UPDATES

ചതിക്കപ്പെട്ട് കൊലക്കളത്തില്‍ എത്തുന്ന ഇന്ത്യന്‍ യുവാക്കള്‍

‘റഷ്യന്‍ സൈനിക’നായി യുക്രെയ്‌നില്‍ കൊല്ലപ്പെടുന്ന ഇന്ത്യക്കാര്‍

                       

കഴിഞ്ഞ നവംബറിലാണ് തെലങ്കാന, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മൂന്നു ചെറുപ്പക്കാര്‍ റഷ്യയിലെത്തുന്നത്. അതിലൊരാളായിരുന്ന മൊഹമ്മദ് അഫ്‌സാന്റെ മരണവാര്‍ത്തയാണ് ബുധനാഴ്ച്ച രാജ്യത്തെ ഞെട്ടിച്ചത്. ജോലി തേടി റഷ്യയിലെത്തിയ അഫ്‌സാന്‍ കൊല്ലപ്പെടുന്നത് യുക്രെയ്‌നില്‍ വച്ച്, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടയില്‍. അബദ്ധത്തില്‍ പെട്ടതല്ല, റഷ്യന്‍ സൈനികര്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നിരുന്നു അഫ്‌സാന്. അവിടെ നടന്ന മിസൈല്‍ ആക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്. മാര്‍ച്ച് ആറിന് 30 കാരനായ മൊഹമ്മദ് അഫ്‌സാന്റെ മരണ വാര്‍ത്ത മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

ജീവിതം തേടി പോയവര്‍ മരണക്കളത്തില്‍?

ഈ ചോദ്യത്തിനുള്ള ഉത്തരം കൊടിയ വഞ്ചനയുടെ കഥയാണ്. സാമ്പത്തിക ഭദ്രതയുള്ളൊരു ജീവിതം സ്വപ്‌നം കാണുന്ന ശരാശരി ഇന്ത്യന്‍ യുവത്വം അകപ്പെടുന്ന കെണികളില്‍ ഒന്നിലായിരുന്നു അഫ്‌സാനും കുടുങ്ങിയത്.

ഹൈദരാബാദ് സ്വദേശിയായ അഫ്‌സാന്‍ നാട്ടില്‍ ഒരു തുണിക്കടയില്‍ സെയില്‍സ്മാന്‍ ആയിരുന്നു. മോസ്‌കോയില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ടതോടെയാണ് കൂടുതല്‍ മെച്ചപ്പെട്ടൊരു ജീവിതത്തിനായി അയാള്‍ അപേക്ഷിച്ചത്. റഷ്യന്‍ സര്‍ക്കാരിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നായിരുന്നു ഏജന്റ് വിശ്വസിപ്പിച്ചത്. സര്‍ക്കാര്‍ ഓഫിസില്‍ ‘ ഹെല്‍പ്പര്‍’ തസ്തിക, ജോലി സ്ഥലം മോസ്‌കോ. തൊഴിലില്ലായ്മയും, ഉള്ള തൊഴിലിന് ന്യായമായ കൂലി കിട്ടായ്മയും മൂലം ബുദ്ധിമുട്ടുന്ന പ്രാരാബ്ദക്കാരായ ചെറുപ്പക്കാരെ പ്രലോഭിപ്പിക്കാന്‍ ഇത്രയും വാഗ്ദാനങ്ങള്‍ തന്നെ ധാരാളം. ആദ്യത്തെ മൂന്നു മാസം 45,000 രൂപ ശമ്പളം. അതുകഴിഞ്ഞാല്‍ മാസം ഒന്നരലക്ഷം. ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ റഷ്യന്‍ പാസ്‌പോര്‍ട്ടും പൗരത്വവും ഉറപ്പ്. ഏജന്റ് ആവശ്യപ്പെടുന്ന മൂന്നുലക്ഷം രൂപ എങ്ങനെയെങ്കിലും ഉണ്ടാക്കി കൈയില്‍ കൊടുക്കാന്‍ അഫ്‌സാനെ പോലുള്ളവര്‍ അമാന്തിക്കില്ല. ഒരുപാട് സ്വ്പനങ്ങളുമായി 2023 നവംബര്‍ ഒമ്പതിന് മൊഹമ്മദ് അഫ്‌സാന്‍ റഷ്യന്‍ മണ്ണില്‍ വിമാനമിറങ്ങി.

