UPDATES

വിദേശം

നവാസോ ബിലാവലോ, അതോ പതിവു പോലെ സൈന്യം തീരുമാനിക്കുമോ പാകിസ്താന്റെ ഭാവി?

പാകിസ്താനില്‍ വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു

                       

കഴിഞ്ഞ ഒരു വര്‍ഷമായി അരങ്ങേറി കൊണ്ടിരിക്കുന്ന നിരവധിയായ രാഷ്ട്രീയ സാമ്പത്തിക നാടകങ്ങള്‍ക്കിടയിലാണ് പാകിസ്താന്‍ പാതു തെരഞ്ഞെടുപ്പ് നേരിടുന്നത്. ജനാധിപത്യം പേരിന് മാത്രമായി തീര്‍ന്ന രാജ്യത്ത് ഈ പൊതു തെരെഞ്ഞെടുപ്പ് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമോയെന്നാണ് ഓരോരുത്തരും ഉറ്റു നോക്കുന്നത്. ഇന്നേ വരെ തെരഞ്ഞെടുപ്പുകള്‍ വഴി അധികാരത്തിലെത്തിയ ഒരാളും പാകിസ്താനില്‍ പ്രധാനമന്ത്രി പദത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.

പാക്കിസ്താന്‍ ദേശീയ അസംബ്ലിയിലക്കും പ്രവിശ്യാ നിയമസഭകളിലേക്കുമാണ് ഫെബ്രുവരി എട്ടിന് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 241 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 128 ദശലക്ഷം ജനങ്ങള്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണ്. ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 ലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനൊപ്പം നാലു പ്രവിശ്യ അസംബ്ലികളിലേക്കുള്ള 749 സീറ്റുകളില്‍ 593 ലേക്കും വോട്ടെടുപ്പു നടക്കും. ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്, സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ നാല് പ്രവിശ്യാ അസംബ്ലികളിലേക്കും 18,000 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെന്നാണു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018-ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഖാന് വിലക്കുണ്ട്. എന്നാലും ഇമ്രാന്റെ പാര്‍ട്ടി മത്സരരംഗത്തുണ്ട്. പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ്(പിഎംഎല്‍ എന്‍), പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ്(പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാര്‍ട്ടികള്‍. ആകെ 44 പാര്‍ട്ടികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. കശ്മീര്‍ വിഷമയടക്കം പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരാകും പുതിയ പ്രധാനമന്ത്രിയെന്നത് ഇന്ത്യയ്ക്കും നിര്‍ണായകമാണ്.

ആരാകാം അടുത്ത പാക് പ്രധാനമന്ത്രി?

നവാസ് ഷരീഫ്

പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) (പിഎംഎല്‍-എന്‍) പാര്‍ട്ടിയുടെ നേതാവാണ് നവാസ് ഷരീഫ്. മൂന്ന് തവണ(1993, 1999, 2017) രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഒരേയൊരു പാകിസ്ഥാന്‍ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. മൂന്ന് തവണയും അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഭരണ കാലാവധി പൂര്‍ത്തിയാക്കാന്‍ നവാസ് ഷെരീഫിന് സാധിച്ചിട്ടില്ല. ‘പഞ്ചാബിന്റെ സിംഹം’ എന്നാണ് നവാസ് ഷരീഫ് അറിയപ്പെടുന്നത്. പാര്‍ട്ടി പ്രകടന പത്രികയില്‍ ഇന്ത്യക്ക് സമാധാന സന്ദേശം നവാസ് ഷെരീഫ് വാഗ്ദാനം ചെയ്തിരുന്നു. 2019 ഓഗസ്റ്റില്‍
കശ്മീര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ പിന്‍വലിക്കുമെന്ന വ്യവസ്ഥയില്‍മേലായിരുന്നു നവാസ് ഷരീഫിന്റെ വാഗ്ദാനം എന്നാണു പാകിസ്താന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താനില്‍ നിന്നും നാടുകടത്തിയ നവാസ് ഷരീഫ് 2023-ല്‍ ഇന്ത്യയുടെ പുരോഗതിയും ആഗോള മുന്നേറ്റവും അംഗീകരിച്ചു കൊണ്ട് സംസാരിച്ചതായി ഡിഡി ന്യൂസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അയല്‍ രാജ്യങ്ങള്‍ ചന്ദ്രനിലെത്തുന്നത് പോലുള്ള നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ പാകിസ്താന്‍ സ്വയം ഉയര്‍ത്താന്‍ പാടുപെടുകയാണെന്നാണ് നവാസ് ഷരീഫ് വിമര്‍ശിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം ലണ്ടനിലായിരുന്ന ഷെരീഫ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, നവാസ് ഷരീഫിന് ‘ഇന്ത്യയോട് ചായ്വുള്ളതായി പറയുന്നുണ്ട്. കൂടാതെ, നവാസ് ഷരീഫിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു മൃദു സമീപനം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവാസ് ഷരീഫിന്റെ ഭരണകാലത്ത് പ്രധാനമന്ത്രി മോദി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. ഒപ്പം നവാസ് ഷരീഫ് അധികാരത്തില്‍ വന്നാല്‍ ചില പരമ്പരാഗത ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിശകലനത്തില്‍ പറയുന്നുണ്ട്.

