ഇന്ത്യയിലെ 88% പത്രപ്രവര്‍ത്തകരും പൊതുവിഭാഗത്തില്‍ നിന്നോ ഉയര്‍ന്ന ജാതിയില്‍ നിന്നോ ഉള്ളവര്‍ മാത്രമാകുന്നതെന്തുകൊണ്ട്?
നിസംഗത, സെന്‍സേഷണലിസം, ഒത്തുകളി; ഇന്ത്യയിലെ ദളിത് സമുദായത്തിനു നേരെയുള്ള ക്രിമിനലിസത്തെപ്പറ്റിയുള്ള മുഖ്യധാരാമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് സ്ട്രാറ്റജിയാണിത്. ഹത്രാസില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് വിധേയമായത് 2020 സെപ്തംബര്‍ പതിനാലിനായിരുന്നു. ദളിത് ട്വിറ്റര്‍ ഹാന്റിലുകളിലൂടെ പങ്കുവച്ച വാര്‍ത്തയോട് മുഖ്യധാരാമാധ്യമങ്ങള്‍ പലതും അന്ന് ‘നിസംഗത’ പാലിച്ചു. അടുത്ത ഘട്ടത്തിലേക്ക് കടക്കാം; സെപ്തംബര്‍ 29 ന് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ പോലീസ് ദഹിപ്പിച്ചുവെന്ന ‘സെന്‍സേഷണല്‍’ ന്യൂസ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ ഒക്ടോബര്‍ ഒന്നിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് നടത്തിയ സന്ദര്‍ശനം മുതല്‍ ദേശീയ മാധ്യമങ്ങളിലും ന്യൂസ് മുറികളിലും അനക്കം വച്ചു തുടങ്ങി. കാര്യങ്ങള്‍ കുഴപ്പം പിടിച്ച അവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ നമ്മുടെ ന്യൂസ് റൂമുകള്‍, എത്രമാത്രം അപമാനവീകരണം നടത്താമോ അത്തരത്തില്‍ ഇരയും വേട്ടക്കാരും തമ്മില്‍ ചില വ്യക്തിപരമായ അന്തര്‍ധാരകള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുണ്ടായ ‘വെറുമൊരു സാധാരണ സംഭവമായിരുന്നു അതെന്നുമുള്ള -ഒത്തുകളി- പര്യവസാനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു(ആജ് തക് ഉം ന്യൂസ് 18 നും ഇതിനു വേണ്ടി നടത്തിയ പരിശ്രമങ്ങളെ പ്പറ്റി ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്). ഒരിക്കല്‍പ്പോലും യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയിലേക്കും പ്രതികളുടെ ജാതി മേല്‍ക്കോയ്മയിലേക്കും ഫോക്കസ് ചെയ്യാന്‍ മുഖ്യധാര മാധ്യമങ്ങള്‍ തയ്യാറായില്ല!
ആരാണ് ഒരാള്‍ക്ക് വേണ്ടി സംസാരിക്കേണ്ടത്? ആരാണ് അയാളെ പ്രതിനിധീകരിക്കേണ്ടത്? പറഞ്ഞു വരുന്നത് ഇന്ത്യന്‍ ന്യൂസ് റൂമുകളെപ്പറ്റിയാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പാര്‍ശ്വവത്കൃത സ്‌നേഹം കറുത്ത മഷികളില്‍ വെളുത്ത കൈകള്‍ കൊണ്ട് എഴുതുന്നിടത്ത് അവസാനിക്കുന്നു. ഒരാളെപ്പറ്റി അയാളുടെ പ്രശ്‌നങ്ങളെപ്പറ്റി അയാളുടെ അവസ്ഥയെപ്പറ്റി ഏറെ അറിയാവുന്നത് ആര്‍ക്കാണ്? കേവലമായ ഇത്തരം ചോദ്യങ്ങള്‍ പോലും അന്യവത്കരിക്കപ്പെടുകയാണ് ന്യൂസ് റൂമുകളില്‍. 2022 ഒക്ടോബറില്‍ ഓക്‌സ്ഫാമും ഇന്ത്യന്‍ ഡിജിറ്റല്‍ ന്യൂസ് ഔട്ട്‌ലെറ്റും ന്യൂസ് ലോണ്‍ട്രിയും ചേര്‍ന്ന് പുറത്തിറക്കിയ ആധികാരിക റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ ന്യൂസ്‌റൂമുകളിലെ ദളിത് പ്രാതിനിധ്യം ഒട്ടും ആനുപാതികമല്ല എന്ന വെളിപ്പെടുത്തലാണ് കാണുന്നത്. മാത്രമല്ല, ഇന്ത്യയിലെ 88% പത്രപ്രവര്‍ത്തകരും പൊതുവിഭാഗത്തില്‍ നിന്നോ ഉയര്‍ന്ന ജാതിയില്‍ നിന്നോ ഉള്ളവര്‍ മാത്രമാണെന്നും, ഇപ്പോഴും ഈ ശതമാനക്കണക്ക് ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നുവെന്നുമാണ് പുതിയ രേഖപ്പെടുത്തല്‍.