UPDATES

വാര്‍ധക്യ ജീവിതവും വയോജന കേന്ദ്രങ്ങളും

എത്ര നാള്‍ ജീവിച്ചിരുന്നു എന്നതല്ല, എങ്ങനെ ജീവിച്ചു തീര്‍ത്തു എന്നതാണ് പ്രധാനം

                       

‘ഞാന്‍ ഇവിടെ തന്നെ നില്‍ക്കില്ലേ? ചാച്ചന്‍ പോയി ചായ കുടിച്ചിട്ട് വായോ!’

കെയര്‍ ഹോമിലെ നഴ്സ്മാരുടെ കൂടെ പോകാന്‍ മടിച്ചു നില്‍ക്കുന്ന ചാച്ചന്‍ അയാള്‍ തന്റെ കുട്ടികാലം ഓര്‍മിപ്പിച്ചിരിക്കണം. കൈ പിടിച്ചു നടത്തിയതും, കരച്ചിലും വാശിയും തീരും വരെ സ്‌കൂളിന്റെ പടി വാതിക്കലില്‍ കാത്തു നിന്നതും മനസിലൂടെ കടന്നു പോയിരിക്കും. തന്റെ ശൈശവ കാലത്ത് കൂടെ നിന്ന ആ മനുഷ്യന്റെ രണ്ടാം ശൈശവ കാലത്ത് ഒപ്പമുണ്ടാകാനാകത്തില്‍ സ്വയം പഴിച്ചിരിക്കാം.

വയോജന പരിപാലനത്തിനായുള്ള കെയര്‍ ഹോമിന്റെ ഇടനാഴിയില്‍ നിറ കണ്ണുകളോടെ അയാള്‍ നഴ്‌സിങ് സൂപ്രണ്ടിനും ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ക്കും യാന്ത്രികമായി യത്ര പറഞ്ഞ് പുറത്തേക്കറങ്ങി. പിന്നിലേക്ക് നോക്കാതെ നടന്നകന്നു.

70 കഴിഞ്ഞിരിക്കുന്നു ചാച്ചന്. ഓര്‍മക്കുറവുണ്ട്. വീട്ടിലെ പരിചരണം പോരാതെ വരുന്നുണ്ടെന്ന് മനസിലാക്കിയാണ് ചാച്ചനുമായി ഓള്‍ഡ് ഏജ് ഹോമിലെത്തയത്. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുണ്ടാകുമെന്നറിഞ്ഞിട്ടും, വീട്ടില്‍ ഉറപ്പാക്കന്‍ കഴയുന്ന പരിചരണത്തിനേക്കാള്‍ മികച്ച പരിപാലനം ലഭിക്കുമെന്ന ആശ്വാസത്തിലായിരുന്നു ഇങ്ങനെയൊരു വഴി തെരഞ്ഞെടുത്തത്.

കാക്കനാട് പ്രവര്‍ത്തിക്കുന്ന സിഗ്‌നേച്ചര്‍ കെയര്‍ ഹോമില്‍ നേരിട്ട് കണ്ടൊരു കാഴ്ച്ചയാണിത്. ജോസഫ് അലക്‌സിന്റെ നേതൃത്വത്തില്‍ വൃദ്ധ ജനങ്ങളെ പരിപാലിച്ചു പോരുന്ന സിഗ്‌നേച്ചര്‍, തികച്ചും ശാന്തമായൊരു അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചു പോരുകയായിരുന്നു. ഈയടുത്ത് ആ സ്ഥാപനം വാര്‍ത്തകളിലേക്ക് കയറി വന്നത് കെ ജി ജോര്‍ജ് എന്ന മലയാളത്തിന്റെ മഹാ സംവിധായകന്റെ മരണത്തോടെയാണ്. ജീവിതത്തിന്റെ അവസാന രംഗങ്ങളില്‍ ജോര്‍ജ് സിഗ്നേച്ചറിലായിരുന്നു.

