December 10, 2024 |
Share on

രാജമാത തന്നെ രാജസ്ഥാന്‍ ഭരിക്കുമോ, അതോ മറ്റൊരു യോഗി വരുമോ? ‘ജയ്പൂരിന്റെ മകള്‍’ അടക്കം മുഖ്യമന്ത്രിയാകാന്‍ രംഗത്തുള്ളത് ഏഴ് പേര്‍

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെയായിരുന്നു ബിജെപി കളത്തിലിറങ്ങിയത്

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അശോക് ഗെഹ്‌ലോട്ടിന് വിശ്വസമുണ്ടായിരുന്നു. രാജസ്ഥാന്റെ അതുവരെയുള്ള കീഴ്‌വഴക്കം ഇത്തവണ തെറ്റുമെന്നായിരുന്നു ഗെഹ്‌ലോട്ടിനെപ്പോലെ കോണ്‍ഗ്രസും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ ഊഴം തങ്ങള്‍ക്കായിരിക്കണമെന്ന കടുത്ത വാശിയില്‍ തന്നെയായിരുന്നു ബിജെപി. അതിനവര്‍ കഴിവിന്റെ പരമാവധി പുറത്തെടുത്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രധാനമുഖങ്ങളെല്ലാം രാജസ്ഥാനില്‍ എത്തി.

കോണ്‍ഗ്രസിനെ വീഴ്ത്തി രാജസ്ഥാന്‍ പിടിക്കുമെന്ന വാശിയില്‍ നിന്നപ്പോഴും പതിവിന് വിപരീതമായി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തിയിരുന്നില്ല ബിജെപി(മധ്യപ്രദേശിലും അങ്ങനെ തന്നെയായിരുന്നു). മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യയെ കൂടുതല്‍ ആശ്രയിക്കാനും പോയില്ല. പലതര തര്‍ക്കങ്ങളും വിലപേശലുകളും ഭീഷണികളുമൊക്കെ പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുതാനും. എന്നാല്‍, എല്ലാ വെല്ലുവിളികളും മറികടന്ന് ഗെഹ് ലോട്ടിന്റെ സ്വപ്‌നങ്ങളും തകര്‍ത്ത് ബിജെപി രാജസ്ഥാനില്‍ അധികാരം പിടിച്ചെടുത്തു.

ഇപ്പോഴത്തെ പ്രധാന ചോദ്യം, ആരായിരിക്കും മുഖ്യമന്ത്രിയെന്നാണ്. ഒന്നും രണ്ടുമല്ല, ഏഴ് പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. അതിലാര്‍ക്കാണ് നറുക്ക് വീഴുകയെന്നത് കേന്ദ്രനേതൃത്വത്തിന് മാത്രം അറിയാം. എന്തായാലും ഒരാളെ തെരഞ്ഞെടുക്കുന്നത് കേവലം സംസ്ഥാനത്തെ താത്പര്യം മാത്രം നോക്കിയായിരിക്കില്ല, എല്ലായിടത്തെയും പോലെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗം തന്നെയാകും ഈ തീരുമാനവും.

വസുന്ധര രാജെ, ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ദിയ കുമാരി, ബാബ ബാലക്‌നാഥ്, അര്‍ജുന്‍ രാം മേഘ്വാള്‍, കിറോഡി ലാല്‍ മീണ, സി പി ജോഷി എന്നിവരാണ് മുഖ്യമന്ത്രി പദത്തിനുള്ള പട്ടികയില്‍ പ്രധാനികള്‍.