ബിലാവല്‍ ഭൂട്ടോ-സര്‍ദാരി

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) ചെയര്‍മാനാണ് ബിലാവല്‍ ഭൂട്ടോ-സര്‍ദാരി. ലോകത്തിലെ ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ മകനാണ് ബിലാവല്‍. ബേനസീര്‍ ഭൂട്ടോ രണ്ടുതവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും 2007-ല്‍ വധിക്കപ്പെടുകയും ചെയ്തു. ബിലാവല്‍ ഭൂട്ടോയുടെ പിതാവായ ആസിഫ് അലി സര്‍ദാരി 2008 സെപ്റ്റംബര്‍ മുതല്‍ 2013 സെപ്റ്റംബര്‍ വരെ പാക്കിസ്താന്റെ 11-ാമത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയും പാകിസ്താന്‍ ഭരിച്ചിട്ടുണ്ട്. 2022-ല്‍ ഇമ്രാന്‍ ഖാനെ പുറത്താക്കിയ നവാസിന്റെയും സഹോദരന്‍ ഷെഹ്ബാസ് ഷരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യ -സര്‍ക്കാരില്‍ ബിലാവല്‍ പാക്കിസ്ഥാന്റെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ മേലുള്ള നിലപാടില്‍ നവാല് ഷെരീഫില്‍ നിന്നും വ്യത്യസ്തനാണ് ബിലാവല്‍. 2023 മെയ് മാസത്തില്‍ ബിലാവല്‍ ഭൂട്ടോ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരിലെ തര്‍ക്ക മേഖലയില്‍ ടൂറിസം സമ്മേളനം സംഘടിപ്പിച്ചതിന് ബിലാവല്‍ ഭൂട്ടോ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കുകയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും നിശിതമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ തന്റെ പാര്‍ട്ടി നിരന്തരം വാദിക്കുന്നുണ്ടെന്നും, ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയില്‍, ഇന്ത്യ മാറിപ്പോയെന്നും ഇപ്പോള്‍ ഇന്ത്യയൊരു ‘വഞ്ചക ഹിന്ദുത്വ ഭീകര രാഷ്ട്രമാണെന്ന്’ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കേണ്ട സമയമായിരിക്കുന്നുവെന്നും ബിലാവല്‍ പറയുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

2022 ഡിസംബറില്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഗുജറാത്തിലെ കശാപ്പുകാരന്‍’ എന്ന് ബിലാവല്‍ ഭൂട്ടോ അധിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ‘പാകിസ്താന്‍ ഒസാമ ബിന്‍ ലാദന്റെ ആതിഥേയ രാജ്യം’ എന്ന പരാമര്‍ശങ്ങളോടുള്ള തിരിച്ചടിയായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ ആക്ഷേപം. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ മുത്തച്ഛന്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ ഇന്ത്യ വിരുദ്ധ കുടുംബമായാണ് അവരെ കണക്കാക്കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിശകലനത്തില്‍ പറയുന്നത്. ബിലാവല്‍ പ്രധാനമന്ത്രിയായില്ലെങ്കില്‍ പോലും ഭരണസഖ്യം സൃഷ്ടിക്കുന്നതില്‍ പിപിപി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ഇമ്രാന്‍ ഖാന്‍

മുഖ്യപ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. തുടര്‍ച്ചയായി ജയില്‍ ശിക്ഷ അനുഭവിച്ചതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കയിത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ 2018 ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും തുടര്‍ന്ന് 2022 ല്‍ അവിശ്വാസ വോട്ടില്‍ പുറത്താക്കപ്പെടുന്നതുവരെയുമായിരുന്നു ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. ഇമ്രാന്‍ ഖാന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ടയൊന്നാണ്.

സൈന്യവുമായുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് തെരെഞ്ഞെടുപ്പില്‍ ചെലുത്താനുള്ള സാധ്യതകള്‍ കണ്ടറിയണം. നിയന്ത്രണങ്ങള്‍ക്കിടയിലും ഇമ്രാന്‍ ഖാന്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഡിയാല ജയിലില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. രണ്ടു ദശാബ്ദം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ക്രിക്കറ്റ് ലോകത്തെങ്ങും ആരാധകരുണ്ടായിരുന്നു ഇമ്രാന്‍ ഖാന്. ഒരു പഷ്തൂണ്‍ കുടുംബത്തില്‍ ലാഹോറില്‍ 1952-ല്‍ ജനിച്ച ഇമ്രാന്‍ യുകെയിലാണ് പഠിച്ചത്. 13ആം വയസില്‍ ക്രിക്കറ്റ് കളി തുടങ്ങി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 1971-ല്‍ തന്റെ 18ആം വയസില്‍ പാകിസ്താന് വേണ്ടി അരങ്ങേറ്റം കുറിച്ച ഇമ്രാന്‍ 1982-1992 കാലത്ത് പലപ്പോഴായി പാകിസ്താന്‍ നായകനായിരുന്നു. ഇമ്രാന്റെ നേതൃത്വത്തിലാണ് 1992ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയത്. പുരോഗമനവാദിയായ ഒരു രാഷ്ട്രീയക്കാരനായി നടിക്കുമെങ്കിലും, അദ്ദേഹത്തിന്റെ പല നിലപാടുകളും പിന്തിരിപ്പനാണെന്നാണ് വിമര്‍ശനം.

