UPDATES

വിദേശം

മഹ്‌സ അമിനി; ഇറാന്‍ ഭയക്കുന്ന രക്തസാക്ഷിത്വം

എന്തുകൊണ്ട് ഈ ദിവസത്തെ സൈന്യവും ഭരണകൂടവും എല്ലാം ഭയക്കുന്നു?

                       

ഇറാന്‍ ഭരണകൂടം ഇന്നത്തെ ദിവസത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ജാഗ്രതയിലാണ്. സുരക്ഷ സേന ജനത്തെ ഭയത്തിന്റെ കൂട്ടിലാക്കിയിട്ട് ദിവസങ്ങളായി. വിയോജിപ്പിന്റെ ചെറു ശബ്ദം പോലും ഭകണകൂടത്തിനെതിരേ ഉയര്‍ന്നു വരരുതെന്ന വാശിയിലാണവര്‍.

എന്തുകൊണ്ട് ഈ ദിവസത്തെ സൈന്യവും ഭരണകൂടവും എല്ലാം ഭയക്കുന്നു?

മഹ്‌സ അമിനി എന്ന 22 കാരിയുടെ ‘രക്‌സാക്ഷിത്വത്തിന്’ ഒരു വയസ് തിയകുന്ന ദിവസമാണ് സെപ്തംബര്‍ 16. മഹ്‌സയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍, അവളുടെ മരണത്തിന് കാരണമായ ഭരണസംവിധാനത്തിനെതിരേ വീണ്ടും വിരലുകള്‍ ചൂണ്ടപ്പെടുമെന്നും നാവുകള്‍ ആവേശം കൊള്ളുമെന്നുമുള്ള ഭയത്തിലാണ് കനത്ത സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മഹ്‌സയുടെ ജന്മനഗരത്തില്‍ വലിയതോതില്‍ സുരക്ഷ സൈന്യത്തെ വിന്ന്യസിച്ചു. പല കുര്‍ദിഷ് നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടുത്തിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചു.

2022 സെപ്തംബര്‍ 16 ന് ആയിരുന്നു ഇറാനിയന്‍ സദാചാര പൊലീസ് ഗര്‍ഷ്ത്-ഇ-ഇര്‍ഷാദ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. മതാചാര പ്രകാരം നിര്‍ബന്ധമാക്കിയ ഹിജാബ് ധരിച്ചിരുന്നില്ല എന്ന ‘കുറ്റം’ ചുമത്തിയായിരുന്നു മഹ്‌സയെ അറസ്റ്റ് ചെയ്യുന്നത്. ടെഹ്‌റാനിലെ ആശുപത്രിയില്‍ അവളെ പ്രവേശിപ്പിക്കുമ്പോള്‍ കോമയിലായിരുന്നു. അധികം വൈകാതെ മഹ്‌സ മരിച്ചു. ആ മരണം ഇറാനെ ഏകാധിപത്യസ്വഭാവത്തോടെ നിയന്ത്രിക്കുന്ന മതഭരണകൂടത്തെ പിടിച്ചു കുലുക്കി. ലോകം മുഴുവന്‍ ആ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തെ പിന്തുണച്ചു.

സ്‌റ്റേഷനില്‍ വച്ച് അവള്‍ക്ക് ഹൃദായാഘാതം ഉണ്ടായെന്നും മയങ്ങി വീണതിനു പിന്നാലെയാണ് കോമയിലായതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. അതായിരുന്നില്ല വാസ്തവമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഹ്‌സയ്‌ക്കൊപ്പം അന്നേ ദിവസം അറസ്റ്റിലായ ചില സ്ത്രീകളും സ്റ്റേഷനിലുണ്ടായിരുന്നു. പൊലീസ് പല തവണ അഹ്‌സയെ മര്‍ദ്ദിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മഹ്‌സയുടെ മരണകാരണമെന്ന് പുറത്തായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമായി. തല മറച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് ഇറാനിലെ യുവത്വവും ലോകവും മനസിലാക്കി.

പല തവണ ഇറാന്‍ ഭരണകൂടത്തിനെതിരേ, അവിടുത്തെ യുവത തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും, അന്നേവരെ കാണാത്ത തരത്തിലുള്ള പോരാട്ടമായിരുന്നു മഹ്‌സയുടെ മരണം സൃഷ്ടിച്ചത്. മാസങ്ങളോളം നീണ്ട സംഘര്‍ഷത്തില്‍ 500 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 71 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. നൂറു കണക്കിനു പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം പേര്‍ തടവറകളിലടയ്ക്കപ്പെട്ടു.

പ്രതിഷേധത്തിന്റെ പേരില്‍ ഏഴ് പേരെയാണ് ഭരണകൂടം തൂക്കിലേറ്റിയത്.

