മതങ്ങള്‍ക്ക് മനുഷ്യനെ എത്രമാത്രം ദ്രോഹിക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവാണ് പ്രൊ.ടി ജെ ജോസഫ്
ഭ്രാന്തന്‍: പടച്ചോനെ, പടച്ചോനെ…
ദൈവം: എന്താടാ നായിന്റെ മോനെ…
ഭ്രാന്തന്‍: ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്?
ദൈവം: മൂന്നു കഷണം ആണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ…
മുന്‍ എം എല്‍ എയും ചലച്ചിത്രകാരനുമായ പി ടി കുഞ്ഞുമുഹമ്മദ് പല ആവര്‍ത്തി പ്രസംഗങ്ങളില്‍ പറഞ്ഞിട്ടുള്ള നര്‍മകഥ. തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ ‘തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തില്‍ ഈ ഭാഗമുണ്ട്. വായിച്ചവരും കേട്ടവരും കഥയിലെ കഥയും നര്‍മവും മാത്രമാണ് ആസ്വദിച്ചിരുന്നത്. അതേ കഥ ഒരു കുടുംബത്തിന്റെ അടിവേര് ഇളക്കും എന്നാരും കരുതയതേയില്ല.
ക്ലാസ്സ് ടെസ്റ്റ് നടത്തുന്ന സമയത്ത് പരീക്ഷ പേപ്പറില്‍ കുത്തും കോമയും ചേര്‍ക്കുന്ന വിഭാഗത്തില്‍ (ചിഹ്നം ചേര്‍ക്കല്‍) ഈ കഥാഭാഗം തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊ. ടി ജെ ജോസഫ് ചോദ്യ പേപ്പറില്‍ ചേര്‍ത്തു. ഭ്രാന്തന്‍ എന്നതിനു പകരം മുഹമ്മദ് എന്ന പേര് നല്‍കി. ചോദ്യ പേപ്പര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രചരിപ്പിക്കുകയും തൊടുപുഴയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട്. വിഷയം പ്രവാചക നിന്ദയാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. പള്ളിയില്‍ കുര്‍ബാന കൂടി മടങ്ങി വരുന്നതിനിടെ സ്വന്തം കുടുംബത്തിന് മുന്നിലിട്ട് ജോസഫ് മാഷുടെ കൈപ്പത്തി മത തീവ്രവാദികള്‍ വെട്ടി മാറ്റി.
2010 ജൂലായ് 4-നു മൂവാറ്റുപുഴയില്‍പള്ളിയില്‍ നിന്നും ഞായറാഴ്ച്ച കുര്‍ബാന കഴിഞ്ഞു അദ്ദേഹം മടങ്ങും വഴിക്കാണ് ആക്രമണമുണ്ടായത്. 2013 ജൂലായിലാണ് വിചാരണ തുടങ്ങിയത്. 300 പ്രോസിക്യൂഷന്‍ സാക്ഷികള്‍, 4 പ്രതിഭാഗം സാക്ഷികള്‍, ആയിരത്തോളം രേഖകള്‍, 200-ലേറെ വസ്തുക്കള്‍. എന്‍ ഐ എ കുറ്റപത്രത്തില്‍ 37 പേരുണ്ടായിരുന്നു. പക്ഷേ 31 പേരെ മാത്രമേ വിചാരണ ചെയ്തുള്ളൂ. 2015 ഏപ്രില്‍ 30 ന് ആയിരുന്നു തൊടുപുഴ കൈ വെട്ടു കേസിന്റെ ആദ്യ വിധി വരുന്നത്. ആദ്യ വിധി നിര്‍ണയത്തില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ് വിധിച്ചു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കുമാണ് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദീന്‍, ഷാനവാസ്, കെ.എ പരീത്, ഗൂഢാലോചനയില്‍ പങ്കാളികളായ യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, ഷജീര്‍, കെ.ഇ കാസിം എന്നിവരെയാണ് എട്ട് വര്‍ഷത്തെ തടവിന് വിധിച്ചത്. വിചാരണ തടവ് ശിക്ഷാകാലാവധിയായി കണക്കാക്കിയുള്ള ബാക്കി ശിക്ഷ പ്രതികള്‍ അനുഭവിച്ചാല്‍ മതിയെന്നായിരുന്നു വിധി. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴ അധ്യാപകന് നല്‍കാനും കോടതി ഉത്തരവായി. പ്രതികളെ ഒളിപ്പിച്ച കുറ്റത്തിന് അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവരെ രണ്ടു വര്‍ഷത്തെ തടവിന് വിധിച്ചു. എന്‍ ഐ എ സമര്‍പ്പിച്ച 31 പേരുടെ പ്രതിപ്പട്ടികയില്‍ നിന്ന് 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ പത്ത് പേര്‍ക്ക് ഭീകരവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഈ പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.
