UPDATES

എഡിറ്റേഴ്സ് പിക്ക്

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൂടുമോ? പുതിയ ടെലികോം ബില്ലിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ടെലികമ്മ്യൂണിക്കേഷൻസ് ബിൽ 2023 ; ഇന്ത്യയിലെ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?

                       

2023 ഡിസംബര്‍ 18 തിങ്കളാഴ്ച്ചയാണ് ലോക്‌സഭയില്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ അവതരിപ്പിക്കുന്നത്. നാലു ദിവസത്തിനപ്പുറം, ഡിസംബര്‍ 21 ന് ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 കേന്ദ്രസര്‍ക്കാര്‍ പാസാക്കി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളെയും ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകളെയും നിയന്ത്രിക്കുന്നതാണ് പുതിയ ബില്‍. 1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് , 1933-ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രഫി ആക്ട്, 1950-ലെ ടെലിഗ്രാഫ് വയറുകള്‍ (നിയമവിരുദ്ധമായ കൈവശം വയ്ക്കല്‍) ആക്ട് എന്നിവയ്ക്ക് ബദലാണ് പുതിയ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍. പുതിയ നിയമം കേന്ദ്ര ഗവര്‍മെന്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സ്വാതന്ത്രത്തെ സാരമായി ബാധിക്കുന്നതായിരിക്കും പ്രാബല്യത്തിലാകുന്ന പുതിയ നിയമം എന്നത് വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴി വച്ചിരിക്കുകയാണ്.

ക്ലൗഡ് സേവനങ്ങള്‍, സ്ട്രീമിംഗ് ഓണ്‍ലൈന്‍, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പുതിയ ബില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സാങ്കേതിക നയങ്ങള്‍ വിശകലനം ചെയ്യുന്ന ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലായ മീഡിയനാമയുടെ സ്ഥാപകന്‍ നിഖില്‍ പഹ്വ പറയുന്നത്.

മൊബൈല്‍ സിം ദുര്യുപയോഗം തടയുന്നതിന് ബയോമെട്രിക് ഡാറ്റ വെരിഫൈ ചെയ്തതിനു ശേഷം മാത്രം സേവനം അനുവദിക്കണമെന്നു പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. വ്യക്തിത്വത്തിലോ മറ്റേതെങ്കിലും രീതിയിലോ വഞ്ചന നടത്തി സിമ്മോ മറ്റ് ടെലികോം ഉറവിടമോ നേടുന്ന ഒരാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ചുമത്തുന്ന വ്യവസ്ഥയും പുതിയ ടെലികമ്മ്യൂണിക്കേഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി ഏറ്റെടുക്കാനും സാറ്റ്‌ലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതിന് ലേലരഹിത മാര്‍ഗം സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്നതാണ് ബില്‍. വാട്‌സ് ആപ്പ്, ഇമെയില്‍ പോലെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങളും ആവശ്യമെങ്കില്‍ ടെലികോം ബില്ലിലെ വ്യവസ്ഥകളുടെ പരിധിയില്‍ വരത്തക്ക തരത്തിലാണ് ബില്ലില്‍ നിര്‍വചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരാളുടെ വാട്‌സ് ആപ്പ് മെസേജുകളും ഇമെയിലുകളും പ്രത്യേകസാഹചര്യങ്ങളില്‍ കേന്ദ്രത്തിനു നിരീക്ഷിക്കാന്‍ സാധിക്കും. ഒപ്പം വ്യാജ ഫോണ്‍ കോളുകള്‍ തടയുന്നതിനായി കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ‘ഡിജിറ്റല്‍-ബൈ-ഡിസൈന്‍’. ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്യും.

ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ മൊബൈല്‍ ഉപയോക്താക്കളെയും കമ്പനികളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം,

1 പുതിയ സിം കാര്‍ഡ് ലഭിക്കുന്നതിന് ഏതെങ്കിലും വ്യക്തി മറ്റൊരാളുടെ ഐഡി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, അവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പരമാവധി 50 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

2 ഏതെങ്കിലും മൊബൈല്‍ ഉപഭോക്താവിന് ഒരു ആധാര്‍ കാര്‍ഡില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ആദ്യം 50,000 രൂപ വരെയും തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയും പിഴ ചുമത്തും.

3 ഏതെങ്കിലും കമ്പനി അനുമതിയില്ലാതെ സേവനങ്ങള്‍ നല്‍കുകയോ നിയമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടാലോ, മൂന്ന് വര്‍ഷം വരെ ജയിലില്‍ അടയ്ക്കുകയോ രണ്ടു കോടി രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. ഈ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചാല്‍ 5 കോടി രൂപ വരെ പിഴ ഈടാക്കാം.

4 ഏതെങ്കിലും കുറ്റവാളിയുടെ കൈവശം കസ്റ്റം സിം ബോക്സോ മറ്റേതെങ്കിലും ഉപകരണത്തിന്റെ പ്രൈമറി റേറ്റ് ഇന്റര്‍ഫേസോ ഉപയോഗിച്ചുകൊണ്ട് നിയമവിരുദ്ധമായ അന്താരാഷ്ട്ര കോളുകള്‍ ചെയ്യുന്നതായി കണ്ടെത്തിയാല്‍, അവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്തും.

5 കേന്ദ്രത്തിന്റെ അനുമതിയുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രമേ ടെലികോം കമ്പനികള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ ലഭിക്കൂ.

6 ടെലികോം നെറ്റ്വര്‍ക്കുകളില്‍ സൈബര്‍ സുരക്ഷയ്ക്കായി നിയമങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്.

7 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ചെയര്‍മാനാകാന്‍ കുറഞ്ഞത് 30 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. ട്രായ് അംഗങ്ങള്‍ക്ക് 25 വര്‍ഷമാണ് യോഗ്യത.

8 പരസ്യ സന്ദേശങ്ങള്‍ നല്‍കുന്നതിനായി കമ്പനികള്‍ ഉപയോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങേണ്ടതുണ്ട്. ഉപയോക്താക്കളെ ടെലികോം കമ്പനികള്‍ പരസ്യത്തിനായി വിളിച്ച് ശല്യപ്പെടുത്തരുതെന്നും കൂടാതെ നമ്പറുകളുടെ റെക്കോര്‍ഡും സൂക്ഷിക്കണമെന്നും ബില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ പരിഹാര പ്ലാറ്റ്ഫോമും ഉപയോക്താക്കള്‍ക്കായി കമ്പനി സജ്ജീകരിക്കേണ്ടതുണ്ട്.

9 ആധാര്‍ കാര്‍ഡുകള്‍ പോലെയുള്ള ബയോമെട്രിക് അധിഷ്ഠിത ഐഡികള്‍ ഉപയോഗിച്ച് മാത്രമേ വരിക്കാരുടെ ഐഡന്റിറ്റിയുടെ പരിശോധന നടത്താന്‍ കഴിയൂ.

10 രാജ്യസുരക്ഷ, പ്രതിരോധം, ദുരന്തനിവാരണം, ഗതാഗതം തുടങ്ങിയ ചില സാഹചര്യങ്ങളിലൊഴികെ ടെലികോം സ്പെക്ട്രം ലേലത്തിലൂടെ മാത്രമേ നല്‍കൂ.

Share on

മറ്റുവാര്‍ത്തകള്‍