UPDATES

ലാമിന്‍ യമാല്‍ എന്ന ബാഴ്‌സയിലെ അത്ഭുത ബാലന്‍

ലാ ലിഗ രൂപീകരിച്ച് 90 വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ലാമിന്‍ യമാല്‍

                       

2003 നവംബര്‍ 16, ബാഴ്സയില്‍ ഈ തീയതി തികച്ചും വ്യത്യസ്തമായ ഒരു കാരണത്താലാണ് ഓര്‍മിക്കപ്പെടുന്നത്. ലയണല്‍ മെസി ടീമില്‍ അരങ്ങേറ്റം കുറിച്ച ദിവസമായിരുന്നു അത്. 16 വര്‍ഷവും നാലു മാസവും 23 ദിവസവും മാത്രമുള്ളപ്പോഴാണ് മെസി ആദ്യമായി ടീമിന് വേണ്ടി വല കുലുക്കുന്നത്. ഇന്നിപ്പോള്‍ ബാഴ്സയ്ക്ക് കളിക്കളത്തത്തില്‍ മറ്റൊരു പതിനാറു വയസുകാരന്‍ കൂടിയുണ്ട്; ലാമിന്‍ യമാല്‍.

സീനിയര്‍ ടീമിനൊപ്പം സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ വെറും രണ്ടേരണ്ടു മത്സരങ്ങള്‍ മാത്രം, ലാമിന്‍ യമാലിന്റെ പ്രകടനം അവിശ്വസനീയതയോടെ കണ്ടുനില്‍ക്കുകയാണ് ലോകം. കളിക്കളത്തില്‍ തന്റെ ഡ്രബ്ലിങ്, പാസിങ്, സ്‌കോറിങ് എല്ലാം അവിസ്മരണീയമാം വിധം കാണികളെ പിടിച്ചിരുത്തുന്നതാണ്.

ഏപ്രില്‍ 29 ന് വെറും 15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ റയല്‍ ബെറ്റിസിനെതിരായി കളിച്ച തന്റെ അരങ്ങേറ്റ മത്സരം മുതല്‍ ഇപ്പോള്‍ വരെ യമാല്‍ ഫുട് ബോളിനോടുള്ള ആവേശം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ലാ ലിഗ രൂപീകരിച്ച് 90 വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ലാമിന്‍ യമാല്‍(15 വയസും 290 ദിവസങ്ങളും). മെസി കളിക്കുമ്പോള്‍ പ്രായം 17 വയസും 115 ദിവസങ്ങളുമായിരുന്നു. ഈ മാസം ആദ്യം ഒക്ടോബര്‍ എട്ടിന്്, ഗ്രാനഡയുമായുള്ള മത്സരത്തില്‍ 2-2 സമനിലയില്‍ കളി പിടിച്ചു നിര്‍ത്തിയ യമാല്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ ആണ്. രണ്ടു മത്സരങ്ങളിലായി ആറ് ഷോട്ടുകള്‍ ഗോള്‍ വല ലക്ഷ്യമിട്ടു പാഞ്ഞു. ലോംഗ് ഷോട്ടുകള്‍ ക്ലോസ് റെയ്ഞ്ചുകള്‍ എല്ലാം തരാതരം പോലെ മാറിയും മറിഞ്ഞും ഗോള്‍വല ലക്ഷ്യമിട്ടു ലാമിന്‍ തൊടുത്തുകൊണ്ടേയിരുന്നു.

റയല്‍ മാഡ്രിഡ് യമാലിനെ എല്‍ ക്ലാസിക്കോയിലെ തങ്ങളുടെ ഏറ്റവും അപകടകരമായ എതിരാളികളില്‍ ഒരാളായാണ് കണക്കാക്കുന്നത്. കളിക്കളത്തില്‍ അസാധാരണയമായ പാടവം പുറത്തെടുക്കുന്ന യമാലിനെ ഫുട്‌ബോള്‍ ഇതിഹാസമായ മെസിയോടാണ് താരതമ്യം ചെയ്യുന്നത്.

‘യമാലിന്റെ കഴിവുകള്‍ ലയണല്‍ മെസിയോട് സാമ്യമുള്ളവയാണ്. യമാലിലും മെസിയിലും അടങ്ങിയിരിക്കുന്ന ജന്മസിദ്ധമായ കഴിവുകള്‍ കണ്ടെത്തുക പ്രയാസമാണ്’. ബാഴ്സലോണയുടെ മാനേജര്‍ സാവി ഹെര്‍ണാണ്ടെ സാക്ഷ്യപ്പെടുത്തുന്നു.