കേസിലെ രണ്ടാം ഘട്ട വിധിയാണ് 2023 ജൂലൈ 12 ന് ഉണ്ടായത്. ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. അഞ്ചുപേരെ വെറുതെ വിട്ടൂ. സജല്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സജല്‍, നാസറാണ് മുഖ്യസൂത്രധാരന്‍. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി സവാദിനെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന സവാദ് വിദേശരാജ്യങ്ങളില്‍ എവിടെയോ ഒളിവിലാണെന്നാണ് അന്വേഷക സംഘമായ എന്‍ ഐ എ പറയുന്നത്.
നാം നീതി ചെയ്യേണ്ടതുണ്ട്
മതങ്ങള്‍ക്ക് മനുഷ്യനെ എത്രമാത്രം ദ്രോഹിക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവാണ് പ്രൊ.ടി ജെ ജോസഫ്. വലതു കൈപ്പത്തി മാത്രമല്ല, ജീവിതവും കുടുംബവും കൂടിയായിരുന്നു മതഭ്രാന്തില്‍ ജോസഫ് മാഷിന് നഷ്ടമായത്. അദ്ദേഹം വിശ്വസിച്ചിരുന്ന സ്വന്തം മതംപോലും പിന്നില്‍ നിന്നും കുത്തി. എത്രയൊക്കെ അനുഭവിക്കേണ്ടി വന്നെങ്കിലും അതിവൈകാരികതയോടെയല്ല, തികഞ്ഞ പകത്വയോടെയാണ് സമൂഹത്തോട് പ്രതികരിക്കുന്നത്. കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവം വന്നതിനു പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു; ” ആക്രമണം നടത്തിയ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ രാജ്യത്ത് ഒരു നീതി നടപ്പിലാക്കുന്നു എന്ന് മാത്രമേ കരുതുന്നുള്ളൂ. പ്രാകൃത വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വരഹിത പ്രവര്‍ത്തികള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. ആദ്യം ജയിലടയ്‌ക്കേണ്ടത് ഇത്തരത്തിലുള്ള പ്രാകൃത വിശ്വാസങ്ങളെയാണ്. ആധുനിക മനുഷ്യരാകാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്’.
പ്രൊ. ജോസഫിന്റെ പ്രതികരണവും, പ്രതികളെ പിന്തുണയ്ക്കുന്നവരുടെ മനോഭാവവും തുലനം ചെയ്തു നോക്കുമ്പോഴാണ് പ്രാകൃത വിശ്വാസങ്ങള്‍ എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് വ്യക്തമാകുന്നത്. ആദ്യഘട്ട വിധി വന്ന സമയത്ത്(2015 മേയ് 5) സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിബിന്‍ കരീം ‘നാം നീതി ചെയ്യേണ്ടതുണ്ട്; ജോസഫ് മാഷിനൊപ്പം നില്‍ക്കേണ്ടതുമുണ്ട്’ എന്ന തലക്കെട്ടില്‍ അഴിമുഖത്തില്‍ എഴുതിയ വിശകലനം ആ വ്യക്തത കൂടുതല്‍ വിശദമാക്കുന്നതാണ്.
‘കേസില്‍ പ്രതികളായവരോട് വിഷമിക്കേണ്ട എന്നും സ്വര്‍ഗ്ഗ രാജ്യം നിങ്ങള്‍ക്കുള്ളതാണെന്ന് ആഹ്വാനം ചെയ്യുന്ന ഒട്ടനവധി പ്രഖ്യാപനങ്ങള്‍ കാണുകയുണ്ടായി! ടി.ജെ ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്ത് ക്രിസ്ത്യന്‍ ഭീകരനായ ജോസഫ് കൊന്നു കെട്ടിത്തൂക്കിയതാകും എന്നും കൈവെട്ടിയതിന് പകരം തലവെട്ടാതെ വിട്ടത് പോപ്പുലര്‍ ഫ്രണ്ടുകാരുടെ ദയകൊണ്ടാണ് അതിന് അവരോട് ജോസഫ് നന്ദി പറയണം എന്നും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫേസ്ബുകില്‍ കുറിച്ചിട്ടതിന്റെ പശ്ചാത്തലം ഇനിയും മനസ്സിലായിട്ടില്ല. അത്രതന്നെ ഞെട്ടല്‍ ഉണ്ടാക്കിയത് ഒ. അബ്ദുള്ള ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് കേട്ടപ്പോഴാണ്. ”കൊണ്ടാലും പഠിക്കൂല്ല എന്ന പോലെയാണ് ജോസഫിന്റെ വര്‍ത്തമാനം. പുള്ളിക്ക് ഇപ്പോഴും അത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടിട്ടില്ല. മുഹമ്മദ് എന്ന് പേരുകൊടുത്തപ്പോഴും മുഹമ്മദ് നബിയാണെന്ന് തനിക്ക് തോന്നിയില്ല”.