എന്തുകൊണ്ട് ജോര്‍ജിനെ പോലൊരു സംവിധായകന് തന്റെ അവസാനകാലം ഒരു വയോജന കേന്ദ്രത്തില്‍ കഴിയേണ്ടി വന്നു എന്ന ചോദ്യമാണ് സമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നത്. അതിന്റെ പേരില്‍ ജോര്‍ജിന്റെ ഭാര്യയും കുട്ടികളും പഴി കേള്‍ക്കുന്നു. ജോര്‍ജ് മാത്രമല്ല, ജോര്‍ജിനെ പോലെ പലരുണ്ട് കേരളത്തിലെ വയോജന കേന്ദ്രങ്ങളില്‍.

ഓട്ടിസം ബാധിച്ചവര്‍, കിടപ്പു രോഗികള്‍, അസുഖങ്ങള്‍, ഓര്‍മ്മക്കുറവ് ബാധിച്ചവര്‍ എന്നിങ്ങനെ പലതരത്തിലുള്ള അവശതകളില്‍ കഴിയുന്നവരടക്കം എണ്‍പതോളം വയോജനങ്ങള്‍ സിഗ്‌നേച്ചറിലുണ്ട്. സിഗ്‌നേച്ചറിനു മാത്രമല്ല എറണാകുളത്തേയും, കേരളമൊട്ടാകെയുള്ള എല്ലാ ഓള്‍ഡ് ഏജ് കെയര്‍ ഹോമുകള്‍ക്കും നമ്മളെ നൊമ്പരപ്പെടുത്തുന്ന പല കഥകളും പറയാനുണ്ടാകും. മക്കളുപേക്ഷിച്ച മാതാപിതാക്കളുടെ കഥയെന്ന തലക്കെട്ടുമായോ, കേരളത്തില്‍ കൂടി വരുന്ന വൃദ്ധസദനകള്‍ നമ്മെ ഭയപ്പെടുത്തുന്നു എന്ന സന്ദേശത്തോടെയോ ഒക്കെയാവും കൂടുതല്‍ കഥകളും.

ഇതിനപ്പുറം ഇത്തരം സ്ഥപനങ്ങളുടെ പ്രസക്തിയെന്തെന്നും എന്തുകൊണ്ട് ഇവ അനുദിനം വളരുന്നുവെന്നും കൂടി അന്വേഷിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ 2002-ലെ കണക്ക് പ്രകാരം 1018 വൃദ്ധസദനങ്ങളുണ്ട്. ഇതില്‍ 186 എണ്ണം കേരളത്തിലാണ്. 2018 ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ അഭയകേന്ദ്രങ്ങളുള്ളത് എറണാകുളത്താണ്. ജില്ലയില്‍ 125 ഓള്‍ഡ് -ഏജ് ഹോമുകളിലായി 4,097 താമസക്കാരുണ്ട്. തൃശ്ശൂരില്‍ 95 സ്ഥാപനങ്ങളിലായി 2,915 അന്തേവാസികളുണ്ട്. കോട്ടയത്തെ 83 ഷെല്‍ട്ടറുകളിലായി 3,199 പേരാണ് താമസിക്കുന്നത്. തൊട്ടുപിന്നാലെയുള്ളത് തിരുവനന്തപുരവും (51 കേന്ദ്രങ്ങളും1,304 അന്തേവാസികളും) പത്തനംതിട്ടയും(37 കേന്ദ്രങ്ങളും 969 അന്തേവാസികളും)ആണ്.

