UPDATES

ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരേ ലൈംഗിക ചൂഷണ പരാതി

പരാതി നല്‍കിയത് രാജ്ഭവന്‍ ജീവനക്കാരി

                       

പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദബോസിനെതിരേ ലൈംഗിക ചൂഷണ പരാതി. കൊല്‍ക്കത്ത രാജ്ഭവനിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. രാജ്ഭവനില്‍ ഗവര്‍ണറെ കാണാനെത്തിയ സമയത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. ഗവര്‍ണര്‍ക്കെതിരായ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്ത രാജ്ഭവനില്‍ തങ്ങുന്ന ദിവസം തന്നെയാണ് ആനന്ദബോസിനെതിരായ പരാതി ഉയര്‍ന്നു വന്നിരിക്കുന്നതും. ഘോഷിന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ പോയ സമയത്താണ് താന്‍ ഉപദ്രവിക്കപ്പെട്ടതായി സ്ത്രീ പറയുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ത്രീയുടെ പരാതി ഹരേ സ്ട്രീറ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഘോഷിന്റെ ട്വിറ്ററില്‍ പറയുന്നുണ്ട്.

കേരളത്തിലായിരുന്ന ബോസ്, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അവധി റദ്ദാക്കി കൊല്‍ക്കത്തയ്ക്കു മടങ്ങുകയായിരുന്നുവെന്ന് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് മോദി ബംഗാളില്‍ എത്തിയത്. ബംഗാള്‍ ഗവര്‍ണറും മമത സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ആനന്ദബോസിനെതിരേ ലൈംഗികാരോപണം ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദബോസ്, സര്‍വീസില്‍ നിന്നു വിരമിച്ചതിനു പിന്നാലെ ബിജെപിയില്‍ ചേരുകയായിരുന്നു. 2022 നവംബര്‍ 23 നാണ് മോദി സര്‍ക്കാര്‍ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുന്നത്.

 

English Summary; sexual harassment complaint against west bengal governor cv ananda bose

Share on

മറ്റുവാര്‍ത്തകള്‍