UPDATES

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെയും വീഴ്ത്തി സ്വന്തം വിധി തിരുത്തിയെഴുതിയ ദയാല്‍

ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണ്, അവിടെ സ്ഥായിയായ വിജയികളുമില്ല, സ്ഥിരമായി പരാജയപ്പെടുന്നവരുമില്ല

                       

ക്രിക്കറ്റില്‍ എന്തും സംഭവിക്കാം; എപ്പോള്‍ വേണമെങ്കിലും. ആര് ജയിക്കും, തോല്‍ക്കും, ആര് ഹീറോയാകും, സീറോയാകും എന്നൊന്നും പറയാന്‍ കഴിയില്ല. കളിയുടെ കാര്യത്തില്‍ മാത്രമല്ല, കളിക്കാരുടെ കാര്യത്തിലും ഈ അനിശ്ചിതത്വമുണ്ട്. പോയിന്റ് ടേബിളില്‍ ഏറ്റവും താഴെക്കിടന്നവര്‍, തോല്‍ക്കാന്‍ വേണ്ടി മത്സരിക്കുന്നവരെന്ന് പരിഹസം കേട്ടവര്‍; അവര്‍ പ്ലേ ഓഫില്‍ എത്തി. അവസാന നാല് പേരില്‍, ഐപിഎല്‍ കീരിടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടവരായി മാറിയിരിക്കുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഒന്നും അസംഭവ്യമായില്ല എന്നാണ് ഡുപ്ലെസിയും കൂട്ടരും തെളിയിച്ചിരിക്കുന്നത്. yash dayal

‘ഇനി എല്ലാം ദൈവത്തിന്റെ കൈയില്‍’ എന്നു ഡോക്ടര്‍ നിസഹായത പ്രകടിപ്പിച്ച രോഗിയുടെ അവസ്ഥയിലായിരുന്നു റോയല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇറങ്ങിയത്. അവസാന ഓവര്‍ വരെ റോയല്‍സ് പേടിച്ചു നില്‍ക്കുകയായിരുന്നു. ചെന്നൈ 18 റണ്‍സിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമാണ് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കു. അവസാന ഓവറില്‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്നത് ഫോമില്‍ നില്‍ക്കുന്ന ജഡേജയും, പിന്നെ മഹേന്ദ്ര സിംഗ് ധോണിയെന്ന സംഹാരിയും. ബോള്‍ എറിയാന്‍ വരുന്നത് യഷ് ദയാലും. ഓവറിലെ ആദ്യ പന്ത് ധോണിയുടെ ബാറ്റില്‍ ഇടിച്ചു തെറിച്ചത് 110 മീറ്റര്‍ അകലേക്കയ്ക്കാണ്. ആ സിക്‌സ് കണ്ടപ്പോള്‍ എല്ലാവരുടെയും മനസിലേക്ക് വന്നത് 2023 സീസണിലെ ഒരു ഐപിഎല്‍ മത്സരമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം. അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് 28 റണ്‍സ്. ഇന്ത്യന്‍ ക്രിക്കറ്റിന് അത്രയൊന്നും പരിചയമില്ലാത്ത ഉത്തര്‍പ്രദേശില്‍ നിന്നുള്ള 26 കാരന്‍ പയ്യനാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷയായി ക്രീസില്‍ നില്‍ക്കുന്നത്. അന്നും അവസാന ഓവര്‍ എറിയാന്‍ നിയോഗിക്കപ്പെട്ടത് യഷ് ദയാല്‍ ആയിരുന്നു. ആ ഓവറില്‍ നേരിട്ട അഞ്ചു പന്തുകളും തുടര്‍ച്ചയായി ആ അഞ്ചടി നാലിഞ്ചുകാരന്‍ അകാശം തൊടീച്ച് ഗാലറയില്‍ എത്തിച്ചു. അവിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു ഹീറോ പിറന്നു; റിങ്കു സിംഗ്. ഷാരുഖ് ഖാന്റെ ടീമിന്റെ മാത്രമല്ല, ടീം ഇന്ത്യയുടെയും കരുത്തും പ്രതീക്ഷയുമായ റിങ്കു.