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ന്യൂസ് ഫോറമായ ദി മീഡിയ റമ്പിള്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ടിലൂടെ കടന്നു പോകുമ്പോള്‍ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലെ അഞ്ച് ലേഖനങ്ങളില്‍ മൂന്നും എഴുതപ്പെടുന്നത് ഉപരിവര്‍ഗ്ഗത്തില്‍ പെടുന്നവരാണെന്നും കണ്ടെത്താന്‍ കഴിയും. മാത്രമല്ല, 121 ന്യൂസ് റൂം ലീഡര്‍ഷിപ്പ് പൊസിഷനുകള്‍ വിലയിരുത്തുമ്പോള്‍ -എഡിറ്റര്‍ ഇന്‍ ചീഫ്, മാനേജിംഗ് എഡിറ്റര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ബ്യൂറോ ചീഫ് തുടങ്ങിയ മുഖ്യസ്ഥാനങ്ങളില്‍ പഠനവിധേയമായ 106 എണ്ണവും ഉപരിവര്‍ഗ്ഗങ്ങള്‍ കൈയടക്കിയിരിക്കുന്നതായും വിശദമാക്കുന്നു.
ഇന്ത്യന്‍ ന്യൂസ് റൂമുകള്‍ ദളിതര്‍ക്കും മറ്റ് പാര്‍ശ്വവത്കൃതര്‍ക്കും പ്രവേശനം വിലക്കപ്പെട്ട ഒരിടമായി മാറുന്നുവെന്ന് ഓക്‌സ്ഫാം സി ഇ ഒ അമിതാബ് ബഹര്‍ അഭിപ്രായപ്പെടുന്നു. ആഭ്യന്തരമായി ഭരണഘടനപരമായ ഉത്തരവാദിത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ചെയ്യേണ്ടതെന്നും ബഹര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പോയ അക്കാദമിക വര്‍ഷം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ പഠനത്തിനായി ചേര്‍ന്ന 190 ഇന്ത്യക്കാരില്‍ ആറ് ദളിത് സമുദായക്കാരും ഒരു എസ് ടി വിഭാഗത്തില്‍പ്പെട്ടയാളുമേ ഉണ്ടായിരുന്നുള്ളുവെന്ന് രോഹിത് വെമുലയുടെ ക്യാമ്പസ് ‘കൊലപാതകം’ ഉള്‍പ്പടെ പൊതുമണ്ഡലത്തില്‍ കൊണ്ടുവന്ന അന്വേഷണാത്മക പത്ര റിപ്പോര്‍ട്ടായ സുദിപ്‌തോ മോണ്ടല്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ പത്ര മേഖലയിലെ ബ്രാഹ്‌മണിക് ഡൊമിനേഷനെപ്പറ്റിയും സുദിപ്‌തോ കൃത്യമായ കണക്കുകളിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമത്തിലെ ബ്രാഹ്‌മണമേധാവിത്വത്തിന് രണ്ട് നൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ടെന്നും കണ്ടെത്താവുന്നതാണ്. ഈ ലാഗ് തന്നെയാണ് മറ്റൊരു തരത്തില്‍ മാധ്യമരംഗത്ത് നിലനില്‍ക്കുന്നത്. വളരെ സമാന്തരമായ മറ്റൊരു പ്രക്രിയയും നടക്കുന്നുണ്ട്. ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട മിടുക്കരായ കുട്ടികളെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അക്കാദമിക പഠനത്തില്‍ നിന്നു പോലും അകറ്റി നിര്‍ത്തുന്ന പ്രക്രിയ അവരെ സിവില്‍ സര്‍വീസിലേക്കും മറ്റ് തൊഴില്‍ മേഖലകളിലേക്കും തിരിച്ചുവിടുന്നു. താരതമ്യേന അവിടെയാരും അങ്ങനെ പെട്ടെന്നു പിരിച്ചുവിടുകയില്ലല്ലോ എന്ന ബോധം കൂടിയാകുമ്പോള്‍ കുട്ടികള്‍ സ്വാഭാവികമായും അത് തിരഞ്ഞെടുക്കുന്നു.
