ള ചിന്ത ഇന്നും പ്രസക്തമായതിനാലാണെന്നു സൂചിപ്പിക്കാറുണ്ട്. സമാനമായ കാഴ്ചപ്പാടിലൂടെ നീലക്കുയിലിനെ ഒന്നു കണ്ട് നോക്കിയാല്‍ മലയാളത്തിന്റെ ആദ്യ തനത് റിയലിസ്റ്റ് സിനിമ പ്രൊഡക്ട് നമുക്കിടയില്‍ വീണ്ടും മാറ്റപ്പെടാത്ത ഒരു കാഴ്ചയാകുന്നെങ്കില്‍ അതിനു കാരണം നവോത്ഥാനമെന്ന കൊട്ടിഘോഷിച്ച പരിപാടി ഒരു സ്‌പോണ്‍സേഡ് പ്രോഗ്രാം മാത്രമായിരുന്നുവെന്നുള്ള മനസിലാക്കലാണ്.
.
സിനിമയെന്നല്ല ഏത് കലാരൂപത്തെയും നിര്‍ണയിക്കേണ്ടത് അതിന്റെ പിന്നിലുള്ള പ്രവര്‍ത്തകര്‍ തന്നെയാണ്. അക്കാലത്തെ ആക്ടിവിസ്റ്റുകളും ‘രാഷ്ട്രീയബോധമുള്‍ക്കൊണ്ട സുഹൃത്തുക്കളും ശക്തമായ സാമൂഹിക സന്ദേശം നല്‍കുന്ന ഒരു വിപ്ലവ സിനിമയെടുക്കുവാന്‍ നിര്‍ബന്ധിക്കുകയും അതിലൂടെ അന്ധവിശ്വാസങ്ങളെയും സാമൂഹിക മാമൂലുകളെയും തുടച്ച് മാറ്റത്തക്കവിധത്തിലുള്ള ഒരു സിനിമയെന്ന തലത്തില്‍ നീലക്കുയിലിലേക്ക് എത്തുകയായിരുന്നുവെന്നും സംവിധായകരിലൊരാളായ പി.ഭാസ്‌കരന്‍ മാഷ് ഒരഭിമുഖത്തില്‍ സൂചിപ്പിച്ചത് വായിച്ചിട്ടുണ്ട്. എന്നാല്‍ നീലക്കുയില്‍ എത്ര മാത്രം ഈ ചിന്തയുമായി ചേര്‍ന്നു പോയെന്നതും പരിശോധിക്കേണ്ടതാണ്.
ഇന്ത്യയിലെ ന്യൂസ് റൂമുകളില്‍ എത്ര ദളിതരുണ്ട്?
മലയാള സിനിമയുടെ കൊമേഴ്‌സ്യല്‍ സന്ധിപ്പില്‍, ജനറേഷന്‍ Y യും Z ഉം അടക്കിവാണത് നീലക്കുയിലിലെ നായകന്റെ പിന്‍മുറക്കാര്‍ തന്നെയായിരുന്നു. അവര്‍ തമ്പുരാനായും വലിയേട്ടനായും ഉത്കൃഷ്ട നസ്രാണിയായുമൊക്കെ വന്ന് പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരുന്നു. ഓര്‍ക്കുക കൃത്യമായും മാറ്റിനിര്‍ത്തപ്പെട്ട ഒരു സമൂഹം അന്നും ഉണ്ടായിരുന്നു. അല്ലെങ്കില്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നുവെന്നും പറയാം. എന്നാല്‍ പിന്നീട് വന്ന ആല്‍ഫാക്കാലം സമൂലമായ വിഷ്വല്‍ സെന്‍സിബിലിറ്റിയെ ചേര്‍ത്തു നിര്‍ത്താന്‍ തുടങ്ങിയതോടെ ആസ്വാദനത്തിനും കണ്ടന്റിനും പുതിയ പ്രതിച്ഛായകള്‍ അന്വേഷിച്ചു തുടങ്ങി. പ്രതിച്ഛായകള്‍ മാത്രം. കോര്‍ എസന്‍സ് അപ്പോഴും പഴയതു തന്നെ. പുഴു എന്ന സിനിമ പരിശോധിച്ചാലും നായക സങ്കല്പം വരേണ്യത തന്നെ.