‘മലയാളികളുടെ മനസ്സില്‍ വര്‍ഷങ്ങളായി പതിഞ്ഞുകിടക്കുന്ന ഓള്‍ഡ് ഏജ് ഹോമിനെ കുറിച്ചുള്ള ധാരണ, മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള ഇടമായിട്ടാണ്. അത്തരം ഇടങ്ങള്‍ അനാഥാലയങ്ങളല്ലേ? ഓള്‍ഡ് ഏജ് ഹോമുകള്‍ വയോജനങ്ങളുടെ കൃത്യമായ പരിപാലനത്തിനും, പരിചരണത്തിനും ലക്ഷ്യമിട്ടുള്ളതാണ്. ഇവ രണ്ടും തമ്മില്‍ രാവും പകലും തമ്മിലുള്ള വ്യത്യസമുണ്ട്. സമൂഹം ഈ വ്യത്യാസം തിരിച്ചറിയുന്നില്ല. കെയര്‍ ഹോമുകള്‍ വയോജനങ്ങളുടെ ആവിശ്യങ്ങളെയും, ആരോഗ്യത്തെയും ഒരു പോലെ പരിചരിക്കുന്നതാണ്’; വയോജനങ്ങള്‍ക്കായുള്ള കെയര്‍ ഹോമുകളെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതു ബോധത്തെ തിരുത്തിക്കൊണ്ട് സിഗ്‌നേച്ചര്‍ കെയര്‍ ഹോം സ്ഥാപകന്‍ ജോസഫ് അലക്‌സ് പറയുന്നു.

കെയര്‍ ഹോമുകള്‍ വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ചുള്ള ആശങ്കയത്രയും സമൂഹ മാധ്യമങ്ങളിലടക്കം മലയാളികള്‍ വീണ്ടും പങ്കുവച്ചത് കെ ജി ജോര്‍ജിന്റെ മരണത്തോടെയായിരുന്നു. എന്നാല്‍ ഈ ആശങ്കകളേതുമില്ലാതെ, സന്തോഷത്തോടെയാണ് മരണത്തിനു മുമ്പുള്ള നാളുകളത്രയും അദ്ദേഹം ഇവിടെയുണ്ടായിരുന്നതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

പൂന്തോട്ടത്തിലെ ഒത്ത നടുക്കുള്ള കുഞ്ഞു താമരകുളത്തില്‍ മഴ പെയ്യുന്നത് നോക്കി ജനലോരമിരിക്കുന്ന ജോര്‍ജപ്പന്‍ പൗലോസപ്പന്റെ കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്. ജോര്‍ജപ്പന്‍ പോയതിന്റെ ശൂന്യതയില്‍ ഇടയ്ക്കിടെ പൗലോസപ്പന്റെ കണ്ണു നിറയും.

‘എനിക്കെ കുറെ കടമുറികളും വണ്ടികളുണ്ടായിരുന്നു. മുതലാളീന്നാ വട്ടപ്പേര്. മക്കളെ കെട്ടിച്ചയച്ചു. സ്വത്തെല്ലാം മക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കി. ഞങ്ങള്‍ ഒറ്റക്ക് താമസിക്കുവാരുന്നു. അവള് കിടപ്പിലായതോടെ എനിക്ക് ഒറ്റക്ക് നോക്കാന്‍ പറ്റാതെയായി. പിന്നെ എനിക്കും വയ്യണ്ടയ്യപ്പോ ഇങ്ങോട്ട് പോന്നു. ഇവിടെ ആണെകില്‍ വര്‍ത്താനം പറയാനും ആരോഗ്യം നോക്കാനുമൊക്കെ ആള്‍ക്കാരുണ്ട്’; എറണാകുളം സ്വദേശി വേലായുധനെ(യഥാര്‍ത്ഥ പേരല്ല) പോലെ ഓരോരുത്തര്‍ക്കും പറയാന്‍ അവരുടെതായ കഥകളുണ്ട്. അടുത്തമാസം88 കാരന്‍ വേലായുധനും ഭാര്യയ്ക്കും അറുപതാം വിവാഹവാര്‍ഷികമാണ്.

