UPDATES

ദാനം ചെയ്യാന്‍ സ്ത്രീകളും സ്വീകരിക്കാന്‍ പുരുഷന്മാരും; അവയവമാറ്റ ശസ്ത്രക്രിയകളിലെ ആണ്‍-പെണ്‍ അസമത്വം

1995 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ അവയവ സ്വീകര്‍ത്താക്കളില്‍, അഞ്ചില്‍ നാലു പേരും പുരുഷന്മാരായിരുന്നു

                       

മറ്റു പലതിലുമെന്ന പോലെ, ആരോഗ്യസംരക്ഷണത്തിലും ഇന്ത്യയില്‍ സ്ത്രീ-പുരുഷ അസമത്വം നിലനില്‍ക്കുന്നു. അവയവ സ്വീകരണത്തിന്റെ കണക്ക് ഈ അസമത്വം പുറത്തുകൊണ്ടുവരുന്നുണ്ട്. 1995 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ അവയവ സ്വീകര്‍ത്താക്കളില്‍, അഞ്ചില്‍ നാലു പേരും പുരുഷന്മാരായിരുന്നുവെന്നാണ് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍-എന്‍ഒടിടിഒ- പറയുന്നത്.

അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ 36,640 പേരില്‍ 29,695 പേരും പുരുഷന്മാരായിരുന്നുവെന്നാണ് നോട്ടോ പറയുന്നത്. സ്വീകര്‍ത്താക്കളുടെ വിവരങ്ങള്‍ കാണിക്കുന്നത്, സ്ത്രീകളുടെ എണ്ണം ആനുപാതികമല്ലാത്ത വിധം കുറവാണെന്നാണ്. അവയവമാറ്റത്തിന് കാരണമാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കുന്നതില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നിരിക്കെയാണ് ഈ കുറവ് ഉണ്ടാകുന്നത്. അവയവമാറ്റം ആവശ്യമുള്ള സ്ത്രീകള്‍ക്ക് അതിനുവേണ്ട ചികിത്സ ലഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അതൊരു പ്രശ്‌നം തന്നെയാണെന്നാണ് നോട്ടോ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്.

രണ്ടായിരം രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയോളം വളര്‍ന്ന സഹാറ, സുബ്രത റോയ് എന്ന സാമ്രാട്ട് ഒടുവില്‍ വീണു പോയത് ഒരു മലയാളിക്കു മുന്നിലായിരുന്നു

അതേസമയം മറ്റൊരു കണക്ക് കൂടി ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. അവയവദാതാക്കളില്‍ സ്ത്രീകളാണ് മുന്നില്‍. അതിന് കാരണം പുരുഷനെ ആശ്രയിച്ചാണ് കുടുംബങ്ങള്‍ നിലനില്‍ക്കുന്നതെന്ന ധാരണയാണ്. പുരുഷന്മാരുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഇന്ത്യയിലെ കുടുംബങ്ങള്‍ അധിക താത്പര്യം കാണിക്കുന്നത്. പുരുഷന്മാരാണ് കുടുംബത്തിന്റെ വരുമാനം നോക്കുന്നതെന്നതിനാല്‍, അവര്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്തയാണ്. കുടുംബത്തിലെ സ്ത്രീകള്‍ തന്നെയായിരിക്കും ആദ്യ പരിഗണനയിലുള്ള ദാതാവ്. നേരേ തിരിച്ച് ഇത്തരത്തില്‍ സംഭവിക്കുന്നില്ല എന്നതാണ് അസമത്വത്തിനുള്ള തെളിവ്. പലപ്പോഴും അവയവദാനത്തിന് സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നതു കൂടി ഗൗരവമായി കാണേണ്ടതുണ്ട്. ഡോ. അനില്‍ കുമാര്‍ പറയുന്നത്, സമ്മതം നിര്‍ബന്ധപൂര്‍വമാകരുതെന്ന് നിയമത്തില്‍ പറയുന്നുണ്ടെന്നാണ്.

സ്വീകര്‍ത്താക്കളുടെയും ദാതാക്കളുടെയും കാര്യത്തില്‍ ലിംഗപരമായ വേര്‍തിരിവ് വ്യക്തമായിട്ടുണ്ടെന്നാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. അനുപം സിബലും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. ഇപ്പോള്‍ ദാതാക്കളായവരുടെ കാര്യത്തില്‍ ലിംഗ വ്യത്യാസം കുറഞ്ഞു വരുന്നതായും ഡോക്ടര്‍ പറയുന്നുണ്ട്. അതിനു കാരണമായി പറയുന്നത് കൗണ്‍സിംലിംഗാണ്. 1998 മുതല്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണ് അപ്പോളോ. അവിടെ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനാണ് ഡോ. അനുപം സിബല്‍.

കോമ്രേഡ് എന്‍.എസ്; ഭഗത് സിംഗിന്റെ രക്തസാക്ഷിത്വത്തില്‍ നിന്നും ഉരുവം കെണ്ട വിപ്ലവ ജ്വാല

2018 മുതല്‍ 2022 വരെയുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ രാജ്യത്ത് 58,000 അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. ഓരോ വര്‍ഷത്തെയും കണക്കെടുത്താല്‍; 2018-10,340 ശസത്രക്രിയകള്‍ നടന്നു. ഇതില്‍ ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും അവയവം സ്വീകരിച്ചിരിക്കുന്നത് 78.19 ശതമാനമാണ്. മരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവസ്വീകരണത്തിന്റെ ശതമാനം 21.81 ഉം. യഥാക്രമം ബാക്കി വര്‍ഷത്തെ കണക്കുകള്‍; 2019-12,666. 83.72%, 16.28%, 2020- 7,443, 86.75%, 13.25%. 2021-12,259, 86.78%, 13.22%. 2022- 16,041, 83.15%, 16.85%.

