UPDATES

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ പുതിയ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഇലക്ടറല്‍ ബോണ്ട് യുഗം അവസാനിച്ചു

                       

ഇലക്ടറൽ ബോണ്ടുകളായോ, പണമായോ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയുടെ വിശദാംശങ്ങൾ നിർബന്ധമായി വെളിപ്പെടുത്താൻ ആവശ്യപെട്ടിരിക്കുയാണ് കേന്ദ്ര സർക്കാർ. രണ്ടാഴ്ച മുൻപ് മുന്നോട്ടുവച്ച ഈ നിർദ്ദേശത്തിൽ ശേഖരിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങൾ സർക്കാർ കൈവശം വക്കും. പൊതു വിവരമായി ജനങ്ങളിലേക്ക് ഇത് പങ്കിടില്ല. ഫെബ്രുവരി 15 നാണ് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രിം കോടതി വിധി വരുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തികൾ കോർപ്പറേറ്റുകൾ മറ്റ് സംഘടനകൾ എന്നിവയിൽ നിന്നും ലഭിക്കുന്ന പണത്തിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ  അവലംഭിച്ചിരിക്കുന്ന മറ്റൊരു മാർഗം കൂടിയാണിത്.

ഈ സംവിധാനം നിലവിൽ വരുന്നതോടെ, രാഷ്ട്രീയ സംഭാവനകളുടെ വിശദാംശങ്ങൾ പൗരന്മാരിൽ നിന്നും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറച്ചുവെക്കണമെന്ന് ദിവസങ്ങൾക്ക് മുമ്പ് വാദിച്ചിരുന്ന അതെ കേന്ദ്രസർക്കാർ തന്നെ ഈ വിവരങ്ങൾ ശേഖരിക്കും. തെരഞ്ഞെടുപ്പുകൾ നീതിയുക്തവും നിഷ്പക്ഷവുമാണെന്ന് ഉറപ്പുവരുത്താനായി ഭരണഘടനാപരമായ ചുമതലയുള്ള, എക്‌സിക്യൂട്ടീവിൽ നിന്ന് ഒരു കൈയകലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ  കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമങ്ങൾ അനുവദിക്കുന്നില്ല.

ഈ സംവിധാനം വളരെ ലളിതമാണ്. ധനമന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) ആദായ നികുതി റിട്ടേണുകൾക്കായി പുതിയ ഫോമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോമുകളിൽ, വ്യക്തികൾ, കോർപ്പറേറ്റ് ഹൗസുകൾ, മറ്റ് ഓർഗനൈസേഷനുകൾ തുടങ്ങിയവർ തങ്ങളുടെ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്ന അതെ സമയം തന്നെ രാഷ്ട്രീയ സംഭാവനകളുടെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യണം. ഏത് പാർട്ടിക്കാണ് സംഭാവന നൽകിയതെന്ന് വെളിപ്പെടുത്താൻ ഈ സംവിധനം ദാതാക്കളെ നിർബന്ധിക്കുന്നില്ല. എന്നാൽ, പണമായോ ചെക്കായോ മറ്റേതെങ്കിലും രൂപത്തിലോ അവർ എത്ര തുക പാർട്ടിയിലേക്ക് സംഭാവന ചെയ്തുവെന്നത് നിർബന്ധമായും വെളിപ്പെടുത്തേണ്ടതുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന ഓരോ സംഭാവന സംബന്ധിച്ചുളള ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പിന് സമർപ്പിക്കണം.

രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തേടുകയാണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള പുതിയ ഫോമുകൾ.