എന്താണീ സ്ഥപനങ്ങളുടെ പ്രസക്തി?
പൗലോസപ്പനെപ്പോലെ, സുബ്രഹ്‌മണ്യനെയും സരളയെയും പോലെ നിരവധി പേരാണ് കേരളത്തിലെ കെയര്‍ ഹോമുകളില്‍ താമസിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം ഏകദേശം 15,000-ല്‍ നിന്ന് 23,823 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 9,596 സ്ത്രീകളും 14,227 പുരുഷ•ാരും ഉള്‍പ്പെടുന്നു. മക്കളുണ്ടയിട്ടും വൃദ്ധസദനമെന്ന തുരുത്തിലേക്ക് എറിയപെട്ടവരല്ല ഇവരെല്ലാവരും. ആധുനിക കാലഘട്ടത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഉണ്ടായ തകര്‍ച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കുടുംബംഗങ്ങള്‍ക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങള്‍ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയതെന്നാണ് സാമൂഹ്യ നീതി വകുപ്പ് പറയുന്നത്. മലയാളികള്‍ അണു കുടുംബ വ്യവസ്ഥയിലേക്ക് നീങ്ങിയതും കുടുംബത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതും ഇതിന് ആക്കം കൂട്ടി. കേരളത്തിലെ മാറി വരുന്ന സാഹചര്യങ്ങള്‍ അനുസരിച്ചു ഗ്ലോബല്‍ ഡയസ്‌പോറയിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കൂടിയതും കേരളത്തില്‍ വര്‍ധിച്ചുവരുന്ന വയോജനങ്ങളുടെ ജനസംഖ്യ കൂടിയതും കണക്കിലെടുക്കേണ്ടതുണ്ട്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് 1961-ല്‍ 5.83 ശതമാനവും, 1991-ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും ഭാര്യയോ ഭര്‍ത്താവോ മരിച്ചവരാണെന്നതും മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജന വിഭാഗത്തില്‍പ്പെടുന്ന ഭാര്യ/ഭര്‍ത്താവ് മരിച്ചവരുടെ എണ്ണം 60 മുതല്‍ 69 വയസ്സ് വരെ 53.8 ശതമാനവും 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്. വരും വര്‍ഷങ്ങളില്‍ മുതിര്‍ന്ന പൗര•ാരുടെ എണ്ണം കേരളത്തിന്റെ ജനസംഖ്യയുടെ 20 ശതമാനമായി വര്‍ദ്ധിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

മാറി വരുന്ന കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച് പല വയോജനങ്ങള്‍ക്കും മക്കളുടെ തണലില്ലാതെ, സാമ്പത്തികമായി ഒറ്റക്ക് നില്‍ക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. ഒരൊറ്റ മുറിയില്‍ ഒരു കൊച്ചു കുടുംബം ഉണ്ടാക്കിയിരിക്കയാണ് റീറ്റമ്മയും വിജയമ്മയും ഉഷാമ്മയും. വിദേശത്തായിരുന്നു റീറ്റമ്മ. മക്കളും വിദേശത്തു തന്നെ. ഭര്‍ത്താവ് മരിച്ചപ്പോഴുണ്ടായ ഏകാന്തതയില്‍ നിന്ന് രക്ഷപെട്ടോടി വന്നതാണിവിടേക്ക്. പള്ളിയില്‍ പോക്കും വല്ലപ്പോഴും വിദേശത്തു നിന്നെത്തുന്ന മക്കളോടൊപ്പമുള്ള ഔട്ടിങ്ങുമൊക്കെയാണ് പുറംലോകത്തേക്കുള്ള ബന്ധം. ഒറ്റപ്പെടലില്‍ നിന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും കെയര്‍ ഹോമിന്റെ സാഹചര്യം തനിക്ക് സഹായകമാണെന്നാണ് റീറ്റാമ്മ പറയുന്നത്. വിജയമ്മക്കും ഉഷാമ്മക്കും പറയാനുള്ളതും ഇത് തന്നെയാണ്. ടെലിവിഷന്‍ സീരിയല്‍ വിശേഷം മുതല്‍ ലോകകാര്യങ്ങള്‍ വരെ ആ മുറിയില്‍ ഒഴുകി നടക്കുന്നുണ്ട്. അന്തേവാസികളിലൊരാള്‍ ഇംഗ്ലീഷ് പ്രൊഫസ്സര്‍ ആയിരുന്നു. സമപ്രായക്കാരോടൊത്ത് ഇരിക്കുമ്പോഴും ആ 70 കാരിയുടെ ഉള്ളിലെ ആഗ്രഹം ഇനിയും പഠിപ്പിക്കാന്‍ പോകണമെന്നതാണ്.