അവര്‍ ചതിക്കപ്പെടുന്നു

ജോലി ഹെല്‍പ്പര്‍ തന്നെയായിരുന്നു, റഷ്യന്‍ സര്‍ക്കാരിനെയായിരുന്നു സഹായിക്കേണ്ടിയിരുന്നതും. എന്നാല്‍, ആ സഹായം അവര്‍ക്ക് വേണ്ടിയിരുന്നത് യുക്രെയ്‌നിലായിരുന്നു. അവിടെ അധിനിവേശം നടത്തുന്ന റഷ്യന്‍ പട്ടാളത്തിനൊപ്പം.

ഊരിപ്പോരാന്‍ കഴിയാത്തവിധം കുരുക്കില്‍ മുറുകുകയായിരുന്നു നമ്മുടെ ചെറുപ്പക്കാര്‍.

‘ അവര്‍ ചതിക്കപ്പെടുകയായിരുന്നു. മോസ്‌കോയിലാണ് ജോലിയെന്നാണ് ഏജന്റ് പറഞ്ഞത്.15 ദിവസം ട്രെയ്‌നിംഗ് കൊടുത്തശേഷം അവരെ യുക്രെയ്‌നിലേക്ക് കൊണ്ടു പോയി. അവിടെയവര്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായി’ അഫ്‌സാന്റെ സഹോദരന്‍ ഇമ്രാന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞ കാര്യങ്ങളാണിത്.

എന്തിനാണ് ആയുധ പരിശീലനം നല്‍കുന്നതെന്ന ചോദ്യം തങ്ങളെ ഇവിടെയെത്തിച്ച ഏജന്റിനോട് അഫ്‌സാന്‍ ചോദിച്ചിരുന്നു. അത് ജോലിയുടെ ഭാഗം മാത്രമാണെന്നു പറഞ്ഞൊഴിയുകയായിരുന്നു ഏജന്റ് ചെയ്തത്.

ഡിസംബര്‍ 31 ന് ആണ് അഫ്‌സാന്‍ അവസാനമായി വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തത്. അതിനുശേഷം തങ്ങള്‍ക്ക് അവനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇമ്രാന്‍ പറയുന്നു. അവനെ കൊണ്ടു പോയ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ അഫ്‌സാന്റെ എഗ്രിമെന്റ് ക്യാന്‍സല്‍ ആയെന്നാണ് പറഞ്ഞത്. അവന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. അതോടെ ആശങ്കയിലായ തങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ചതിക്കപ്പെട്ട ഇന്ത്യക്കാരെ എങ്ങനെയെങ്കിലും തിരികെ നാട്ടിലെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. തെലങ്കാനയില്‍ നിന്നു തന്നെ മറ്റൊരു യുവാവും മരണക്കളത്തില്‍ അകപ്പെട്ടിട്ടുണ്ട്, 23 കാരനായ മൊഹമ്മദ് സുഫിയാന്‍.

ദുബായില്‍ മാസം 30,000 രൂപ ശമ്പളത്തില്‍ ഒരു പാക്കിംഗ് കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു സുഫിയാന്‍. അവനെ ചതിച്ചത് ഫൈസല്‍ ഖാന്‍ എന്ന ഏജന്റ് ആണെന്നു സുഫിയാന്റെ സഹോദരന്‍ സല്‍മാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഫൈസലാണ് മോസ്‌കോയിലെ ജോലിക്ക് അപേക്ഷിക്കാന്‍ സുഫിയാനെ ബ്രയിന്‍വാഷ് ചെയ്തതെന്നാണ് സല്‍മാന്‍ പറയുന്നത്. മോസ്‌കോയില്‍ റഷ്യന്‍ ഗവണ്‍മെന്റിലാണ് ജോലിയെന്നും, മാസം ഒന്നര ലക്ഷം രൂപ ശമ്പളമുണ്ടെന്നും ഏജന്റ് വിശ്വസിപ്പിച്ചു. ഒരുവര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം കിട്ടുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഏജന്റിന് കമ്മീഷനായി ഒന്നരലക്ഷം കൊടുത്തു. അയാളാണ് അവന് വിമാന ടിക്കറ്റ് ശരിയാക്കിയത്. ദുബായില്‍ നിന്നും നാട്ടിലെത്തിയ സുഫിയാന്‍ ഡിംസബര്‍ 17 ന് റഷ്യയിലേക്ക് പോയി.