 

ആദായനികുതി നിയമപ്രകാരം, ഇടപാട് വിശദാംശങ്ങൾ മറ്റ് ഡാറ്റാബേസുകളുമായി ക്രോസ് മാച്ച് ചെയ്യാൻ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ അവർക്ക് മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും ബാങ്കുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ നിയമപരമായും ആവശ്യപ്പെടാം. ഈ സംഭാവനകളുടെ ഇടപാട് വിവരങ്ങൾ മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി ക്രോസ്-മാച്ച് ചെയ്യാനും പണം എവിടേക്കാണ് പോകുന്നതെന്നും ആർക്കാണ് അത് ലഭിക്കുന്നതെന്നും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന സാങ്കേതിക ഉപകരണങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

” മുമ്പ്, രാഷ്ട്രീയ സംഭാവനകളിൽ നിന്നുള്ള നികുതി കിഴിവുകളുടെ ആകെ തുക സർക്കാർ എപ്പോഴും ശേഖരിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഓരോ സംഭാവനയുടെയും ശരാശരി തുക, നൽകിയ ഏറ്റവും ഉയർന്ന സംഭാവന, ഇടപാടുകളെക്കുറിച്ചുള്ള മറ്റ് നിർദ്ദിഷ്ട വിശദാംശങ്ങൾ എന്നിവ പോലുള്ള കൂടുതൽ വിശദമായ വിവരങ്ങൾ അവർക്ക് ശേഖരിക്കാനാകും. ഇത് സർക്കാരിന് രാഷ്ട്രീയ ഫണ്ടിംഗിൻ്റെ കൂടുതൽ വിശദമായ ചിത്രം നൽകും. ആദായനികുതി റിട്ടേൺസ് (ഐടിആർ) ഡാറ്റ ധനമന്ത്രാലയത്തിൻ്റെ ഭാഗമായ മറ്റ് നിയമ നിർവ്വഹണ ഏജൻസികൾക്ക് നൽകാമെന്ന് ” ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിലെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു നിയമ നിർവ്വഹണ ഏജൻസിയാണ്. ഇഡി ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ മാത്രം തിരഞ്ഞുപിടിക്കുന്നുവെന്ന ആരോപണം വാർത്തകളിൽ സജീവമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) യിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ, നികുതി റിട്ടേണുകളിൽ നിന്നുള്ള ഡാറ്റ നികുതി വകുപ്പ് ഇലക്ട്രോണിക് ആയി ശേഖരിക്കുന്നുവെന്ന് പരാമർശിച്ചു. ” ഈ ഡാറ്റ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റുമായി (FIU) എളുപ്പത്തിൽ പങ്കിടും, അത് പിന്നീട് എല്ലാ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുമായും പങ്കുവെക്കും. അതിനാൽ, നികുതി വകുപ്പിൽ നിന്ന് എഫ്ഐയുവിലേക്കും തുടർന്ന് തുടർനടപടികൾക്കായി വിവിധ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളിലേക്കും വിവരങ്ങൾ ഒഴുകുന്നു.” അദ്ദേഹം പറയുന്നു.

വ്യക്തിഗത, കോർപ്പറേറ്റ് ആദായനികുതി പോലുള്ള നേരിട്ടുള്ള നികുതികളുടെ ശേഖരണത്തിന് മേൽനോട്ടം വഹിക്കുന്ന പരമോന്നത സർക്കാർ അതോറിറ്റിയാണ് സിബിഡിടി. കൂടാതെ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. ഈ ദേശീയ ഏജൻസിയാണ് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത് അത്തരം വിവരങ്ങൾ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും വിശകലനം ചെയ്യുകയും തുടർന്ന് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുമായി പങ്കിടുകയും ചെയ്യുന്നു. ”എല്ലാത്തരം രാഷ്ട്രീയ സംഭാവനകളെക്കുറിച്ചും വിശദമായ വിവരങ്ങൾ ശേഖരിക്കുന്നത് അതിരുകടന്നതായാണ് ഞാൻ വ്യക്തിപരമായി കണക്കാക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ സംഭാവന ഡാറ്റയിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്ന മാറ്റങ്ങളെക്കുറിച്ച് കളക്ടീവ് ധനമന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനോടും റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് പ്രതികരണം തേടിയിരുന്നു.  കളക്റ്റീവിന്റെ ചോദ്യങ്ങളോട് വകുപ്പുകൾ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

