UPDATES

കല

ഫാലിമിയില്‍ നര്‍മമുണ്ട് ഒപ്പം ജീവിതവും

ഇടക്ക് ചിരിപ്പിച്ചും ഇടക്ക് കണ്ണിനെ ഈറനണിയിച്ചും ഇടക്ക് ചിന്തയുടേയുടെയും ആത്മപരിശോധയുടെയും ആഴങ്ങളിലേക്ക് പ്രേക്ഷനെ തള്ളിവിടുകയും ചെയ്യുകയാണ് നിതീഷ് സഹദേവന്റെ അരങ്ങേറ്റ ചിത്രം

                       

ഒരാളുടെ നിര്‍ഭാഗ്യം മറ്റൊരാള്‍ക്കു തമാശയാകുന്നത് പോലെ. ഫാലിമയിലെ അംഗങ്ങങ്ങള്‍ ഓരോരുത്തരും ജീവിതത്തില്‍ ഓരോ ചുവട് വയ്ക്കാനും കഷ്ടപെടുന്നവരാണ്. ഓരോ ചുവട് ഇടറുമ്പോഴും അത് തീയറ്ററില്‍ കൂട്ടച്ചിരിക്ക് ഇടവരുത്തുന്നു. ഇടക്ക് ചിരിപ്പിച്ചും ഇടക്ക് കണ്ണിനെ ഈറനണിയിച്ചും ഇടക്ക് ചിന്തയുടേയുടെയും ആത്മപരിശോധയുടെയും ആഴങ്ങളിലേക്ക് സരസമായ രീതികൊണ്ട് കാണികളെ തള്ളിവിടുകയും ചെയ്യുകയാണ് നിതീഷ് സഹദേവന്റെ അരങ്ങേറ്റ ചിത്രമായ ഫാലിമി. നര്‍മത്തിന്റെയും വൈകാരികാതെയുടെയും ശരിയായ അളവിലുള്ള മിക്സിംഗിലൂടെ കേവലം ഒരു തമാശ ചിത്രത്തിനുമപ്പുറത്തേക്കു ഫാലിമി ഉയരുന്നു. കേരളത്തിലെ കുടുസ് വീടും ശരാശരി ജീവിതവും ഇടുങ്ങിയ തൊഴിലിടവും കാണിച്ച അതേ ക്യാന്‍വാസില്‍ വരാണസിയുടെ വിശാല ലോകത്തെ കൂടി ഒപ്പിയെടുക്കുമ്പോള്‍ തീര്‍ച്ചയായും ഫാലിമി പ്രേക്ഷകനെ അത്ഭുതപ്പെടുത്തും.

ഒരു കുടുംബം ശരിയായി പ്രവൃത്തിക്കണമെങ്കില്‍ അതിനകത്തുള ഓരോ വ്യക്തികളും ഒത്തിണക്കത്തോട് കൂടി പ്രവര്‍ത്തിച്ചേ മതിയാകൂ. താളം തെറ്റിയ ഒരു കുടുംബവും അതിലെ അംഗങ്ങളും നേരിടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും കൈമോശം വന്ന താളം തിരികെ പിടിക്കുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. 82 വയസ്സുള്ള മുത്തച്ഛന്‍ ജനാര്‍ദനന്റെ (മീനാരാജ്) വരാണാസി സന്ദര്‍ശിക്കാനുള്ള ആഴമായ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഒന്നിലധികം ശ്രമങ്ങള്‍, കുടുംബം ഓരോ ഘട്ടത്തിലും പരാജയപ്പെടുത്തുന്നുണ്ട്. മുത്തച്ഛന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കുടുംബം ഒന്നിച്ച് കാശി യാത്ര ആരംഭിക്കുന്നിടത്ത് ചിത്രം മറ്റൊരു ദിശയിലേക്ക് വഴിമാറുന്നു. ഭാഗികമായി ഒരു റോഡ് മൂവി ആയാണ് ഫാലിമി ചിത്രീകരിച്ചിരിക്കുന്നത്. യാത്രയിലുടനീളം ആവശ്യമായ ചേരുവകളുടെ സമ്മിശ്രണം കൊണ്ട് കാണികളെ ബോറടിപ്പിക്കാതെ ചിരിക്കാനും ചിന്തിപ്പിക്കാനും ഫാലിമിക്ക് കഴിഞ്ഞിട്ടുണ്ട്.

വിവിധ പ്രായങ്ങളില്‍ ഉള്ള നാല് പുരുഷന്മാരെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് മഞ്ജു പിള്ള അവതരിപിച്ച രമ എന്ന ‘അമ്മ കഥാപാത്രം. മടുപ്പ് ഉളവാക്കാമായിരുന്ന സാധാരണ ‘അമ്മ വേഷത്തെ തന്റെ അഭിനയമികവു കൊണ്ട് മികച്ചതാക്കാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. നര്‍മം കലര്‍ന്ന ചെയ്തികള്‍ കൂടെയുണ്ടെകിലും, നോട്ടങ്ങളിലും മുഖഭാവങ്ങളിലും പ്രതിസന്ധികളൊഴിയാത്ത വീട്ടമ്മയെ അവതരിപ്പിക്കാനും എവിടെയൊക്കെയോ സ്വന്തം ‘അമ്മ’മാരെ ഓര്‍മിപ്പിക്കാനും മഞ്ജുവിന് സാധിച്ചിട്ടുണ്ട്.

