UPDATES

അഭിമുഖം

ജനകീയ മെട്രോ; അഭിമുഖം/ ലോക്‌നാഥ് ബെഹ്‌റ

കൊച്ചി മെട്രോയുടെ വിജയക്കുതിപ്പിനെക്കുറിച്ച് കെഎംആര്‍എല്‍ എംഡി സംസാരിക്കുന്നു

                       

കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതിയ ചുവടായി കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറുവര്‍ഷം തികയുമ്പോള്‍, വിമര്‍ശിച്ചവരോടും കുറ്റപെടുത്തിയവരോടും കെഎംആര്‍എല്ലിന് പറയാനുള്ളത് നേട്ടത്തിന്റെ കണക്ക്. പദ്ധതിയുടെ പല ഘട്ടങ്ങളിലായി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട ഒന്നാണ് മെട്രോ ട്രെയിന്‍ സര്‍വീസ്. പാഴായിപ്പോയൊരു പദ്ധതി എന്നായിരുന്നു പഴി ചാരല്‍. ഒരിക്കലും ലാഭത്തിലെത്താതെ, സംസ്ഥാനത്തിന് അധിക ബാധ്യതായി ഇഴയുന്ന പ്രസ്ഥാനമെന്ന കുറ്റപ്പെടുത്തലുകളെ നിശബ്ദമാക്കിക്കൊണ്ടാണ് ആദ്യമായി റവന്യൂ വരുമാനത്തില്‍ 145% വര്‍ധനവ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു കോടി രൂപയുടെ ലാഭമാണ് നേടിയത്. പരാജയപെട്ട പരീക്ഷണം എന്ന് പരിഹസിച്ചവര്‍ക്കും അധിക്ഷേപിച്ചവര്‍ക്കും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കൊച്ചി മെട്രോയെ പ്രാപ്തമാക്കിയതിനു പിന്നില്‍ വലിയൊരു വിഭാഗമാളുകളുടെ അക്ഷീണ പ്രയത്‌നമുണ്ട്. അവരെ നയിച്ച കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോകനാഥ് ബഹ്‌റ കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വിജയത്തെക്കുറിച്ച് അഴിമുഖവുമായി സംസാരിക്കുന്നു.

ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു
‘റവന്യൂ എങ്ങനെ ഉയര്‍ത്താം എന്നതായിരുന്നു ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. അതിനു വേണ്ടി പലമാര്‍ഗങ്ങളും അവലംബിച്ചു. ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവുമധികം സഹായിച്ചത് സോഷ്യല്‍ മീഡിയയാണ്. ഞങ്ങളൊരു സോഷ്യല്‍ മീഡിയ സെല്‍ രൂപകല്‍പന ചെയ്തു. മുമ്പ് ഇത്തരം കാര്യങ്ങളൊക്കെ ഏല്‍പ്പിച്ചിരുന്നത് ഔട്‌സോഴ്‌സ് ഏജന്‍സിയെ ആയിരുന്നു. പുറത്തുള്ളവര്‍ കാര്യങ്ങള്‍ അത്രയെളുപ്പം മനസിലാക്കണമെന്നില്ല. അതുകൊണ്ട്, ആ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു. ആ തീരുമാനം ശരിയായെന്നാണു 6.5 ഫോളോവേഴ്‌സുള്ള മെട്രോയുടെ എഫ് ബി പേജ് തെളിയിച്ചിരിക്കുന്നത്. യൂട്യൂബും കാര്യക്ഷമമായി ഉപയോഗപ്പെടുത്തി. ഇതൊക്കെയായിരുന്നു ആദ്യത്തെ ചുവടുകള്‍. അവിടെ വിജയം കണ്ടു. സാമൂഹ്യ മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ്. ഞങ്ങളത് ശരിയായ രീതിയില്‍ ഉപയോഗിച്ചു. രണ്ടാമതായി ചെയ്തത് പുതിയ സ്‌കീമുകള്‍ അവതരിപ്പിക്കുക എന്നതായിരുന്നു. ആര്‍ പി ടി കാര്‍ഡുകള്‍ (മെട്രോ ട്രാവല്‍ കാര്‍ഡ്) വഴി ഓരോ സ്‌കീമുകളും ജനങ്ങള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ചു തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടാക്കി.

