UPDATES

ശൈത്യത്തിലും തിരഞ്ഞെടുപ്പ് ചൂടില്‍ വിയര്‍ക്കുന്ന രാജസ്ഥാന്‍

ഉത്തരകാലം; ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു

                       

തൊണ്ണറുകള്‍ക്ക് ശേഷം ഭരണത്തുടര്‍ച്ചയുണ്ടായിട്ടില്ലാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും അവര്‍ മാറി മാറി പരീക്ഷിച്ചു. കഴിഞ്ഞ ഏതാണ്ട് നാല് പതിറ്റാണ്ടോളമായി അശോക് ഗഹ്ലോട്ട് തന്നെയാണ് കോണ്‍ഗ്രസിന്റെ നായകന്‍. ഭൈറോണ്‍സിങ് ശെഖാവത്തിന് ശേഷം രാജസ്ഥാന്‍ ബി.ജെ.പിയെ തുടര്‍ച്ചയായി നയിച്ചത് വസുന്ധര രാജെ സിന്ധ്യയും. അശോക് ഗഹ്ലോട്ട് മൂന്ന് വട്ടവും വസുന്ധര രാജെ രണ്ട് വട്ടവും രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇരുവരെയും ചുറ്റിപ്പറ്റിയാണ് രാജസ്ഥാന്‍ രാഷ്ട്രീയം മുന്നോട്ട് പോയത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഈ നേതാക്കള്‍ക്കിരുവരും അവരവരുടെ പാര്‍ട്ടിയില്‍ നിന്ന് കനത്ത വെല്ലുവിളികളാണ് നേരിട്ടത്. അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിനെതിരെ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും ഉന്നത കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് നിരന്തരം കലാപമുയര്‍ത്തി. പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് വരെയുള്ള വെല്ലുവിളികളുയര്‍ന്നു. വസുന്ധര രാജെയ്ക്കെതിരെ സംസ്ഥാന കേന്ദ്ര-നേതൃത്വങ്ങളില്‍ നിന്ന് പരാതിയുയര്‍ന്നു. അശോക് ഗഹ്ലോട്ട് സര്‍ക്കാരിനെതിരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതില്‍ വസുന്ധര രാജെ പരാജയപ്പെട്ടു എന്ന വിമര്‍ശനത്തിനൊടുവില്‍ അഞ്ച് വട്ടം എം.പിയും അഞ്ച് വട്ടം എം.എല്‍.എയും കേന്ദ്ര മന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്നിട്ടുള്ള വസുന്ധര രാജെയ്ക്ക് പകരം നിലവിലുള്ള പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡാണ് ബി.ജെ.പിയെ നയിക്കുന്നത്. എന്നാല്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ എ.ഐ.സി.സി അധ്യക്ഷനായതിന് ശേഷമുള്ള ഇടപെടലുകള്‍ക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു. അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും പരസ്പരം വിമര്‍ശനങ്ങളുന്നയിക്കാതെ ഒരുമിച്ച് തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും ബി.ജെ.പിയുടെ പരുങ്ങലും

200 നിയമസഭ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ മാറി മാറി ഭരണത്തിലെത്തുന്നുണ്ടെങ്കിലും 1998-ലാണ് അവസാനം കോണ്‍്ഗ്രസിന് തികച്ചും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. 153 സീറ്റുകള്‍. കൃത്യം 100 സീറ്റുകളും ബി.എസ്.പിയുടെയും സി.പി.ഐ.എമ്മിന്റേയും പിന്തുണയോടെയുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചത്. 2008-ലാകട്ടെ 96 സീറ്റുകള്‍ മാത്രം ലഭിച്ചിട്ടും സ്വതന്ത്രരുടേയും മറ്റും പിന്തുണയോടെ ഭരണം നടത്താനായി. അതേസമയം ബി.ജെ.പിയുടെ വിജയങ്ങളെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനായാലും ബി.ജെ.പിക്ക് ഭരണം പിടിക്കാനായാലും വലിയ ഭൂരിപക്ഷം ആര്‍ക്കുമുണ്ടാകില്ല എന്നാണ് സര്‍വ്വേകളും തിരഞ്ഞെടുപ്പ് വിദഗ്ദ്ധരും പറയുന്നത്.