ഇപ്പോഴത്തെ കേന്ദ്ര നേതാക്കള്‍ക്ക് അത്ര പഥ്യമല്ലെങ്കിലും രാജസ്ഥാനില്‍ ബിജെപിയെ അധികാരത്തിന്റെ വഴിയില്‍ കൊണ്ടുവന്നത് വസുന്ധര രാജെ സിന്ധ്യയാണ്. രണ്ടു തവണ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയപ്പോഴും മുന്നില്‍ നിന്നു നയിച്ചത് ബിജെപി സ്ഥാപക നേതാക്കളില്‍ ഒരാളായ വിജയരാജെ സിന്ധ്യയുടെ മകളായിരുന്നു. സഹോദരന്‍ മാധവ റാവു സിന്ധ്യ കോണ്‍ഗ്രസിലെ പ്രബലനായി വളര്‍ന്നതുപോലെ തന്നെയാണ് സഹോദരി ബിജെപിയിലും ഉയര്‍ന്നു വന്നത്. 1984-ല്‍ ബിജെപി ദേശീയ എകിസിക്യൂട്ടീവ് അംഗമായ അവര്‍ യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് പദത്തിലുമെത്തി. ദോല്‍പൂരില്‍ നിന്നും എംഎല്‍എ ആയാണ് ആദ്യമായി പാര്‍ലമെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്.

2003-ല്‍ വസന്ധുര രാജസ്ഥാന്റെ ആദ്യ വനിത മുഖ്യമന്ത്രി എന്ന ചരിത്ര നേട്ടത്തോടെ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചു. മൂന്നു തവണ രാജസ്ഥാന്‍ നിയമസഭയിലെത്തിയ അവര്‍ അഞ്ചു തവണ ലോക്‌സഭയിലും അംഗമായി. വാജ്‌പേയി മന്ത്രിസഭയില്‍ കാബിനറ്റ് വകുപ്പും കൈകാര്യം ചെയ്തു. മൂന്നമതൊരിക്കല്‍ കൂടി മുഖ്യമന്ത്രി പദത്തിലെത്താന്‍ അവര്‍ കൊതിക്കുന്നുണ്ട്. എന്നാല്‍ ആ 70കാരിയെ പാര്‍ട്ടി നേതൃത്വം എത്രത്തോളം പിന്തുണയ്ക്കുമെന്നത് സംശയമാണ്. പോരാത്തതിന് ഒന്നിലധികം പേര്‍ ചില അധിക യോഗ്യതകളുമായി വരിയില്‍ നില്‍ക്കുമ്പോള്‍.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ പോലെ രാജസ്ഥാനില്‍ മറ്റൊരു യോഗിയെ ബിജെപി മുഖ്യമന്ത്രിയാക്കുമോ എന്നൊരു കൗതുകമാണ് അധികം പേര്‍ക്കും. ആത്മീയ നേതാവ് ആയ രാഷ്ട്രീയക്കാരനാണ് ബാബ ബാലക്‌നാഥ്. നിലവില്‍ ആല്‍വാറില്‍ നിന്നുള്ള ലോക്‌സഭ അംഗമാണ്. രാജസ്ഥാനിലെ യോഗി എന്ന നിലയില്‍ വളരെ പ്രശസ്തനാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് ബാബ ബാലക്‌നാഥിന്റെ പേരിന് മുന്‍ഗണനയുണ്ട്. പോരാത്തതിന് ഹിന്ദുത്വ അജണ്ടയുടെ പ്രധാന വക്താക്കളില്‍ ഒരാള്‍. ശക്തനായൊരു ഹിന്ദു നേതാവ് എന്ന നിലയില്‍ ഈ 40 കാരനെ ബിജെപിക്ക് ദേശീയതലത്തിലും അവതരിപ്പിക്കാന്‍ കഴിയും. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന തിജാറ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. എതിരാളി കോണ്‍ഗ്രസിന്റെ ഇമ്രാന്‍ ഖാന്‍. ബാബ ഈ മത്സരത്തെ താരതമ്യപ്പെടുത്തിയത് ‘ ഇതൊരു ഇന്ത്യ-പാകിസ്താന്‍ മത്സരം’ ആണെന്നായിരുന്നു. അത് വലിയ വിവാദമായെങ്കിലും കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് ബാബ നിയമസഭയില്‍ എത്തിയിരിക്കുന്നു. ഇനിയറിയേണ്ടത് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമോയെന്നാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതലായി പറഞ്ഞു കേള്‍ക്കുന്നൊരു പേരാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന ശബ്ദമായിരുന്നു. അശോക് ഗെഹ്‌ലോട്ടിനെതിരേയുള്ള ബിജെപിയുടെ പ്രതിരോധ പോരാളിയും ഗജേന്ദ്ര ശെഖാവത്ത് ആയിരുന്നു. ജോധ്പൂരില്‍ നിന്നുള്ള ലോക്‌സഭ എംപിയായ അദ്ദേഹം നിലവില്‍ കേന്ദ്രമന്ത്രിയാണ്. 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിനെയായിരുന്നു പരാജയപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളിന്റെ ഭാഗമായി നടന്ന സര്‍വ്വേയില്‍ രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനയില്‍ വസുന്ധര രാജെക്കും ബാബ ബാലക്‌നാഥിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉണ്ടായിരുന്നു.

