UPDATES

“ആ റെഡ് കാർപെറ്റിലൂടെ നടന്ന് ചെന്ന്…” – ജൂഡ് ആന്തണി ജോസഫ്/അഭിമുഖം

സിനിമ ഓസ്‌കറിലേക്ക് നോമിനേറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ ആദ്യം എന്റെ മനസിലേക്ക് വന്നത് റെഡ് കാര്‍പെറ്റിലൂടെ നടന്ന് പോയി ഓസ്‌കര്‍ വാങ്ങിക്കുന്നതായിരുന്നു

                       

പ്രളയത്തിന്റെ ദുരന്തമുഖത്ത് ജാതി, മത, വര്‍ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി കേരളം കൈ കോര്‍ത്ത് നീന്തി കയറിയത് മലയാളി ഇനിയും മറന്നിട്ടില്ല.മാനവികതയുടെ മൂല്യങ്ങള്‍ മലയാളിക്ക് കൈമോശം വന്നിട്ടില്ലെന്നതിന്റ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്ന പ്രളയത്തിന്റെ കാഴ്ചകള്‍ വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകജനത തന്നെ അതിനെ കൈയടിച്ച് വരവേറ്റിരുന്നു. 2018 ലെ മഹാപ്രളയവും മലയാളിയുടെ അതിജീവനവും പ്രമേയമാക്കികൊണ്ട് ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ‘2018 എവരിവണ്‍ ഇസ് എ ഹീറോ എന്ന ചിത്രത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകമൊന്നാകെ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം 200 കോടി ക്ലബ്ബിലും കയറിയിരുന്നു. ഈ സന്തോഷങ്ങള്‍ക്ക് ഇരട്ടി മധുരം എന്ന പോലെയാണ് ചിത്രം 96-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരെഞ്ഞെടുക്കപ്പെടുന്നത്. 2018 എവരിവണ്‍ ഇസ് എ ഹീറോ എന്ന ചിത്രത്തിന്റെ ലോസ് ഏഞ്ചല്‍സിലെ ഓസ്‌കര്‍ ഒരുക്കങ്ങളും വിശേഷങ്ങളും അഴിമുഖത്തോട് പങ്കു വക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

2018 പലതും മാറ്റി വച്ച് ചെയ്ത ചിത്രം.

‘2018 എവരിവണ്‍ ഇസ് എ ഹീറോ, എന്റെ ജീവിതത്തിലെ തന്നെ മാറ്റി നിര്‍ത്താനാവാത്ത പ്രധാനപ്പെട്ട സിനിമയാണ്. കാരണം എന്റെ ജീവിതത്തിലെ ഒരു നാലു വര്‍ഷ കാലത്തോളം പ്രധാനപ്പെട്ട പലതും മാറ്റി വച്ചു വളരെയധികം കഷ്ടപ്പെട്ട് ചെയ്‌തൊരു സിനിമയാണത്. ആ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴും തിയേറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്നപ്പോഴും ഞാന്‍ ഒരു പാട് സന്തോഷിച്ചിരുന്നു. അതിന് മാറ്റ് കൂട്ടാന്‍ എന്നപോലെയാണ് ഓസ്‌കര്‍ നോമിനേഷനും എത്തിയത്.

 

‘2018 ‘ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമയാണ്.ഇതിന്റെയൊക്കെ സന്തോഷത്തില്‍ ഞാന്‍ അടുത്ത സിനിമയുടെ തിരക്കുകളിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോഴാണ് 2018 ന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്നത്.


ഭയം തോന്നുന്നില്ല, സത്യം ജനങ്ങളിലെത്തിക്കുകയാണ്-രവി നായര്‍


 

ഓരോ സംവിധായകനും അയാള്‍ കാണുന്ന സ്വപ്നങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഒന്നായിരിക്കും തങ്ങളുടെ പ്രോജക്ടിന് വലിയ അംഗീകാരമായ ഓസ്‌ക്കാര്‍ ലഭിക്കുക എന്നത്, ആ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയിലേക്കാണ് ഇപ്പോള്‍ കാലെടുത്ത് വച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഒരു സംവിധായകന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തോന്നിയൊരു നിമിഷമായിരുന്നു 2018 എവരിവണ്‍ ഇസ് എ ഹീറോ ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്തു എന്നറിഞ്ഞപ്പോള്‍.