ജീവിച്ചിരിക്കുന്നവരില്‍ നിന്നും അവയവം സ്വീകരിച്ച കണക്കില്‍ ഡല്‍ഹിയാണ് മുമ്പില്‍(3,422). പിന്നാലെ യഥാക്രമം- തമിഴ്‌നാട്(1,690), കേരളം(1,423), മഹാരാഷ്ട്ര(1,222), പശ്ചിമബംഗാള്‍(1,059).

മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ സ്വീകരിച്ച കണക്കില്‍ തമിഴ്‌നാടാണ് മുമ്പില്‍(555), തെലങ്കാന(524), കര്‍ണാടക(478), ഗുജറാത്ത്(398),മഹാരാഷ്ട്ര(303).

2021 വരെയുള്ള കണക്കില്‍ അവയവം ദാനം ചെയ്യുന്നതില്‍ 75 ശതമാനം അമ്മമാരും 25 ശതമാനം മാത്രം അച്ഛന്‍മാരും എന്നാണ് നോട്ടോയുടെ രേഖകളില്‍ പറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ കണക്കില്‍ പ്രകടമായ മാറ്റം വരുന്നുണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം 51 ശതമാനം അമ്മമാരും 49 ശതമാനം അച്ഛന്മാരും അവയവദാനത്തിന് തയ്യാറാകുന്നുണ്ടെന്നാണ് ഡോ. അനുപം സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്.

ഈ കുട്ടികളും കേരളത്തിന്റെ ഭാഗമാണ്, ആലുവയില്‍ കൊല്ലപ്പെട്ട ആ അഞ്ചുവയസുകാരി ഉള്‍പ്പെടെ

സ്ത്രീകള്‍ എന്തുകൊണ്ടാണ് അവയവദാനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്? ഡോക്ടര്‍ സിബല്‍ പറയുന്ന കാരണം ഇങ്ങനെയാണ്; ‘ സ്ത്രീകള്‍ അവരുടെ ജന്മസ്വഭാവം കൊണ്ടു തന്നെ ദാനം ചെയ്യുന്നതിന് സന്നദ്ധരായവരാണ്, സ്വന്തം കാര്യത്തെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. അതേസമയം പുരുഷന്മാര്‍ ദാതാക്കളാകാന്‍ മുന്നോട്ടു വരുന്നത് അവരെ കൗണ്‍സിലിംഗ് ചെയ്യുന്നതു വഴിയാണ്. അയവം ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്ക് നിരവധി ചോദ്യങ്ങളും സംശയങ്ങളുമുണ്ടായിരിക്കും, അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ ജോലി’.

ദാതാക്കളുടെ കാര്യത്തിലെന്ന പോലെ സ്വീകര്‍ത്താക്കളുടെ കാര്യത്തിലും ലിംഗ വ്യത്യാസം വരുന്നതെങ്ങനെയാണ്? ഡോക്ടര്‍ സിബല്‍ തിരിച്ചു ചോദിക്കുന്നു; ‘ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ ചോദ്യമിതാണ്, എന്തിനാണിവിടെ ലിംഗ വ്യത്യാസം? ഒരു വ്യക്തിക്ക് അവയവമാറ്റം ആവശ്യമാണെങ്കില്‍ അത് ലഭിച്ചിരിക്കണം. പക്ഷേ, അവയമാറ്റം പോലുള്ള ശസ്ത്രക്രിയകള്‍ വരുമ്പോള്‍, അല്ലെങ്കില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, അല്ലെങ്കില്‍ കുട്ടികളിലെ അപായ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള ശസ്ത്രക്രിയ തുടങ്ങിയവയില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഗുണഭോക്താക്കളെന്ന് കാണാം. ഈ പ്രവണത മാറ്റുന്നതിന് അവബോധമാണ് പ്രധാനം’

ഡോക്ടര്‍ അനുപം സിബല്‍ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക; ‘ കരള്‍ മാറ്റ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഒരു പെണ്‍കുഞ്ഞിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പലവിധ ആശങ്കളാണ്. കരള്‍ മാറ്റിവച്ചു കഴിഞ്ഞാല്‍ അവള്‍ക്ക് ആര്‍ത്തവം വരാതിരിക്കുമോ? കുട്ടികള്‍ ഉണ്ടാകുമോ? എന്നൊക്കെയാണ് ആവലാതികള്‍. ഒരു കുഴപ്പവും വരില്ല, സാധാരണ ജീവിതം തന്നെ നയിക്കാന്‍ കഴിയുമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തിയാല്‍ മാത്രമാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സമ്മതിക്കുക’.

നോട്ടോ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. 2022-ല്‍ റെക്കോര്‍ഡ് സംഖ്യയിലുള്ള ശസ്ത്രക്രിയകാളാണ് നടന്നത്(16,041). ഇതില്‍ 243 ഹൃദയമാറ്റ ശസ്ത്രക്രിയകളായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന കണക്ക്. 144 പേരില്‍ ശ്വാസകോശം മാറ്റിവയ്ക്കലും നടന്നു.

Share on

മറ്റുവാര്‍ത്തകള്‍