മുന്‍പ് ഇല്ലാതിരുന്നതും, ഞങ്ങള്‍ ചെയ്തതിലെ ഏറ്റവും പ്രധാനപെട്ടതുമായ കാര്യം, ജനങ്ങളുമായുള്ള ഇടപെടുകളില്‍ മാറ്റം വരുത്തി എന്നതാണ്. യാത്രക്കാരുമായുള്ള സമ്പര്‍ക്കം കൂടുതല്‍ മെച്ചപ്പെട്ടതാക്കി. ജനങ്ങള്‍ക്ക് എന്തു വേണം, അതാണ് പ്രധാനപ്പെട്ട കാര്യം. അതിലാണ് മുഴുവന്‍ ശ്രദ്ധയും. ‘മൈ മെട്രോ, മൈ പ്രൈഡ്’ എന്ന കാമ്പയിനിലാണ് ഞങ്ങളുടെ ടീം ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നത്. മെട്രോ സ്റ്റേഷന്‍ പരിധിയില്‍ കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് വിനോദത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. പാട്ടുകള്‍, കളികള്‍, മാജിക് ഷോകള്‍ തുടങ്ങി, ജനങ്ങളെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നതും ഉപകാരപ്പെടുന്നതുമായ പദ്ധതികള്‍ വിഭാവനം ചെയ്തു. ഇതിലൊക്കെ വലിയ രീതിയില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കുന്നുണ്ട്.

ഞാന്‍ കൊച്ചി മെട്രോയുടെ ഭാഗമാകുന്ന സമയത്ത്, മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ പ്രതിദിന എണ്ണം ശരാശരി 12,000 ആയിരുന്നു. ഇന്നത് ഒരു ലക്ഷം ആയി ഉയര്‍ന്നു. ഈ കണക്കിലും ഞാന്‍ തീര്‍ത്തും സംതൃപ്തനല്ല. എണ്ണം ഇനിയുമെങ്ങനെ ഉയര്‍ത്താം എന്നതിലാണ് എന്റെ ശ്രദ്ധ മുഴുവനും.

ഇനിയും കുറെയധികം പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. തൃപ്പൂണിത്തുറയിലേക്ക് നീളുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. എന്നിരുന്നാലും ഇപ്പോഴും 50% കപ്പാസിറ്റി മാത്രമേ ആയിട്ടുള്ളു, അത് 100 ല്‍ എത്തിക്കാനാകില്ലെങ്കിലും, 70-80 ശതമാനത്തിലേക്ക് എത്തിക്കണം. അതിനര്‍ത്ഥം കൂടുതല്‍ ആളുകള്‍ അവലംബിക്കുന്ന യാത്രാ മാര്‍ഗം മെട്രോ ആയിരിക്കണം എന്നതാണ്.

ജനങ്ങള്‍ കൂടുതല്‍ മെട്രോ ആശ്രയിക്കാന്‍ തുടങ്ങിയതിന്റെ പരോക്ഷമായൊരു ഗുണമാണ്, കൂടുതല്‍ പരസ്യങ്ങള്‍ മെട്രോയില്‍ വരാന്‍ തുടങ്ങിയത്. മുന്‍പത്തെ സ്ഥിതി അതായിരുന്നില്ല. അങ്ങോട്ട് പോയി നമ്മള്‍ ചോദിച്ചാലും പരസ്യ കമ്പനിക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു പതിവ്. ഇന്നവര്‍ ഇങ്ങോട്ടു വരികയാണ്. ഇത് ഫെയര്‍ ബോക്‌സ് റവന്യൂവിനൊപ്പം നോണ്‍ ഫെയര്‍ ബോക്‌സ് റവന്യൂവും ഉയര്‍ത്തുന്നു.

കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും
ഞാന്‍ പബ്ലിക് സര്‍വീസില്‍ ഇരുന്ന ഒരാളായതു കൊണ്ട്, ജനങ്ങളുടെ പള്‍സ് നന്നായി അറിയാം. അവരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മെട്രോ മാനേജ്‌മെന്റില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നു. ഇപ്പോഴത്തെ വിജയത്തില്‍ അതൊരു പ്രധാനഘടകമാണ്. ബാക്കിയെല്ലാം അതിന്റെ വഴിക്ക് സംഭവിക്കുന്നതാണ്. ഇപ്പോള്‍ പുറത്തിറക്കിയ പദ്ധതികള്‍ എല്ലാ സമയത്തും നൂറുശതമാനം വിജയം കാണണം എന്നൊന്നുമില്ല. ഓരോ തവണയും, സമയത്തിനും സന്ദര്‍ഭത്തിനും യോജിച്ച തരത്തിലുള്ള പദ്ധതികള്‍ വേണം വിഭാവനം ചെയ്യാന്‍. ഒരു മാറ്റം എപ്പോഴും അനിവാര്യമാണ് ഇപ്പോഴുള്ള പദ്ധതികള്‍ എല്ലാം തന്നെ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ളതാണ്. ഒക്‌ടോബര്‍ അവസാനത്തിനു ശേഷം ബിസിനസ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ളതായിരിക്കും. നവംബറിന് ശേഷം ഓഫീസ് ജോലിക്കാരെ ഉദ്ദേശിച്ചുള്ളവയായിരിക്കും. ഇതുപോലെ സെഗ്‌മെന്റുകളായി തിരിച്ച് ഓരോന്നും ചിട്ടപെടുത്തിയെടുത്തിയിരിക്കുകയാണ്.