എന്നാല്‍ സംവേദനത്തിന്റെ കാര്യത്തില്‍ പുഴു ശരിക്കും പുതിയ കാലത്തെ ജാതി ചിന്തയുടെ പ്ലെയ്‌സിങ്ങ് ശക്തമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നത് കൊണ്ടാണ് ഇപ്പോള്‍ അത് വീണ്ടും ചര്‍ച്ചയാകുന്നത്. ‘നമുക്കൊള്ളത് നമ്മള്‍ മറ്റൊരാളുമായി ഷെയര്‍ ചെയ്യുമ്പോഴാണ് നമ്മള്‍ നല്ല ഹ്യൂമന്‍ ബീയിങ്ങ്‌സ് ആകുന്നത്. പക്ഷേ അവരുതരുന്നത് നമ്മള് വാങ്ങിക്കണമെന്നില്ല’. പുഴുവിലെ അച്ഛന്‍ മകന് കൊടുക്കുന്ന ഉപദേശമാണ്. വെജിറ്റേറിയനിസം എന്ന ആഹാര ചിന്തയെപ്പറ്റിയൊക്കെ ആ പിതാവ് ഉത്കണ്ഠാകുലനാണ്. അയാളിലെപ്പോഴും ജാതിയും അധികാരവും പദവിയുമൊക്കെ വരിഞ്ഞു മുറുകിയിരിക്കുന്നു. ഈ കാലത്ത് ഇത്രയും ഇന്നര്‍ ലയറിലുള്ള കമ്മ്യൂണല്‍ പൊളിറ്റിക്‌സ് പറഞ്ഞ ഒരു മലയാള ചിത്രമില്ല. മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യവും പില്‍ക്കാലത്ത് ഇറങ്ങിയ കാതല്‍ പോലെ പുഴുവും ശ്രദ്ധേയമാകാന്‍ കാരണമായി.
ജോര്‍ജ്ജ് എലിയറ്റിന്റെ നോവലായ സൈലസ് മാര്‍നര്‍: ദി വീവര്‍ ഓഫ് റാവെലോയിലേക്ക് ഒന്നു കടന്നു പോകാം. നമ്മുടെ ഇത്തരം സിനിമകള്‍ എത്ര മാത്രം റവല്യൂഷണറിയായിരുന്നുവെന്നതിന്റെ പരിശോധനയ്ക്കുള്ള ഉരകല്ലായി എലിയറ്റിന്റെ നോവലിനെയെടുക്കാം. മതം മുതല്‍ വ്യവസായവത്കരണം വരെയുള്ള വിവിധ വിഷയങ്ങളിലൂടെ പോകുന്ന സങ്കീര്‍ണ്ണമായ ഒരു സമൂഹത്തെയാണ് റിയലിസത്തിലൂടെ എലിയറ്റ് വിശദീകരിക്കുന്നത്. നീലക്കുയിലിന്റെയോ ഓടയില്‍ നിന്നിന്റെയോ. പുഴുവിന്റെയോ കഥാതന്തുവും വര്‍ഗവ്യത്യാസവും ജീവിത ചുറ്റുപാടും സാമൂഹികാവസ്ഥയും ഒക്കെ കുടിക്കുഴഞ്ഞ ഒരു സോഷ്യല്‍ മില്യുവാണ്. നീലക്കുയിലിന്റെ കഥയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന എലിയറ്റിന്റെ കഥയിലെ, സൈലസ് മാര്‍നറാല്‍ വളര്‍ത്തപ്പെട്ട പ്രഭുകുടുംബത്തിലെ കുട്ടിക്ക് അതിന്റെ യഥാര്‍ത്ഥ പിതാവിനൊപ്പം സമ്പല്‍ സമൃദ്ധിയോടെ ജീവിക്കാന്‍ ക്ഷണം ലഭിക്കുമ്പോള്‍ കുട്ടിയുടെ മറുപടി ‘I can’t think o’ no happiness without him.’ എന്നാണ്. ഇതാണ് റവല്യൂഷന്‍. നീലക്കുയിലിലെ സമാന ചുറ്റുപാടുള്ള കുട്ടി ധനികനായ പിതാവിനൊപ്പം പ്രതിഷേധമില്ലാതെ മടങ്ങിപ്പോയി. പുഴുവിലെ ദളിതനെ സവര്‍ണനായ നായകന്‍ അടിച്ചു കൊന്നു. എന്റെ വിലയിരുത്തലില്‍ ഈ രണ്ട് ചിത്രങ്ങളും റവല്യൂഷണറി എന്റിങ്ങിലല്ല നിലനില്‍ക്കുന്നത്. ഒരു പക്ഷേ, അതിന്റെ പിന്നിലുള്ളവരുടെ കാഴ്ചപ്പാട് അതാവാം. എന്നാലും ഒരുകാര്യം സൂചിപ്പിക്കാതെ വയ്യ, ഈ മലയാള സിനിമകള്‍ നല്‍കിയത് ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്ന സാമൂഹിക്കാന്തരിക്ഷം തന്നെയാണ് ഇനി മനുഷ്യന്‍ പോയി റോബോട്ട് വന്നാലും മാറാത്ത ജാതി ചിന്ത(പുഴു).