2018 പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐയായിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ 2022ല്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുകയായിരുന്നു. സൈഫര്‍ കേസിലും തോഷഖാന കേസിലും വിവാഹത്തില്‍ ഇസ്ലാമിക നിയമലംഘനം നടത്തിയെന്ന കേസിലുമാണ് ഇമ്രാന് കഴിഞ്ഞ വാരങ്ങളില്‍ ശിക്ഷ ലഭിച്ചത്. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന് വിലക്ക് ലഭിച്ചത്.

പാകിസ്താന്‍ നേരിടുന്ന പ്രശ്‌നം?

പാകിസ്താന്റെ നീണ്ട ചരിത്രത്തിനിടയില്‍ അര്‍ദ്ധ-ജനാധിപത്യവും സമ്പൂര്‍ണ സൈനിക ഭരണവും മാറി മാറി പരീക്ഷിച്ചിട്ടുണ്ട്. ആ പ്രക്രിയക്കിടയില്‍ അത് അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ കുരുങ്ങുകയും ഇസ്ലാമിക തീവ്രവാദത്തിന്റെ താവളമാവുകയും ചെയ്തു. മുന്‍കാലങ്ങളിലേതുപോലെ രാജ്യത്തെ ശക്തമായ സൈനിക സംവിധാനമാകുമോ ഇത്തവണത്തെയും വെല്ലുവിളി എന്നത് ചോദ്യചിഹ്നമാണ്. മുന്‍കാലങ്ങളില്‍ പട്ടാളം നേരിട്ട് അട്ടിമറി നടത്തുകയോ അല്ലെങ്കില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള പ്രത്യേകാധികാരം ഉപയോഗിക്കുകയും പിന്നെയത് തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പിനെ അവിഹിതമായി സ്വാധീനിച്ച് അവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യാറുള്ളത്. 2008-ല്‍ ആ പ്രത്യേകാധികാരങ്ങള്‍ ഇല്ലാതാക്കി; അങ്ങനെ ആദ്യമായി 2013-ല്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതിന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനുശേഷം കാര്യങ്ങളുടെ ഗതി വീണ്ടും തിരിച്ചായി. തങ്ങളുടെ മേല്‍ക്കോയ്മ വീണ്ടെടുക്കാന്‍ സൈന്യം എല്ലാത്തരത്തിലുള്ള ശ്രമങ്ങളും നടത്തുകയാണെന്ന് വിമര്‍ശകര്‍ പറയുന്നത്.

സൈന്യവും കോടതിയും എന്താണ് ചെയ്യുന്നത്?

പാകിസ്താനില്‍ എല്ലാ വിഷയങ്ങളുടെ പിറകിലും സൈന്യത്തിന്റെ സ്വാധീനം നിറഞ്ഞുനില്‍ക്കുന്നു. മിക്കപ്പോഴും സൈന്യം തങ്ങളുടെ താത്പര്യങ്ങളും തന്ത്രങ്ങളും മറ്റു സ്ഥാപനങ്ങള്‍ വഴിയാണ് നടപ്പാക്കുക.

ചോദ്യം ചെയ്യപ്പെടാവുന്ന ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നവാസ് ഷരീഫിനെ പലതവണ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയിട്ടുണ്ട്. അതിനുശേഷം വിചാരണ കോടതി അദ്ദേഹത്തെ 10 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. ആ വിധിയേയും അതിനോടനുബന്ധിച്ചുള്ള കോടതിയുടെ നീക്കങ്ങളെയും പല നിയമ വിദഗ്ധരും വിമര്‍ശിച്ചിട്ടുണ്ട്.

ഐ എസ് ഐ രഹസ്യാന്വേഷണ ഏജന്‍സി കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നു എന്നും തെരഞ്ഞെടുപ്പിന് മുമ്പ് നവാസ് ഷരീഫിനെ മോചിപ്പിക്കാതിരിക്കാന്‍ ന്യായാധിപന്മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ഇസ്ളാമാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷൗക്കത് അസീസ് സിദ്ധിക്കി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ, നിരോധിത തീവ്രവാദ സംഘടനകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നപ്പോള്‍ അധികൃതര്‍ കാണാത്ത മട്ടില്‍ നടിക്കുകയോ അല്ലെങ്കില്‍ അവരെ അങ്ങനെ ചെയ്യാന്‍ സഹായിക്കുകയോ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും പല തവണ ഉയര്‍ന്നിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