കെ.എം.ആര്‍.എല്‍ തലപ്പത്തേക്ക് വരുമ്പോള്‍ എനിക്ക് യാതൊരു വിധ ആശങ്കകളോ പേടിയോ ഇല്ലായിരുന്നു. എന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് സര്‍ക്കാര്‍ ഈ സ്ഥാപനം എല്‍പ്പിച്ചത്. ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കേണ്ടത് എന്റെ കടമയാണ്. അത് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ ചെയ്യും. പിന്നെയൊരു പ്രധാനപ്പെട്ടൊരു ഉത്തരവാദിത്തം എന്നിലധിഷ്ഠിതമായിരിക്കുന്നത് മെട്രോയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളായിരുന്നു. പ്രായോഗികമായി എങ്ങനെ രണ്ടാം ഘട്ടം ഫലപ്രാപ്തിയിലെത്തിക്കാം എന്നതിലായിരുന്നു എന്റെ ചിന്തയത്രയും. കാരണം കുറെ വര്‍ഷങ്ങളായി ഈ പദ്ധതിക്ക് അനുമതി കിട്ടാതെ അനിശ്ചിതത്വത്തിലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അനുമതി കരസ്ഥമാക്കിയത്. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. 11 കിലോമീറ്ററിലായി 11 സ്‌റ്റേഷനുകളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഞാന്‍ കുറെയൊക്കെ ലോകം കണ്ടൊരു വ്യക്തിയാണ്. കൊച്ചിയില്‍ ഈ പദ്ധതി വിജയം വരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഭാവിയില്‍ ഇനിയും വളരും.

നിലവിലെ ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഫസ്റ്റ് മൈലും ലാസ്റ്റ് മൈലും തമ്മില്‍ കണക്ഷനില്ല എന്നതാണ്, ‘ബീറ്റില്‍ നിന്ന് എങ്ങനെ വരാം ബീറ്റിലേക്ക് എങ്ങനെ പോകാം ‘ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായി ഞങ്ങളിപ്പോള്‍ 15 ഇലക്ട്രിക് ബസുകള്‍ വാങ്ങിക്കാന്‍ പോവുകയാണ്. അതിനു ശേഷം 20 എണ്ണം കൂടെ വാങ്ങിക്കും. കൂടതെ ഇപ്പോള്‍ 75 ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങിയിട്ടുണ്ട്. അതിന്റെയും എണ്ണം കൂട്ടും. ഇതൊരു ഫീഡര്‍ സര്‍വീസ് ആയി നടത്തും. ഈ പദ്ധതികളൊക്കെ നടപ്പിലാക്കി കഴിയുമ്പോള്‍ ജനങ്ങളോട് കൂടുതല്‍ അടുക്കാന്‍ കഴിയും. ഒരു ട്രാന്‍സ്പോര്‍ട് സര്‍വീസ് പ്രൊവൈഡര്‍ എപ്പോഴും ജനങ്ങളോട് കൂടുതല്‍ അടുത്ത് നില്‍ക്കണം. എന്നാലേ ജനങ്ങളുടെ വിശ്വാസ്യത കൈവരിക്കാന്‍ സാധിക്കുകയുള്ളു.

