UPDATES

വിദേശം

ഒരു 16 കാരിയോട് ഇറാന്‍ സൈന്യം ചെയ്ത ക്രൂരതകള്‍

നിക ഷകറാമിയുടേത് കൊലപാതകം; രേഖകള്‍ പുറത്തു വിട്ട് ബിബിസി

                       

രാജ്യത്ത് കോളിളക്കമുണ്ടാക്കിയ 16 കാരിയുടെ മരണത്തില്‍ ഇറാന്റെ ദേശീയ സൈന്യത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍. 2022 ല്‍ രാജ്യത്ത് നടന്ന ഭരണകൂട വിരുദ്ധ കലാപത്തിനിടയില്‍ കാണാതായ നിക ഷകറാമി എന്ന പെണ്‍കുട്ടിയുടെ മരണമാണ്, ക്രൂരമായ കൊലപാതകമാണെന്നു തെളിഞ്ഞിരിക്കുന്നത്. കൊല്ലപ്പെടുന്നതിനു മുമ്പ് നിക ലൈംഗിക പീഡനത്തിനും ഇരയായിരുന്നു. പുറത്തുവന്ന ചില രഹസ്യ രേഖകള്‍ പ്രകാരം നികയോട് ക്രൂരത കാണിച്ചത് ഇറാന്റെ ഔദ്യോഗിക സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാപത്തിനിടയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒമ്പത് ദിവസത്തിനുശേഷമാണ് കണ്ടെത്തിയത്. നിക ഷകറാമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇറാന്‍ ഭരണകൂടവും റവല്യൂഷണറി ഗാര്‍ഡ്‌സും വാദിച്ചിരുന്നത്. പുറത്തുവന്ന രേഖകളോട് പ്രതികരിക്കാന്‍ ഭരണകൂടവും സൈന്യവും തയ്യാറായിട്ടില്ല. Iran IRGC killing

‘ അതീവ രഹസ്യാത്മക’മായ റിപ്പോര്‍ട്ട് നിക ഷകറാമിയുടെ കേസുമായി ബന്ധപ്പെട്ട് ഐആര്‍ജിസി നടത്തിയ അന്വേഷണത്തെ പ്രതിപാദിക്കുന്നതാണ്. ഈ റിപ്പോര്‍ട്ടില്‍ നികയുടെ കൊലയാളികളുടെയും, സത്യം മൂടിവയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുടെയും പേരു വിവരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

രഹസ്യ വാഹനത്തിന് സമീപം തടഞ്ഞു നിര്‍ത്തുന്നതു മുതല്‍ സുരക്ഷ സൈനികോദ്യോഗസ്ഥര്‍ 16 കാരിയായ പെണ്‍കുട്ടിയോട് ചെയ്ത ക്രൂരതകളുടെ അസ്വസ്ഥജനകമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് ബിബിസി പറയുന്നത്. സൈനികരിലൊരാള്‍ അവളുടെ മേല്‍ കയറിയിരുന്നു ചെയ്ത ഉപദ്രവം, ലൈംഗികോപദ്രവം, കൈവിലങ്ങുകളില്‍ ബന്ധിച്ച് അവളോട് ചെയ്ത ദേഹോപദ്രവം തുടങ്ങിയ കാര്യങ്ങളൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാസങ്ങളോളം എടുത്ത്, നിരവധി രേഖകള്‍ പരിശോധിച്ച് കണ്ടെത്തിയ കാര്യങ്ങളാണ് തങ്ങള്‍ പുറത്തു വിടുന്നതെന്നാണ് ബിബിസി അവകാശപ്പെടുന്നത്.

നിക ഷകറാമിയുടെ തിരോധാനം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മതഭരണകൂടത്തില്‍ നിന്നുള്ള ഇറാനിയന്‍ സ്ത്രീകളുടെ സ്വാതതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍, പ്രതിഷേധക്കാര്‍ നികയുടെ ചിത്രങ്ങളും കൈയിലേന്തിയിരുന്നു. രാജ്യത്തിന്റെ തെരുവുകളില്‍ മുഴുവന്‍ നികയ്ക്കു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ മുഴങ്ങി.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ മത പൊലീസ് കൊന്നു കളഞ്ഞ 22 കാരി മഹ്‌സ അമിനി(മഹ്സ അമിനി; ഇറാന്‍ ഭയക്കുന്ന രക്തസാക്ഷിത്വം) യ്ക്കു വേണ്ടി ഇറാന്‍ യുവത്വം തെരുവിലിറങ്ങിയ കാലത്താണ് നിക എന്ന 16 കാരിക്കും ജീവന്‍ നഷ്ടമായത്.  നിര്‍ബന്ധിത ഹിജാബ് ധാരണത്തിനെതിരേ പൊട്ടിപ്പുറപ്പിട്ട യുവാക്കളുടെ രോഷത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് നിക. അവളുടെ തിരോധാനത്തിനു പിന്നാലെ പ്രക്ഷോഭകാരികളുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് ‘ അപ്രത്യക്ഷയായ’ നിക ആയിരുന്നു.

കാണാതായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ്, അവളുടെ കുടുംബത്തിന് നികയുടെ മൃതദേഹം ഒരു മോര്‍ച്ചറിയില്‍ നിന്നും കിട്ടുന്നത്. പൊലീസ് പറഞ്ഞത്, നികയുടെ മരണത്തിന് കലാപവുമായി ബന്ധമില്ലെന്നും, അവള്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ്. കാണാതാകുന്നതിന് മുമ്പ് അവസാനമായി പുറത്തു വന്ന നികയുടെ വീഡിയോ, സെന്‍ട്രല്‍ ടെഹ്‌റാനിലെ ലേല പാര്‍ക്കില്‍, ഒരു മാലിന്യ തൊട്ടിയില്‍ കൂട്ടിയിട്ട ഹിജാബുകള്‍ കത്തിക്കുന്നതായിരുന്നു. ആ സമയം, നികയ്ക്ക് ചുറ്റുമുണ്ടായിരുന്ന പ്രക്ഷോഭകര്‍, ‘ സ്വേച്ഛാധിപതിക്ക് മരണം’ എന്ന് അലറി വിളിക്കുന്നുണ്ടായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനിക്കെതിരായ പ്രതിഷേധമായിരുന്നു അവരുടെ വാക്കുകളില്‍. ഈ സംഭവത്തിന്റെ പേരില്‍ ഭരണകൂടം അതിന്റെ ചാരക്കണ്ണുകള്‍ നികയ്ക്കു മേല്‍ നീട്ടിയിരുന്നുവെന്നാണ് ക്ലാസിഫൈഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യാന്വേഷണത്തില്‍ നിക പ്രതിഷേധത്തിന്റെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളെന്നു കണ്ടെത്തി, അവളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ നിക രക്ഷപ്പെട്ടു. അന്നു രാത്രി നിക അവളുടെ  സുഹൃത്തിനെ വിളിച്ച്, ഐആര്‍ജിസി തന്റെ പിന്നാലെയുണ്ടെന്നു പറഞ്ഞിരുന്നുവെന്ന് നികയുടെ ബന്ധു ബിബിസിയോട് പറയുന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിക പിടിയിലായി. അവരവളെ, രേഖകളൊക്കെ മറച്ചൊരു ഫ്രീസര്‍ വാനില്‍ ബന്ധിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റവല്യൂഷണറി ഗാര്‍ഡിന്റെ ‘ടീം 12’ സംഘമായിരുന്നു നികയെ പിടിച്ചത്. വാനിന്റെ പിന്നിലായിരുന്നു അവര്‍ നികയെ പൂട്ടിയത്, അവള്‍ക്കൊപ്പം ടീം 12-ലെ അറഷ് കല്‍ഹോര്‍, സദേഗ് മൊന്‍ജാസി, ബെഹ്‌റൂസ് സദേഗി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. അവരുടെ തലവന്‍ മൊര്‍ത്തേസ ജലീല്‍ ഡ്രൈവര്‍ക്കൊപ്പം മുമ്പിലെ കാബിനിലായിരുന്നു.

നികയെ എങ്ങോട്ട് കൊണ്ടു പോകുമെന്ന കാര്യത്തില്‍ സംഘത്തിന് നിശ്ചയമുണ്ടായിരുന്നില്ല. സമീപത്തുള്ള പൊലീസ് കാമ്പിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും, തിരക്കും ബഹളവുമായതിനാല്‍, ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് 35 മിനിട്ടോളം വണ്ടിയോടിയാല്‍ എത്തുന്ന ഒരു തടങ്കല്‍ പാളയത്തിലേക്ക് പോകാമെന്ന തീരുമാനം കമാന്‍ഡര്‍ എടുത്തെങ്കിലും അതും പിന്നീട് ഉപേക്ഷിച്ചു. ഈ സമയത്തെല്ലാം നിക തങ്ങളുമായി തര്‍ക്കിക്കുകയായിരുന്നുവെന്നാണ് കമാന്‍ഡര്‍, അന്വേഷണ സംഘത്തിനോട് പറഞ്ഞതായി റിപ്പോര്‍ട്ടിലുള്ളത്. തടങ്കല്‍ പാളയത്തില്‍ 14 ഓളം സ്ത്രീ തടവുകാര്‍ ആ സമയത്തുണ്ടായിരുന്നു, നികയെ അവര്‍ക്കൊപ്പം ചേര്‍ത്താല്‍, അവള്‍ ബാക്കിയുള്ളവരെ പ്രേരിപ്പിച്ച ജയിലില്‍ അടുത്ത കലാപം ഉണ്ടാക്കുമോയെന്ന പേടിയായിരുന്നു തനിക്കെന്നാണ് മൊര്‍ത്താസ ജലീല്‍ പറയുന്നത്. ഒടുവില്‍ ഐആര്‍ജിസി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മൊര്‍ത്താസ ഉപദേശം തേടി വിളിച്ചു. അവിടെ നിന്നുള്ള നിര്‍ദേശം നികയെ കുപ്രസിദ്ധമായ എവിന്‍ ജയിലിലേക്ക് കൊണ്ടു പോകാനായിരുന്നു.