ഒരു വശത്ത് റിങ്കു ആഘോഷിക്കപ്പെട്ടപ്പോള്‍ മറുവശത്ത് മറ്റൊരു കളിക്കാരന്‍ ഹൃദയം പൊട്ടി നില്‍ക്കുകയായിരുന്നു. യഷ് ദയാല്‍. അയാള്‍ ആകെ തകര്‍ന്നു. കണ്ണുകള്‍ ടൗവ്വല്‍ കൊണ്ട് മൂടി, ഈ ലോകത്തെ നോക്കാന്‍ ഇനി തനിക്ക് ത്രാണിയില്ലെന്ന മട്ടില്‍ ഗ്രൗണ്ട് വിട്ടുപോകുന്ന ദയാല്‍. തുടര്‍ന്നുള്ള ദിവസങ്ങള്‍ അയാളെ സംബന്ധിച്ച് ഭീകരമായിരുന്നു. വല്ലാത്ത മാനസികസംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോയത്. അടുത്ത ഒരു മാസത്തേക്ക് ആ 26 കാരന്‍ ക്രിക്കറ്റ് മൈതാനത്തേക്കിറങ്ങിയില്ല. ആ സീസണ്‍ അവസാനിച്ചപ്പോള്‍ ഗുജറാത്ത് ദയാലിനെ കൈവിട്ടു. പുതിയ ലേലത്തില്‍ ബെംഗളൂരു അയാളെ കൂടെ കൂട്ടി.

ഒരിക്കല്‍ ലോകത്തിന് മുന്നില്‍ പൂര്‍ണ പരാജിതനായി നിന്ന അതേ യഷ് ദയാല്‍ തന്നെയാണ് ഒരു വര്‍ഷത്തിനപ്പുറം ഏറ്റവും മികച്ചൊരു വിജയം തന്റെ ടീമിന് സമ്മാനിച്ചുകൊണ്ട് ഒരു റിയല്‍ ഹീറോ ആയി അവതാരം പൂണ്ടിരിക്കുന്നത്. അതേ, ക്രിക്കറ്റ് തീര്‍ച്ചയായും അനിശ്ചിതത്വങ്ങളുടെ കളിയാണ്, അവിടെ സ്ഥായിയായ വിജയികളുമില്ല, സ്ഥിരമായി പരാജയപ്പെടുന്നവരുമില്ല. ഒന്നുകൂടിയുണ്ട്, വീരന്മാര്‍ വിജയം തേടിപ്പിടിക്കുക തന്നെ ചെയ്യും.

ഒന്നാം പന്തില്‍ തന്നെ സിക്‌സര്‍ തൂക്കിയ ധോണിയെ തന്നെ വേട്ടയാടുന്ന മറ്റൊരു പേക്കിനാകാന്‍ അയാള്‍ അനുവദിച്ചില്ല. അവസാന ഓവറില്‍ 17 റണ്‍സ് നേടിയാല്‍, തോറ്റാല്‍ പോലും ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. ധോണിയുടെ സിക്‌സോടെ ലക്ഷ്യം 11 റണ്‍സ് ആയി കുറഞ്ഞു. 11 എടുത്താല്‍ സ്‌കോര്‍ 201 ആകും. പ്ലേ ഓഫ് ടിക്കറ്റിന് ആ സമ്പാദ്യം മതി. അഞ്ചു പന്തില്‍ ധോണിക്കും ജഡേജയ്ക്കും കൂടി 11 റണ്‍സ് എടുക്കാന്‍ ഒരുപാടുമില്ലെന്നാണ് എല്ലാവരും കയറിയത്. മാത്രമല്ല, പന്തെറിയുന്നത് ദയാലും. റിങ്കു മനസില്‍ വന്നവരെല്ലാം ദയാലിനെയോര്‍ത്ത് നെടുവീര്‍പ്പിട്ടു, ഈ കളിക്കാരന്റെ വിധി ഇതു തന്നെയാണല്ലോ എന്നവര്‍ സഹതപിച്ചു.