അങ്കമാലിയിലേക്കും നെടുമ്പാശ്ശേരിയിലേക്കും നീട്ടണം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു കോടി രൂപയാണ് ലാഭം. അടുത്ത സാമ്പത്തിക വര്‍ഷം 20 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. അതിയായി കൂടുതല്‍ പരസ്യങ്ങളും ആക്ടിവിറ്റീസും കൊണ്ടുവരുന്നുണ്ട്. അതേസമയം, എല്ലാ സ്ഥലങ്ങളിലേക്കും മെട്രോ എക്സ്റ്റന്‍ഡ് ചെയ്യുക എന്നു പറയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. നീട്ടണം എന്നതു തന്നെയാണ് വ്യക്തിപരമായ അഭിപ്രായമെങ്കിലും അതിനു സാങ്കേതികമായി നിരവധി തടസങ്ങളുണ്ട്. അതുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയെ വാട്ടര്‍ മെട്രോയുമായി കണക്ട് ചെയ്തത്. മെട്രോയെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഇനി ഞങ്ങള്‍ പ്രധാനമായി നോക്കുന്നത് നെടുമ്പാശേരിയിലേക്കും അങ്കമാലിയിലേക്കും മെട്രോ എത്തിക്കാനാണ്. എയര്‍പോര്‍ട്ടിലേക്ക് ബന്ധിപ്പിക്കണമെന്നതാണ് ഉദ്ദേശം. പ്രാഥമിക ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഡാറ്റശേഖരണവും സാങ്കേതിക അനുമതികളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയ സര്‍വ്വേകളൊക്കെ നടത്തി. ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് ഉടനെ തന്നെ തയ്യാറാകും. ഈ പദ്ധതി നടപ്പാക്കുമ്പോള്‍ എറണാകുളത്തു നിന്ന് അങ്കമാലിയിലേക്ക് നേരിട്ട് പോകാം. ഈ വിശാദംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സ്റ്റേറ്റ് ക്യാബിനറ്റിലേക്ക് അയക്കണം അവിടെനിന്നുള്ള അനുമതിക്ക് ശേഷം സെന്‍ട്രല്‍ ക്യാബിനെറ്റിന്റെ അനുമതി കൂടി ലഭിച്ചാലേ പാസ്സാവുകയുള്ളു. അതിന് ഏകദേശം ഒരു വര്‍ഷമെടുക്കും. പക്ഷെ ഒരു ദിവസം അത് നടപ്പിലാവുകതന്നെ ചെയ്യും. കാരണമതെല്ലാം തന്നെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

രണ്ടാം ഘട്ടം കൂടുതല്‍ മികവോടെ
കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിനെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സങ്കേതിക വിദ്യകളായിരിക്കും ഉപയോഗിക്കുക. അതിനാല്‍ തന്നെ ആദ്യഘട്ടത്തിനേക്കാളും വേഗതയിലായിരിക്കും രണ്ടാം ഘട്ടം പൂര്‍ത്തിയാവുക. അതുപോലെ തന്നെ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകള്‍ വ്യത്യസ്ത രീതിയിലാണ് വിഭാവനം ചെയ്യാനാണ് ആലോചന. അതിനു വേണ്ടി ഒരു മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ്. അതില്‍ വരുന്ന എന്‍ട്രികളില്‍ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് ആ രീതിയിലായിരിക്കും സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. 11 സ്റ്റേഷനുകളും 11 രീതിയിലായിരിക്കും. എല്ലാ ബില്‍ഡിങ്ങുകളും ഹൈബ്രിഡ് ആയിരിക്കും. കോണ്‍ക്രീറ്റിനോടൊപ്പം സ്റ്റീലും, ഗ്ലാസ്സും ഉപയോഗിച്ചായിരിക്കും നിര്‍മാണം. ടിക്കറ്റുകള്‍ ഡിജിറ്റലാക്കും.

മെട്രോ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും
സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം 2021 ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയര്‍ന്നു. പിന്നീട് കെഎംആര്‍എല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടര്‍ച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തുകയും ചെയ്തു. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായകരമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയര്‍ ബോക്‌സ് വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 75.49 കോടി രൂപയിലേക്കുയര്‍ന്നു. 2020-21 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 485 ശതമാനം വര്‍ദ്ധനവാണിത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനത്തിനും മികച്ച വളര്‍ച്ചയാണുണ്ടായത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനം 2020-21 സാമ്പത്തിക വര്‍ഷം 41.42 കോടി രൂപയില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നു. അതായത് ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനങ്ങള്‍ കൂട്ടുമ്പോള്‍ 2020-21 വര്‍ഷത്തിലെ ഓപ്പറേഷണല്‍ റവന്യു 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു. 145 ശതമാനം വളര്‍ച്ചയാണിത്. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ പ്രവര്‍ത്തന നഷ്ടം ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷല്‍ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് സാധ്യമായി. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രവര്‍ത്തന ലാഭത്തിലെത്താന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. ഡിസംബര്‍-ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മെട്രോ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