പ്രാദേശികതലത്തില്‍ ഏറ്റവും താഴ തട്ടിലുള്ള മത്സരങ്ങളില്‍ കളിക്കുന്ന കൗമാര താരങ്ങളെ നിരീക്ഷിച്ച് അവരെ തങ്ങളുടെ തട്ടകത്തിലേക്ക് വലിയ ക്ലബ്ബുകള്‍ കൊണ്ടുവരുന്നത് പതിവാണ്. ലാമിന്‍ യമാലിന്റെ കാര്യത്തില്‍ കഥയല്‍പ്പം വ്യത്യസ്തമാണ്. ഒരു ദിവസം ഒരാള്‍ യമാലിന്റെ കളി കാണാനിടയായി. അയാള്‍ അപ്പോള്‍ തന്നെ ബാഴ്‌സയിലേക്ക് നേരിട്ട് വിളിക്കുകയും ആ പയ്യന് ഒരു ട്രയല്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2014 ല്‍ തന്റെ ഏഴാം വയസില്‍ യമാല്‍ ബാഴ്‌സയ്‌ക്കൊപ്പം പരിശീലനം ആരംഭിച്ചു.

ലാമിന്‍ യമാലിന്റെ അസാധാരണമായ കഴിവ് റോക്കഫോണ്ട പണ്ടേ തിരിച്ചറിഞ്ഞതാണ്. യമാലിനെ സംബന്ധിച്ചിടത്തോളം റോക്കഫോണ്ട തന്റെ കുടുംബം പോലെയാണ്. അവിടവുമായി പകരം വെക്കാന്‍ കഴിയാത്ത വൈകാരികമായ ആത്മബന്ധം നിലനില്‍ക്കുന്നു. ബാഴ്സലോണയില്‍ നിന്ന് ഏകദേശം 40 മിനിറ്റ് അകലെയുള്ള വെറും 120,000 നിവാസികളുള്ള ചെറു നഗരമാണ് റോക്കഫോണ്ട. പ്രാദേശിക ക്ലബുകളുടെ രജിസ്ട്രേഷന്‍ ഫീസ് താങ്ങാന്‍ സാധിക്കാതെ റോകഫോണ്ടയില്‍ പാവപെട്ട കുട്ടികള്‍ കളിക്കുന്ന കോണ്‍ക്രീറ്റ് ചെയ്ത ഫുട്‌ബോള്‍ കോര്‍ട്ടില്‍ നിന്നാണ് ലാമിന്‍ യമാല്‍ തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിക്കുന്നത്.

റോക്കഫോണ്ടയിലെ ലോക്കല്‍ പോസ്റ്റ്‌കോഡ് നമ്പര്‍ 08304 ആണ്. അവിടെയുള്ള ചുവരുകളിലും മാലിന്യബക്കറ്റുകളിലും വരെ 304 എന്ന നമ്പര്‍ എഴുതിവച്ചിട്ടുണ്ടാകും. ബാഴ്‌സക്ക് വേണ്ടി ആദ്യമായി ലാമിന്‍ വല കുലുക്കിയപ്പോള്‍ തന്റെ നഗരമായ റോക്കഫോണ്ടയുടെ പിന്‍കോഡിനെ സൂചിപ്പിക്കുന്ന പ്രകടനം നടത്തിയിരുന്നു.

തന്റെ ഹൃദയം ഇപ്പോഴും അവിടെ തന്നെ നിലക്കുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. മുത്തശ്ശിയും സഹോദരങ്ങളും അമ്മാവന്മാരുമൊക്കെ റോക്കഫോണ്ടയിലുണ്ട്. ലാമിന്റെ അമ്മാവനായ അബ്ദുള്ളിന്റെ കൊച്ചു ബേക്കറിയുടെ പ്രവേശന കവാടത്തില്‍ തന്നെ യമാലിന്റെ ചിത്രം വരച്ചു വച്ചിട്ടുണ്ട്. ബാഴ്‌സയില്‍ ജേഴ്‌സിലുള്ള യമാലിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മൊറൊക്കോയുടെയും ഗിനിയയുടെയും സ്‌പെയ്‌ന്റെയും ദേശീയ പതാകകളും ചിത്രീകരിച്ചിട്ടുണ്ട്. മൊറോക്കോ യമാലിന്റെ അച്ഛന്റെ രാജ്യമാണ്. ഗിനിയയുടെ അമ്മയുടെയും, സ്‌പെയ്ന്‍ യാമില്‍ ജനിച്ച രാജ്യവും. 35 വര്‍ഷം മുന്‍പാണ് ലാമിനിന്റെ കുടുംബം മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് എത്തുന്നത്. യമാലിന്റെ മുത്തശ്ശി ഫാത്തിമയാണ് ആദ്യം സ്‌പെയിനിലേക്ക് വരുന്നത്. ആ വരവില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് മക്കളെ കൊണ്ടുവരുന്നത്.