ധോണിയുടെ ലക്ഷ്യം വീണ്ടും ഗാലറി തന്നെയാണെന്ന് എല്ലാവര്‍ക്കും മനസിലായി. അതേറ്റവും കൂടുതല്‍ അറിയാമായിരുന്നത് ദയാലിനായിരുന്നു. പിഴച്ചാല്‍ വീണ്ടും താനൊരു ദുരന്തകഥാപാത്രമാകും, കരിയര്‍ തന്നെ അവസാനിച്ചേക്കും. അഹമ്മദാബാദിലെ കഥ ബെംഗളൂരുവില്‍ ആവര്‍ത്തിക്കാന്‍ അയാള്‍ ഒട്ടും ആഗ്രഹിച്ചില്ല. ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷര്‍ക്കെതിരേ ചെറിയൊരു പിഴവ് പോലും വരുത്തരുതെന്നറിയാവുന്ന ദയാല്‍ ഒരു വേഗം കുറഞ്ഞ പന്താണെറിഞ്ഞത്. ദയാല്‍ ഒരുക്കിയ കെണി. പ്രതീക്ഷിച്ചതുപോലെ ധോണിയതില്‍ വീണു. തൊട്ടുമുമ്പ് പന്ത് പറന്ന അതേ കോണിലേക്ക് തന്നെയാണ് അടുത്ത പന്തിനെയും ധോണി പറഞ്ഞയച്ചത്, പക്ഷേ, സ്വപ്‌നില്‍ സിംഗിന്റെ കൈകളില്‍ അതിന്റെ ആയുസ് ഒടുങ്ങി. ധോണി തല കുനിച്ചു മടങ്ങി. ദയാല്‍ പ്രകമ്പനമായി. പക്ഷേ, നാല് പന്തുകളും ജഡേജയും ബാക്കി നില്‍ക്കുന്നുണ്ട്. രണ്ട് പന്തില്‍ പത്ത് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്തും ചെയ്യാന്‍ കഴിവുള്ള ജഡേജയാണ് സ്‌ട്രൈക്കിംഗ് എന്‍ഡില്‍. പക്ഷേ, തൊടാന്‍ പറ്റിയില്ല ജഡേജയ്ക്ക് ദയാലിനെ. സ്വന്തം മാതാപിതാക്കള്‍ക്കു മുമ്പിലാണ് ഒരിക്കല്‍ ദയാല്‍ തല്ലിത്തകര്‍ക്കപ്പെട്ടത്, അച്ഛനമ്മമാര്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച്ച, ഒരു മകനുമൊരിക്കലും സംഭവിക്കണമെന്ന് ആഗ്രഹിക്കാത്ത കാര്യം. ദയാലിന് അന്നാ വിധിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചിന്നസ്വാമിയില്‍ അയാള്‍ വിജയിച്ചു. സ്വന്തം പാപക്കറ കഴുകി തന്റെ ടീമിന് വിജയവും പ്ലേ ഓഫ് സീറ്റും നേടിക്കൊടുത്തുകൊണ്ട് ദയാല്‍ മനസ് നിറഞ്ഞു ചിരിച്ചു. കോഹ്‌ലി ഉള്‍പ്പെടെയുള്ളവരുടെ വികാരപ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്, അതെല്ലാം ആ ചെറുപ്പക്കാരന്റെ സന്തോഷത്തിന് താഴയെ വരൂ. യഷ് ദയാല്‍, വീരന്മാര്‍ക്ക് അസംഭവ്യമായതൊന്നും ഈ ലോകത്തില്ലെന്ന് നിങ്ങള്‍ തെളിയിച്ചു; നന്ദി, ആദരവ്…

Content Summary; Yash dayal redemption story his performance help rcb to get play off ticket

Share on

മറ്റുവാര്‍ത്തകള്‍