2019ന് ശേഷം കൂറുമാറിയ വോട്ടര്‍മാരെ തിരിച്ചുപിടിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി
ആരുമാവട്ടെ, ഹൃദയത്തില്‍ സ്‌നേഹം നിറച്ച്
വരുന്നവരെ ഞങ്ങള്‍ ആലിംഗനം ചെയ്യുന്നു,
അതാണ് ഞങ്ങളുടെ സംസ്‌കാരം (ചാഹെ ജോ ലെകര്‍ ആയേ ദില്‍ മേ ഇഷ്‌ക് മൊഹബത്ത്, സബ്‌കോ ഗലേ ലഗാന അപ്നേ സംസ്‌കാരം കി ഹായ് ആദത്)- മൈക്കില്‍ ബോളിവുഡ് ഗാനം ആലപിക്കുന്നത് ബംഗാളിലെ ജാദവ്പൂരിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥി സല്‍മാന്‍ ഖാനാണ്.
മറ്റൊരിടത്ത്, സൗത്ത് 24 പര്‍ഗാനാസില്‍ വെള്ള കുര്‍ത്തയും ചുവന്ന സ്‌കാര്‍ഫും ധരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ ഇ-റിക്ഷയില്‍ പ്രചാരണം നടത്തുന്നു. വേറൊരിടത്ത് ഇടതിന് വേണ്ടി വോട്ട് ചോദിക്കുന്നത് എഐ അവതാരകയാണ്. തെരുവുകളിലെ എല്ലാ പ്രചാരണ റാലികളും യുവമുഖങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അതേ, ബംഗാളില്‍ ഇടത് അടിമുടി മാറ്റങ്ങളുമായാണ് തെരഞ്ഞെടുപ്പ് കളത്തില്‍ നിറയുന്നത്. പ്രചാരണ തന്ത്രങ്ങളില്‍ പോലും ആ മാറ്റം പ്രത്യക്ഷമാണ്. ജനങ്ങളിലേക്ക് വേഗത്തിലെത്താനാണ് അവര്‍ക്ക് പരിചിതമായ ബോളിവുഡ് ഗാനങ്ങളിലെ വരികള്‍ ഉപയോഗിക്കുന്നതെന്നാണ് ശ്രീജന്‍ ഭട്ടാചാര്യ പറയുന്നത്. ഇടതുപക്ഷ സംസ്‌കാരമായി കാണാത്തതിനാല്‍ ഹിന്ദി സിനിമാ ഡയലോഗുകള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. പക്ഷെ തന്ത്രങ്ങളില്‍ മാത്രമാണ് മാറ്റം ആദര്‍ശങ്ങളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറയുന്നു. യുവാക്കളാണ് എഐയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് പ്രചാരണം കൊഴുപ്പിക്കുന്നത്. ബംഗാളില്‍ സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഐ(എം) എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. പാര്‍ട്ടിക്ക് അടിത്തട്ടില്‍ സാമൂഹിക സ്വാധീനം പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്, അത് വോട്ട് വിഹിതത്തില്‍ പ്രതിഫലിക്കും. കൊവിഡ് കാലത്ത് റെഡ് വോളന്റിയര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പോരാ, കൂടുതല്‍ മുന്നോട്ട് പോവേണ്ടതുണ്ടെന്നാണ് മുര്‍ഷിദാബാദില്‍ നിന്നുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ശതരൂപ് ഘോഷ് പറയുന്നത്. 2019ന് ശേഷം കൂറുമാറിയ വോട്ടര്‍മാരെ തിരിച്ചുപിടിക്കുകയാണ് സിപിഐ(എം)ന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.