ലോണുകളും കടങ്ങളും ആവോളമുളള സാധാരണ മിഡില്‍ ക്ലാസ് ഫാമിലിയില്‍ അച്ഛന്‍ വരുത്തി വച്ച ബാധ്യതകളുടെ ഭാരം പേറുന്ന അനു എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. അച്ഛനോടുള്ള വാശിയും കടങ്ങളും കല്യാണം നടക്കാത്ത ആകുലതകളും കൊണ്ട് നട്ടം തിരിയുന്ന അനു, യഥാത്ഥ ജീവിതത്തിലെ ഒരുപാട് ‘അനു’ മാരുടെ പ്രതിനിധിയാണ്. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അഭിനയിക്കുന്ന സന്ദീപ് പ്രദീപും നര്‍മത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല, എങ്കിലും വൈകാരികമായ നിമിഷങ്ങളെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ ബേസില്‍ തന്നെയാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത്.

സമൂഹത്തിന്റെയും കുടുംബത്തിന്റെയും കണ്ണില്‍ ഉത്തരവാദിത്തമില്ലാത്തവനും പരാജയപ്പെട്ടവനുമായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ ജഗദീഷ് അനായാസേന കൈകാര്യം ചെയ്തിരിക്കുന്നു. വ്യത്യസ്തമായ വേഷങ്ങളിലൂടെ സമീപ വര്‍ഷങ്ങളില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജഗദീഷ് ഇത്തവണയും ഒട്ടും നിരുത്സാഹ പെടുത്തിയിട്ടില്ല. അച്ഛന്‍ ‘ചന്ദ്രനെ’ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ മനോഹരമായി ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നു.

എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെകിലും ഫാലിമി കാണുന്ന പ്രേക്ഷകന്‍ കൂടെ കൊണ്ടുപോകുന്ന കഥാപാത്രം മീനരാജ് പള്ളുരുത്തി അവതരിപ്പിച്ച ജനാര്‍ദ്ദനന്‍ എന്ന കഥാപാത്രമാണ്. തുടക്കത്തില്‍ ബേസില്‍ ജോസഫിന്റെ അനുവിലാണ് കഥ എങ്കില്‍ പിന്നീട് പതിയെ അത് ജനാര്‍ദ്ദനനിലക്ക് കേന്ദ്രീകരിക്കപ്പെടുന്നു. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെകിലും കയ്യടി ജനാര്‍ദ്ദനനാണ്. ഒരേ പ്രായമാണെങ്കിലും രണ്ട് രീതിയില്‍ ജീവിതം നയിക്കുന്ന ജനാര്‍ദ്ദനനും വീല്‍ചെയറില്‍ ജനലോരത്ത് ജീവതം തള്ളിനീക്കുന്ന അപ്പുറത്തെ വീട്ടിലെ സുഹൃത്തും പ്രേക്ഷക മനസുകളില്‍ ഇടം നേടുന്നു. വരാണസിയിലേക്കെത്താന്‍ ജനാര്‍ദ്ദനന്‍ ആവുന്നത് ശ്രമിക്കുന്നത് കാണുന്നുണ്ടെകിലും ആ യാത്രയുടെ ലക്ഷ്യം ഇപ്പോഴും അജ്ഞാതമാണ്.

ഉറ്റ സുഹൃത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കാശിയില്‍ വച്ച് കാണാതാകുന്ന ജനാര്‍ദ്ദനനെ അന്വേഷിച്ചിറങ്ങുന്ന കുടുംബം തെറ്റിദ്ധരിച്ച് മറ്റൊരാളെ കണ്ടെത്തുന്ന രംഗം ഒഴിവാക്കപ്പെട്ട വാര്‍ദ്ധക്യം, തുടക്കത്തില്‍ നര്‍മം കലര്‍ന്നിട്ടുണ്ടെങ്കിലും അടുത്ത നിമിഷം ആ മനുഷ്യനെ അനുകമ്പയോടെ നോക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. വെറും ഒന്നോ രണ്ടോ ഷോട്ടുകള്‍ മാത്രമുളള രംഗം ഒരു നോവായി കാണികളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നു. ബബ്ലു അജുവിന്റെ ക്യാമറയും നിഥിന്‍ രാജ് ആരോമലിന്റെ എഡിറ്റിംഗും വിഷ്ണു വിജയ്‌യുടെ സംഗീതവും പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിക്കാന്‍ സഹായിക്കുന്നു. നവാഗതനായ നിതീഷ് സഹദേവിന്റെ ആദ്യ ചിതമാണ് ഫാലിമി. ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും അമല്‍ പോള്‍സണും ചേര്‍ന്നാണ് ഫാലിമി നിര്‍മിച്ചിരിക്കുന്നത്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