‘ബെല്ല സിയാവോ, ബെല്ല സിയാവോ
ഇറാനിയന്‍ ജനതയുടെ കണ്ണുനീരാണിത്
ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, നീതി വേണം
ലക്ഷ്യം നേടുന്നത് വരെ ഞങ്ങള്‍ ചെറുത്തുനില്‍ക്കും’
19-ാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകള്‍ക്കെതിരായ പ്രതിരോധ ശബ്ദമായി മാറിയ ഈ ഇറ്റാലിയന്‍ നാടോടി ഗാനം ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലെ ഇരുണ്ട സെല്ലില്‍ ഇപ്പോഴും മുഴങ്ങി കൊണ്ടിരിക്കുന്നുണ്ടാവും. ഓരോ തവണയും ഭരണകൂടം അധികാരത്തിന്റെ കൈകളുപയോഗിച്ചു വായ്മൂടിക്കെട്ടാന്‍ ശ്രമിച്ച ആ എഞ്ചിനീയറുടെ, മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ശബ്ദം അഴികളിലെ വിലക്കിനെ ഭേദിച്ചുകൊണ്ടാണ് ഇന്ന് ലോകം മുഴുവന്‍ അലയടിക്കുന്നത്. ഇറാനിലെ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളെ സമാനതകളില്ലത്ത പോരാട്ടം കൊണ്ട് ലോകത്തിനെ അറിയിച്ച ആ ശബ്ദത്തെ ലോകം ആദരിക്കുന്നത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയാണ്.
13 അറസ്റ്റുകളും,അതിലെ അഞ്ചു ശിക്ഷ വിധികളും, 31 വര്‍ഷത്തെ തടവും, 154 ചാട്ടവാറടികളും നല്‍കി ഇറാനിലെ യാഥാസ്ഥിക ഭരണകൂടം അണച്ച് കളയാന്‍ ശ്രമിക്കുന്ന നര്‍ഗേസ് സഫീ മൊഹമ്മദിയുടെ സമത്വത്തിനു വേണ്ടിയുള്ള സമരസപ്പെടാത്ത നിലപാടിന്റെ പ്രതീകം കൂടിയാണ് ഈ നൊബേല്‍ പുരസ്‌കാരം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മതപ്പോലീസ് ശിരോ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കുര്‍ദിഷ് യുവതി മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യവ്യപകമായി ശക്തമായ ജന പ്രക്ഷോഭമാണുണ്ടായത്. സമാധാനപരമായി തെരുവുകളിലൂടെ നടന്നു നീങ്ങിയ ജനകീയ പ്രതിഷേധങ്ങളെ ഇറാനിയന്‍ പോലീസ് അക്രമാസക്തമായി പലയിടിത്തും നേരിട്ടു. രാജ്യമെമ്പാടുമുള്ള പ്രകടനക്കാര്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ച സ്ത്രീ – ജീവിതം – സ്വാതന്ത്ര്യം- എന്ന മുദ്രാവാക്യം മത ഭരണകൂടത്തിന് കീഴില്‍ സ്വാതന്ത്രം നഷ്ട്ടപെട്ടു ജീവിക്കുന്ന സ്ത്രീ സമൂഹത്തിനുവേണ്ടി മൊഹമ്മദി ഉയര്‍ത്തിയ ശബ്ദത്തിന്റെ ബാക്കി പത്രമാണ്.500 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പോലീസ് നടത്തിയ റബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നര്‍ഗേസ് തടവിലാക്കപ്പെടുന്നത്.
ഇറാനിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ആദ്യമായി മൊഹമ്മദി അറസ്റ്റിലാവുന്നത്. ദേശിയ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നുവെന്ന പേരില്‍ 2011 ജൂലൈയില്‍, മൊഹമ്മദി വീണ്ടും ജയിലിലാക്കപ്പെട്ടു. 11 വര്‍ഷത്തെ തടവ് ശിക്ഷയാണ് അന്ന് കോടതി വിധിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള നിയമവാഴ്ച്ചയുടെയും ഭരണകൂടത്തിന്റെയും ശ്രമമായാണ് മൊഹമ്മദി ഈ വിധിയെ ഉപമിച്ചത്. 2014 ലും 2015 ലും മൊഹമ്മദി പിന്നെയും ജയിലിലടക്കപ്പെട്ടു .ഈ ജയില്‍ വാസങ്ങളത്രയും മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരേ അസമത്വത്തിനെതിരേ ഇനിയും ഉച്ചത്തില്‍ ശബ്ദം ഉയര്‍ത്താനുള്ള ഊര്‍ജ്ജമാണ് മൊഹമ്മദിക്ക് നല്‍കിയത്.
