ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ20 കാര്‍ ആണെന്ന് കണ്ടെത്തിയതിനു പിന്നാലെ, അതിന്റെ ഉടമസ്ഥനിലേക്ക് അന്വേഷണം നീളുന്നു. പുല്‍വാമ സ്വദേശിയായ ഒരാളെയാണ് അന്വേഷണ സംഘം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 29-ന് ഇയാള്‍ ഒരു ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 34 വയസുള്ള ഈ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല.
സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച കാര്‍ ഏതെന്ന് കണ്ടെത്തിയിരുന്നു. ഈ കാറിന്റെ ആദ്യ ഉടമ ഗുഡ്ഗാവ് സ്വദേശിയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത്തപ്പോഴാണ് വാഹനം മറ്റൊരാള്‍ക്ക് വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. തുടര്‍ന്ന് പോലീസ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി (ആര്‍ടിഒ) സഹകരിച്ച് വാഹനത്തിന്റെ ഉടമസ്ഥാവകാശം കണ്ടെത്താന്‍ ശ്രമം തുടങ്ങി.
കാര്‍ ഒന്നിലധികം കൈകളിലൂടെ കടന്നുപോയെന്നും, ഒടുവില്‍ കശ്മീരിലെ പുല്‍വാമയിലെ താമസക്കാരന്റെ അടുത്തെത്തിയെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സ്‌ഫോടനത്തിന് മുമ്പ് മൂന്ന് മണിക്കൂറിലധികം കാര്‍ റെഡ് ഫോര്‍ട്ടിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു., അതിനുശേഷമാണ് സ്‌ഫോടനം നടത്താനായി ഓടിച്ചുപോയതെന്നാണ് വിവരം.
ചെങ്കോട്ടയോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:19-ന് വാഹനം പ്രവേശിക്കുകയും വൈകുന്നേരം 6:48-ന് പുറത്തുകടക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് പുറത്തുപോകുമ്പോള്‍ റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ നിന്നും വൃക്തമായിരുന്നു.
ഡല്‍ഹിയിലെ ദരിയാഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീരി ഗേറ്റ്, സുനേരി മസ്ജിദിന് സമീപം എന്നിവിടങ്ങളിലും ഇതേ കാര്‍ കണ്ടിരുന്നതായി അന്വേഷണ വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്. പാര്‍ക്കിംഗ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഒരാള്‍ പാര്‍ക്കിംഗ് സ്ലിപ്പ് വാങ്ങുന്നതായും കാണുന്നുണ്ട്.
സംഭവത്തിന് ശേഷം, കാറില്‍ ഒന്നിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ച പറഞ്ഞിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച സിസിടിവി ഫൂട്ടേജില്‍ ഒരാളെയാണ് കാണുന്നതെങ്കിലും, മറ്റാരെങ്കിലും പിന്നീട് ഇയാളോടൊപ്പം ചേര്‍ന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
പാര്‍ക്കിംഗ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്താനായി സ്‌പെഷ്യല്‍ സെല്‍, ക്രൈം ബ്രാഞ്ച്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) എന്നിവയുടെ ഒന്നിലധികം ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ‘കാറിന്റെ മുഴുവന്‍ സഞ്ചാരവും രേഖപ്പെടുത്താന്‍ അടുത്തുള്ള റോഡുകളിലെയും ടോള്‍ ബാരിയറുകളിലെയും ഫൂട്ടേജുകള്‍ വിശകലനം ചെയ്യുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
ഹരിയാനയിലെ ഫരീദാബാദിലെ രണ്ട് വീടുകളില്‍ നിന്ന് ജമ്മു കശ്മീര്‍ പോലീസ് 350 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസമാണ് ചെങ്കോട്ട സ്‌ഫോടനം നടന്നത്. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Summary: Red Fort blast; Investigation into the owner of the i20, a native of Pulwama. Red Fort blast, 10 people killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.