ബാക്കിയുള്ളവര്‍ പൊലീസ് വെടിവയ്പ്പിലും മര്‍ദ്ദനത്തിലുമൊക്കെയായി കൊല്ലപ്പെട്ടു. മഹ്‌സയുടെ 40-മത് ചരമദിനത്തിന്റെ അന്ന് ഒത്തുകൂടിയവര്‍ക്കുനേരെയും പൊലീസ് വെടിയുതിര്‍ത്തു.

ഇറാന്‍ ഭരണകൂടം ഈ പ്രതിഷേധത്തെ ‘കലാപം’ എന്നാണ് കുറ്റപ്പെടുത്തിയത്. ചില വിദേശ രാജ്യങ്ങളുടെയും ഭരണകൂട വിരുദ്ധ മാധ്യമങ്ങളുടെയും പിന്തുണയോടെ നടന്ന കലാപത്തില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചു.

മാസങ്ങള്‍ നീണ്ട പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനായെങ്കിലും, മത പൊലീസ് സംവിധാനം നിര്‍ത്തലാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

അമിനിയുടെ ജന്മദേശമായ ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്താനില്‍ കനത്ത സുരക്ഷവലയമാണ് തീര്‍ത്തിരിക്കുന്നതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറെ നേരം നീണ്ടു നിന്നതല്ലെങ്കിലും ചിലയിടങ്ങളില്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധ കൂട്ടായ്മകള്‍ ഉണ്ടായി എന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമിനിയുടെ രക്തസാക്ഷി വാര്‍ഷികത്തിനു മുന്നേ തന്നെ യാതൊരുവിധത്തിലുള്ള പ്രതിഷേധ/അനുസ്മരണ പരിപാടികളും നടക്കാതിരിക്കാന്‍ കര്‍ശനമായ ജാഗ്രത ഭരണകൂടം പുലര്‍ത്തി വരുന്നുണ്ടായിരുന്നു. എത്ര ചെറിയ നീക്കമാണെങ്കിലും അടിച്ചമര്‍ത്താനായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്, പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി കൊല്ലപ്പെടുകയോ, തൂക്കിലേറ്റപ്പെടുകയോ ചെയ്ത 36 പേരുടെയെങ്കിലും കുടുംബാംഗങ്ങളെ കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് വിധേയരാക്കിയെന്നും അവരില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചിലരെ വിചാരണ നടത്തുകയും തടവിലാക്കുകയും ചെയ്‌തെന്നാണ്. സ്ത്രീകളോടുള്ള ഭരണകൂടത്തിന്റെ ആസൂത്രിതമായ അടിച്ചമര്‍ത്തലിന്റെയും അനീതിയുടെയും ശിക്ഷ നടപടിയുടെയും തെളിവായിരുന്നു മഹ്‌സ അമിനിയുടെ കസ്റ്റഡി കൊലപാതകം. ആ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണം തടയാന്‍ ഇറാനിയന്‍ അധികാരികള്‍ എല്ലാ വിയോജിപ്പുകളെയും അടിച്ചമര്‍ത്തിയെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നത്.

മഹ്‌സ അമിനിയുടെ അമ്മാവന്‍ സഫ എയ്‌ലിയെ സെപ്തംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു എന്ന് ബന്ധുക്കള്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. മാത്രമല്ല, അമിനിയുടെ കുടുംബത്തിന്റെ അഭിഭാഷകനെതിരേയും കുറ്റം ചുമത്തിയിരുന്നു.’ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുന്നു’ എന്ന കുറ്റമാണ് ഓഗസ്റ്റില്‍ അഭിഭാഷകന്റെ മേല്‍ ചുമത്തിയതെന്നാണ് ഇറാന്‍ പത്രമായ എത്തിമാദ് റിപ്പോര്‍ട്ട് ചെയ്തത്.

മഹ്‌സി അമിനിയെ മരിച്ചിട്ടും ഭയക്കുകയായിരുന്നു ഇറാന്‍ ഭരണകൂടം എന്നതിന് തെളിവായിരുന്നു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന അധികാര ഭീകരത. അമിനിയെക്കുറിച്ച് ലോകത്തോട് ഏറ്റവും ഉറക്കെ വിളിച്ചു പറഞ്ഞത് നിലൗഫര്‍ ഹമേദി, ഇലാഹി മൊഹമ്മദി എന്നീ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അമിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴത്തെ കാര്യങ്ങളും സംസ്‌കാര ചടങ്ങുകളും വാര്‍ത്തകളാക്കി അമിനി കേസ് പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിന്റെ പേരില്‍ ഒരു വര്‍ഷത്തോളമാണ് തടവറയില്‍ കിടക്കേണ്ടി വന്നത്. അമിനിയുടെ പിതാവ് അംജദിനെ അഭിമുഖം ചെയ്തതിന്റെ പേരില്‍ മറ്റൊരു റിപ്പോര്‍ട്ടര്‍ നാസില മറൗഫിയാന്‍ പലതവണ അറസ്റ്റിലായി.

Share on

മറ്റുവാര്‍ത്തകള്‍