റെഡ് ഫോര്‍ട്ട് സ്‌ഫോടനവുമായി ബന്ധിപ്പിക്കപ്പെട്ട അന്വേഷത്തില്‍ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തവരില്‍ കശ്മീരിലെ ഷോപ്പിയാനില്‍ നിന്നും ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുമുള്ള രണ്ട് മുസ്ലിം പുരോഹിതരും. ഇവരില്‍ ഒരാളെ ആക്രമണത്തിനു മുമ്പും മറ്റൊരാളെ ശേഷവുമായിരുന്നു പിടികൂടിയത്. ആക്രമണം ആസൂത്രണം ചെയ്ത ഭീകരശൃംഖലയില്‍പ്പെട്ടവരാണ് ഇവരുമെന്നാണ് നിഗമനം. ഇതേ ശൃംഖലയിലെ ചിലര്‍ക്ക് ഭീകര പ്രവര്‍ത്തനം നടത്താനുള്ള ആശയങ്ങള്‍ പകര്‍ന്നുനല്‍കിയത് ഇവരില്‍ ഒരു പുരോഹിതനാണ്. മറ്റേയാള്‍ വാടകയ്ക്ക് നല്‍കിയ സ്ഥലത്തായിരുന്നു ഡോക്ടര്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചു വച്ചിരുന്നത്.
ഷോപ്പിയാനിലെ നാഡിഗാം പ്രദേശത്ത് നിന്ന് അറസ്റ്റിലായത് ഇര്‍ഫാന്‍ അഹമ്മദ് വാഗയ് എന്ന മുഫ്തിയാണ്. ഇദ്ദേഹം കഴിഞ്ഞ കുറച്ചു കാലമായി പൊലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. എന്നാല്‍ അദ്ദേഹം പ്രാര്‍ത്ഥന കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും ചെയ്യുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് വാഗയ്‌യുടെ അറസ്റ്റിന് ശേഷം അയാളുടെ ഭാര്യ ഫാത്തിമ പറഞ്ഞത്.
‘മുഫ്തി സാഹിബ്’ എന്നായിരുന്നു വാഗയ് അറിയപ്പെട്ടിരുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ‘സംസ്ഥാനാന്തര, അന്തര്‍ദേശീയ’ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട കേസില്‍ റെഡ് ഫോര്‍ട്ട് സ്‌ഫോടനത്തിന് മുമ്പ് അറസ്റ്റിലായ ഏഴുപേരില്‍ ഒരാളാണ് വാഗായ്.
ഒക്ടോബര്‍ 18-ന് രാത്രി 11 മണിയോടെയാണ് പോലീസ് നാഡിഗാമിലെ വീട്ടില്‍ നിന്ന് വാഗയെ കൊണ്ടുപോയതെന്നാണ് ഭാര്യ ഫാത്തിമയും വാഗയുടെ മൂന്ന് സഹോദരിമാരും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ഏഴ് സഹോദരങ്ങളില്‍ നാലാമനായ 24-കാരനായ വാഗയ് മൂന്നാം ക്ലാസ് വരെയാണ് സ്‌കൂളില്‍ പഠിച്ചത്. പിന്നീട് മതപഠനത്തിനായി ശ്രീനഗറിലെ ദാറുല്‍ ഉലൂം ബിലാലിയയില്‍ ചേര്‍ന്നു. തുടര്‍ന്ന് 2017-18 കാലയളവില്‍ മുഫ്തി പരിശീലനത്തിനായി ദയൂബന്ദിലേക്ക് പോയി.
കഴിഞ്ഞ ഏഴ് വര്‍ഷമായി ശ്രീനഗറിലെ നായിക് ബാഗ്, നൗഗാം എന്നിവിടങ്ങളിലെ പള്ളിയില്‍ വാഗയ് ഇമാമായി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വാഗയ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നൗഗാമില്‍ നിന്നുള്ള ആരിഫ് നിസാര്‍ ദാര്‍, യാസിര്‍-ഉല്‍-അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദാര്‍ എന്നിവരുള്‍പ്പെടെ ആറ് പേരും അറസ്റ്റിലായിട്ടുണ്ട്.
ഭര്‍ത്താവിനെ മുമ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയോ വീട് പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വാഗയ്‌യുടെ കുടുംബം പറയുന്നത്. പോസ്റ്ററുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും അദ്ദേഹം മതഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട് കഴിയുകയായിരുന്നുവെന്നും അവര്‍ പറയുന്നു. വാഗയ്‌യുടെ ഫോണും ലാപ്‌ടോപ്പും പോലീസ് കൊണ്ടുപോയിട്ടുണ്ട്.
റെഡ് ഫോര്‍ട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഭീകരശൃംഖലയിലെ അംഗങ്ങളെന്നു കരുതുന്ന മൂന്ന് ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന അല്‍ ഫലാഹ് കാമ്പസിനുള്ളിലെ ഒരു പള്ളിയിലെ പുരോഹിതനായിരുന്നു അറസ്റ്റിലായ രണ്ടാമത്തെ മതപുരോഹിതനായ മൗലാന ഇഷ്തിയാഖ്. ഹരിയാനയിലെ ധൗജിലാണ് ഇയാളുടെ കുടുംബം.അറസ്റ്റിലായ ഇഷ്തിയാഖിനെ ജമ്മു കശ്മീര്‍ പോലീസ് ശ്രീനഗറിലേക്ക് കൊണ്ടുപോയി.
ഭീകര ശൃംഖലയിലെ പ്രധാനയായിരുന്ന ഡോ. മുസമ്മില്‍ ഗനായിക്ക്, ഇഷ്തിയാഖ് തന്റെ ഫത്തേഹ്പൂര്‍ ടാഗ ഗ്രാമത്തിലെ ദഹര്‍ കോളനിയിലുള്ള ഒരു മുറി വാടകയ്ക്ക് നല്‍കിയിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന റെയ്ഡുകളില്‍ ഇവിടെ നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
അനന്ത്‌നാഗ്, ഗന്ദര്‍ബാല്‍, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ നിന്നു തുടങ്ങിയ അന്വേഷണാണ് ഹരിയാന, ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ ഫരീദാബാദ്, സഹാറന്‍പൂര്‍ എന്നിവിടങ്ങളിലേക്കും എത്തിയതും പലരെയും പിടികൂടിയതും. അതേസമയം റെഡ് ഫോര്‍ട്ട് സ്‌ഫോടനക്കേസിലെ പ്രതിയായ ഉമര്‍ നബിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടുമില്ല.
Content Summary: Red Fort blast: Jammu Kashmir police arrested two muslim clerics in Kashmir and Haryana, before and after explosion
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.