November 14, 2024 |
Share on

ലൈംഗിക ചൂഷണം; ഭരതനാട്യ നര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നെ കലാക്ഷേത്രയിലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്‌

വിഖ്യാത ഭരതനാട്യ നര്‍ത്തകനും കോറിയോഗ്രാഫറുമായ ഷീജിത്ത് കൃഷ്ണ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റില്‍. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനില്‍ ഷീജിത്തിന്റെ ശിഷ്യകളായിരുന്ന രണ്ടു സ്ത്രീകള്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അറസ്റ്റ്.

കലാക്ഷേത്രയിലെ ഫാക്കല്‍റ്റി മെംബറായിരുന്ന കൃഷ്ണ അവിടെ നിന്നും രാജിവച്ചശേഷം സ്വന്തമായി ഡാന്‍സ് അക്കാദമി നടത്തിവരികയാണ്.

കലാക്ഷേത്ര ഫൗണ്ടേഷന്‍ ഫാക്കല്‍റ്റി മെംബര്‍ ഹരി പദ്മനെതിരേ സമാന പരാതി ഉയര്‍ന്നിരുന്നു. വലിയ പ്രതിഷേധത്തിനാണ് ആ സമയത്ത് കലാക്ഷേത്ര ഫൗണ്ടേഷന്‍ സാക്ഷ്യം വഹിച്ചത്. കലാക്ഷേത്രയിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തില്‍ ഹരി പദ്മനെതിരായ ലൈംഗികാതിക്രമ പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും അയാളെ പുറത്താക്കിയിരുന്നു. പിന്നാലെയായിരുന്നു അയാളുടെ അറസ്റ്റ്. അന്നും കോടതി ഇടപെടലാണ് അറ്റസിന് കാരണമായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക ചൂഷണം തടയുന്നതില്‍ ഉണ്ടാകുന്ന പരാജയം കലാക്ഷേത്രയ്ക്കു മേല്‍ വീഴുന്ന കരിനിഴലാണെന്ന് ഒരു സ്വതന്ത്ര കമ്മിറ്റി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ശുപാര്‍ശയില്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രത്യേക അവസരങ്ങളിലല്ലാതെ ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സുകളില്‍ പ്രവേശിക്കുന്നത് തടയണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരുന്നതാണ്.

നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് നീലങ്കരയിലെ വീട്ടില്‍ നിന്നും 51 കാരനായ ഷീജിത്ത് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഷീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചിട്ടുണ്ടായിരുന്നു. രക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്നൊരുക്കങ്ങളും സ്വീകരിച്ചിരുന്നു.

അറസ്റ്റിനു പിന്നാലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കൃഷ്ണയ പുഴല്‍ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്.

ഹരി പദ്മനെതിരായി നടന്ന പ്രതിഷേധമാണ് ഇപ്പോഴത്തെ കേസിലെ പരാതിക്കാരായ സ്ത്രീകളെ കേസുമായി നീങ്ങാന്‍ പ്രേരിപ്പിച്ചത്. പരാതിക്കാരില്‍ ഒരാള്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നുണ്ടായിരുന്നു. താന്‍ നേരിട്ട ലൈംഗികാതിക്രമം സൈക്കോളജിസ്റ്റിനോട് തുറന്നു പറഞ്ഞതോടെ, അവരാണ് നിയമവഴിയിലൂടെ പോകാന്‍ ഉപദേശിച്ചതും, അഭിഭാഷക സഹായം ചെയ്തു കൊടുത്തതും. തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

1996-2000 കാലത്ത് കലാക്ഷേത്രയില്‍ പഠിച്ചിരുന്നവരാണ് പരാതിക്കാര്‍. ഇരുവരും ഇപ്പോള്‍ വിദേശത്താണ്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കൃഷ്ണ തങ്ങളെ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് ഹൈക്കോടതി ഇവരുടെ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് നീലങ്കരി ആള്‍-വുമണ്‍ പൊലീസ് ഒരു പ്രാഥമിക അന്വേഷണം ഈവര്‍ഷമാദ്യം ആരംഭിച്ചിരുന്നു. പരാതിക്കാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഔദ്യോഗികമായി കേസ് ചാര്‍ജ് ചെയ്തു.

പിതാവിന്റെ സ്‌നേഹവാത്സ്യലങ്ങള്‍ എന്ന വ്യാജേനയാണ് ഷീജിത്ത് കൃഷ്ണ പരാതിക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. പരാതിക്കാരുടെ നിഷ്‌കളങ്കത ഇയാള്‍ മുതലെടുക്കുകയായിരുന്നു. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന് മനസിലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിച്ചില്ല. സമ്മതമില്ലാതെയുള്ള ചുംബനങ്ങളും സ്പര്‍ശനങ്ങളും പിതൃസ്‌നേഹത്തിന്റെ പ്രകടനങ്ങളായോ അല്ലെങ്കില്‍ നൃത്തപരിശീലനത്തിന്റെ ഭാഗമായോ ആണ് ഷീജിത്ത് വിശദീകരിച്ചിരുന്നത്. അവരെ പ്രത്യേകം തെരഞ്ഞെടുത്ത ശിഷ്യകളാണെന്ന് വിശ്വസിപ്പിച്ച് അവരുടെ വികാരം ചൂഷണം ചെയ്യുകയായിരുന്നു പ്രതി എന്നാണ് സ്ത്രീകളുടെ പരാതി ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

കലാക്ഷേത്ര കാമ്പസിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലും ഇത്തരം ദുര്യുപയോഗങ്ങള്‍ നടക്കുന്നുണ്ടെന്നും കൃഷ്ണയെ പോലുള്ളവര്‍ക്ക് തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ സ്വകാര്യ ഇടങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൃഷ്ണ 15 കാരിയായ പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിനു വിരുദ്ധമായ ലൈംഗികപ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിക്കുകയും ബലാത്സംഗം ചെയ്തതുമായ പരാതിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഷീജിത്ത് കൃഷ്ണയുമായ ബന്ധപ്പെട്ട കേസില്‍ കലാക്ഷേത്രയുടെ ഭാഗത്ത് നിന്നോ കൃഷ്ണയുടെ അക്കാദമിയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

 

English Summary;  bharatanatyam dancer and former faculty member of chennai kalakshetra foundation sheejith krishna arrested

Advertisement