മേവാട്, മാര്‍വാഡ്, ശെഖാവട്ടി, ഹഡൗടി എന്നിങ്ങനെയുള്ള രാജസ്ഥാനിലെ മേഖലകളിലേതെങ്കിലും പ്രത്യേക പാര്‍ട്ടികളെ പിന്തുണയ്ക്കുന്നതായി ഇത്തവണ സൂചനകളില്ല. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചിരിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ഭരണനേട്ടം ഉയര്‍ത്തിപിടിച്ചുള്ള ഏഴിന വാഗ്ദാനങ്ങളെ കേന്ദ്ര പദ്ധതികളെ കൊണ്ട് എതിര്‍ക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡിന്റെ നേതൃത്വത്തിലാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കില്ല. അതേസമയം കോണ്‍ഗ്രസ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തെ തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന് മറുപടിയായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തങ്ങളുടെ പ്രചാരണമെന്ന് ബി.ജെ.പി നേതൃത്വം പറയുന്നു.

സൊറാം താന്‍ഗയും മിസോറാമെന്ന ബി.ജെ.പിയുടെ ബാലികേറാമലയും

രാജസ്ഥാനിലെ വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തിലധികം വരുന്ന സ്ത്രീകളെ ഉന്നം വച്ചാണ് കോണ്‍ഗ്രസിന്റെ പ്രചരണത്തിലേറെയും. സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും ഗ്രാമീണ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന് നിര്‍ണായക മേല്‍ക്കൈ ഉണ്ടെന്നാണ് അഭിപ്രായ സര്‍വ്വേകളുടെ സൂചന. കുടുംബനാഥകള്‍ക്ക് വര്‍ഷത്തില്‍ പതിനായിരം രൂപ, കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ചാണക ശേഖരണം, സര്‍ക്കാര്‍ കോളേജുകളിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി 15 ലക്ഷം രൂപയുടെ ഇന്‍ഷ്വൂറന്‍സ് പദ്ധതി, എല്ലാ വിദ്യാത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, ഒരു കോടി കുടുംബങ്ങള്‍ക്ക് 500 രൂപക്ക് പാചകവാതകം, വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍. ഇത് കൂടാതെ ഇന്ദിരാഗാന്ധി സ്മാര്‍ട്ട് ഫോണ്‍ പദ്ധതി, അന്നപൂര്‍ണ ഭക്ഷണ പൊതി പദ്ധതി, സംസ്ഥാന സര്‍ക്കാര്‍ ബസുകളില്‍ സത്രീകള്‍ക്ക് പകുതി നിരക്ക്, സൗജന്യ സാനിറ്ററി നാപ്കിന്‍ തുടങ്ങിയ പദ്ധതികള്‍ സ്ത്രീകളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുമുണ്ട്.

‘അവര്‍ക്ക് ഞങ്ങളെ എതിര്‍ക്കാന്‍ ഇ.ഡി മാത്രമാണുള്ളത്. ഞങ്ങള്‍ക്കാകട്ടെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ഏഴ് പദ്ധതികളുണ്ട്’-എന്ന മുഖ്യമന്ത്രി ഗഹ്ലോട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രചരണായുധമായി എടുത്തിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ യോജന തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി ഇതിനെ ചെറുക്കുന്നത്. മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വനിതാ നേതാക്കള്‍ നേരിട്ട് പ്രചരണത്തിനെത്തി മോദി സര്‍ക്കാര്‍ കേന്ദ്ര തലത്തില്‍ സത്രീകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളില്‍ സംസ്ഥാനം അവകാശവാദം ഉന്നയിക്കുക മാത്രമാണ് എന്ന് പറയുന്നു. പ്രദേശിക/മത രാഷ്ട്രീയവും ബി.ജെ.പിയുടെ പ്രചാരണ പരിപാടികളില്‍ സജീവമാണ്. കോണ്‍ഗ്രസ് ‘സനാതന ധര്‍മ്മ’ത്തെ എതിര്‍ക്കുന്നു, ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു തുടങ്ങിയ പതിവ് പ്രചരണ വിഷയങ്ങളും ബി.ജെ.പിക്കുണ്ട്.