ഏജന്റുമാരുടെ ക്രൂരതയെക്കുറിച്ച് അഫ്‌സാന്റെ സഹോദരന്‍ ഇമ്രാന്‍ കൂടുതല്‍ പറയുന്നുണ്ട്. അഫ്‌സാന് പരിക്കു പറ്റിയിട്ടുണ്ടെന്ന് പറഞ്ഞതല്ലാതെ എങ്ങനെയാണ് സംഭവിച്ചതെന്നു പറഞ്ഞിരുന്നില്ല. റഷ്യയില്‍ അഫ്‌സാന്റെ സുഹൃത്തായിരുന്ന അര്‍ബാബ് ഹുസൈന്‍ ജനുവരി 23 ന് അയച്ച വോയ്‌സ് മെസേജിലാണ് അഫ്‌സാന് വെടികൊണ്ടതായി പറയുന്നത്. ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ അഫ്‌സാന് കുഴപ്പമൊന്നുമില്ല, അയാള്‍ ജീവനോടെയിരിക്കുന്നുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് അഫ്‌സാന്‍ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണം കിട്ടുന്നത്.

ഫെബ്രുവരി 21 ന് ആയിരുന്നു ഗുജറാത്ത് സ്വദേശിയായ ഹേമില്‍ മംഗൂക്യ എന്ന 23 കാരന്‍ യുക്രെയ്‌നില്‍ കൊല്ലപ്പെടുന്നത്. അഫ്‌സാന് സംഭവിച്ച അതേ ചതി. ഡിസംബര്‍ 24 ന് ആയിരുന്നു ഹേമിലിനെ യുദ്ധമുന്നണിയില്‍ നിയോഗിക്കുന്നത്. റഷ്യന്‍ സൈനികര്‍ക്കായി കുഴികളും ബങ്കറുകളും നിര്‍മിക്കുന്ന ജോലിയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. യുദ്ധം ചെയ്യുന്ന സൈനികര്‍ക്ക് ആയുധങ്ങളും വെടിയുണ്ടകളും എത്തിച്ചുകൊടുക്കുന്ന അപകടകരമായ ജോലിയും ഹേമിലിനെ പോലുള്ളവര്‍ക്ക് ചെയ്യേണ്ടി വന്നിരുന്നു. ഹേമിലിന് ഒരു മാസത്തെ ട്രെയിനിംഗ് നല്‍കിയിരുന്നുവെന്നും, മെഷീന്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചിരുന്നുവെന്നുമാണ് അയാളുടെ ബന്ധു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

മക്കളെ തിരിച്ചു കിട്ടാന്‍ യാചിക്കുന്ന അച്ഛനമ്മമാര്‍

ഹേമിലിന് പിന്നാലെ അഫ്‌സാനും കൊല്ലപ്പെട്ടതോടെ നിരവധി ഇന്ത്യന്‍ മാതാപിക്കള്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ യാചനയുമായി വന്നിരിക്കുകയാണ്. എങ്ങനെയെങ്കിലും തങ്ങളുടെ മക്കളെ തിരിച്ചു കൊണ്ടുവരണമെന്നാണ് അവര്‍ അപേക്ഷിക്കുന്നത്. അതിലൊരാളാണ് കര്‍ണടക പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ സയീദ് നവാസ് അലി. ഇദ്ദേഹത്തിന്റെ 22 കാരനായ മകന്‍ സയീദ് ഇല്യാസ് ഹുസൈനിയും ചതിക്കപ്പെട്ടൊരു ഇന്ത്യന്‍ യുവാവാണ്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന മകനെ ഏജന്റാണ് പ്രലോഭനങ്ങള്‍ നല്‍കി റഷ്യയിലേക്ക് അയച്ചത്. അവിടെ സെക്യൂരിറ്റി ഓഫിസറുടെ ജോലിയാണെന്നും മാസം 70,000 രൂപ ശമ്പളം കിട്ടുമെന്നൊക്കെയായിരുന്നു വാഗ്ദാനം. അലിയെ കൂടാതെ മൊഹമ്മദ് സമീര്‍, അഹമ്മദ്, സുഖെയ്ന്‍ മുഹമ്മദ് എന്നിവരും ഇപ്പോള്‍ യുക്രെയ്‌നിലെ യുദ്ധമുഖത്താണെന്നാണ് വിവരം.

Share on

മറ്റുവാര്‍ത്തകള്‍