പ്രേക്ഷകന്‍ ഒടുക്കത്തെ ഹാപ്പിയാണ്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍; അതും വിവിധ ഴോണറുകളില്‍. മലയാളി പ്രേക്ഷകര്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തൊരു ഫ്രഷ് ഐറ്റമാണ് ഉല്ലാസ് ചെമ്പന്റെ അഞ്ചക്കളകോക്കാന്‍. പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും അഞ്ചക്കള്ളകോക്കാന്‍ എന്ന പേര് തന്നെയാണ് അതിന്റെ ‘ വെറയ്റ്റി’! ഒരു പേരിലെന്തിരിക്കുന്നു എന്നത് സിനിമ കാണുമ്പോള്‍ മനസിലാകും. സിനിമയുടെ പേര് മാത്രമല്ല, കഥാപാത്രങ്ങളുടെ പേരുകളും വ്യത്യസ്തമാണ്. അതിലൊന്നാണ് ‘ ശങ്കരാഭരണം’. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ പോലെ, മണികണ്ഠന്‍ ആചാരിയുടെ മറ്റൊരു തീപ്പൊരി ഐറ്റം. നടപ്പിലും ഭാവത്തിലും വരെ മണികണ്ഠന്‍ ആചാരി ആ കഥാപാത്രത്തെ താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനാക്കിയിരിക്കുകയാണ്. ശങ്കരാഭരണത്തിന്റയും അഞ്ചക്കള്ളകോക്കാന്റെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മണികണ്ഠന്‍ ആചാരി.
ഒരു കാപ്പി കുടിക്കിടയില്‍ കേട്ട കഥ
ചെമ്പന്‍ വിനോദ് ചേട്ടനുമായി ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രം മുതലുള്ള സൗഹൃദമാണ്. ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം എനിക്ക് ഉല്ലാസ് ചേട്ടനെ പരിചയപ്പെടുത്തുന്നത്. ഉല്ലാസ് സംവിധാനം ചെയ്ത പമ്പിച്ചി എന്ന ഷോര്‍ട് ഫിലിമും കാണിച്ചു തന്നു. ഉല്ലാസ് ചെമ്പന്‍ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നും നിന്നെ വിളിക്കുമെന്നും വിനോദ് ചേട്ടന്‍ പറഞ്ഞിരുന്നു. എന്നെ ഒരു പാട് ഇഷ്ടപ്പെടുകയും കൂടെ നിന്ന് പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പറഞ്ഞത് പോലെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഉല്ലാസ് വിളിച്ചു. ഞങ്ങള്‍ ഒന്നിച്ച് ഒരു കോഫി ഷോപ്പില്‍ പോയി ഒരു കാപ്പി കുടിച്ച് തീര്‍ത്തപ്പോഴേക്കും അദ്ദേഹം കഥയും എന്റെ കഥാപാത്രത്തെ പറ്റിയും പറഞ്ഞുതീര്‍ത്തു. കേട്ടപ്പോള്‍ തന്നെ ആ കഥാപാത്രം വല്ലാതെ ആകര്‍ഷിച്ചു. ശങ്കരാഭരണം എന്ന പേര് തന്നെ വളരെ വ്യത്യസ്തമാണ്. ഒരു സാധാരണ കഥയാണെങ്കിലും വേറിട്ട രീതിയിലായിരിക്കും ഉല്ലാസ് ചെമ്പന്‍ സിനിമയൊരുക്കുക എന്ന് അദ്ദേഹത്തിന്റെ പാമ്പിച്ചി കണ്ടപ്പോള്‍ തന്നെ ഉറപ്പായിരുന്നു.
സിനിമയുടെ ചിത്രീകരണം ഇടുക്കി വണ്ടിപ്പെരിയാര്‍ മേഖലയിലായിരുന്നു. ആദ്യ സീന്‍ പോലീസ് സ്റ്റേഷനിലേക്കുള്ള എന്റെ രംഗപ്രവേശം ആയിരുന്നു. അത്രയും വലിയ രീതിയിലൊരു ഇന്‍ട്രോ സിനിമ എനിക്കു നല്‍കിയ അംഗീകാരവും വരവേല്‍പ്പുമായാണ് അനുഭവപ്പെട്ടത്. തിരികെ വന്നു എന്ന ആത്മവിശ്വാസം അന്നെനിക്ക് ലഭിച്ചു. എന്റെ വിശ്വാസം തെറ്റിയില്ല എന്നതിന്റെ തെളിവാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണം.
