March 18, 2025 |
Share on

തടവറയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു സംവിധായകന്റെ സാഹസിക പലായനം

‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’-ന്റെ പേരില്‍ മുഹമ്മദ് റസൂലോഫിന് ഭരണകൂടം വിധിച്ചത് എട്ടുവര്‍ഷം തടവ്

ഇറാന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് രാജ്യമുപേക്ഷിച്ച് രക്ഷപ്പെട്ടു. ഇറാനിലെ മതഭരണകൂടം, റസൂലോഫിന് തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെയായിരുന്നു പലായനം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ എന്ന പുതിയ സിനിമയുടെ പേരിലാണ് സംവിധായകന് എട്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. റസൂലോഫിന്റെ സിനിമയുടെ വിതരണക്കമ്പനികളായ ഫിലിം ബോട്ടീക്, പാരലല്‍ 45 എന്നിവയുടെ സിഇഒ ഴാങ്-ക്രിസ്റ്റഫ് ഇറാന്‍ സംവിധായകന്‍ യൂറോപ്പില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്, അപകടകരമായൊരു യാത്രയ്‌ക്കൊടുവില്‍ മുഹമ്മദ് സുരക്ഷിതമായി യൂറോപ്പില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കാന്‍ ചലച്ചിത്ര മേളയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കും’ ക്രിസ്റ്റഫിന്റെ വാക്കുകള്‍. Mohammad Rasoulof

52 കാരനായ റസൂലോഫ് ഇറാനിലെ മുന്‍നിര ചലച്ചിത്ര സംവിധായകരില്‍ ഒരാളാണ്. അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരലബ്ധനായ ചലച്ചിത്രകാരനാണെങ്കിലും, സ്വന്തം രാജ്യത്ത് റസൂലോഫിന്റെ ചിത്രങ്ങള്‍ക്ക് വിലക്കാണ്. കാനില്‍ മത്സരവിഭാഗത്തിലേക്ക് ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ ഇറാന്‍ ഭരണകൂടത്തില്‍ നിന്നും സംവിധായകനും കാന്‍ അധികൃതരും സമ്മര്‍ദ്ദം നേരിടുകയാണ്. ചിത്രം പിന്‍വലിക്കണമെന്നായിരുന്നു ഇറാന്‍ ഭരണകൂടത്തിന്റെ ആവശ്യം.

കഴിഞ്ഞാഴ്ച്ചയാണ് മുഹമ്മദ് റസൂലോഫിന് എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയും സ്വത്ത് കണ്ടുകെട്ടലും ശിക്ഷയായി വിധിച്ചത്. എന്നാല്‍, പിടിയിലാകും മുമ്പ് സംവിധായകന്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടു. യൂറോപ്പില്‍ എത്തിയെന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ടെങ്കിലും, റസൂലോഫ് എങ്ങനെയാണ് ഇറാനില്‍ നിന്നും രക്ഷപ്പെട്ടതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. മലകളും അതിര്‍ത്തികളും താണ്ടി, തുര്‍ക്കി വഴിയാണ് റസൂലോഫ് യൂറോപ്പിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തിയതെന്നാണ് വിവരം. അത്യന്തം അപകടകരമായൊരു യാത്ര അദ്ദേഹം എങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കിയെന്നത് അത്ഭുതമാണ്.

റസൂലോഫ് പുറത്തുവിട്ട പ്രസ്താവനയില്‍ ഇക്കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്.’ സങ്കീര്‍ണവും നീണ്ടതുമായ യാത്രയ്‌ക്കൊടുവില്‍, ഏതാനും ദിവസങ്ങള്‍ക്കു മുമ്പായി ഞാന്‍ യൂറോപ്പില്‍ എത്തി. തീരുമാനം എടുക്കാന്‍ എനിക്ക് അധികം സമയമൊന്നും ഉണ്ടായിരുന്നില്ല. ഒന്നുകില്‍ തടവറ, അല്ലെങ്കില്‍ ഇറാനില്‍ നിന്നും പോവുക, അതിലൊന്നായിരുന്നു എനിക്ക് തീരുമാനിക്കേണ്ടത്. സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുക, ഹൃദയഭാരത്തോടെ ആ തീരുമാനം ഞാനെടുത്തു. ഇസ്ലാമിക ഭരണകൂടം 2017 സെപ്തംബറില്‍ എന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. അതുകൊണ്ട് രഹസ്യമായി രാജ്യം കടക്കേണ്ടി വന്നു’.

