കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്...ആവേശത്തിലെ പാട്ട് ഇപ്പോ കേരളക്കരയ്ക്ക് പുറത്തും ഹിറ്റാണ്. ഈ ഭക്തി ഗാനം എങ്ങനെയാണ് ഭക്തിസാന്ദ്രമല്ലാത്ത ഒരു സാഹചര്യത്തില്‍, സിനിമയില്‍ എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ഹിറ്റാവുമെന്ന് ഉറപ്പുള്ള പാട്ടായിരുന്നു കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്…എന്ന പാട്ട്. സിനിമയുടെ ഭാഗം ആവും മുന്‍പ് തന്നെ ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെയാണ് ചിത്രത്തില്‍ ഈ ഗാനം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ദേവിയുമായി രംഗണ്ണന് ബന്ധമൊന്നുമില്ല. പാട്ടിന്റെ വരികളുമായും സിനിമയിലെ രംഗങ്ങള്‍ക്ക് ബന്ധമില്ല.
ചിത്രത്തിനായി പാട്ട് തിരയുന്നതിനിടെയാണ് ഈ ഗാനം ശ്രദ്ധിച്ചത്. അതാവട്ടെ ഒരു ദമ്പതികള്‍ ചെയ്ത റീലായിരുന്നു. ഈ റീല്‍ റഫറന്‍സായി ഉപയോഗിച്ചാണ് ആവേശത്തിലെ രംഗണ്ണന്റെ പാട്ട് രംഗം ഉണ്ടായത്. 2022ലാണ് കരിങ്കാളിയല്ലേ എന്ന ഭക്തിഗാനത്തിന്റെ ഓരോ വരികള്‍ക്കും വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന് നല്‍കി കൊണ്ട് മലയാളി ദമ്പതികള്‍ റീല്‍ ചെയ്തത്. പിന്നാലെ ഈ റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയായിരുന്നു. ഇതാണ് തങ്ങളുടെയും റഫറന്‍സ് എന്നാണ് ജിത്തു പറയുന്നത്. അതേസമയം, നിറയെ വ്യത്യസ്തകളുള്ള രംഗമാണ് ഈ പാട്ടിനുള്ളത്. ചുവന്ന പട്ടുടുത്ത് പ്രത്യക്ഷപ്പെടുന്ന ദേവി സങ്കല്‍പ്പമാണ് ഇതുവരെ കണ്ടിട്ടുള്ളത്. അവിടെയാണ് ഒരു പുരുഷന്‍, തൂവെള്ള ഡ്രസില്‍ ആ പാട്ടുമായെത്തി ജനശ്രദ്ധ നേടിയത്.
Content summary; Fahadh faasil aavesham movie song karinkaliyalle