കാലുകള്‍ക്കിടയില് ചോരയൊലിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി ദീര്‍ഘ കാലം മനസ്സിലുണ്ടായിരുന്നു. ആര്‍ത്തുവിളിക്കുന്ന ആണ്‍കുട്ടികള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുള്ള അവളുടെ നില്‍പ്പ് മറ്റു ദൃശ്യങ്ങള്‍ക്കൊണ്ടൊന്നും മായ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. നരച്ചു നാശോന്മുഖമായ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു കിണറിന്റെ വക്കത്ത് വലിയ പുരുഷാരത്തിനു മുമ്പിലാണ് അവളങ്ങനെ നില്ക്കുന്നത്. അവളുടെ അമ്മ ഒരു ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് നിരോധനമുണ്ടായി. അച്ഛനും അമ്മാവനും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അവര്‍ക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു.
ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതായപ്പോഴാണ് മകളെ ആണ്‍ വേഷം കെട്ടിക്കാന്‍ അമ്മ തീരുമാനിക്കുന്നത്. അവനായ അവള്‍ ഒരു ചെറിയ കടയില്‍ സഹായിയായി നില്‍ക്കുന്നു. എന്നാല്‍ അവിടെയും രക്ഷയുണ്ടായിരുന്നില്ല. ഒരു ദിവസം താലിബാന്‍ സൈനികര്‍ അവളെ പിടികൂടി മതപാഠശാലയില്‍ എത്തിക്കുന്നു. എത്ര ഒളിപ്പിച്ചിട്ടും ബാക്കിയായ അവളുടെ പെണ്ണത്തം മറ്റു കുട്ടികള്‍ക്ക് അവളെ കളിയാക്കാനുള്ള കാരണമായിരുന്നു. പരിഹാസം മുറുകിയപ്പോഴാണ് തന്റെ ഉശിര് തെളിയിക്കാനായി അവള്‍ അടുത്തുള്ള മരത്തില്‍ കയറിയത്. എന്നാല്‍ കയറിയതുപോലെ അവള്‍ക്ക് ഇറങ്ങാനായില്ല. അപ്പോഴേക്കും മുഴുവന്‍ കുട്ടികളും പരിശീലകരും മരത്തിനു ചുറ്റും കൂടിയിരുന്നു. മരത്തില്‍ നിന്ന് ഇറക്കിയ അവന്/ അവള്‍ക്ക് ശിക്ഷയായി ഒരു കിണറിനു മുകളില്‍ അല്പ്പനേരം കെട്ടിത്തൂക്കിയിടുന്നു. അവിടെ തൂങ്ങിക്കിടന്നു അവള്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു. പിന്നീട് കെട്ടഴിച്ചു ശിക്ഷയില്‍ നിന്ന് മോചിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കാണുന്നത്. കഠിന ശിക്ഷക്കിടയില്‍ അവള്‍ എപ്പൊഴോ ഋതുമതിയായിരിക്കുന്നു. കാലുകള്‍ക്കിടയിലൂടെ ചോരയുടെ അരുവികള്‍.
പെണ്‍കുട്ടി ആണ്‍ വേഷം കെട്ടിയതിനുള്ള വിചാരണയാണ് അടുത്തത്. അപ്പോഴാണ് ഒരാള്‍ നിയമപാലകനായ ഖാസിയെ സമീപിക്കുന്നത്. മൂന്നു ഭാര്യമാരുള്ള ആ വൃദ്ധന് അവളെ വിവാഹം കഴിപ്പിച്ചു കൊടുത്തുകൊണ്ട് കഠിനമായ ശിക്ഷയില്‍ നിന്ന് ഖാസി അവളെ രക്ഷപ്പെടുത്തുന്നു.
സിദ്ധിക്ക് ബര്‍മാക് സംവിധാനം ചെയ്ത ഒസാമ എന്ന അഫ്ഘാന്‍ സിനിമയെക്കുറിച്ചാണ് മുകളിലെഴുതിയത്. താലിബാന്‍ സൈനികന്‍ പേര് ചോദിച്ചപ്പോള്‍ അവളുടെ നാവില്‍ വന്നത് ഒസാമ എന്ന പേരായിരുന്നു. സിനിമയ്ക്ക് പലരുടേയും ആരാധ്യപുരുഷനായ ഒസാമയുമായി മറ്റു ബന്ധങ്ങളൊന്നുമില്ല. എന്നാല്‍ അയാള്‍ വിഭാവനം ചെയ്ത ലോകം എങ്ങനെ ഉള്ളതായിരിക്കും എന്ന് ഈ സിനിമ നമ്മളോടു പറഞ്ഞു തരുന്നുണ്ട്. ഒസാമയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കിയവര്‍ തന്നെ ജോസഫ് മാഷിന്റെ പ്രതിസ്ഥാനത്ത് വരുമ്പോള്‍ വരും കാലത്തെ നാം കൂടുതല്‍ ഭയക്കണം.