ഒരു 16 കാരിയോട് ഇറാന്‍ സൈന്യം ചെയ്ത ക്രൂരതകള്‍

പ്രസ്താവനയില്‍ ഇറാന്റെ മതഭരണകൂടത്തിനെതിരേ അതിനിശിതമായ വിമര്‍ശനം റസൂലോഫ് നടത്തുന്നുണ്ട്. ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ 22 കാരി മഹ്‌സ അമിനിയ്ക്കു വേണ്ടി ഉയര്‍ന്ന പ്രതിഷേധത്തെ നിഷ്ഠൂരമായാണ് അടിച്ചമര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും ലക്ഷ്യം വച്ച് വധശിക്ഷകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും റസൂലോഫ് ആരോപിക്കുന്നു. കഴിഞ്ഞ മാസം, വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇറാനിയന്‍ റാപ്പ് സംഗീതജ്ഞന്‍ തൂമജ് സലേഹിയെ വധശിക്ഷയ്ക്ക് വിധിച്ചത് പരാമര്‍ശിച്ചാണ് റസൂലോഫിന്റെ പരാതി. ഇറാനിയന്‍ ഭരണകൂടം സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സര്‍ഷിപ്പ് നിയമങ്ങളെ അവഗണിച്ചാണ് തങ്ങളുടെ ടീം ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് നിര്‍മിച്ചിരിക്കുന്നതെന്നും അതിന്റെ പേരില്‍ നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. സിനിമയെക്കുറിച്ച് ഇറാന്റെ ഇന്റലിജന്‍സ് സര്‍വീസിന് വിവരം കിട്ടുന്നതിന് മുമ്പു തന്നെ ചിത്രത്തിലെ അഭിനേതാക്കളില്‍ ഏറെപ്പേരും രാജ്യം വിട്ടിരുന്നുവെന്നാണ് റസൂലോഫ് പറയുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ടവരില്‍ രാജ്യത്ത് നില്‍ക്കുന്ന അഭിനേതാക്കളും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും ഇന്റലിജന്‍സ് സര്‍ീവിസില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കാണ് വിധേയരായിക്കൊണ്ടിരിക്കുന്നത്. അവരുടെ കുടുംബാംഗങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ചിത്രത്തില്‍ അഭിനയിച്ചവര്‍ കോടതി നടപടികള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്, രാജ്യം വിടുന്നതിനും അവര്‍ക്ക് വിലക്കുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകന്റെ ഓഫിസ് റെയ്ഡ് ചെയ്യുകയും, കാമറ അടക്കം എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തതായും അദ്ദേഹം പറയുന്നു. ചലച്ചിത്രപ്രവര്‍ത്തകരെ രാജ്യം വിടാന്‍ അനുവദിക്കുന്നില്ലെന്നാണ് റസൂലോഫ് പറയുന്നത്. തന്റെ സിനിമയില്‍ സഹകരിച്ചവരെ കൊണ്ട് തനിക്കെതിരേ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഥയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും, തങ്ങളെ വഞ്ചിച്ചാണ് ഇതിന്റെ ഭാഗമാക്കിയതെന്നും എനിക്കെതിരേ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തുകയാണ്, റസൂലോഫ് പറയുന്നു.

വധശിക്ഷയ്‌ക്കെതിരായി സംസാരിക്കുന്ന ‘ ദെയര്‍ ഈസ് നോ ഇവിള്‍’ എന്ന ചിത്രത്തിലൂടെ 2020 ല്‍ ജര്‍മന്‍ ചലച്ചിത്ര മേളയിലെ പരമോന്നത പുരസ്‌കാരമായ ‘ഗോള്‍ഡന്‍ ബീര്‍’ റസൂലോഫ് സ്വന്തമാക്കിയിരുന്നു. 2022 ല്‍ ഭരണകൂടം റസൂലോഫിനെ തടവിലടച്ചിരുന്നു. അനുമതിയില്ലാതെ സിനിമയെടുത്തുവെന്ന് ആരോപിച്ച് 2010 ല്‍ റസൂലോഫിനെ ആറ് വര്‍ഷം തടവിന് വിധിച്ചതാണ്. പിന്നീട് ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. 2017ല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിക്കൊണ്ട് രാജ്യം വിടുന്നത് വിലക്കി.

Content Summary; Mohammad Rasoulof, Iranian film director flees from iran after he was sentenced to prison

×