തടങ്കല്‍ പാളയത്തില്‍ നിന്നും തിരികെ വാനില്‍ കയറ്റിയതിനു പിന്നാലെ നിക വലുതായി ബഹളം വയ്ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് സൈനികരിലൊരാളായ അറഷ് കല്‍ഹോര്‍, അയാളുടെ സോക്‌സ് ഉപയോഗിച്ച് അവളുടെ വായ് മൂടാന്‍ ശ്രമിച്ചു. നിക ബഹളം നിര്‍ത്താന്‍ തയ്യാറല്ലെന്നു കണ്ടതോടെ സാദേഗ് മോന്‍ജാസി അവളെ ചെസ്റ്റ് ഫ്രീസറിലേക്ക് കിടത്തിയശേഷം ആ പെണ്‍കുട്ടിയുടെ പുറത്തു കയറിയിരുന്നു. കുറച്ചു നേരത്തേക്ക് നിക തളര്‍ന്നു പോയെങ്കിലും, ആ പെണ്‍കുട്ടി വീണ്ടും വീറോടെ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആ 16 കാരിയെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍, സൈനികര്‍ ചെയ്തത്, അവളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അതിനൊപ്പം അവര്‍ അവളെ ക്രൂരമായി തല്ലാനും തുടങ്ങി. നിക പ്രതിരോധിക്കാതിരിക്കാന്‍ അവര്‍ അവളുട കെെകള്‍ പിന്നില്‍ കെട്ടിവച്ചു. എന്നിട്ടും അവള്‍ കഴിയുന്നതുപോലെ തങ്ങളോട് എതിരിടാന്‍ ശ്രമിച്ചെന്നാണ് സൈനികര്‍ പറയുന്നത്. എന്നാല്‍, നികയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന കമാന്‍ഡറുടെ മൊഴി തെറ്റാണെന്നും സൈനികര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ പറയുന്നുണ്ട്. തങ്ങളെ ഉപദ്രവിക്കാന്‍ നിക ശ്രമിച്ചപ്പോള്‍, തിരിച്ചു പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും സൈനികര്‍ വാദിക്കുന്നു. മൊര്‍ത്താസ(കമാന്‍ഡര്‍) പറയുന്നത്, കുറച്ചു സമയത്തു ശേഷം പിന്നിലെ കാബിന്‍ താന്‍ പരിശോധിക്കുമ്പോള്‍ നികയുടെ ജീവനില്ലാത്ത ശരീരമാണ് കാണുന്നതെന്നാണ്. താനാണവളുടെ മുഖത്തു നിന്നും തലയില്‍ നിന്നും രക്തം തുടച്ചു മാറ്റിയതെന്നും മൊര്‍ത്താസ മൊഴി നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുശേഷം മകളെ താന്‍ കാണുന്നത് മോര്‍ച്ചറിയില്‍ ജഡമായിട്ടാണെന്നാണ് നികയുടെ അമ്മ പറയുന്നത്. ബിബിസി പരിശോധിച്ച നികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, അവളുടെ ശരീരത്തില്‍ ശക്തിയുള്ള ഉപകരണങ്ങള്‍ കൊണ്ടുള്ള കാര്യമായ ക്ഷതങ്ങള്‍ ഏറ്റിരുന്നതായി പറയുന്നുണ്ട്. ലൈംഗികാതിക്രമം തടയാന്‍ വേണ്ടി നിക ശ്രമിച്ചിട്ടുണ്ടാകുമെന്നും ആ സമയത്താണ് സൈനികര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.

നിക മരിച്ചെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മൊര്‍ത്താസ വീണ്ടും ഐആര്‍ജിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ബന്ധപ്പെട്ടിരുന്നു. വഴിയില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു നിര്‍ദേശം. അതേ തുടര്‍ന്ന് ടെഹ്‌റാനിലെ യാദേഗര്‍-ഇ-ഇമാം ഹൈവേയ്ക്ക് താഴെയുള്ള തിരക്കൊഴിഞ്ഞ തെരുവില്‍ അവര്‍ നികയെ വലിച്ചെറിഞ്ഞു.

 

English summary; Iran security forces molested and killed teen protester Nika Shakarami Iran IRGC killing

ബിബിസി റിപ്പോര്‍ട്ട് വിശദമായി ഇവിടെ വായിക്കാം    

 

Share on

മറ്റുവാര്‍ത്തകള്‍