കമ്മട്ടിപ്പാടവും അഞ്ചക്കള്ളകോക്കാനും
കമ്മട്ടിപ്പാടത്തിലെ ബാലന് ശേഷം എനിക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് ശങ്കരാഭരണം. സംഘട്ടന രംഗങ്ങള്‍ ഒരു പാടുള്ള ചിത്രം കൂടിയാണ് അഞ്ചക്കള്ളകോക്കാന്‍. കൂടാതെ പതിവ് രീതിയില്‍ നിന്ന് വിട്ട് കുറച്ച് വെസ്‌റ്റേണ്‍ സ്റ്റൈല്‍ പിടിച്ചിട്ടുണ്ട്. സംഘട്ടനങ്ങള്‍ അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞാന്‍ നാടന്‍ തല്ലിന്റെ ആളാണ്. മുന്‍പ് ചെയ്ത സിനിമകളില്‍ ഒന്നും തന്നെ അഞ്ചക്കള്ളകോക്കാനിലേത് പോലെ ശരീരം അടക്കി പിടിച്ചുകൊണ്ടും കൃത്യമായ സ്റ്റെപ്പുകള്‍ പിന്തുടര്‍ന്നുകൊണ്ടുമുള്ള സംഘട്ടനങ്ങള്‍ ഇല്ല. അത് ചെയ്ത് ഫലിപ്പിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ തന്നെയായിരുന്നു. രാജശേഖരന്‍ മാസ്റ്റര്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു. സഹതാരങ്ങളുടെ പിന്തുണയും കിട്ടിയതുകൊണ്ടാണ് ഭംഗിയാക്കി ചെയ്യാന്‍ സാധിച്ചത്. സെന്തില്‍ കൃഷ്ണയ്ക്കും എനിക്കും ചിത്രീകരണത്തിനിടയില്‍ പരിക്ക് പറ്റിയിരുന്നു. സെന്തിലിന് വാരിയെല്ലിന്റെ ഭാഗത്തായിരുന്നു പരിക്ക്. ഷര്‍ട്ട് ഇടാതെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്, ദേഹമാസകലം മുറിവുകളും ചതവുകളുമായിരുന്നു. സിനിമയായി വരുമ്പോള്‍ അതിന്റെതായ ഗുണം ഉണ്ടാകുമെന്ന പ്രചോദനത്തിലാണ് എല്ലാം സഹിച്ചത്. ശാരീരികമായും മാനസികമായും നന്നായി പണിയെടുത്തിട്ടുള്ള സിനിമ കൂടിയാണ് അഞ്ചക്കള്ളകോക്കാന്‍.
എട്ടുകൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വഴിത്തിരിവ്
അഞ്ചക്കള്ളകോക്കാന്‍ ഭാര്യയോടെയൊപ്പം തിയേറ്ററില്‍ പോയാണ് കണ്ടത്. എന്റെ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പലതും പ്രതീക്ഷിച്ച് നിരാശനാകേണ്ടി വന്നിട്ടുള്ളത് കൊണ്ടാണ്. നന്നായി കഷ്ടപ്പെട്ട് ചെയ്തു, അതിനുള്ള ഫലവും ലഭിച്ചു. ഇതേ രീതിയില്‍ ഒരു പ്രതീക്ഷയില്ലാതെ പോയ ചിത്രമാണ് കമ്മട്ടിപ്പാടവും, അതെന്റെ ജീവിതം മാറ്റി മറിച്ചു. അതേ അവസ്ഥ എട്ട് കൊല്ലങ്ങള്‍ക്കുശേഷം തരുന്നത് അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രമാണ്. ജീവിതത്തിലെ ഒരു വഴിത്തിരിവ് കൂടിയാണ് ചിത്രം. എഡിറ്റ് ചെയ്ത ശേഷം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ചിത്രീകരണ വേളയില്‍ ഈ കഥ എങ്ങനെയാണു ജനങ്ങള്‍ക്ക് മുമ്പില്‍ ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നതെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ലായിരുന്നു. തിയേറ്ററില്‍ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എല്ലാ സംശയങ്ങളും മാറി. അദ്ദേഹത്തിന്റെ ഒറ്റ കഴിവ് കൊണ്ടാണ് ചിത്രം ഇത്ര ഗംഭീരമായത്. അഭിനേതാക്കളുടെ സിനിമ മാത്രമല്ല, സാങ്കേതിക വിദഗ്ദ്ധരുടെ സിനിമ കൂടിയാണ് അഞ്ചക്കള്ളകോക്കാന്‍.