2018 ൽ നിന്നും ഓസ്കറിലേക്ക്

ഓസ്‌കര്‍ ഒരുക്കങ്ങളും തിരക്കുകളുമായി ഞാനും നിര്‍മ്മാതാവാമായ വേണു കുന്നപ്പള്ളി ചേട്ടനും ലോസ് ഏഞ്ചല്‍സിലാണ്. അക്കാദമി മെമ്പേഴ്‌സിന് സിനിമ സ്‌ക്രീന്‍ ചെയ്യണം,മാഗസിനുകളില്‍ പരസ്യം കൊടുക്കണം അത്തരത്തിലുള്ള ഒരുപാട് അടിസ്ഥാന പരമായ കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്.ഈ കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കുന്നതിനായി ഒരു പി ആര്‍ ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഞങ്ങള്‍ ഞങ്ങളുടേതായ പുതിയ രീതികള്‍ കൂട്ടത്തില്‍ പരീക്ഷിക്കുന്നുമുണ്ട്. ഏകദേശം ഒരു രണ്ടാഴ്ചക്ക് മുകളിലായി ഞങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ എത്തിയിട്ട് ഇനിയും ഒരു മാസം കൂടെ ഇവിടെ ചിലവഴിക്കേണ്ടതുണ്ട്. ഡിസംബര്‍ 14 നാണ് ഓസ്‌കറിന്റെ ആദ്യ വോട്ടിംഗ് ആരംഭിക്കുന്നത്. അവസാന 15 ല്‍ തിരഞ്ഞടുക്കപ്പെട്ടോയെന്ന് ഡിസംബര്‍ 21 ന് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു . അതിന് ശേഷം മാത്രമേ മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനും പുതിയ പദ്ധതികള്‍ തയ്യാറാക്കാനും സാധിക്കുകയുള്ളു.

ഇതെല്ലാം സംഭവിച്ചത് എന്റെ മാത്രം കഴിവ് കൊണ്ടാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഒരു പാട് മനുഷ്യരുടെ കഠിന പ്രയത്‌നവും അധ്വാനവും ഇതിന്റെ പുറകിലുണ്ട്. ഞാന്‍ സംവിധാനം ചെയ്ത സിനിമയാണെകില്‍ പോലും,2018 ന്റെ ഈ വിജയങ്ങള്‍ എല്ലാം ഒരു കൂട്ടായ്മയുടെ കൂടി വിജയമായാണ് ഞാന്‍ കാണുന്നത്. ഇവരെയെല്ലാം സിനിമക്കായി ഒന്നിച്ച് കൂട്ടിയ ഒരാള്‍ എന്ന നിലയില്‍ എനിക്ക് വളരെ അധികം അഭിമാനവും ആത്മ സംതൃപ്തിയുമുണ്ട്.

സിനിമ ഓസ്‌കറിലേക്ക് നോമിനേറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ ആദ്യം എന്റെ മനസിലേക്ക് വന്നത് റെഡ് കാര്‍പെറ്റിലൂടെ നടന്ന് പോയി ഓസ്‌കര്‍ വാങ്ങിക്കുന്നതായിരുന്നു,എല്ലാവര്‍ക്കും അങ്ങനെ എളുപ്പം കിട്ടുന്നൊരു ഭാഗ്യമല്ലല്ലോ ഇതൊന്നും. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ എനിക്ക് സാധിക്കുമോ എന്നറിയില്ല എന്നിരുന്നാലും, അതിനു സാധിക്കണം എന്ന ചിന്തയായിരുന്നു ആദ്യം മനസിലേക്ക് ഓടി വന്നത്.

രജനി കാന്തും ജൂഡ് ആന്തണിയും പിന്നെ ഓസ്കാറും.

ഞാന്‍ ഇത് വരെ കാണാത്തതും അറിയാത്തതുമായ പലരോടും അടുത്തിടപഴകാനും അറിയാനും ഒക്കെ സാധിച്ചു എന്നതാണ് മറ്റൊരു സന്തോഷം. എന്നിരുന്നാലും 2018 കാരണം എനിക്ക് കൈവന്ന , ഒരു സ്വകാര്യ അഹങ്കാരമായി ഞാന്‍ കൊണ്ട് നടക്കുന്ന ഒരു മുഹൂര്‍ത്തമുണ്ട്, ഓസ്‌കര്‍ നോമിനേഷന്‍ കഴിഞ്ഞതിന് ശേഷമാണ് രജനി കാന്തിനെ ഞാന്‍ നേരിട്ട് കാണുന്നത്, അദ്ദേഹം എന്റെ സിനിമ കണ്ടതിന് ശേഷം ഇതെങ്ങെനെ ഷൂട്ട് ചെയ്തു എന്ന് ചോദിച്ചൊരു ചോദ്യമുണ്ട്, അദ്ദേഹത്തിനെ പോലെ അതി പ്രശസ്തനും സിനിമയിലെ അതികായനുമായ ഒരാള്‍ എന്റെ സിനിമ എങ്ങനെയാണു ചിത്രീകരിച്ചത് എന്നറിയാനുള്ള കൗതുകത്തോടെ ചോദിച്ചപ്പോള്‍ എന്റെ ഉള്ളില്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണുണ്ടായത്. ആ ഒരു നിമിഷമാണ് എന്നും ഞാന്‍ ഓര്‍ത്ത് വക്കുന്നതും എന്നെ അത്ഭുത പെടുത്തിയതുമായ ഒരു അനുഭവം.

2018: എവരിവണ്‍ ഈസ് എ ഹീറോ 96-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി കഴിഞ്ഞ സെപ്റ്റംബര്‍ 23 നാണു തെരഞ്ഞെടുക്കപ്പെട്ടത്, ഈ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാളത്തില്‍ നിന്നുള്ള നാലാമത്തെ ചിത്രമാണിത്. ഇതിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു (1997); സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു (2011), ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് (2019) എന്നിവ ഓസ്‌കാറിനുള്ള രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു , എന്നാല്‍ ഈ സിനിമകളൊന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ല.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