മത തീവ്രവാദികള്‍ക്ക് സ്റ്റേറ്റിന്റെ മേല്‍ ആധിപത്യം ഉള്ള രാജ്യങ്ങളില്‍ സിസ്റ്റം എങ്ങനെ ചലിക്കും എന്നതിന് ഉത്തമ ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഏറെയുണ്ട്. യുസഫ് സായ് മലാല, പെഷവാര്‍ സ്‌കൂള്‍ ആക്രമണം, സിറിയയില്‍ നടക്കുന്ന കലാപങ്ങള്‍, ബംഗ്ലാ അക്കാദമി പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പൗരത്വമുള്ള ബംഗ്ലാദേശി എഴുത്തുകാരന്‍ അവിജിത് റോയി, പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകയായ സബീന്‍ മഹ്‌മൂദ്, ഇങ്ങനെ ഈ കൊലപാതക/ആക്രമ പരമ്പര മാറ്റമില്ലാതെ തുടരുന്നു.
ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലില്‍ ചോദിച്ചതുപോലെ ”ബലാല്‍സംഘത്തിന്റെയും കൊലപാതകത്തിന്റെയും ഈ കഥ ചരിത്രത്തിനു മടുക്കുന്നില്ലേ?”
മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി വരക്കില്ല, തനിക്ക് മടുത്തെന്ന് ഷാര്‍ലി എബ്ദോ മാസികയുടെ കാര്‍ട്ടൂണിസ്റ്റ് ലുസ് എന്ന റെനാള്‍ഡ് ലുസിയര്‍ ഇസ്ലാമിന്റെ പ്രവാചകനെ പ്രമേയമാക്കുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഷാര്‍ലി എബ്ദോയുടെ വിവാദ ലക്കത്തിന്റെ മുഖപ്പേജ് ഡിസൈന്‍ ചെയ്തത് ലുസ് ആയിരുന്നു. ഇത് വിപണിയിലത്തെിയതിന് പിന്നാലെയാണ് പാരിസിലെ മാസികയുടെ ആസ്ഥാനത്ത് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍ നിന്നു ജോസഫ് മാഷിന്റെ കൈ വെട്ടു കേസ് വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ നോക്കിക്കാണേണ്ടതുണ്ട്. ജോസഫ് മാഷ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പിന്തുണ നല്‍കാന്‍ ഉള്ള ബാധ്യത മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളുടെ ചുമതലയാണ്. ചോദ്യ പേപ്പറില്‍ താന്‍ ഉദ്ദേശിച്ചത് പ്രവാചകന്‍ മുഹമ്മദ് അല്ല എന്ന് ജോസഫ് മാഷ് ആവര്‍ത്തിക്കുന്നു. പ്രസ്തുത സംഭാഷണ ശകലം മുഹമ്മദിന്റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തത് കൂടിയാണ് എന്നോര്‍ക്കുക? എന്നിട്ടും ഇതിലേക്ക് പ്രവാചകനെ വലിച്ചിഴക്കാന്‍ ശ്രമിച്ചത് ആരുടെ അജണ്ടയാണ്? സത്യത്തില്‍ ഈ അജണ്ട മെനഞ്ഞെടുത്തവരല്ലേ ലോകം മുഴുവന്‍ ബഹുമാനിക്കുന്നു എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന വ്യക്തിയെ വിവാദങ്ങളില്‍ കൊണ്ടുപോയി കെട്ടുന്നത്?
ഇനി അഥവാ ആരെങ്കിലും നബിയെത്തന്നെ ഉദ്ദേശിച്ചു എഴുതിയാല്‍ പോലും ഈ ക്രൂരതയ്ക്ക് ന്യായീകരണമാവുമോ? പ്രവാചക സ്‌നേഹം കാണിക്കേണ്ടത് മറ്റുള്ളവരുടെ ജീവിതം തകര്‍ത്തിട്ടാണോ? മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമര്‍ശിക്കാനുള്ള അവകാശവും.
പീഡനങ്ങളുടെ നൈരന്തര്യത്തിനിടയില്‍ തനിക്ക് ആകെ ആശ്വാസം ഭാര്യ സലോമി ആണെന്ന് പറഞ്ഞ മാഷിനോട് അയാള്‍ തന്നെ ഭാര്യയെ തൂക്കിക്കൊന്നതാകം എന്ന് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ കൊണ്ട് ചിന്തിപ്പിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവം ഈ കേസിലെ കോളേജ് മാനേജ്‌മെന്റിന്റെയും അന്നത്തെ ഇടതു സര്‍ക്കാരിന്റെയും സമീപനങ്ങളാണ്. ഇരയെ വീണ്ടും വേട്ടയാടുകയും നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചയും ചെറുതാക്കി കാണുക പാതകമാണ്.
ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നത് സര്‍ക്കാരായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരു ദിവസം പോലും ജോലിചെയ്യാന്‍ ജോസഫ് മാഷിനെ കോളേജ് അധികൃതരും സഭയും അനുവദിച്ചില്ല. മാഷിന്റെ ഭാര്യ സലോമി ദിവസവും പള്ളിയില്‍ വന്നിട്ടും അവരുടെ മനസ്സ് അലിഞ്ഞില്ല. ഇത്തരത്തില്‍ കൊടിയ വിഷം മനസ്സില്‍ ചുമന്നുകൊണ്ടു നടക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു സമൂഹത്തെ നേരായ രീതിയില്‍ നയിക്കാന്‍ കഴിയുക. ഒറ്റുകാരന്‍ യൂദാസിനെ കുറ്റം പറയാന്‍ ഇവര്‍ക്കൊക്കെ എന്തധികാരം?
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരുപക്ഷേ ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് മനുഷ്യാവകാശം. സായുധരായ മനുഷ്യര്‍ക്കെതിരെ നിരായുധരായി പോരാടാന്‍ വിധിക്കപ്പെട്ടവരാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഭരണകൂടത്തിന്റെ പരമാധികാരത്തില്‍നിന്ന് ആരും മുക്തരല്ലെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച പുതിയ സംവാദങ്ങളെ സാധ്യമാക്കുന്നത്. ജോസഫ് മാഷിന്റെ വിഷയം പ്രസക്തമാകുന്നതും ഇവിടെയാണ്. ഒരു മനുഷ്യന്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ പല അവകാശങ്ങളും ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇതൊരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്.
പാരീസ് ആക്രമണത്തിന് ശേഷം ഏതാണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഫ്രാന്‍സിലെ തെരുവുകളില്‍ മൃഗീയതയെ അപലപിക്കാന്‍ ഒറ്റരാത്രിയില്‍ ഒത്തുകൂടിയത് എന്നതോര്‍ക്കുക. മൂന്ന് പേരുടെ തോക്കിന് ഞങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഞങ്ങള്‍ ഭയപ്പെടുന്നില്ല (NOT AFRAID) എന്നാണ് അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആരും ശ്രദ്ധിക്കാതിരുന്ന ആ വാരികക്ക് വേണ്ടി ക മാ ഇവമൃഹശല എന്ന പ്ലക്കാര്‍ഡുമായാണ് (Je suis Charlie) അവരോരുത്തരും രംഗത്ത് വന്നു. അവിജിത് റോയിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ധാക്കയിലെ തെരുവിലൂടെ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം നീങ്ങുമ്പോള്‍ ലോകം മുഴുവന്‍ അത് ശ്രദ്ധിക്കുകയായിരുന്നു. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചിരുന്ന റോയിയുടെ വധത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാ നിരക്കാരുമെത്തി. എഴുത്തുകാര്‍, അധ്യാപകര്‍ പിന്നെ സാധാരണക്കാരും. നീതി വേണം, തീവ്രവാദം ഇല്ലാതാക്കുകയെന്ന മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളായി അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ജോസഫ് മാഷിന്റെ നീതിക്ക് വേണ്ടിയും ഇവിടെ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്. ഭയപ്പെടുത്തി അനുസരിപ്പിക്കാം എന്ന ഫാസിസ്റ്റ് തിയറി പൊളിച്ചെഴുതേണ്ടതുണ്ട്. കൈ വെട്ടു കേസിനെ കുറിച്ച് പരാമര്‍ശിക്കുന്നവരെ മുഴുവന്‍ ഇസ്ലാമോഫോബിയ ബാധിച്ചവര്‍ എന്ന് മുദ്ര കുത്തുന്ന ദുഷ്ടലാക്കിനെ കൂടി ഇവിടെ എതിര്‍ത്ത് തോല്‍പ്പിക്കണം. Justice delayed is justice denied എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഒറ്റക്ക് പൊരുതുന്ന ആ മനുഷ്യന് പിന്നില്‍ നിന്നുള്ള കുത്തുകളെ പ്രതിരോധിക്കാന്‍ സാഹചര്യം ഒരുക്കേണ്ടത് കാലം നമ്മോടു ആവശ്യപ്പെടുന്ന നീതി ആണ്. അദ്ദേഹം അതര്‍ഹിക്കുന്നും ഉണ്ട്.
കേരളം വീണ്ടും മതഭ്രാന്താലയമാകരുത്
സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചിട്ട് ഒന്നേകാല്‍ നൂറ്റാണ്ടാകുന്നു. ഇക്കഴിഞ്ഞ 125 വര്‍ഷം കൊണ്ട് കേരളം ഏറെ നേട്ടങ്ങള്‍ കൈവരിച്ചെന്ന് നാം അഭിമാനത്തോടെ പറയുന്നുണ്ട് . പാശ്ചാത്യ ലോകത്തിനൊപ്പം നില്‍ക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ നേട്ടങ്ങള്‍, ഉയര്‍ന്ന ജീവിതനിലവാരം, പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അന്താരാഷ്ട്രതലത്തില്‍ തന്നെ വിജയകരമായി മാര്‍ക്കറ്റ് ചെയ്യപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടെന്ന ടൂറിസം ബ്രാന്‍ഡ്…. ഇവയൊക്കെ ലോകത്തെവിടെ ചെന്നാലും വിളിച്ചു കൂവുക മലയാളിയുടെ സ്വഭാവമായും മാറിയിട്ടുണ്ട്.
