കഴിഞ്ഞ ചൊവ്വാഴ്ച ചണ്ഡീഗഡില്‍ ആത്മഹത്യ ചെയ്ത എഡിജിപി വൈ. പൂരം കുമാറിന്റെ അഴിമതിയാണ് തന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് റോത്തക്കില്‍ ഹരിയാന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പൂരം കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സന്ദീപ് ലാത്തര്‍ ജീവനൊടുക്കിയത്.
റോത്തക് പോലീസിന്റെ സൈബര്‍ സെല്ലില്‍ എഎസ്‌ഐ ആയി ജോലി ചെയ്തിരുന്ന സന്ദീപ് ലാത്തര്‍ ആണ് ആത്മഹത്യ ചെയ്തത്. പൂരം കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെട്ട റോത്തക് മുന്‍ എസ്പി നരേന്ദ്ര ബിജാര്‍ണിയയ്ക്ക് തന്റെ അവസാന വീഡിയോ സന്ദേശത്തില്‍ സന്ദീപ് ലാത്തര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജാര്‍ണിയ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണെന്നും സന്ദീപ് വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ചണ്ഡീഗഡിലെ സര്‍ക്കാര്‍ വസതിയില്‍ ആത്മഹത്യ ചെയ്ത പൂരം കുമാര്‍ തന്റെ ആത്മഹത്യാ കുറിപ്പില്‍ 16 മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും പൂരം കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
എഡിജിപി റാങ്കിലുണ്ടായിരുന്ന പൂരം കുമാര്‍ ചണ്ഡീഗഡിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. പൂരം കുമാറിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി.) അവധിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ, റോത്തക് എസ്.പി.യായിരുന്ന നരേന്ദ്ര ബിജാര്‍ണിയക്ക് പകരം സുരീന്ദര്‍ സിംഗ് ഭോറിയയെ നിയമിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍കിയത്.
പൂരം കുമാറിന്റെ ഭാര്യയും മുതിര്‍ന്ന ഐ.എ.എസ്. ഓഫീസറുമായ അമ്നീത് പി. കുമാറിന്റെ അപേക്ഷയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആത്മഹത്യ കേസില്‍ എഫ്.ഐ.ആര്‍. ഭേദഗതി വരുത്തി. എസ്.സി./എസ്.ടി. (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് നിലവില്‍ എഫ്.ഐ.ആര്‍.
നേരത്തെ ചേര്‍ത്ത വകുപ്പുകള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, നിയമത്തിലെ സെക്ഷന്‍ 3(2)(v) ഉള്‍പ്പെടുത്തണമെന്ന് അമ്നീത് പി. കുമാര്‍ പോലീസിന് കത്ത് നല്‍കിയത്. കേസ് അന്വേഷിക്കുന്ന ആറംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) മേധാവിയായ ചണ്ഡീഗഡ് ഐ.ജി. പുഷ്‌പേന്ദ്ര കുമാര്‍ ഞായറാഴ്ച ഈ ഭേദഗതി അംഗീകരിച്ചു.
Content Summary: Another police officer dies by suicide in Haryana
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.