പശ്ചിമ ബംഗാളിലെ ഇടത് പാര്‍ട്ടി എന്ന് പറയുന്നത് സിപിഎം,സിപിഐ,ഫോര്‍വെര്‍ഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നിവ ചേരുന്നതാണ്. 36 മണ്ഡലത്തില്‍ നാള മുതല്‍ ജൂണ്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന 5 ഘട്ട മല്‍സരമാണ് നടക്കാനിരിക്കുന്നത്. ആകെ 42 സീറ്റുകളിലുള്ളതില്‍ 30 സ്ഥാനാര്‍ത്ഥികളെയാണ്് ഇടതുപക്ഷം ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ തന്നെ 15 പേര്‍ പുതുമുഖങ്ങളാണ്. വനിതകള്‍ 5 പേരാണ്. 15ല്‍ 35 വയസ്സിന് താഴെയുള്ളവരാണ് 11 പേരുമെന്നതും ശ്രദ്ധേയമാണ്. 23 സീറ്റുകളില്‍ സി.പി.എം മാത്രം മത്സരിക്കുന്നു. സിപിഐയും ഫോര്‍വേഡ് ബ്ലോക്ക് 2 സീറ്റ്, ആര്‍എസ്പി 3 എന്നിങ്ങനെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസുമായി സീറ്റ് ധാരണ 12 ഇടത്താണ്. വര്‍ഗ രാഷ്ട്രീയത്തില്‍ നിന്ന് ജാതി രാഷ്ട്രീയത്തിലേക്കുള്ള ഇടതിന്റെ കടന്ന് വരവും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. ഒപ്പം യുവതലമുറ തെരഞ്ഞെടുപ്പിനെ നയിക്കുന്നു എന്നതും. ബംഗാളിനെ ഇടതിന് അനുകൂലമായിപാകപ്പെടുത്തുക എന്ന രാഷ്ട്രീയ ചുമതല ഇത്തവണ നല്‍കിയിരിക്കുന്നത് യുവാക്കള്‍ക്കാണ്. അതായത് ഡി.വൈ.എഫ്.ഐയാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി
മീനാക്ഷി മൂഖര്‍ജിയാണ് അതിലൊരാള്‍. ജനുവരിയില്‍,കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് ഡിവൈഎഫ്ഐ ‘ഇന്‍സാഫ് യാത്ര’ പടുകൂറ്റന്‍ റാലിയോടെ സമാപിച്ചതില്‍ മീനാക്ഷിയുടെ പങ്ക് പ്രശംസാവഹമായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് മീനാക്ഷി മുഖര്‍ജി എന്ന പേര് ദേശീയ ശ്രദ്ധ നേടിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയായെത്തിയത് മീനാക്ഷിയായിരുന്നു. പിന്നീട് മീനാക്ഷി മുഖര്‍ജിയുടെ നേതൃത്വത്തില്‍ നിരവധി യുവജന പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്തുണ്ടായി. അതില്‍ അവസാനത്തേതായിരുന്നു 50 ദിവസം കൊണ്ട് 2,200 കിലോമീറ്റര്‍ നീണ്ട ‘ഇന്‍സാഫ് യാത്ര’.