ബിജെപി അവതരിപ്പിക്കുന്ന മറ്റൊരു ‘ രാജരക്ത’മാണ് ദിയ കുമാരി. ജയ്പൂര്‍ രാജവംശത്തിന്റെ പ്രതിനിധി. 2013-ല്‍ ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം പങ്കെടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലും ഗംഭീര വിജയം. 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ നേടിയത് 5.51 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. ‘ജയ്പൂരിന്റെ മകള്‍’ എന്നാണ് വിശേഷണം. ജനങ്ങള്‍ക്കിടയില്‍ സാധാരണക്കാരി എന്ന ഇമേജ് കൂടി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത്തവണ രാജസ്ഥാന്റെ ഭരണം രാജവംശത്തില്‍പ്പെട്ട മറ്റൊരു അംഗത്തെ ഏല്‍പ്പിക്കാമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നിയേക്കാമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനും താത്പര്യമുണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി കസേര. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക പ്രതിനിധിയാണ്. ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാരിനെ രക്ഷപ്പെടുത്തി നിര്‍ത്തുന്നതില്‍ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. ബിജെപി താത്പര്യത്തിനു പുറത്തു വരുന്ന ബില്ലുകള്‍ പാസ്സാക്കിയെടുക്കുന്നതിന് സാഹചര്യങ്ങള്‍ വിജയകരമായി ഒരുക്കുന്ന മേഘ്വാളിനെ രാജസ്ഥാന്റെ അധികാരം ഏല്‍പ്പിക്കാന്‍ മോദി-ഷാ സംഘത്തിന് താത്പര്യം കണ്ടേക്കാം.

ഡോക്ടര്‍ സാബ്, ബാബ എന്നൊക്കെയാണ് കിഡോരി ലാല്‍ മീണ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍. സംസ്ഥാനത്തെ മീണ സമുദായത്തിന്റെ പ്രധാന മുഖം. കിഴക്കന്‍ രാജസ്ഥാനില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി നിര്‍ത്തുന്നതില്‍ ഈ 72 കാരന്റെ പങ്ക് മുഖ്യം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദത്തിലേക്കുള്ള മുന്‍നിരക്കാരില്‍ മുന്നില്‍ തന്നെയുണ്ട് മീണ.

രാജസ്ഥാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ് സി പി ജോഷി. സംസ്ഥാന പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായപ്പോള്‍ കേന്ദ്രനേതൃത്വം കണ്ടെത്തിയ മരുന്നായിരുന്നു 48 കാരനായ ജോഷി. ഈ മാര്‍ച്ചിലാണ് സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തത്. പാര്‍ട്ടി അധികാരം തിരിച്ചു പിടിച്ചതില്‍ ജോഷിയുടെ നേതൃത്വമികവിനും പങ്കുണ്ട്. ഇടഞ്ഞു നിന്നവരെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയെന്നതുമാത്രമല്ല, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ബിജെപിയെ പ്രാപ്തനാക്കിയതും ജോഷിയുടെ നേതൃത്വമികവായിരുന്നു. എല്ലാം കൊണ്ടും ജോഷിയും മുഖ്യമന്ത്രിയാകാനുള്ള പ്രധാന ചോയ്‌സാണ്.

×