പുതിയ ആദായ നികുതി ഫോമുകൾ

“ഇക്കഴിഞ്ഞ വർഷങ്ങളിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടികളുടെ ഒരു വലിയ അഴിമതി പുറത്തുവന്നിരുന്നു, അതിലൂടെ ധാരാളം പണം വഴിതിരിച്ചുവിടുകയും ആളുകൾ ഈ വ്യാജ സ്ഥാപനങ്ങൾക്ക് ‘സംഭാവന’ നൽകിക്കൊണ്ട് കിഴിവുകൾ ക്ലെയിം ചെയ്യുകയും ചെയ്തു. അതിനാൽ നികുതിദായകരോട് വിശദാംശങ്ങൾ ചോദിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയതായി,” നേരത്തെ ഉദ്ധരിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. “പുതിയ ഐടിആർ ഫോമുകൾ നികുതിദായകരുടെ ഭാഗത്ത് നിന്ന് മാത്രമേ വിവരങ്ങൾ ആവശ്യപ്പെടുകയുള്ളൂ. സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേരോ ദാതാവിന്റെ പാൻ (ഇന്ത്യൻ ആദായനികുതി വകുപ്പ് നൽകിയ പെർമനന്റ് അക്കൗണ്ട് നമ്പർ) പോലുള്ള ഒരു വിവരവും വകുപ്പ് ആവശ്യപ്പെടുന്നില്ല.

നികുതി ഇളവുകൾ നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യാജ രാഷ്ട്രീയ പാർട്ടികൾ ആരാണെന്ന്  തിരിച്ചറിയാൻ അവർക്ക് ഈ വിവരങ്ങൾ കൂടുതൽ അർത്ഥവത്തായ രീതിയിൽ അന്വേഷിക്കാമായിരുന്നു,” പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റും ഓഡിറ്ററുമായ ചിരാഗ് ചൗഹാൻ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനും നികുതി അധികാരികൾക്കും ലഭിച്ച സംഭാവനകളുടെ കണക്ക് രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തണം. കഴിഞ്ഞ സാമ്പത്തിക വർഷം വരെ സംഭാവന നൽകുന്നവർ രാഷ്ട്രീയ സംഭാവനകൾക്കായി ചെലവഴിച്ച ആകെ തുക സമർപ്പിച്ചാൽ മതിയായിരുന്നു. ദാതാവ് വെളിപ്പെടുത്തുന്ന ഏതെങ്കിലും രൂപത്തിലുള്ള രാഷ്ട്രീയ സംഭാവനകളെ ആദായനികുതി നിയമത്തിൻ്റെ സെക്ഷൻ 80GGC പ്രകാരം ഒഴിവാക്കിയിരിക്കുന്നു.

പഴയ ആദായനികുതി റിട്ടേൺ ഫോം ആവശ്യപ്പെട്ടത് രാഷ്ട്രീയ സംഭാവനകളുടെ ആകെ തുക മാത്രമാണ്.

2023 ഡിസംബറിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് ഒരു നിയമം ഉണ്ടാക്കി, ആളുകൾ നികുതികൾ ഫയൽ ചെയ്യുമ്പോൾ അവരുടെ രാഷ്ട്രീയ സംഭാവനകളെക്കുറിച്ച് സർക്കാരിനോട് പറയണം. പുതിയ ഐടിആർ ഫോമുകൾ വഴിയാണ് ഇവ നിലവിൽ നടപ്പിലാക്കുന്നത്. വിജ്ഞാപനത്തിൽ, സെക്ഷൻ 80GGC പ്രകാരം, നികുതി ഫോമുകൾ ഓൺലൈനായി പൂരിപ്പിക്കുമ്പോൾ, രാഷ്ട്രീയ സംഭാവനകൾ വെളിപ്പെടുത്തുന്നതിനുള്ള ഡ്രോപ്പ് ഡൌണിൽ വിശദാംശങ്ങൾ പൂരിപ്പിക്കണം” എന്ന് വ്യക്തമാക്കുന്നുണ്ട്.

സിബിഡിടി അറിയിപ്പിൽ രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തിരഞ്ഞെടുക്കാനും നൽകാനും കഴിയുന്ന ഒരു “ഡ്രോപ്പ് ഡൗൺ” മെനു ചേർത്തു.