ചിലര്‍ ചേര്‍ന്ന് ഇപ്പോള്‍ പ്രശ്‌നത്തെ വഴിതിരിക്കുകയാണ്. പലരും പറയാന്‍ ശ്രമിച്ചതും അനുഭവിക്കുന്നതുമായ വിഷയത്തെ വ്യക്തമായി അവതരിപ്പിക്കുകയായിരുന്നു പുഴുവില്‍. പട്ടേലരുടെ അധാര്‍മ്മികതയെ അവര്‍ ആരാധിക്കും, പക്ഷേ കണ്ണാടി നോക്കുമ്പോള്‍ പുഴുവിലെ കുട്ടന്‍ ‘തമ്പുരാന്‍ ‘ അവര്‍ തന്നെയാണെന്ന ബോധ്യം ഉണ്ടായതിനാല്‍ അവര്‍ക്ക് അത് ദഹിക്കില്ല. ഒളിഞ്ഞും തെളിഞ്ഞും നോക്കിയപ്പോള്‍ അതിനു പിന്നിലുള്ള പലരും എതിര്‍ ചേരിയില്‍പ്പെട്ടവരാണെന്ന കണ്ടെത്തല്‍. പിന്നെ അവിഞ്ഞ നാക്ക് പുറത്തിട്ട് സംസാരിച്ചു തുടങ്ങി. നാല് പതിറ്റാണ്ടുകളായി നമുക്ക് മുന്നില്‍ അഭിനയത്തോടുള്ള ഭ്രാന്തമായ ആവേശവുമായി നടക്കുന്ന സീനിയര്‍ സിറ്റിസനായ ഒരു മനുഷ്യനെ പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് അദ്ദേഹം ഉള്‍പ്പെടുന്ന മതത്തെ പൊതുവേ ടാര്‍ജറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. മമ്മൂട്ടി എന്ന നടന്റെ അഭിനയമികവുള്ള കഥാപാത്രങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പാലേരിമാണിക്യത്തിലെ ഹാജി ഏത് രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണെന്നു ചിന്തിക്കാന്‍ അന്നാരും തുനിഞ്ഞില്ല. സംഘപരിവാരത്തിന്റെ വളര്‍ച്ചയും അവര്‍ക്ക് ഒരു കാരണവുമില്ലാതെ മുഖ്യധാരാമാധ്യമങ്ങള്‍ നല്‍കുന്ന സ്ഥാനവുമാണ് ഇന്ന് സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഇത്തരം ചിന്തകള്‍ പ്രത്യക്ഷമാകാന്‍ കാരണം. സംഘപരിവാര്‍ ‘ഹാന്റിലുകള്‍’ ആഘോഷിക്കട്ടെ. വിശ്വഗുരു പോലും അവസാന അടവായ മുസ്ലിം വിരുദ്ധത ജനസമക്ഷം പുറത്തെടുത്തിരിക്കുകയാണല്ലോ. എവിടെ വരെ എത്തുമെന്ന് കാണാം.
Content Summary; Mammootty cyber attacking by sangh parivar islamophobia and casteism in movie vk ajith kumar