2014 മാര്‍ച്ച് 19 ബുധനാഴ്ചയാണ് മൂവാറ്റുപുഴ തെങ്ങനാകുന്നേല്‍ വീട്ടിലെ 48 വയസുള്ള സലോമി എന്ന വീട്ടമ്മ തൂങ്ങിമരിച്ചത്. മലയാളിയുടെ കാപട്യത്തിനും അവസരവാദത്തിനും, അന്തസില്ലാത്ത സാമൂഹിക ജീവിതത്തിനും പൊള്ളയായ രാഷ്ട്രീയവാദങ്ങള്‍ക്കും സംഘടിത മത, ജാതി, സാമുദായിക ബ്ലാക്മെയിലിംഗിനുമൊക്കെ നേര്‍ക്കുള്ള ഒരു കാര്‍ക്കിച്ചുതുപ്പല്‍ കൂടിയായിരുന്നു ആ മരണം. ആ പാവം വീട്ടമ്മയുടെ ഭര്‍ത്താവിന്റെ വലംകൈയാണ് തീവ്രവാദികള്‍ വെട്ടിക്കളഞ്ഞത്.
ജോസഫിനോടും സലോമിയോടും ഇരുവരും വിശ്വസിച്ചിരുന്ന മതവും കൊടുംക്രൂരത കാണിച്ചു. വിവാദത്തെ തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ നിന്നും താത്ക്കാലികമായി പുറത്താക്കിയിരുന്നു. സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തോട് സഭ ക്ഷമിച്ചില്ല. ജോസഫ് ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാന്‍ കോളേജ് അധികൃതര്‍ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച് സര്‍വകലാശാല, വലത് കൈയറ്റുപോയ ആ അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ജോസഫിനെ സഭയും ഒറ്റുകൊടുത്തു. സലോമിയുടെ ആത്മഹത്യക്ക് പിന്നാലെ ജോസഫിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനമുണ്ടായി. വിരമിക്കലിനു നാല് ദിവസം മുമ്പാണ് ആ തീരുമാനം ഉണ്ടായത്. ജോലിയില്‍ നിന്നും വിരമിക്കാനുള്ള സൗകര്യമൊരുക്കാമെന്നായിരുന്നു സഭയുടെ വാഗ്ദാനം. എന്നലത് കളിപ്പിക്കലായിരുന്നു. അദ്ദേഹം കോളേജിലെത്തിയ ദിവസം സഭ മാനേജ്‌മെന്റ് സ്ഥാപനത്തിന് അവധി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുമായി കൂടിക്കാണാനുള്ള അവസരം ജോസഫ് മാഷിന് നിഷേധിച്ചു. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നത്, കൈവെട്ടിയ തീവ്രവാദികളെക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ കത്തോലിക്കസഭയാണെന്നാണ്.
ജോലി ചെയ്യാനും അന്തസായി ജീവിക്കാനും ഏതൊരു മനുഷ്യനും ഭരണഘടനാപരമായി തന്നെ അവകാശമുണ്ടെന്നും ജോസഫിനും മനുഷ്യാവകാശമുണ്ടെന്നും ആരുമോര്‍ത്തില്ല. ജോസഫിന്റെ അഹങ്കാരം തീര്‍ന്നുവെന്നും, പാവം സ്ത്രീയുടെ വിധിയെന്നും, മക്കളുടെ ഗതികേട് എന്നുമൊക്കെ പിറുപിറുത്തുകൊണ്ട് സലോമിയെ ശവമടക്കി തിരിച്ചിറങ്ങി വന്ന മലയാളി തിരിച്ചറിയാതിരുന്നത്, ആ വീട്ടമ്മയുടെ മരണത്തിന് ഈ നാടിനും ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന യാഥാര്‍ഥ്യമായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങള്‍ അടക്കി ഭരിക്കുന്നത് ഇവിടുത്തെ സംഘടിത മത, ജാതി സംഘടനകളും ആള്‍ദൈവങ്ങളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖ ‘വ്യക്തിത്വ’ങ്ങളുമാണ്. ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കേരളത്തിലെ ഒരു കൊലകൊമ്പന്‍ നേതാവിനും ധൈര്യമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് എന്നറിയപ്പെടുന്ന ക്രമസമാധാന സംവിധാനത്തിനോ അതിലേറെ മിടുക്കരായ ബ്യൂറോക്രസിക്കോ ഈ സംഘടിത ചട്ടമ്പിത്തരത്തിനെ എതിര്‍ക്കാനുള്ള നട്ടെല്ലില്ല. പകരം അവരൊക്കെ ഈ പ്രസ്ഥാനങ്ങള്‍ വച്ചുനീട്ടുന്ന എച്ചില്‍ക്കഷ്ണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്കും ഗുണകരമാകും എന്ന് സ്വപ്നം കണ്ടു കഴിയുന്നവര്‍ മാത്രമാണ്.