അന്നത്തെ ചടങ്ങില്‍ സി.പി.എം. സംസ്ഥാനസെക്രട്ടറി സെക്രട്ടറി മുഹമ്മദ് സലീം പ്രഖ്യാപിച്ചത് ബംഗാളില്‍ മമതയ്ക്കും ബിജെപിക്കും എതിരായ പോരാട്ടം ബ്രിഗേഡില്‍നിന്ന് തുടങ്ങുകയാണെന്നാണ്. ഡിവൈഎഫ്ഐ ജനറല്‍ സെക്രട്ടറി ഹിമാംഗ്രാജ് ഭട്ടാചാര്യ, കലതന്‍ ദാസ്ഗുപ്ത, ശ്രീജന്‍ ഭട്ടാചാര്യ, പ്രതികുര്‍ റഹ്മാന്‍ തുടങ്ങി നിരവധി യുവനേതാക്കളും മീനാക്ഷിക്കൊപ്പമുണ്ട്. ഇന്‍സാഫ് യാത്രയില്‍ അണിനിരന്ന ആളുകളുടെ എണ്ണം തൃണമൂലിനും ബിജെപിയ്ക്കും ഞെട്ടലുണ്ടാക്കിരുന്നു. 10 ലക്ഷമായിരുന്നു മാര്‍ച്ചിലെ അംഗസംഖ്യ. ഈ യാത്രയ്ക്ക് പിന്നാലെയാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും വലിയ ആള്‍ക്കൂട്ടം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 2 ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരും ഇടതിന്റെ മുന്നേറ്റത്തെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്ന വിലയിരുത്തലാണ് നടത്തിയത്. ചിട്ടയായ പ്രവര്‍ത്തനമാണ് ഇടത് പാര്‍ട്ടികള്‍ ഇത്തവണ നടത്തിയതെന്ന് റോഡ് ഷോ, പൊതുയോഗം എന്നിവയിലെ വന്‍ ജനപങ്കാളിത്തം ചൂണ്ടികാട്ടി അവര്‍ പറയുന്നു.ഇടതുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന് ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കുക കൂടിയാണ്.
നിലവില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ചോദ്യം സംസ്ഥാനത്തെ ഭരണവിരുദ്ധവികാരമുണ്ട്, അതിന്റെ ഭാഗമായി തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ ഭിന്നിച്ചുപോകുമോ എന്ന ഭയത്തിലാണ് നേതാക്കളടക്കമുള്ളവര്‍. ബംഗാളിലെ മമത ഭരണത്തില്‍ അസഹിഷ്ണതയുള്ളവരുടെയും പൗരത്വനിയമ ഭേദഗതിയിലൂടെ ലഭിക്കാവുന്ന വോട്ടുകളുമാണ് ഇത്തവണ ബിജെപിയുടെ പ്രതീക്ഷ. 2019ല്‍ ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ഒരുമിച്ചായിരുന്നില്ല മല്‍സരിച്ചത്. അതുകൊണ്ട് തന്നെ തൃണമൂല്‍വിരുദ്ധവോട്ടുകള്‍ ബിജെപിയിലേക്ക് തന്നെയാണ് ഒഴുകിയെത്തിയത്. ഈ ട്രെന്‍ഡിലാണ് അവര്‍ 18 സീറ്റുകള്‍ നേടിയതും. പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ടും അടക്കമുള്ള വോട്ടര്‍മാരുടെ വൈകാരികതയെ സ്വാധീനിക്കുന്ന വിഷയങ്ങളും അന്നുണ്ടായിരുന്നു. ഈ പ്രവണതകളെയെല്ലാം തകിടം മറിച്ചത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പാണ്. ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിയെ പിന്തള്ളിയാണ് ഇടത്- കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. സാഗര്‍ ദീഘി ഉപതെരഞ്ഞെടുപ്പിലാവട്ടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ തന്നെ തോല്‍പ്പിച്ച് സഖ്യസ്ഥാനാര്‍ഥി ജയിക്കുന്ന അവസരത്തിനും ബംഗാള്‍ സാക്ഷ്യം വഹിച്ചു.2014-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ചതുഷ്‌കോണമത്സരമാണ് നടന്നത്. അന്ന് 17% വോട്ടാണ് ബിജെപിയ്ക്ക് ലഭിച്ചത്. 2016ല്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം വന്നപ്പോളത് 10%മായി കുറഞ്ഞു. 2019ല്‍ ഇടതും കോണ്‍ഗ്രസും ഒറ്റയ്്ക്ക് മല്‍സരിച്ചപ്പോള്‍ 40 ശതമാനത്തിലെത്തി.2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ തരംഗം കണ്ടതോടെയാണ് ഇടത്-കോണ്‍ഗ്രസ് സഖ്യം വീണ്ടും ബംഗാളില്‍ ഉടലെടുത്തത്.
content summary; CPI(M) west bengal releases AI generated video of Buddhadeb seeking the support of Left candidates