രാജസ്ഥാനില്‍ വളരെ പ്രധാനമായുള്ള ജാതി രാഷ്ട്രീയവും ഇക്കുറി നിര്‍ണായകമാകും. നവംബര്‍ ഇരുപത്തിയഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണത്തില്‍ കോണ്‍ഗ്രസ് വിനിയോഗിച്ചത് സച്ചിന്‍ പൈലറ്റും അശോക് ഗഹ്ലോട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതായി എന്ന് സ്ഥാപിക്കാനാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ താര പ്രചാരകനായ രാഹുല്‍ ഗാന്ധി ദീപാവലിക്ക് ശേഷം മാത്രമേ രാജസ്ഥാനില്‍ പ്രചരണത്തിന് പോലും എത്തിയൂള്ളൂ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഗുജ്ജര്‍, മുസ്ലീം സമൂഹങ്ങളെ കേന്ദ്രീകരിച്ച് സച്ചിന്‍ പൈലറ്റും പിന്നാക്ക ഹിന്ദുവിഭാഗങ്ങളെ കേന്ദ്രീകരിച്ച് അശോക് ഗെഹ്ലോട്ടും പ്രവര്‍ത്തിക്കുന്നു.

അതേസമയം ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരങ്ങളുണ്ടായിട്ടുണ്ടെങ്കിലും താഴെ തട്ടില്‍ അതെത്രമാത്രം പ്രതിഫലിക്കുന്നുണ്ടെന്നത് പ്രധാനമാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് ദൊസ്താരക്ക് നേരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകളും കോണ്‍ഗ്രസിന് തലവേദനയാണ്. 21 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റുകള്‍ നിഷേധിച്ചത് കോണ്‍ഗ്രസിനകത്ത് വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് പക്ഷത്തെ പ്രധാനിയും നിലവിലെ ചീഫ് വിപ്പുമായ മഹേഷ് ജോഷിക്കടക്കം സീറ്റ് നല്‍കാതിരുന്നത് പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികള്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണ്. സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എം.എല്‍.എമാരില്‍ രണ്ട് പേരൊഴികെ ആരും വിമതസ്ഥാര്‍ത്ഥികളായിട്ടില്ല. നാഗൂരിലും ബാരിയിലുമാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് മത്സരിക്കുന്നത്. നാഗൂരാകട്ടെ, നിലവിലുള്ള എം.പി കൂടിയായ രാഷ്ട്രീയ ലോകതാന്ത്രിക് നേതാവ് ഹനുമാന്‍ ബേനിവാള്‍ മത്സരിക്കാനിറങ്ങിയതോടെ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായി മാറി. മുന്‍ ബി.ജെ.പി നേതാവായ ബേനിവാള്‍ കുറച്ച് കാലം മുമ്പാണ് വസുന്ധര രാജെയോട് പിണങ്ങി ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നത്. അതോടെ ആര്‍ക്കാണ് ഈ മണ്ഡലം ഗുണപ്പെടുക എന്നത് ഉറപ്പിച്ച് പറയാനാകാതെയായി.

പതിവ് പോലെ പല കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ജയ്പൂര്‍ മുന്‍ മേയര്‍ ജ്യോതി ഖാണ്ഡെല്‍വാള്‍, മുന്‍ എം.എല്‍.എമാരായ ചന്ദ്രശേഖര്‍ ബെയ്ഡ്, നന്ദലാല്‍ പൂനിയ, ഹരി സിങ്ങ് സഹാരണ്‍, സന്‍വര്‍മാല്‍ മഹാരിയ തുടങ്ങിയവര്‍ ഉദാഹരണം. ഇവരെല്ലാവരും ശെഖാവട്ടി മേഖലയില്‍ പെടുന്ന ചുരു, ശികാര്‍, ജുന്‍ജുനു, നീം കാ താന ജില്ലകളില്‍ നിന്നുള്ളവരാണ്.

അവസാന റൗണ്ടിലേയ്ക്ക് കടക്കുമ്പോള്‍ രണ്ടു ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളേയും ജനപ്രിയ പദ്ധതികളേയും മോദി പ്രഭാവത്തിലും കേന്ദ്രഭരണത്തെ കുറിച്ചുള്ള പ്രചാരണങ്ങളും വഴി മറികടക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമോ? കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങള്‍ മാറിയെന്നത് വെറുതോന്നല്‍ മാത്രമാണോ, അതോ വിമതശല്യവും ഉള്‍പ്പിണക്കങ്ങളും അവരെ ബാധിക്കുമോ?

രാജസ്ഥാനില്‍ ഈ ശൈത്യകാലത്തും തിരഞ്ഞെടുപ്പ് ചൂട് കഠിനമാണ്.

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