യമാലിന് മൂന്നു വയസുള്ളപ്പോള്‍ അവന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു. അതിനുശേഷം കുറച്ചു നാള്‍ തെക്കന്‍ മൊറോക്കയിലുള്ള ലാ ടൊറേറ്റയില്‍ അമ്മ ഷെയ്‌ലയ്‌ക്കൊപ്പമായിരുന്നു യമാലിന്റെ ജീവിതം.

ജോലി ചെയ്തിരുന്ന ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രത്തില്‍വച്ച് ഷെയ്‌ല പരിചയപ്പെട്ട ഇനോസെന്റെ ഡയസ് യമാലിന്റെ ഭാവി തിരുത്തിയവരില്‍ ഒരാളായിരുന്നു.

‘ വളരെ നാണംകുണുങ്ങിയായ ഒരു പയ്യന്‍, വിനയമുള്ളവനും സൗമ്യനും. ഞാന്‍ പറയുന്നതൊക്കെയും അവന്‍ കേട്ടിരിക്കുമായിരുന്നു. ഇപ്പോഴും അവനെന്നെ കാണാന്‍ വരും. അവന്റെ പഴയ കൂട്ടുകാരുമായും അവന്‍ ബന്ധം തുടരുന്നുണ്ട്. ആരെങ്കിലുമായെന്ന ഭാവം ആരോടും കാണിക്കാറില്ല’- യമാലിന്റെ വളര്‍ച്ചയില്‍ ഡയസ് ഏറെ സന്തോഷവനാണ്.

ഡയസ് ഒരു പ്രാദേശിക ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. നാട്ടില്‍ അയാള്‍ അറിയപ്പെട്ടിരുന്നത് കുബാല എന്നായിരുന്നു. അക്കാലത്ത് ബാഴ്‌സയുടെ ഹീറോയായിരുന്നു ലാസ്ലോ കുബാല. ഡയസ് ആണ് ഷെയ്‌ലയെ നിര്‍ബന്ധിച്ച് ലാ ടൊറേട്ടയില്‍ ക്ലബ്ബില്‍ യമാലിനെ ചേര്‍ക്കുന്നത്. പണം ഒരു പ്രശ്‌നമായിരുന്നുവെങ്കിലും യമാലിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന ക്ലബ് ഉടമസ്ഥര്‍ ആ ബാലന്റെ കളികള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

ലാമിന്‍ യമാല്‍ പ്രതിഭാശാലിയായാണ്. ഈ പ്രായത്തില്‍; ഇത്രയും വലിയൊരു ടീമിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്നാല്‍ ലാമിനില്‍ എന്തോ മാന്ത്രികതയുള്ളതായാണ് എനിക്ക് അനുഭവപെടുന്നത്. ഒരിക്കല്‍ പരിശീലനത്തിനായി ഒന്നിച്ച് പോകുമ്പോള്‍ ഞാന്‍ ലാമിനോട് പറഞ്ഞു, ഒരു ദിവസം ബാഴ്സയുടെ കരാറില്‍ നീ ഒപ്പ് വെക്കുമെന്ന്. അന്ന് പക്ഷെ അങ്ങനെ ഒന്നും സംഭവിക്കില്ലെന്നായിരുന്നു ലാമിന്‍ പറഞ്ഞു കൊണ്ടിരുന്നത്. ഇന്ന് പക്ഷെ അത് നടന്നു കഴിഞ്ഞു. ഇനോസെന്റെ ഡയസ് ദി അത്‌ലറ്റിക്കിനോട് പറഞ്ഞു.

റോക്കഫോണ്ടയിലെ ഇടുങ്ങിയ തെരുവ് വീഥികളില്‍ കണ്ടുമുട്ടുന്ന ആരോട് ചോദിച്ചാലും, അവര്‍ ലാമിന്‍ യമാലിനെ അറിയുന്നവരായിരിക്കും. അവര്‍ക്കാദ്യം പറയാനുണ്ടാവുക, അവന്റെ വിനയത്തെ കുറിച്ചായിരിക്കും. അവനൊട്ടും മാറിയിട്ടില്ല, അവനൊരിക്കലും ഞങ്ങളുടെയീ ഇടുങ്ങിയ വഴികള്‍ മറക്കുകയുമില്ല. ഈ കടലിന്റെയും കാറ്റിന്റെയും മണവും. അതുപോലെ, 304 എന്ന നമ്പരും…

Share on

മറ്റുവാര്‍ത്തകള്‍