പക്ഷേ ചില ബദലുകള്‍ നിലവില്‍ വരുന്നതാണ് പുതിയ കാലത്തെ ഏക പ്രതീക്ഷ. ഓണ്‍ലൈന്‍ ന്യൂസ് ചാനലുകളും യുട്യൂബ് ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യവും ദളിത് ആദിവാസി പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനും പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാനും സാധ്യതയുണ്ടാക്കുന്നു.
2019 ല്‍ യുവ ജേണലിസ്റ്റായ മീന കോട്‌വാള്‍ തന്റെ ചിന്തകളെ പുറത്തു കൊണ്ടുവരാന്‍ മറ്റൊരു മാധ്യമത്തിലും അവസരമില്ലാ എന്ന മനസിലാക്കലിലൂടെ രൂപപ്പെടുത്തിയ ‘മൂകനായക്’ (Leader of Voiceless)ഇത്തരമൊരു സംരഭമായിരുന്നു. ക്രൗഡ് ഫണ്ടിങ്ങ് എന്ന സാധ്യത കൂടിയായപ്പോള്‍ ഈ സംരംഭത്തിന് അതിന്റെ ദൗത്യം വിജയകരമായി മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നുണ്ട്. Human Rights and Religious Freedom Journalism Award, വടക്കേ അമേരിക്കയിലെ അംബേദ്ക്കര്‍ അസോസിയേഷന്‍ നല്‍കിയ 2022 ലെ The Excellence in Journalism Award -തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ച് മൂകനായക് മറ്റൊരു വിധത്തിലും ശ്രദ്ധാകേന്ദ്രമായി മാറുന്നു.
അമേരിക്കന്‍ മാധ്യമ ചരിത്രത്തില്‍ വെള്ളക്കാരായവര്‍ ഊറ്റം കൊള്ളുന്ന ഒരു ബോധ്യമുണ്ട്. അവര്‍ എഴുതിയിരുന്നില്ലെങ്കില്‍ മാര്‍ക്കം എക്്‌സിനെയും റോസാ പാര്‍ക്കിനെയും ആരും അറിയില്ലായിരുന്നുവെന്ന്. ചരിത്രത്തിന്റെ അധമകാലത്ത് അത് വേണ്ടി വന്നുവെന്ന യാഥാര്‍ത്ഥ്യം മറക്കാതെയും മാറ്റത്തിന്റെ പുതിയ കാലത്ത് വ്യക്ത്യാധിഷ്ഠിതമായ എക്‌സ്പ്രഷന്‍ സ്‌പെയ്‌സ് ആണ് വേണ്ടതെന്നുമാണ് തിരുത്തലോടെ അംഗീകരിക്കേണ്ട സത്യം.
അംബേദ്ക്കര്‍ ചിന്തയിലൂടെ ഒന്നു പോകാം. ‘അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനം മര്‍ദ്ദകന്റെ സ്വര്‍ണ്ണം കൊണ്ടോ പണം കൊണ്ടോ ആണെങ്കില്‍ അത്തരമൊരു അത്ഭുതത്തില്‍ എനിക്ക് താത്പര്യമില്ല.’
ഉച്ച വെളിച്ചത്തിലെന്ന പോലെ കാര്യങ്ങള്‍ വ്യക്തമല്ലേ? അസമത്വം അതിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ അനുഭവിക്കുന്നവര്‍ ഒരോ വാര്‍ത്താ മുറികളായി മാറേണ്ടതാണ്. അല്ലെങ്കില്‍ ലൂക്കോസിന്റെ, പീഢിതര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യം എന്ന ആശ്വാസ പഴമൊഴി അടക്കം ചെയ്ത് കുരിശുവയ്‌ക്കേണ്ട കാലം കഴിഞ്ഞുവെന്നും മനസിലാക്കാം.