മണി ചേട്ടനും ഞാനും
കലാഭവന്‍ മണി ഒരു കാലത്ത് ചെയ്തിരുന്ന കഥാപാത്രങ്ങളോടൊപ്പം നില്‍ക്കാന്‍ പാകത്തിലുള്ള കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നു എന്ന തരത്തിലുള്ള സംസാരങ്ങളും സ്വീകാര്യതയും ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരിക്കലും അദ്ദേഹത്തിന് പകരമാകാന്‍ എനിക്ക് സാധിക്കില്ല, അതാണ് സത്യം. എന്നിലൂടെ അദ്ദേഹത്തെ ഓര്‍മ വരുന്നു എന്ന് പറയുന്നുണ്ടെങ്കില്‍ എനിക്ക് തീര്‍ച്ചയായും സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരു പക്ഷേ ഞാന്‍ ആ മനുഷ്യനെ സ്‌നേഹിച്ചത് കൊണ്ടും ഗുരുവായി സ്വീകരിച്ചതിന്റെയും പ്രഭാവമായിരിക്കാം പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്. മണിച്ചേട്ടനെ പോലെയാകാന്‍ വേണ്ടി മനഃപൂര്‍വം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഭംഗിയല്ല അഭിനയത്തിന്റെ അടിസ്ഥാനം എന്ന് മലയാളിക്ക് കാണിച്ചുകൊടുത്ത വ്യക്തിയാണ് മണിച്ചേട്ടന്‍. രൂപവും ഭാവവും ശബ്ദവും വേറെയാണെങ്കിലും ഞങ്ങള്‍ കടന്ന് വന്ന വഴികളൊന്നാണ്.
കഥാപത്രങ്ങളിലെ വ്യത്യസ്തത
ലഭിക്കുന്ന കഥാപത്രങ്ങളുടെ ആഴം നോക്കി തെരഞ്ഞെടുക്കാനും മാത്രം സിനിമയില്‍ അത്ര സ്ഥിരതയുള്ള അഭിനേതാവായിട്ടില്ല ഞാന്‍. സിനിമയില്‍ അഭിനയിക്കുക എന്നതിനാണ് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍ എല്ലാം ചെയ്തിട്ടുമുണ്ട്. വ്യത്യസ്തമായത് വരാന്‍ വേണ്ടി ഒരിക്കലും കാത്തു നിന്നിട്ടില്ല. വന്ന കഥാപത്രങ്ങളില്ലെല്ലാം വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുമുണ്ട്. ചെയ്യണ്ട എന്നു തീരുമാനിച്ച കഥാത്രങ്ങള്‍ വളരെ കുറവേയുള്ളൂ.
ഒരു ടൂര്‍ പോകുന്നതുപോലെ
മറ്റു ഭാഷകളിലേക്ക് വിളിക്കുമ്പോള്‍ സന്തോഷമാണ്. എങ്കിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വേരുറപ്പിക്കാന്‍ ആഗ്രഹിക്കുന്നതും മലയാളത്തില്‍ തന്നെയാണ്. കമ്മട്ടിപ്പാടത്തിന് മുന്‍പ് തമിഴില്‍ ഞാന്‍ മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. രണ്ട് സിനിമകള്‍ റിലീസ് ആയില്ല. ഒരെണ്ണം ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഓടിയത്. ഒരു ടൂര്‍ പോകുന്നത് പോലെയാണ് മറ്റു ഭാഷകളിലേക്ക് പോകുമ്പോള്‍ തോന്നുന്നത്.
ഇവിടെ വരെയെത്തി, ഇനിയും പോകാനുണ്ട്
മധു മോഹന്‍ സാറിന്റെ കാഴ്ചകള്‍ എന്ന സീരിയലിലൂടെ 11 വയസുള്ളപ്പോഴാണ് ആദ്യമായി ക്യാമറയുടെ മുമ്പില്‍ വരുന്നത്. ആ പ്രായം തൊട്ടേ അഭിനയവും സിനിമയും എന്റെ മനസിലുണ്ട്. വലിയ കടമ്പകള്‍ അതിജീവിച്ചാണ് ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നത്. ചെന്നൈയിലെ ജീവിതം, തെരുവുനാടകം കളിച്ച് നടന്നിരുന്ന സമയം, പാര്‍ട്ടി പരിപാടികളും കലാജാഥകളുമായി നടന്ന കാലം ഒക്കെയുണ്ടായിരുന്നു. ഇതൊന്നും കൂടാതെ നടനാണ് നാടകക്കാരനാണ് എന്ന് പറഞ്ഞ് സ്വയം എന്നെയും സമൂഹത്തെയും കബളിപ്പിച്ച് നടന്നിരുന്ന ഒരു സമയവും എനിക്കുണ്ടായിരുന്നു. അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ നിന്ന് തിരിച്ചറിവുകളുണ്ടായാണ് എന്നെ ഞാന്‍ ആക്കിയത്. തിരിഞ്ഞുനോക്കുമ്പോള്‍ അതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നേയില്ല എന്നാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുകയാണ്, ഇനിയും ഒരു പാട് പോകാനുണ്ട്.