മുമ്പ്, അത്തരം സംഭാവനകളുടെ ഇടപാട് വിശദാംശങ്ങൾ ആവശ്യപ്പെടുന്ന “ഡ്രോപ്പ് ഡൗൺ” ഓപ്ഷൻ ഉണ്ടായിരുന്നില്ല. പുതിയ ആദായനികുതി റിട്ടേൺ ഫോമുകളിൽ നിലവിൽ ഈ മാറ്റങ്ങൾ കാണാൻ സാധിക്കും. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഫോമിൽ, നികുതിദായകർ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ പണത്തെക്കുറിച്ച് സർക്കാരിനോട് പറയണം. പണമായി നൽകിയ തുക എത്രയെന്നും മറ്റ് മാർഗങ്ങളിലൂടെ എത്ര തുക നൽകിയെന്നും വ്യക്തമാക്കണം. ബാങ്ക് ട്രാൻസ്ഫറുകളോ ചെക്കുകളോ പോലുള്ള മറ്റ് മാർഗ്ഗങ്ങളിലൂടെയാണ് അവർ സംഭാവന നൽകിയതെങ്കിൽ, ഇടപാട് ഐഡികളും ചെക്ക് നമ്പറുകളും പോലുള്ള അധിക വിശദാംശങ്ങളും അവർ നൽകേണ്ടതുണ്ട്.

2018-ൽ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചപ്പോൾ കേന്ദ്രസർക്കാർ പറഞ്ഞതിന് വിരുദ്ധമാണ് രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താനുള്ള തീരുമാനം. ദാതാക്കൾക്ക് അജ്ഞാതത്വം വാഗ്ദ്ധാനം ചെയ്‌തിരുന്നു, എന്നാൽ ഇപ്പോൾ അവർ സംഭാവനകളെക്കുറിച്ച് പ്രത്യേക വിവരങ്ങൾ ചോദിക്കുന്നു, അതായത് ഇനിമുതൽ ദാതാക്കൾ അജ്ഞാതർ ആയിരിക്കില്ല.

അരുൺ ജെയ്റ്റ്‌ലി ധനമന്ത്രിയായിരിക്കെ, രാഷ്ട്രീയ എതിരാളികളിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയന്ന് രാഷ്ട്രീയ പാർട്ടികൾക്ക് എത്ര പണം നൽകുന്നുവെന്ന് വെളിപ്പെടുത്താൻ ദാതാക്കൾ മടിച്ചതായി അദ്ദേഹം പരാമർശിച്ചു. ഈ സംഭാവനകൾ രഹസ്യമായി സൂക്ഷിക്കാൻ ഇലക്ടറൽ ബോണ്ടുകൾ സഹായിക്കുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു, അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നതിന് പണം ഉപയോഗിക്കുന്നത് തടയുകയും ചെയ്തു. സുതാര്യമാല്ലത്ത ഇലക്ടറൽ ബോണ്ടുകളുടെ ഉപയോഗത്തെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാരും സുപ്രീം കോടതിയിൽ ഇതേ കാര്യം വാദിച്ചു.

തങ്ങളുടെ സംഭാവനകൾ വെളിപ്പെടുത്തിയാൽ രാഷ്ട്രീയ എതിരാളികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് ദാതാക്കൾ ഭയപ്പെടുന്നതിനാൽ സുതാര്യമാല്ലത്ത ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചു. എന്നാൽ, ഈ വാദം കോടതിക്ക് ബോധ്യപ്പെട്ടില്ല. നിലവിൽ , 2019 ഏപ്രിലിന് ശേഷം ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ എല്ലാ സംഭാവനകളെയും കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട്  കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇലക്ടറൽ ബോണ്ടുകൾ പൂർണ്ണമായും രഹസ്യസ്വഭാവമുള്ളവ ആയിരുന്നില്ല. ഓരോ ബോണ്ടിനും ഒരു പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരുന്നതായി പൂനം അഗർവാൾ, പിന്നീട് ദി ക്വിൻ്റിനൊപ്പം നടത്തിയ ഒരു റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇലക്ടറൽ ബോണ്ടുകളിൽ തനതായ സീരിയൽ നമ്പർ നിലനിർത്താൻ നിർബന്ധിക്കുന്നതായി റിപ്പോർട്ടേഴ്‌സ് കളക്ടീവ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ആരാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത്, ഏത് രാഷ്ട്രീയ പാർട്ടിയാണ് അവ പണമാക്കിയത് എന്നതിൻ്റെ പൂർണ്ണമായ ഓഡിറ്റ് ട്രയൽ നിലനിർത്താൻ ഈ സീരിയൽ നമ്പറുകൾ എസ്ബിഐയെ സഹായിച്ചിരുന്നു. ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഇലക്ടറൽ ബോണ്ടുകളിൽ ഇടപാട് നടത്താൻ അനുമതിയുള്ള ഏക ബാങ്കായ എസ്ബിഐ, രാഷ്ട്രീയ പാർട്ടികൾക്കുള്ള ബോണ്ടുകൾ കാലാവധി കഴിഞ്ഞിട്ടും പണം നൽകാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിൽ നിന്ന് മുമ്പ് ലഭിച്ചതായി കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.