അതുകൊണ്ട് തന്നെയാണ് തന്റെ ആദ്യ ജയില്‍ വാസകാലം മുതല്‍ ജയിലില്‍ താനടക്കമുള്ള വനിതാ തടവ് പുള്ളികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മുഹമ്മദി ശക്തമായി വിമര്‍ശിച്ചത്. 2021-ല്‍, ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പ് വഴി നടത്തിയ ചര്‍ച്ചയില്‍ മൊഹമ്മദി ഉള്‍പ്പെടെയുള്ള സ്ത്രീകള്‍, 1980-കള്‍ മുതല്‍ 2021 വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളുടെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കുവച്ചിരുന്നു. കോപവും ഭയവും അരക്ഷിതാവസ്ഥയും നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങളിലൂടെയാണ് ലൈംഗിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ കടന്നു പോകേണ്ടി വരുന്നതെന്ന് മൊഹമ്മദി സി എന്‍എന്‍ നു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇവിടെ മതപരമായി അടിച്ചമര്‍ത്തപ്പെടുന്ന ഓരോ സ്ത്രീകള്‍ക്കും കോപത്തെക്കാളും ഭയത്തെക്കളും മുന്നിട്ട് നില്കുന്നത് ഭരണകൂടം തന്നെ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയാണ്. ഈ ലൈംഗിക ദുരുപയോഗം അവരുടെ ആത്മാവിലും മനസ്സിലും അവശേഷിപ്പിക്കുന്നത് ഒരിക്കലും മറന്നു കളയാന്‍ കഴിയാത്ത ആഴത്തിലുള്ള മുറിവുകളാണെന്നും മൊഹമ്മദി പറയുന്നു.
2009 ലെ തന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ബാക്കിയെന്നോണം നഷ്ടമായത് ഏറെ ആഗ്രഹിച്ചു നേടിയ എഞ്ചിനിയറിംഗ് ജോലിയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണകൂടം അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന തന്റെ ഉറച്ച നിലപാടുകള്‍ക്ക് പകരം വെക്കേണ്ടി വന്നത് ജയിലില്‍ നിന്ന് ഭര്‍ത്താവും മക്കളുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള അവസരങ്ങള്‍ കൂടിയാണ്. 18 മാസത്തോളമായി ഈ വിലക്കിലാണ് മൊഹമ്മദി. 1999 ലാണ് മൊഹമ്മദി ആക്ടിവിസ്റ്റായ താഗി റഹ്‌മാനിയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് തൊട്ടു പിന്നാലെ താഗി റഹ്‌മാനി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 14 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ റഹ്‌മാനി ഫ്രാന്‍സിലേക്ക് താമസം മാറി. മൊഹമ്മദി തന്റെ ആക്ടിവിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇറാനില്‍ തന്നെ തുടര്‍ന്നു. നിങ്ങളുടെ ഏറ്റവും അടുത്ത വ്യക്തിയോ, ഭാര്യയോ ജയിലില്‍ കഴിയുമ്പോള്‍, ഓരോ ദിവസവും ഉണരുന്നത് ആശങ്കയോടെയാണെന്ന്
താഗി റഹ്‌മാനി സി എന്‍ എന്‍ നോട് പറയുന്നു. 2015-ല്‍ മൊഹമ്മദി ജയിലിലായതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം തങ്ങളുടെ കുട്ടികളോടൊപ്പം ഫ്രാന്‍സിലേക്ക് താമസം മാറുന്നത്. കഴിഞ്ഞ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ മൊഹമ്മദിയുടെ ആരോഗ്യത്തെക്കുറിച്ചും വൈദ്യസഹായം ലഭിക്കുന്നതിനെക്കുറിച്ചും റഹ്‌മാനിയും മനുഷ്യാവകാശ ഗ്രൂപ്പുകളും ആശങ്ക ഉന്നയിച്ചിരുന്നു.