മതങ്ങള്‍ക്ക് സ്വാശ്രയ കോളേജ് നടത്തി കോഴ പിരിക്കുകയും അനുസരണയുടെ പേരില്‍ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യാം; സംരക്ഷിക്കാന്‍ സംഘടിതരായ വര്‍ഗീയ നേതാക്കളുണ്ട്. സ്ത്രീകളെ, കൊച്ചു കുട്ടികളെയടക്കം പീഡിപ്പിക്കാം; സംരക്ഷിക്കാന്‍ കൈനിറച്ചു പണമുള്ളവരും മതവും വരും. നിങ്ങള്‍ക്ക് സായുധ പ്രസ്ഥാനങ്ങള്‍ക്ക് മണ്ണെണ്ണ കള്ളക്കടത്തു നടത്തി കാശുണ്ടാക്കുകയും അതുവഴി സാമുദായിക സേവനം നടത്തി കഴിഞ്ഞ കാലത്തെ വെള്ളപൂശുകയും ചെയ്യാം. മനുഷ്യന്റെ അജ്ഞതയും അന്ധവിശ്വാസവും വിറ്റ് കോടികള്‍ കൊയ്യാനും ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനും നിങ്ങള്‍ക്ക് മേല്‍ത്തട്ട് മുതല്‍ സ്വാധീനവും അധികാരമുള്ളവരുടെ സേവനം ലഭിക്കും. നിങ്ങളുടെ രാഷ്ട്രീയ ഭാവി എങ്ങുമെത്തുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് ആശ്രയിക്കാന്‍ മത, ജാതി, വര്‍ഗീയ സംഘടനകളുണ്ട്. അവിടെ നിങ്ങളുടെ രാഷ്ട്രീയഭാവിയും ശോഭനമാകും.
പ്രൊ. ജോസഫ് കാണിച്ചത് തെറ്റാണെന്ന് നിങ്ങള്‍ക്ക് വിശ്വാസിക്കാം. പക്ഷേ ഒരുകൂട്ടം വര്‍ഗീയവാദികളായിരുന്നില്ല അതിന് ശിക്ഷ വിധിക്കേണ്ടിയിരുന്നത്. നിയമം ലംഘിച്ച ആ വര്‍ഗീയ വാദികളെ പേടിച്ച് മറ്റുള്ളവര്‍ നിശബ്ദരാകുകയും ജോസഫിനെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയും അതുവഴി ജോസഫിന് ലഭിക്കേണ്ടിയിരുന്ന സ്വാഭാവിക നീതി നിഷേധിക്കുകയുമാണുണ്ടായത്. കേരളം പലവിധത്തിലുള്ള വര്‍ഗീയവാദികളുടെ നിശബ്ദ ഗൂഡാലോചനയ്ക്കുള്ള അരങ്ങായി മാറ്റരുതായിരുന്നു.
ജോസഫ് മാഷ് പഠിപ്പിക്കുന്ന പാഠം
‘ദൈവത്തിന്റെ സ്വന്തം നാടിനെ’ കുറിച്ചുള്ള ധാരണകളാണ് കൈവെട്ട് സംഭവം തകിടം മറിച്ചതെന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പരഞ്ചോയ് ഗു തകൂര്‍ത്ത അഴിമുഖത്തില്‍ എഴുതിയത്. സ്വയം ദൈവമായി കരുതുന്ന ഒരു ഭ്രാന്തന്‍ തന്നോടുതന്നെ നടത്തുന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കല്‍പിതകഥയില്‍ നിന്നെടുത്ത ഒരു ഖണ്ഡികയില്‍ ചിഹ്നങ്ങളിടാനുള്ളൊരു ചോദ്യം. ഭ്രാന്തന്റെ പേര് മൊഹമ്മദ്. അത് മതിയായിരുന്നു വ്രണപ്പെട്ട മതവികാരങ്ങളുടെ പേരില്‍ ജോസഫ് ആക്രമിക്കപ്പെടാന്‍ എന്നാണ് തകൂര്‍ത്ത പറഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് 1986 ഡിസംബറില്‍ ബംഗളൂരുവിലും സമാനമായ ഒരു സംഭവമുണ്ടായതായി അദ്ദേഹം പറഞ്ഞു. ‘മൊഹമ്മദ് എന്ന മണ്ടന്‍’ എന്ന പേരില്‍ ഡെക്കാന്‍ ഹെറാള്‍ഡിന്റെ ഞായറാഴ്ച്ച പതിപ്പില്‍ ഒരു കഥ പ്രസിദ്ധീകരിച്ചു. ഒരു ദശാബ്ദം മുമ്പ് മലയാളത്തില്‍ വന്ന ഒരു ചെറുകഥയുടെ ഇംഗ്ലീഷ് തര്‍ജ്ജമയായിരുന്നു അത്. മാനസിക വൈകല്യമുള്ള, ബധിരനും മൂകനുമായ മൊഹമ്മദ് എന്ന യുവാവ് ആത്മഹത്യ ചെയ്യുന്നതായിരുന്നു കഥ. പത്രകാര്യാലയത്തിന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തീയിടുമെന്ന ഭീഷണി മുഴക്കി. പ്രസിദ്ധീകരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും പോലീസ് വെടിവെപ്പിലും 16 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസം കൊള്ളയും കൊള്ളിവെപ്പും നടന്നു. നഗരത്തില്‍ നിശാനിയമം പ്രഖ്യാപിച്ചു. മാപ്പപേക്ഷിച്ചെങ്കിലും പത്രാധിപരേയും പ്രസാധകനെയും പിടികൂടി, പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രൊ. ജോസഫുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു പരഞ്ചോയ് ഗു തകൂര്‍ത്ത തുടര്‍ന്ന് എഴുതിയത് ഇങ്ങനെയായിരുന്നു; പ്രൊഫസര്‍ ജോസഫുമായി ബന്ധപ്പെട്ട സംഭവത്തില്‍, എത്ര ഉത്തരവാദിത്തരഹിതമായാണ്, സാമുദായിക സംഘര്‍ഷം ആളിക്കത്തിക്കുന്ന രീതിയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയയതെന്ന് വിശദമാക്കുന്ന ഒരു പ്രബന്ധം ഞാന്‍ ഗൈഡ് ചെയ്ത ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒരു രാഷ്ട്രമീമാംസ വിദ്യാര്‍ത്ഥി അബിന്‍ തോമസ് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് 2012-ല്‍ സമകാലിക ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് ഞാന്‍ സംവിധാന പങ്കാളിയായ, പി എസ് ബി ടി നിര്‍മിച്ച, ഒരു ഡോക്യുമെന്ററിക്ക് വേണ്ടി എന്റെ ഒരു സുഹൃത്തിന് ജോസഫ് ഒരു അഭിമുഖം നല്കിയിരുന്നു.
അതില്‍, അങ്ങയെ സംബന്ധിച്ചു എന്താണ് സ്വാതന്ത്ര്യം എന്ന ചോദ്യത്തിന് ജോസഫ് ഇങ്ങനെ ഉത്തരം നല്‍കി; ”സ്വാതന്ത്ര്യം ആപേക്ഷികമായ ഒരു ആശയമാണ്. ഒരു തടവുകാരന് തടവറയുടെ നാലു ചുവരുകള്‍ക്ക് പുറത്തുള്ള ലോകമാണ് സ്വാതന്ത്ര്യം. കടക്കാരന് കടം വീട്ടലില്‍ നിന്നുള്ള മുക്തിയാണ് സ്വാതന്ത്ര്യം. വിശക്കുന്നവന് അത് ആഹാരമാണ്…’
‘ശത്രുവിനെ സ്‌നേഹിക്കാനാണ് തന്റെ ഗുരു യേശുക്രിസ്തു തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന്റെ വാക്കുകളെ ശരിയായ അര്‍ത്ഥത്തില്‍ പിന്തുടര്‍ന്നു. ഞാനവര്‍ക്ക് (കൈവെട്ടിയവര്‍ക്ക്) ആക്രമണം നടന്ന നിമിഷം തന്നെ മാപ്പ് നല്കി. അതൊരിക്കലും മാറുകയുമില്ല.”
ഞാനൊരിക്കലും പ്രൊഫസര്‍ ജോസഫിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിക്കദ്ദേഹവുമായി അസാധാരണമായൊരു അടുപ്പമുണ്ട്. ഒരു ചിത്രം എഡിറ്റ് ചെയ്യുമ്പോള്‍ അതിലെ ഓരോ ദൃശ്യവും പലയാവര്‍ത്തി കണ്ടിരിക്കും. ചിത്രം പൂര്‍ത്തിയായാലും അത് പലതവണ കാണും. എനിക്കദ്ദേഹത്തിന്റെ ഭാഷ സംസാരിക്കാനോ മനസിലാക്കാനോ കഴിയില്ല. എങ്കിലും ഞാന്‍ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ അദ്ദേഹം എന്റെ ഒരു ഭാഗമായി മാറി.
ചില അവസരങ്ങളില്‍ നീതി ഒരിയ്ക്കലും നടപ്പാകില്ല. ഇത് അത്തരമൊരു സന്ദര്‍ഭമാണ്. പക്ഷേ ഉറക്കെയുറക്കെ സഹിഷ്ണുതയുടെ മൂല്യഘോഷണം നടത്തുകയും ഏത് രൂപത്തിലുള്ള മതഭ്രാന്തിനേയും എതിര്‍ക്കുകയും ചെയ്യുന്ന നാം ഓരോരുത്തരും പ്രൊഫസര്‍ ജോസഫിന് നേരിട്ട ഭയാനകമായ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ നമ്മുടേത് തീരെ ദരിദ്രമായൊരു സമൂഹമായിരിക്കും.