ഇതുവരെ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ആകെ ലഭിച്ചത് 16,518 കോടിയാണ്. നിലവിൽ ഇലക്ടറൽ ബോണ്ട് സംവിധാനം സുപ്രിം കോടതി നിരോധിച്ചിരിക്കുകയാണ്. . ഇതിൽ ഏറ്റവും കൂടുതൽ ലഭിച്ചത് ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ആണ്. 6,566 കോടി. വാസ്‌തവത്തിൽ, തിരഞ്ഞെടുപ്പ് സംഭാവനകളിലൂടെ സമാഹരിച്ച പണം കൊണ്ട് രാഷ്ട്രീയ പാർട്ടികളെ റാങ്ക് ചെയ്താൽ, മൂന്ന് വലിയ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് ചേർത്തതിനേക്കാൾ കൂടുതൽ തുക ശേഖരിച്ചിരിക്കുന്നത് ബിജെപിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) ഏകദേശം 1,123 കോടി രൂപ ലഭിച്ചു. ഓൾ ഇന്ത്യൻ തൃണമൂൽ കോൺഗ്രസ് 1,093 കോടി ലഭിച്ചപ്പോൾ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജു ജനതാദളിന് ഏകദേശം 774 കോടി രൂപയാണ് സമാഹരിക്കാനായത്.

സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയത് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് ഫണ്ടിംഗ് വഴി ലഭിച്ച തുക

2022-23ൽ ഇലക്ടറൽ ബോണ്ടുകൾ വഴി 1,294.14 കോടി രൂപയും മറ്റ് സംഭാവനകളായി 825.92 കോടി രൂപയും ബിജെപിക്ക് ലഭിച്ചു. ഇലക്ടറൽ ബോണ്ടുകൾ വഴി 171.02 കോടി രൂപയും മറ്റ് സംഭാവനകളിൽ നിന്ന് 97.60 കോടി രൂപയും ഐഎൻസിയും ശേഖരിച്ചു. ഇനി ഇലക്ടറൽ ബോണ്ടുകൾ അനുവദിക്കാത്തതിനാൽ, ബിജെപിക്കും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും നേരിട്ട് ബാങ്ക് കൈമാറ്റം, വ്യക്തികളിൽ നിന്നും കോർപ്പറേറ്റ് കമ്പനികളിൽ നിന്നുമുള്ള പണം സംഭാവന എന്നിവയെ ആശ്രയിക്കേണ്ടിവരും. എന്നിരുന്നാലും, അവർക്ക് ഇപ്പോഴും ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് സംഭാവന സ്വീകരിക്കാം. എന്നാൽ, ഈ നടപ്പ് സാമ്പത്തിക വർഷം മുതൽ, ഇടപാടുകളുടെ ഓരോ വിശദാംശങ്ങളും ഇപ്പോൾ സർക്കാരിന് ലഭ്യമാകും, ദാതാവ് വർഷം തോറും ആദായ നികുതി അധികാരികൾക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തും.

ഈ അന്വേഷണ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് റിപ്പോർട്ടേഴ്‌സ് കളക്റ്റീവാണ്. ഇതിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