2020 ലെ കണക്കുകള്‍ പ്രകാരം ഗള്‍ഫ്, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, കരീബിയന്‍ ദ്വീപുകള്‍, ആഫ്രിക്ക തുടങ്ങി ലോകമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറുന്ന മലയാളികള്‍ ആറു ദശലക്ഷമാണ്. ഗള്‍ഫില്‍ മാത്രമായി 3.5 ദശലക്ഷം പ്രവാസികളാണുള്ളത്. യുവ തലമുറ ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം മലയാളി സമൂഹം ഇന്ത്യക്കു പുറത്തു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഹയര്‍ സെക്കണ്ടറിക്ക് ശേഷമുള്ള ഉപരിപഠനത്തിനും വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ കൂടി വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഇവര്‍ കുടിയേറുമ്പോള്‍ രക്ഷിതാക്കള്‍ ഒറ്റക്കാവുന്നു. അണുകുടുംബ വ്യവസ്ഥിതിയിലാണ് നമ്മളിപ്പോള്‍. പണ്ട് കാലങ്ങളില്‍ മക്കളില്‍ ഒരാളെങ്കിലും രക്ഷിതാക്കളെ പരിചരിച്ചു പോന്നിരുന്നു. ഈ രണ്ടു പ്രധാന ഘടകങ്ങള്‍ തന്നെയാണ് കേരളത്തില്‍ വൃദ്ധ സദനങ്ങള്‍ കൂടുന്നതിനുള്ള കാരണമെന്ന് ജോസഫ് അലക്‌സ് ചൂണ്ടി കാണിക്കുന്നു.

”മലയാളികള്‍ വീടെന്ന വ്യവസ്ഥയില്‍ കുടുങ്ങി കിടക്കുന്നവരാണ്. വീടിനോടുള്ള ആത്മബന്ധത്തിന് പുറത്ത് പലരും വാര്‍ധക്യത്തില്‍ അതിനു വെളിയിലേക്ക് വരാന്‍ ശ്രമിക്കാതെ ഒറ്റപെട്ടുള്ള ജീവിതം നയിക്കുന്നുണ്ട്. സമൂഹത്തിലെ വ്യവസ്ഥിതിയെ ഭയന്ന് മക്കളും ഓള്‍ഡ് ഏജ് ഹോമുകള്‍ രക്ഷിതാക്കള്‍ക്കായി തെരഞ്ഞെടുക്കാന്‍ മടിക്കുന്നുണ്ട്. ഈ പ്രവണതയില്‍ മാറ്റം വരേണ്ടത് അനിവാര്യമാണ്. കൂടുതല്‍ നാളുകള്‍ ജീവിച്ചിരുന്നതിനേക്കള്‍ ഉപരി, ജീവിച്ചിരിക്കുന്ന നാളുകള്‍ സമാധനത്തോടെ കഴിയുന്നതാണ് പ്രധാനമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഓള്‍ഡ് ഏജ് ഹോമുകള്‍ ബിസിനസ് എന്നതിലുപരി ആളുകള്‍ കണക്കാക്കുന്നത് ഒരു സാമൂഹ്യ പ്രവര്‍ത്തണമെന്ന നിലയിലാണ്. ഒരു സോഷ്യല്‍ സംരംഭകനെന്ന നിലയിലാണ് ഞാന്‍ എന്നെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഒരു സാമൂഹിക മാറ്റത്തിനു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സഹജീവികളെ പരിപാലിക്കുന്നതിനും, പരിചരിക്കുന്നതിനും അവരുടെ രണ്ടാം ശൈശവത്തില്‍ കൈ പിടിച്ചു കൂടെ നടത്തുന്നതിനുമാണ് വരുമാനത്തെക്കള്‍ മുന്‍ഗണ നല്‍കുന്നത്’. ജോസഫ് അലക്‌സ് പറയുന്നു.

 

 

 

 

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